മുസ്ലിം യുവതിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ കൊന്നു; രണ്ട് പേര്‍ അറസ്‌റ്റില്‍ 

 
crime

മുസ്ലിം യുവതിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍  രണ്ട് പേരെ ഹൈദരാബാദ് പൊലീസ്  അറസ്റ്റ് ചെയ്തതായി ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം നാലിന് വൈകുന്നേരം ഹൈദരാബാദിലെ സരൂര്‍നഗറില്‍ തിരക്കേറിയ റോഡില്‍ ബില്ലിപുരം നാഗരാജുവിനെ (26) കത്തികൊണ്ട് കുത്തുകയും ഇരുമ്പ് വടികൊണ്ട് മര്‍ദിക്കുകയും ചെയ്തതായി റിപോര്‍ട്ട് പറയുന്നു.

ഭാര്യ അഷ്റിന്‍ സുല്‍ത്താനയ്ക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് നാഗരാജുവിനെ അറസ്റ്റിലായ സയ്യിദ് മോബിന്‍ അഹമ്മദ്, മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവര്‍ ആക്രമിച്ചത്. സുല്‍ത്താനയുടെ സഹോദരനാണ് മോബിന്‍. സമീപവാസികള്‍ പലരും ആക്രമണം മൊബൈലില്‍ പകര്‍ത്തിയെങ്കിലും അക്രമികളെ തടയാന്‍ ശ്രമിച്ചില്ലെന്നാണ് ആരോപണം. 

''അവര്‍ എന്റെ ഭര്‍ത്താവിനെ നടുറോഡിലിട്ട്  കൊന്നു, ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ആളുകള്‍ എന്തിനാണ് വന്നത്? അവര്‍ കാണുക മാത്രമാണ് ചെയ്തത്. അത് അവരുടെ കണ്‍മുന്നില്‍ സംഭവിക്കുന്നു, ആരെങ്കിലും കൊല്ലപ്പെടുന്നത്, ആളുകള്‍ക്ക് കാണാന്‍ കഴിയുന്നില്ലേ? അവനെ രക്ഷിക്കാനായി ഞാന്‍ അവന്റെ മേല്‍ വീണു. പക്ഷേ അവര്‍ എന്നെ തള്ളി മാറ്റി. അവര്‍ ഇരുമ്പ് ദണ്ഡുകൊണ്ട് അവന്റെ തലയില്‍ അടിച്ചു'' സുല്‍ത്താന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജനുവരി 30 ന് നാഗരാജുവും സുല്‍ത്താനയും ഹിന്ദു ആചാരപ്രകാരം വിവാഹിതരായെങ്കിലും സുല്‍ത്താനയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. ദമ്പതികള്‍ അഞ്ച് വര്‍ഷത്തിലേറെയായി പ്രണയ ബന്ധത്തിലായിരുന്നുവെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഷ്രിന്‍ മറ്റൊരു മതത്തില്‍ പെട്ട ആളുമായുള്ള വിവാഹത്തെ അഷ്രിന്റെ സഹോദരന്‍ സയ്യിദ് മോബിന്‍ അഹമ്മദും ഭാര്യാ സഹോദരന്‍ സയ്യിദ് ഷക്കീല്‍ അഹമ്മദും എതിര്‍ത്തിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സണ്‍പ്രീത് സിംഗ് പറഞ്ഞതായും ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാഗരാജുവിനെ ജോലിസ്ഥലത്ത് വെച്ച് കൊലപ്പെടുത്താനായിരുന്നു രണ്ട് പ്രതികളും ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. പിന്നീട് ബന്ധുവീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ സരൂര്‍നഗര്‍ പ്രദേശത്ത് വെച്ച് ദമ്പതികളെ ആക്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം) പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഹൈദരാബാദില്‍ പ്രതിഷേധ പ്രകടനം നടത്തി. വിദ്വേഷ കുറ്റകൃത്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പാര്‍ട്ടി വക്താവ് കൃഷ്ണ സാഗര്‍ റാവു പറഞ്ഞു.