അന്ന് യോഗിയെ ചെരിപ്പൂരി അടിക്കണമെന്ന് പറഞ്ഞു; ഉദ്ധവിന്റെ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ 

 
d

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രി നാരായണ്‍ റാണെ അറസ്റ്റിലായതിന് പിന്നാലെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരൂപ്പൂരി അടിക്കണമെന്ന ഉദ്ധവ് താക്കറെയുടെ വീഡിയോക്കെതിരെയും വിമര്‍ശനം. 

2018 ലായിരുന്നു താക്കറെയുടെ വിവാദ പരാമര്‍ശം. 'അയാള്‍ക്ക് എങ്ങനെയാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ കഴിയുക? അദ്ദേഹം ഒരു യോഗിയല്ലേ. അപ്പോള്‍ എല്ലാം ത്യജിച്ച് വല്ല ഗുഹയിലും പോയിരിക്കണം. എന്നാല്‍ ഇദ്ദേഹം മുഖ്യമന്ത്രിക്കസേരയില്‍ കയറിയിരുന്നശേഷം സ്വയം യോഗിയെന്നു വിളിക്കുന്നു. യുപിയും മഹാരാഷ്ട്രയും തമ്മിലുള്ള ബന്ധം എന്താണെന്നു യോഗി മനസ്സിലാക്കണം. ഛത്രപതി ശിവജി അധികാരം ഏറ്റപ്പോള്‍ യുപിയിലെ ഗാഘാഭട്ടില്‍നിന്നുള്ള ഒരു പൂജാരി ചടങ്ങിന് എത്തിയിരുന്നു. അതേ സമയം ഊതിവീര്‍പ്പിച്ച ബലൂണുമായാണു യോഗിയുടെ വരവ്. ശിവജിയുടെ പ്രതിമയില്‍ മാലയിട്ടപ്പോള്‍ അയാള്‍ ചെരിപ്പുകള്‍ ധരിച്ചിരുന്നു. അതേ ചെരിപ്പുകള്‍ ഊരി യോഗിയെ അടിക്കാനാണ് അപ്പോള്‍ എനിക്കു തോന്നിയത്. ശിവജിയുടെ മുന്നില്‍ നില്‍ക്കാനുള്ള യോഗ്യത പോലും യോഗിക്കില്ല' ഇതാണ്  പ്രചരിക്കുന്ന വീഡിയോയിലെ ഉദ്ധവിന്റെ വാക്കുകള്‍. വീഡിയോ സാമൂഹ്യമാധ്യമങ്ങള്‍ വഴി വീണ്ടും ശ്രദ്ധിക്കപ്പെട്ടതോടെ ഉദ്ധവ് താക്കറെയുടെയും ശിവസേനയുടെയും സമീപനം കാപട്യമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. മൂന്നു വര്‍ഷം മുന്‍പു നടത്തിയ പരാമര്‍ശത്തില്‍ യോഗി ആദിത്യനാഥ് പരാതി നല്‍കണമെന്നും പലരും സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്വാതന്ത്ര്യം ലഭിച്ച വര്‍ഷമറിയാന്‍ തിരിഞ്ഞു നോക്കിയിരുന്നു. 'സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിനിടെ വേദിയില്‍ ഇരുന്നവരോട് സ്വാതന്ത്ര്യലബ്ധിയുടെ എത്രാമത്തെ വര്‍ഷമാണിത് എന്ന് ചോദിക്കേണ്ടിവന്നു. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനു നല്ല ഒരടി വച്ചു കൊടുത്തേനേ, സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയാത്ത മുഖ്യമന്ത്രി അപമാനമാണ്, എന്നുമായിരുന്നു നാരായണ്‍ റാണെയുടെ വിവാദ പരാമര്‍ശം.