കോവിഡ് പ്രതിരോധത്തിനായി ബജറ്റില്‍ വകയിരുത്തിയത് 35,000 കോടി; പിന്നെന്തിനാണ് എംപി ഫണ്ട് പിടിച്ചുവെച്ചത്?

 
parliament

2019ല്‍ പുതിയ ലോക്‌സഭ വന്നശേഷം 2019-20ല്‍ മാത്രമാണ് എംപി ഫണ്ട് ലഭിച്ചത്

കഴിഞ്ഞ രണ്ടു വര്‍ഷമായി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ കാര്യമായ സംഭാവനയൊന്നും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പാര്‍ലമെന്റ് അംഗങ്ങള്‍. കോവിഡ് സാഹചര്യത്തില്‍ പ്രാദേശിക വികസന ഫണ്ട് (എംപിലാഡ്‌സ്) കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിയതോടെ, മണ്ഡലത്തില്‍ എംപിമാരുടെ സംഭാവന സാന്നിധ്യം മാത്രമായി ചുരുങ്ങി. പ്രധാനമന്ത്രിയുടെ പേരിലുള്ള പിഎം കെയര്‍ ഫണ്ടിലേക്ക് കോടികള്‍ സംഭാവനയായി എത്തിയ നാളുകളില്‍ തന്നെയാണ് ചിലവാക്കാന്‍ ഒരു രൂപ പോലുമില്ലാതെ എംപിമാര്‍ മണ്ഡലം ചുറ്റിയത്. 2019ല്‍ പുതിയ ലോക്‌സഭ നിലവില്‍ വന്നിട്ട് ആദ്യ വര്‍ഷമായ 2019-20ല്‍ മാത്രമാണ് എംപി ഫണ്ട് ലഭിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം എംപിമാരുടെ ഫണ്ട് പുനസ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന മാസങ്ങളിലേക്ക് രണ്ട് കോടി രൂപ ലഭ്യമാക്കും. 2022-23 മുതല്‍ 2025-26വരെ പഴയതുപോലെ അഞ്ച് കോടിയുടെ ഫണ്ട് അനുവദിക്കാനുമാണ് തീരുമാനം. അഞ്ച് വര്‍ഷ കാലാവധിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, എംപിമാര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള അഞ്ച് കോടിയും നടപ്പു സാമ്പത്തിക വര്‍ഷത്തിലേക്ക് രണ്ട് കോടിയുമാണ് ലഭിച്ചിരിക്കുന്നത്. ശേഷിക്കുന്ന രണ്ട് വര്‍ഷങ്ങളില്‍ അഞ്ച് കോടി വീതം ലഭിക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് എംപിമാരുടെ പ്രതീക്ഷ. അതേസമയം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 35,000 കോടി രൂപ ബജറ്റില്‍ അനുവദിക്കുകയും പിഎം കെയര്‍ ഫണ്ടിലേക്ക് കോടികള്‍ സംഭാവനയായി എത്തുകയും ചെയ്തപ്പോള്‍ തന്നെയാണ് എംപി ഫണ്ടും പിടിച്ചുവെച്ചത്. എന്തായിരുന്നു അതിന്റെ ഉദ്ദേശ്യമെന്നും ഫണ്ട് എന്തിനൊക്കെ, എത്രത്തോളം ഉപയോഗിച്ചുവെന്ന കാര്യത്തിലും വ്യക്തത വേണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

