'ടിവി ചര്‍ച്ചകള്‍ കൂടുതല്‍ മലിനീകരണം സൃഷ്ടിക്കുന്നു; പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇരിക്കുന്നവര്‍ കര്‍ഷകരെ കുറ്റപ്പെടുത്തുന്നു'

 
Supreme Court

ഓരോ ചാനലുകള്‍ക്കും അവരുടേതായ അജണ്ടയുണ്ട്

ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ടിവി ചര്‍ച്ചകള്‍ മറ്റാരെക്കാളും കൂടുതല്‍ മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിയുടെ പ്രസ്താവനകളെ സന്ദര്‍ഭങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്താണ് അവര്‍ ഉപയോഗിക്കുന്നത്. ഓരോരുത്തര്‍ക്കും അവരുടേതായ അജണ്ടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ വായു മലിനീകരണം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍. ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കര്‍ഷകര്‍ വൈക്കോല്‍-വിളകളുടെ അവശിഷ്ടം കത്തിക്കുന്നത് എത്രത്തോളം കാരണമാകുന്നു എന്നതു സംബന്ധിച്ച വിവാദ പ്രസ്താവനകളെയും ചര്‍ച്ചകളെയും പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരിക്കുന്നവരാണ് മലിനീകരണത്തിന് കര്‍ഷകരെ കുറ്റപ്പെടുത്തുന്നതെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

കര്‍ഷകര്‍ വൈക്കോല്‍-വിളകളുടെ അവശിഷ്ടം കത്തിക്കുന്നത് ഡല്‍ഹിയിലെ വായു മലിനീകരണത്തിന് പ്രധാന കാരണമല്ലെന്ന കാര്യം കോടതിയില്‍ പറഞ്ഞിട്ടും ഒരു വിഭാഗം മാധ്യമങ്ങളില്‍നിന്ന് മോശം വാക്കുകള്‍ കേള്‍ക്കേണ്ടിവന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. വൈക്കോല്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന പേരില്‍ നിരുത്തരവാദപരവും മോശവുമായ പരാമര്‍ശങ്ങളാണ് തനിക്കെതിരെ ടിവി ചര്‍ച്ചകളില്‍ കേട്ടതെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. തുടര്‍ന്ന്, കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി തുഷാര്‍ മേത്ത കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം വായിച്ചുകേള്‍പ്പിച്ചു. വായു മലിനീകരണത്തില്‍ വൈക്കോല്‍ കത്തിക്കുന്നതിന്റെ പങ്ക് ഈ വര്‍ഷം വളരെ കുറവാണ്. എന്നാല്‍, ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ അത് ഉയര്‍ന്നിരുന്നു. ശൈത്യകാലത്താണ് അത് ഉയര്‍ന്നത്. മാത്രമല്ല, എന്‍സിആര്‍ മേഖലയിലേക്ക് കാറ്റിന്റെ ഗതി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, കോടതി ഒരു തരത്തിലും തെറ്റിദ്ധരിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതിന്റെ പങ്ക് നാല് ശതമാനം മാത്രമാണെന്ന് അന്ന് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, വികാസ് സിംഗ് നല്‍കിയ സത്യവാങ്മൂലത്തില്‍ അത് 35 ശതമാനമായാണ് കാണിച്ചിരിക്കുന്നത്. അക്കാര്യത്തില്‍ കോടതി തെറ്റിദ്ധരിച്ചിട്ടില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. ഒരു പൊതു പദവിയിലിരിക്കുമ്പോള്‍, ഇത്തരം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവരുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ടല്ലോയെന്ന് ചീഫ് ജസ്റ്റിസും തുഷാര്‍ മേത്തയോട് പറഞ്ഞു.

