ക്ഷേത്രത്തിലെ ഓതുവരായി യുവതിയെ നിയമിച്ച് തമിഴ്നാട് സര്‍ക്കാര്‍

 
suhanjana

ക്ഷേത്രത്തിലെ ഓതുവര്‍ അഥവാ പ്രാര്‍ത്ഥന മന്ത്രങ്ങള്‍ ചൊല്ലുന്ന പുരോഹിതയായി വനിതയെ നിയമിച്ച് തമിഴ്നാട് സര്‍ക്കാര്‍. 28 കാരിയായ സുഹാഞ്ജനയെയാണ് എം.കെ സ്റ്റാലിന്‍ സര്‍ക്കാര്‍ ഒാതുവരായി നിയമിച്ചത്. ആഗസ്റ്റ് 14ന് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ ബ്രാഹ്‌മണരല്ലാത്ത 24 പൂജാരിമാര്‍ക്കൊപ്പം സുഹാഞ്ജനയ്ക്കും നിയമന ഉത്തരവ് കൈമാറിയത്. ഓതുവര്‍ ആകാനായി സര്‍ക്കാരിന്റെ പ്രത്യേക പരിശീലനം ലഭിച്ചയാളാണ് സുഹാഞ്ജന. ഇതോടെ, സംസ്ഥാനത്തെ ഏക വനിതാ ഓതുവരായി സുഹാഞ്ജന മാറി. 
  
മാടമ്പാക്കാത്തെ ധേനുപുരേശ്വരര്‍ തിരുക്കോവിലില്‍ പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടുമൊരു വനിത ഓതുവര്‍ ആകുന്നത്. 2006ല്‍ കരുണാനിധി മുഖ്യമന്ത്രിയായിരിക്കെയാണ് പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ഈ ജോലിയിലേക്ക് ആദ്യമായൊരു സ്ത്രീയെത്തുന്നത്. എന്നാല്‍, ഒരു വര്‍ഷത്തിനുശേഷം അവര്‍ ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ കരുണാനിധിയുടെ മകന്‍ മുഖ്യമന്ത്രിയായപ്പോഴാണ് വീണ്ടുമൊരു വനിത ഓതുവര്‍ ആയി ചുമതലയേറ്റിരിക്കുന്നത്. ക്ഷേത്രങ്ങളില്‍ പുരോഹിതരായി ജാതി ലിംഗഭേദമന്യേ നിയമനം നല്‍കുമെന്ന ഡിഎംകെ സര്‍ക്കാരിന്റെ പ്രഖ്യാപനം കൂടിയാണ് നടപ്പാകുന്നത്.