മമത ബാനര്‍ജിയുടെ ഫോണ്‍ ചോര്‍ത്തി; ബിജെപിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

 
മമത ബാനര്‍ജിയുടെ ഫോണ്‍ ചോര്‍ത്തി; ബിജെപിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തൃണമൂല്‍ സ്ഥാനാര്‍ത്ഥി പാര്‍ത്ത പ്രതിം റേയുമായുള്ള മമതയുടെ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് റെക്കോര്‍ഡുചെയ്ത് ചോര്‍ത്തിയെന്നും സംഭവത്തില്‍ ബിജെപിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.

ഏപ്രില്‍ 10 ന് ബംഗാളില്‍ സുരക്ഷാ സേന നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങളുമായി റാലികള്‍ നടത്താന്‍ തന്റെ പാര്‍ട്ടിയുടെ സിതാല്‍കുച്ചി സ്ഥാനാര്‍ത്ഥിയോട് ബാനര്‍ജി ആവശ്യപ്പെട്ടത് വിവാദമായതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ രംഗത്തു വന്നത്. ഓഡിയോ ക്ലിപ്പിലെ ഉള്ളടക്കത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ബിജെപി വളച്ചൊടിച്ചുവെന്ന് ആരോപിച്ച് മമത രംഗത്ത് വന്നിരുന്നു. ബിജെപിയുടേത് ഭരണഘടനയുടെ ലംഘനമാണ്, ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ്, ഇന്ത്യന്‍ പീനല്‍ കോഡ് എന്നിവയുടെ പൂര്‍ണമായ ലംഘനമാണ്. തന്റെ സംഭാഷണം നിയമവിരുദ്ധമായാണ്‌ റെക്കോര്‍ഡുചെയ്തതെന്നും മമത ആരോപിച്ചിരുന്നു.

''ഓഡിയോടേപ്പ് ... ബിജെപി ഓഫീസില്‍ ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാല്‍വിയയുടെയും എംപി ലോക്കറ്റ് ചാറ്ററിയുടെയും സാന്നിധ്യത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ്‌ അവതരിപ്പിച്ചതെന്നും'' തൃണമൂല്‍ പറഞ്ഞു. മമത ബാനര്‍ജിയും റേയും തമ്മിലുള്ള ഓഡിയോ ക്ലിപ്പ് ഉദ്ധരിച്ച് 'മൃതദേഹങ്ങളുമായി റാലികള്‍ നടത്താന്‍ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കലാപത്തിന് പ്രേരണ നല്‍കുന്നുവെന്നാണ് അമിത് മാല്‍വിയ പറഞ്ഞത്. തൃണമൂലിനെ നേരിട്ട് ആക്രമിക്കുന്നതിനൊപ്പം ഓഡിയോ ക്ലിപ്പും ബിജെപി മേധാവി ജെ പി നദ്ദ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം സംസ്ഥാനത്ത് അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ വൈകീട്ട് ആറ് മണി വരെ സംസ്ഥാനത്ത് 80 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. നദിയയിലും ജയ്പായിഗുഡിയിലും ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കേന്ദ്രസേന പാര്‍ട്ടി അനുഭാവികളെ വോട്ടു ചെയ്യാന്‍ അനുവദിക്കാതെ തിരിച്ചയക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ റാലികളും അമിത് ഷായുടെ റോഡ് ഷോകളും സംസ്ഥാനത്ത് തുടരാനാണ് ബിജെപി തീരുമാനം. പ്രചാരണം രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴു വരെ മതിയെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇനി മൂന്നു ഘട്ട വോട്ടെടുപ്പും 9 ദിവസത്തെ പ്രചാരണവുമാണ് സംസ്ഥാനത്ത് ബാക്കിയുള്ളത്.