സര്‍ക്കാര്‍ ജോലി: തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം; കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ക്ക് മുന്‍ഗണന

 
Tamil-Nadu

സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സ്ത്രീകളുടെ സംവരണം 30 ശതമാനത്തില്‍  നിന്ന് 40 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍.  
ലിംഗസമത്വം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകളുടെ ക്വാട്ട വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാന റിക്രൂട്ട്മെന്റ് പരീക്ഷകളുടെ പ്രായപരിധി രണ്ട് വര്‍ഷം കൂടി നീട്ടുമെന്നും അദ്ദേഹം പറഞ്ഞു. 

അണ്ണാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ വരെയുള്ള സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശവും നിയമസഭയിലെ പ്രഖ്യാപനത്തിലുണ്ട്. കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചവര്‍ക്കും ജോലി നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരോ അനുബന്ധ സ്ഥാപനങ്ങളോ നടത്തുന്ന റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ തമിഴ് പേപ്പര്‍ നിര്‍ബന്ധമാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിഎംകെ 2021 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ സ്ത്രീകളുടെ ക്ഷേമവും സുരക്ഷാ പദ്ധതികളും വാഗ്ദാനം ചെയ്തിരുന്നു. തമിഴ്നാട്ടില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ 75% സംവരണം വാഗ്ദാനം ചെയ്തതിനു പുറമേ, സ്ത്രീകള്‍ക്ക് പ്രയോജനം ചെയ്യുന്ന നിയമങ്ങളും പദ്ധതികളും നടപ്പാക്കുമെന്ന് ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നു. 

നേരത്തെ ഓഗസ്റ്റില്‍ തമിഴ്നാട് സര്‍ക്കാര്‍ വനിതാ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി ഒന്‍പത് മാസത്തില്‍ നിന്ന് 12 മാസമായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡി.എം.കെ സര്‍ക്കാര്‍ മെയില്‍ അധികാരത്തില്‍ വന്നപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിരുന്നു. പിന്നീട് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും അംഗപരിമിതര്‍ക്കും യാത്ര സൗജന്യമാക്കിയിരുന്നു.