കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നു; കര്‍ഷകരുടെ വേദന മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി 

 
Farmers Protest

സമരം ചെയ്യുന്ന കര്‍ഷകര്‍ വീടുകളിലേക്ക് തിരിച്ചുപോകണം

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആത്മാര്‍ത്ഥമായി കൊണ്ടുവന്ന നിയമങ്ങള്‍ ഒരു വിഭാഗം കര്‍ഷകര്‍ക്ക് അതൃപ്തിയുണ്ടായി. കര്‍ഷകരുടെ വേദന തിരിച്ചറിഞ്ഞ് നിയമങ്ങള്‍ പിന്‍വലിക്കുന്നു. സമരം ചെയ്യുന്ന കര്‍ഷകര്‍ വീടുകളിലേക്ക് തിരിച്ചുപോകണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. 

കര്‍ഷകരുടെ പ്രയത്നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. കര്‍ഷക ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍ പദ്ധതികള്‍ കര്‍ഷകര്‍ക്ക് സഹായകമാണ്. കര്‍ഷകര്‍ക്കു വേണ്ടിയുള്ള ബജറ്റ് വിഹിതം അഞ്ച് തവണ ഉയര്‍ത്തി. താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. മൊത്തവ്യാപാര വിപണി ഇടപാടുകള്‍ ഓണ്‍ലൈന്‍ ആക്കി. ചെറുകിട കര്‍ഷകരെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവന്നു. കര്‍ഷകര്‍ക്കായുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഈ സര്‍ക്കാരിന്റെ നേട്ടമാണ്. കര്‍ഷകരുടെ ഉന്നമനത്തിന് നല്‍കുന്ന മുന്‍ഗണന തുടരുമെന്നും മോദി പറഞ്ഞു. 

പാര്‍ലമെന്റ് പാസാക്കിയ നിയമമായതിനാല്‍, നവംബര്‍ 29ന് ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച ബില്‍ കൊണ്ടുവരും. പഞ്ചാബ്, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.