എന്താണ് എംപി ലാഡ്സ്?
പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെയുള്ള കേന്ദ്രമേഖലാ പദ്ധതിയാണ് എംപി ലാഡ്സ്. മണ്ഡലങ്ങളില്‍ കുടിവെള്ളം, പ്രാഥമിക വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ശുചിത്വം, റോഡുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രാഥമികമായി സ്ഥായിയായ സാമൂഹിക ആസ്തികള്‍ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കി വികസന സ്വഭാവമുള്ള പ്രവൃത്തികള്‍ ശുപാര്‍ശ ചെയ്യാന്‍ എംപിമാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വ്യവസ്ഥകള്‍ നിറവേറ്റുന്നതിന് വിധേയമായി, ഓരോ എംപിക്കും മണ്ഡലത്തിലെ വാര്‍ഷിക എംപി ലാഡ്സ് ഫണ്ട് അവകാശം 5 കോടി രൂപയാണ്. 2.5 കോടി രൂപ വീതം രണ്ട് ഗഡുക്കളായാണ് തുക ലഭ്യമാക്കുന്നത്. എംപിമാര്‍ നോഡല്‍ ജില്ലാ അതോറിറ്റിക്ക് (ജില്ലാ കളക്ടര്‍) പ്രവൃത്തികള്‍ ശുപാര്‍ശ ചെയ്യും. അവയില്‍ യോഗ്യമായ പ്രവൃത്തികള്‍ നടപ്പാക്കുന്നതിനും സ്‌കീമിനു കീഴില്‍ നടപ്പാക്കിയ വ്യക്തിഗത പ്രവൃത്തികളുടെ വിശദാംശങ്ങളും ചെലവഴിച്ച തുകയും സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട നോഡല്‍ ജില്ലാ അതോറിറ്റിക്കാണ്. പദ്ധതിയുടെ തുടക്കം മുതല്‍ 54171.09 കോടി രൂപയുടെ 19,86,206 പ്രവൃത്തികള്‍/പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

ഫണ്ടിന് എന്താണ് സംഭവിച്ചത്?
കോവിഡിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി, 2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളില്‍ എംപി ലാഡ്സ് അനുവദിക്കേണ്ടതില്ലെന്ന് 2020 ഏപ്രില്‍ ആറിന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫണ്ട് ധന മന്ത്രാലയത്തിന്റെ കോവിഡ് മഹാമാരിയുടെ ആഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വിനിയോഗത്തില്‍ നിക്ഷേപിക്കാനും തീരുമാനിച്ചു. കോവിഡ് നിയന്ത്രണവിധേയമാകുകയും രാജ്യം സാമ്പത്തിക വീണ്ടെടുക്കലിന്റെ പാതയിലാകുകയും ചെയ്തതോടെയാണ് ഫണ്ട് വീണ്ടും അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അതനുസരിച്ച്, 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ 2 കോടി രൂപ ഒറ്റ ഗഡുവായി നല്‍കും. 2025-26വരെ പദ്ധതി തുടരാനും, 2.5 കോടി വീതമുള്ള രണ്ട് ഗഡുക്കളായി മൊത്തെ 5 കോടി നല്‍കാനുമാണ് തീരുമാനം. 2021-22ലെ ശേഷിക്കുന്ന മാസം മുതല്‍ 2025-26 വരെ എംപി ലാഡ്സ് തുടരുന്നതിന് മൊത്തം സാമ്പത്തിക പ്രത്യാഘാതം 17417.00 കോടി രൂപയാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. 

എഎം ആരിഫ് എംപി
രണ്ട് വര്‍ഷത്തെ എംപി ഫണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവെച്ചത്. മൊത്തം എണ്ണായിരം കോടി രൂപയോളം വരുമത്. എംപി ഫണ്ടിന്റെ 22.5 ശതമാനം പട്ടികജാതി (15 ശതമാനം), പട്ടിക വര്‍ഗ (7.5 ശതമാനം) ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നാണ് വ്യവസ്ഥ. ശേഷിക്കുന്നതാണ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കേണ്ടത്. മണ്ഡലത്തിന്റെയാകെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് കോടി രൂപ അപര്യാപ്തമാണ്. എംഎല്‍എമാര്‍ക്ക് ആസ്തി വികസന ഫണ്ട് ഉള്‍പ്പെടെ ആറ് കോടി ലഭിക്കുന്ന സ്ഥാനത്താണ് എംപിമാര്‍ക്ക് അഞ്ച് കോടി ലഭിക്കുന്നത്. മണ്ഡലങ്ങള്‍ക്കായി വിഭജിക്കുമ്പോള്‍ ചെറിയ തുകയാകുമെങ്കിലും അത്യാവശ്യം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. രണ്ട് വര്‍ഷം ഫണ്ട് തടയപ്പെട്ടതോടെ, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിശ്ചലമായി. ഇതേത്തുടര്‍ന്ന് ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ എംപിമാരും സ്പീക്കര്‍ക്കും രാഷ്ട്രപതിക്കും നിവേദനം നല്‍കിയിരുന്നു. പാര്‍ലമെന്റിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. 

