കോണ്‍ഗ്രസ് ക്ഷണം നിരസിച്ചതെന്തിന്? തുടക്കം ബിഹാറില്‍, പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കോ?

 
prashantkishorezee

കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് സൂചന നല്‍കി 
രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. ജനാധിപത്യത്തില്‍ അര്‍ഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുമുള്ള തന്റെ അന്വേഷണം പത്ത് വര്‍ഷം പിന്നിട്ടു, യഥാര്‍ഥ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ യഥാര്‍ഥ യജമാനന്മാരായ ജനങ്ങളിലേക്ക് എത്താന്‍ സമയമായെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

'ജന്‍സുരാജ്' എന്ന വാക്കും അദ്ദേഹം ട്വീറ്റിനൊപ്പം ഉപയോഗിച്ചത് അഭ്യൂഹങ്ങള്‍ക്കു കാരണമായി. 'ജന്‍സുരാജ്' എന്നത് പാര്‍ട്ടിയാണോ  അതോ രാഷ്ട്രീയ നീക്കമാണോ എന്ന ചര്‍ച്ചകളും സജീവമായി. ബിഹാര്‍ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം മടങ്ങുവെന്നാണ് സൂചനകള്‍. ബിഹാറിലെ ചില നേതാക്കളും അദ്ദേഹത്തിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറില്‍ നേരത്തെ അദ്ദേഹം നിതീഷ് കുമാറിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 

ഏപ്രില്‍ 26-ന്, കോണ്‍ഗ്രസിന്റെ എംപവേര്‍ഡ് ആക്ഷന്‍ ഗ്രൂപ്പ് 2024-ല്‍ അംഗമായി ചേരാന്‍ കിഷോര്‍ വിസമ്മതിച്ചിരുന്നു. 2024-ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികളെ അതിജീവിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കില്ലെന്ന തീരുമാനം അറിയിക്കുകയായിരുന്നു. 
കോണ്‍ഗ്രസില്‍ ചേരാനുള്ള ഓഫര്‍ നിരസിച്ചുകൊണ്ട് കിഷോര്‍ പറഞ്ഞത് പാര്‍ട്ടിക്ക് 'ആഴത്തില്‍ വേരൂന്നിയ ഘടനാപരമായ പ്രശ്‌നങ്ങള്‍' പരിഷ്‌കാരങ്ങളിലൂടെ പരിഹരിക്കാന്‍ നേതൃത്വവും കൂട്ടായ ഇച്ഛാശക്തിയും ആവശ്യമാണെന്നാണ്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉപദേശിച്ചതിന് ശേഷമാണ് കിഷോര്‍ ശ്രദ്ധനേടുന്നത്. ഇതിനുശേഷം പല രാഷ്ട്രീയ പാര്‍ട്ടികളുമായും അദ്ദേഹത്തിന് ബന്ധമുണ്ട്.

അതേസമയം പുതിയ പാര്‍ട്ടി രൂപീകരണം അദ്ദേഹത്തിന്റെ മനസ്സിലില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹി- ഗുജറാത്ത് മോഡലുകളോട് നേര്‍വിപരീതമായോ അല്ലെങ്കില്‍ സമാനമായ രൂപത്തിലോ ജനമുന്നേറ്റം രൂപപ്പെടുത്താനാണ് പ്രശാന്തിന്റെ നീക്കമെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഞായറാഴ്ച പട്നയില്‍ എത്തിയ പ്രശാന്ത് കിഷോര്‍ സംസ്ഥാനത്ത് ഉടനീളം നാല് ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തിനാണ് ഒരുങ്ങുന്നത്. ഈ യാത്രയില്‍ പൗരപ്രമുഖരുമായും ഏതാനും രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തും എന്നാണ് റിപോര്‍ട്ടുകള്‍. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും തന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വിജയത്തോടെ തൃണമൂലും ഡിഎംകെയും അധികാരത്തില്‍ എത്തിയതിന് പിന്നാലെ താന്‍ രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. തന്റെ അടുത്ത നീക്കമെന്തെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും അന്ന് അദ്ദേഹം അറിയിച്ചിരുന്നു.