'താലിബാനെ നിയന്ത്രിക്കുന്നത് ഐഎസ്‌ഐ; അഫ്ഗാനിസ്താനിലെ ഭരണമാറ്റം പാകിസ്താന് ഗുണം ചെയ്യും'

 
Owaisi

ഐഎസ്‌ഐ ഇന്ത്യയുടെ ശത്രു, താലിബാനെ ഐഎസ്‌ഐ പാവയായി ഉപയോഗിക്കുന്നു


താലിബാനെ നിയന്ത്രിക്കുന്നത് പാകിസ്താന്‍ ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സാണെന്നും (ഐഎസ്‌ഐ) അഫ്ഗാനിസ്താനിലെ ഭരണമാറ്റം പാകിസ്താന് ഗുണം ചെയ്യുമെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. അല്‍-ഖ്വയ്ദയും ഡായിഷും അഫ്ഗാനിലെ ചില മേഖലകളില്‍ എത്തിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ലമെന്റ് ആക്രമണം ഉള്‍പ്പെടെ ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള ജയ്‌ഷെ മുഹമ്മദ് ഇപ്പോള്‍ ഹെല്‍മന്ദിലുണ്ട്. താലിബാനെ നിയന്ത്രിക്കുന്നത് ഐഎസ്‌ഐ ആണെന്ന് മനസിലാക്കണം. ഐഎസ്‌ഐ ഇന്ത്യയുടെ ശത്രുവാണ്. താലിബാനെ ഐഎസ്‌ഐ പാവയായി ഉപയോഗിക്കുകയാണ്. അഫ്ഗാന്‍ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തത് ചൈനയ്ക്കും ഗുണകരമായെന്ന് ഉവൈസി പറഞ്ഞു. 

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും ഇവിടെയുമുണ്ട്. ഇന്ത്യയില്‍ അഞ്ച് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളില്‍ ഒമ്പതിലൊരാള്‍ മരണപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേന്ദ്രത്തിന് അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് മാത്രമാണ് ഉത്കണ്ഠ. ഇവിടെയും ഇതു തന്നെയല്ലേ നടക്കുന്നത്? -ഉവൈസി ചോദിച്ചു.

താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം കൈക്കലാക്കുന്നതിനുമുമ്പ്, ഇന്ത്യ താലിബാനുമായി തുറന്ന ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്ന് ഉവൈസി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ അഫ്ഗാന്റെ പൂര്‍ണ നിയന്ത്രണം താലിബാന്റെ കൈയിലാണ്. അവരുടമായി ഏതെങ്കിലും വിധത്തിലുള്ള ആശയവിനിമയമോ, ചര്‍ച്ചയോ ഇല്ല. താലിബാനുമായി ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്നാണ് അന്താരാഷ്ട്ര വിദഗ്ധരും സുരക്ഷ വിദഗ്ധരും പറയുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ അവിടെ എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി.