താജ്മഹലിനെ അവഗണിക്കുന്നത് മുസ്ലിം രാജാവ് നിര്‍മ്മിച്ചതു കൊണ്ടോ?

 
താജ്മഹലിനെ അവഗണിക്കുന്നത് മുസ്ലിം രാജാവ് നിര്‍മ്മിച്ചതു കൊണ്ടോ?

കഴിഞ്ഞ കുറെ കാലമായി രാജ്യത്തെ അഭിമാന സ്തംഭമായ താജ്മഹല്‍ അവഗണനകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണം മൂലം വെളുത്ത മാര്‍ബിളുകള്‍ മഞ്ഞ നിറമാകുകയും ഇവിടുത്തെ സന്ദര്‍ശകരുടെ എണ്ണം കുറയുകയും ചെയ്തിരിക്കുന്നു. അതേസമയം ഉത്തര്‍പ്രദേശില്‍ സ്ഥിതി ചെയ്യുന്ന താജ്മഹല്‍ നിര്‍മ്മിച്ച രാജാവ് ഒരു മുസ്ലിമായതിനാല്‍ ഇവിടുത്തെ ഹിന്ദു ദേശീയവാദി സര്‍ക്കാര്‍ ഇതിനെ അവഗണിക്കുകയാണെന്നാണ് ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും കാവി രാഷ്ട്രീയം മുറുകെപ്പിടിക്കുന്ന സന്യാസിയുമായ യോഗി ആദിത്യനാഥ് പണ്ട് താജ്മഹലിന്റെ ചെറു മാതൃകകള്‍ വിദേശ സഞ്ചാരികള്‍ക്ക് സമ്മാനിച്ച ശേഷം ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമല്ലെന്ന് പറഞ്ഞിരുന്നു. ഈ വര്‍ഷം സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനായി സംസ്ഥാന ബജറ്റില്‍ നിന്നും ഒരു രൂപ പോലും താജ്മഹലിന് അനുവദിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം ബ്രോഷറിലും താജ്മഹലിനെ പുറത്താക്കിയതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

താജ്മഹല്‍ ഇല്ലാതെ ഒരു ടൂറിസം ബുക്ക്‌ലെറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഒരുതരത്തില്‍ അപഹാസ്യവും മറ്റൊരു തരത്തില്‍ ദുരന്തവുമാണെന്നാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഘ്‌വി പറഞ്ഞത്. ഇത് തികച്ചും മതപരമായ വേര്‍തിരിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം ലോക ബാങ്കില്‍ നിന്നും ലഭിച്ച 22 ദശലക്ഷം ഡോളറിന്റെ ഫണ്ടുകൊണ്ട് സ്മാരകത്തിന്റെ ഗേറ്റുകള്‍ പുതുക്കി പണിതെന്നും സൗന്ദര്യവല്‍ക്കരിച്ചെന്നും പാര്‍ക്കിംഗ് ഘടന നവീകരിച്ചെന്നുമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

ലോകത്തെ ഏഴാമത്തെ മഹാത്ഭുതമായാണ് താജ്മഹല്‍ കണക്കാക്കപ്പെടുന്നത്. അതിന് ഉത്തര്‍പ്രദേശില്‍ നിന്നു മാത്രമല്ല, രാജ്യത്തിലാകമാനം നിന്നും എല്ലായ്‌പ്പോഴും പരിഗണനകള്‍ ലഭിക്കുന്നുണ്ടെന്ന് ആദിത്യനാഥിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അവനീഷ് അവാസ്ഥി പറയുന്നു. 17-ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാ ജഹാന്‍ ആണ് തന്റെ ഭാര്യ മുംതാസിന്റെ ഓര്‍മ്മയ്ക്കായി ഈ സ്മാരകം നിര്‍മ്മിച്ചത്. ഇന്ത്യന്‍ ഇസ്ലാമിക് വാസ്തുകലയുടെ ഏറ്റവും മികച്ച ഉദാഹരണമായാണ് ഇത് അറിയപ്പെടുന്നത്. കാലത്തിന്റെ കവിള്‍ത്തടത്തില്‍ വീണ ഒരു തുള്ളി കണ്ണീര്‍ എന്നാണ് രബീന്ദ്രനാഥ് ടാഗോര്‍ ഈ സ്മരാകത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.

വിദേശ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാര മേഖലയാണ് ഇത്. അതേസമയം 2012 മുതല്‍ തുടര്‍ച്ചയായി ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ കുറവാണ് അനുഭവപ്പെടുന്നത്. സാമ്പത്തിക മാന്ദ്യം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, സുരക്ഷ ഭീതി എന്നിവയാണ് വിദഗ്ധര്‍ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ഏതായാലും സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ താജ്മഹലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബിബിസി ഉള്‍പ്പെടെയുള്ള വിദേശ മാസികകളില്‍ സജീവമായിരിക്കുകയാണ്.