'സര്‍ക്കാരുമായുള്ള അടുപ്പം ഉപയോഗിച്ച് ധനസമ്പാദനം നടത്തുന്ന പൊലീസുകാര്‍ ജയിലില്‍ പോകേണ്ടിവരും'

 
SupremeCourt

എല്ലാ കേസുകളിലും കോടതിയുടെ സംരക്ഷണം നേടാന്‍ കഴിയില്ല

സര്‍ക്കാരുമായി ബന്ധം പുലര്‍ത്തുമ്പോള്‍ പൊലീസുകാര്‍ ധനസമ്പാദനം നടത്തുകയും സര്‍ക്കാര്‍ മാറി, ക്രിമിനല്‍ കേസുകള്‍ ഉയരുമ്പോള്‍ സംരക്ഷണം തേടുന്നതും പുതിയൊരു പ്രവണതയാണെന്ന് സുപ്രീംകോടതി. സര്‍ക്കാരുമായുള്ള അടുപ്പം ഉപയോഗിച്ച് ധനസമ്പാദനം നടത്തുന്നുണ്ടെങ്കില്‍, നിങ്ങളത് പലിശയടക്കം തിരിച്ചടയ്ക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. എന്തിനാണ് അത്തരം ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുന്നത്? രാജ്യത്ത് ഇതൊരു പുതിയ പ്രവണതയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഛത്തീസ്ഗഢ് എഡിജിപി ഗുര്‍ജീന്ദര്‍ പാല്‍ സിംഗ്, തനിക്കെതിരെ ചുമത്തിയ അനധികൃത സ്വത്ത് സമ്പാദന കേസില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിന്റെ വാക്കാലുള്ള പരാമര്‍ശങ്ങള്‍.

എല്ലാ കേസുകളിലും നിങ്ങള്‍ക്ക് സംരക്ഷണം നേടാന്‍ കഴിയില്ല. നിങ്ങള്‍ കീഴടങ്ങുക. സര്‍ക്കാരുമായി നിങ്ങള്‍ക്ക് അടുപ്പമുണ്ടായിരുന്നപ്പോള്‍ നിങ്ങള്‍ ധനസമ്പാദനം ആരംഭിച്ചു. സര്‍ക്കാരുമായി അടുക്കുമ്പോള്‍ നിങ്ങള്‍ ഇങ്ങനെയാണ് ചെയ്യുന്നതെങ്കില്‍ ഒരിക്കല്‍ അത് തിരിച്ചുനല്‍കേണ്ടിവരും. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. 

ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണമാണ് ആവശ്യമെന്ന് ഗുര്‍ജീന്ദറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗ് വാദിച്ചു. എന്നാല്‍, ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകണം എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. അതേസമയം, ഒക്ടോബര്‍ ഒന്നുവരെ കേസില്‍ അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സുര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. മറ്റു എഫ്‌ഐആറുകളുമായി ബന്ധപ്പെട്ട് ഗുര്‍ജീന്ദര്‍ സമര്‍പ്പിച്ച പ്രത്യേക ലീവ് ഹര്‍ജികള്‍ ഉള്‍പ്പെടെ കോടതി പട്ടികപ്പെടുത്തുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട മൊഴിയെടുക്കലിലോ അന്വേഷണങ്ങളുമായോ പൂര്‍ണമായി സഹകരിക്കണമെന്നും ഗുര്‍ജീന്ദറിനോട് ബെഞ്ച് ആവശ്യപ്പെട്ടു. 

സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ ഗുര്‍ജീന്ദറിന് സുപ്രീം കോടതി കഴിഞ്ഞമാസം നാലാഴ്ചത്തേക്ക് അറസ്റ്റില്‍നിന്നും സംരക്ഷണവും നല്‍കിയിരുന്നു. തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ചുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഛത്തീസ്ഗഢ് ഹൈക്കോടതി നിരസിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഗുര്‍ജീന്ദര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മുന്‍ ബിജെപി സര്‍ക്കാരുമായി അടുപ്പത്തിലായിരുന്നുവെന്ന കാരണത്താല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നായിരുന്നു ഗുര്‍ജീന്ദറിന്റെ വാദം. ഭരണത്തിലുള്ള പാര്‍ട്ടിക്കൊപ്പം നിന്ന പൊലീസ് ഉദ്യോഗസ്ഥരെ മറ്റൊരു പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ ലക്ഷ്യമിടുന്ന പ്രവണതയെ ചീഫ് ജസ്റ്റിസ് അന്ന് വിമര്‍ശിച്ചിരുന്നു.

അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച്, ജൂണ്‍ 29ന് ആന്റി കറപ്ഷന്‍ ബ്യൂറോയും ഇക്കോണമിക് ഒഫെന്‍സസ് വിങ്ങുമാണ് ഗുര്‍ജീന്ദറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജൂലൈ ഒന്നിന് പൊലീസ് അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്യാനെത്തി. വീടിനു പുറകിലുള്ള ഓടയില്‍നിന്ന് ഏതാനും കടലാസ് കഷണങ്ങള്‍ കിട്ടിയെന്നും അവ രാഷ്ട്രീയ പാര്‍ട്ടിക്കും സംസ്ഥാനത്തെ വിവിധ ഭരണ പ്രതിനിധികള്‍ക്കും എതിരായ വിമര്‍ശനങ്ങളും കണക്കുകളുമായിരുന്നു. അവ നിയമവിരുദ്ധമായ പ്രതികാരവും സര്‍ക്കാരിനെതിരെ വിദ്വേഷവും നിറഞ്ഞതാണെന്ന് ആരോപിച്ചാണ് ഗുര്‍ജീന്ദറിനെതിരെ ഐപിസി സെക്ഷന്‍ 124 എ, 153 എ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.