വായു മലിനീകരണം ഉള്‍പ്പടെ കാര്യങ്ങളില്‍ ശക്തമായ നടപടി എടുക്കാന്‍ ബ്യൂറോക്രസിക്ക് കഴിയുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. ഒരു തീരുമാനവും ബ്യൂറോക്രാറ്റുകള്‍ എടുക്കുന്നില്ല. എല്ലാം കോടതി തീരുമാനിക്കട്ടെ എന്നാണ് നിലപാടി. ഈ തരത്തിലേക്ക് ബ്യൂറോക്രസി എത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. മലിനീകരണം തടയുന്നതിനായെടുത്ത തീരുമാനങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശനമായി നടപ്പാക്കണം. വൈക്കോലും വിളകളുടെ അവശിഷ്ടങ്ങളും കത്തിക്കുന്നതില്‍നിന്ന് കര്‍ഷകരെ തടയണം. ഒരാഴ്ചത്തേക്കെങ്കിലും വിള അവശിഷ്ടങ്ങള്‍ കത്തിക്കരുതെന്ന് കര്‍ഷകരോട് അഭ്യര്‍ഥിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കണമെന്ന് ആഗ്രഹമില്ല. വിഷയത്തിന് ഒരു പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനു പകരം മറ്റെന്തെങ്കിലും വഴി കണ്ടെത്താന്‍ കര്‍ഷകരെ സഹായിക്കണമെന്ന കോടതിയുടെ നിലപാട് ജസ്റ്റിസ് സൂര്യകാന്ത് ആവര്‍ത്തിച്ചു. കര്‍ഷകരുടെ അവസ്ഥകൂടി പരിഗണിക്കണം. ആരും അക്കാര്യം ശ്രദ്ധിക്കുന്നില്ല. വൈക്കോല്‍ കത്തിക്കുന്നതിനു കര്‍ഷകരെ പ്രേരിപ്പിക്കുന്നത് എന്താണെന്ന കാര്യംകൂടി പരിശോധിക്കണം. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരിക്കുന്നവരാണ് മലിനീകരണത്തിന് കര്‍ഷകരെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ വൈക്കോലും വിള അവശിഷ്ടങ്ങളും കത്തിക്കുന്നതാണ് വായു മലിനീകരണത്തിന് കാരണമെന്ന വാദം ഡല്‍ഹി സര്‍ക്കാര്‍ ഇന്നും ആവര്‍ത്തിച്ചു. വൈക്കോല്‍-വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മലിനീകരണത്തിന് പൂജ്യം മുതല്‍ 58 ശതമാനം വരെ കാരണമാകാമെന്നായിരുന്നു അഭിഭാഷകനായ അഭിഷേക് മനു സിങ്‌വി പറഞ്ഞത്. വൈക്കോല്‍ സംസ്‌കരിക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. എന്നാല്‍ വാദത്തില്‍ കോടതി വിയോജിപ്പ് അറിയിച്ചു. വിള അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ഉപകരണങ്ങളൊക്കെ വാങ്ങാനുള്ള സാമ്പത്തി ശേഷി കര്‍ഷകര്‍ക്കുണ്ടോയെന്നും കോടതി ചോദിച്ചു. പൂര്‍ണമായി വിലക്കിയിട്ടും ഡല്‍ഹിയില്‍ ദീപാവലിക്കുശേഷം എത്ര പടക്കം പൊട്ടിയെന്ന് ആരാഞ്ഞ കോടതി കര്‍ഷകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും പറഞ്ഞു. 

വായു മലിനീകരണം തടയാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വിയോജിപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനാകില്ലെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. അത്തരമൊരു നീക്കം രാജ്യവ്യാപകമായി ബാധിക്കും. വളരെ കുറച്ച് സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രമേ നിരത്തില്‍ ഉള്ളൂ. ഇവ വിലക്കുന്നതുകൊണ്ട് കാര്യമായ ഗുണം ഉണ്ടാകില്ല. വര്‍ക്ക് ഫ്രം ഹോമിന് പകരം കാര്‍ പൂളിങ് നടത്താന്‍ ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂളുകള്‍, കോളേജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടയ്ക്കാന്‍ നിര്‍ദേശിച്ചു. അവശ്യ സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍ ഒഴികെയുള്ളവയ്ക്ക് നവംബര്‍ 21 വരെ ഡല്‍ഹിയിലേക്ക് പ്രവേശനമില്ല. അഞ്ച് താപവൈദ്യുത നിലയങ്ങള്‍ ഒഴികെ ഡല്‍ഹിയുടെ 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള താപവൈദ്യുത നിലയങ്ങള്‍ ഈമാസം 30 വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. കടുത്ത നടപടികള്‍ പ്രഖ്യാപിക്കുന്നത് നവംബര്‍ 21 വരെ നീട്ടിവയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ച കോടതി ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.