2019-20 വര്‍ഷത്തില്‍ 2.5 കോടി ആദ്യ ഗഡു നല്‍കിയശേഷം ബാക്കി നല്‍കിയിരുന്നില്ല. രണ്ടാം ഗഡുവായ 2.5 കോടി രൂപ ഉത്തരവൊന്നുമില്ലാതെ തടഞ്ഞതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചതിനെത്തുടര്‍ന്നാണ് ശേഷിച്ച 2.5 കോടി തന്നത്. ആ 2.5 കോടി വിനിയോഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് 2021-22ലെ ശേഷിക്കുന്ന നാളിലേക്ക് 2 കോടി ലഭിക്കുന്നത്. 2020-21, 2021-22 വര്‍ഷങ്ങളില്‍ പിടിച്ചെടുത്ത 10 കോടിയില്‍നിന്ന് രണ്ട് കോടി തിരിച്ചുനല്‍കുന്നുവെന്നാണ് മനസുകൊണ്ട് വിചാരിക്കുന്നത്. അത് തരാനുള്ള സന്നദ്ധതയെ ഉള്‍ക്കൊള്ളുന്നു. പിടിച്ചുവെച്ചതില്‍ എട്ട് കോടി കൂടി തന്നാല്‍ മതി. 

എംപിമാരുടെ ഫണ്ട് ധന മന്ത്രാലയത്തിന്റെ കോവിഡ് ആഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഫണ്ടിലേക്കാണ് മാറ്റിയത്. കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്നാണ്, എംപി ഫണ്ട് പിടിച്ചുവെക്കുമ്പോള്‍ പറഞ്ഞത്. എംപിമാര്‍ക്കുള്ള ആവശ്യങ്ങളില്‍, അവരുടെ മണ്ഡലങ്ങളില്‍ ഫണ്ട് വിനിയോഗിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍, കേരളത്തിന്റെ ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി പിടിച്ചുവെച്ച എംപി ഫണ്ടില്‍ നിന്ന് നല്‍കുന്നുവെന്ന് പറഞ്ഞ് എന്തെങ്കിലും പ്രത്യേക പരിഗണന ലഭിച്ചിട്ടില്ല. കോവിഡ് മരണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുമ്പോള്‍ തന്നെ, മരണനിരക്ക് കുറവാണെന്ന കാരണം പറഞ്ഞുകൊണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍പ്പോലും കേരളത്തെ പ്രത്യേകം പരിഗണിച്ചിട്ടുമില്ല. 

35,000 കോടി രൂപ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയിരുന്നു. കൂടാതെ, ഇന്ത്യക്കകത്തും പുറത്തുമുള്ള പൊതുമേഖല, സ്വകാര്യ, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടും ശേഖരിച്ചു. അതെല്ലാം പിഎം കെയര്‍ ഫണ്ടിലേക്കാണ് പോയത്. ഈ ഫണ്ട് ഓഡിറ്റിന് വിധേയമല്ല. ഇന്റേണല്‍ ഓഡിറ്റ് മാത്രമാണ് അതിനുള്ളത്. അത് എങ്ങനെയാണെന്ന കാര്യവും അറിയില്ല. എത്ര പണം വന്നെന്നോ എത്ര ചെലവഴിച്ചെന്നോ അറിയില്ല, സുതാര്യതയുമില്ല. പാര്‍ലമെന്റില്‍ അതിന്റെ വിവരങ്ങള്‍ ലഭ്യമല്ല. വിവരാവകാശ പ്രകാരവും അതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. സുപ്രീംകോടതി ചോദിച്ചുപോലും വിവരങ്ങള്‍ നല്‍കുന്നില്ല. ഇതൊക്കെ അറിയാനുള്ള ഇന്ത്യന്‍ പൗരന്റെ ആവശ്യങ്ങള്‍ പോലും നിഷേധിച്ചുകൊണ്ടാണ് പിഎം കെയര്‍ ഫണ്ട് പ്രവര്‍ത്തിക്കുന്നത്. ഫണ്ട് രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ടെന്ന സംശയം വളരെയധികം ബലപ്പെട്ടിരിക്കുകയാണ്. പലയിടത്തും ആടിയും തൂങ്ങിയും നില്‍ക്കുന്ന ബിജെപി സര്‍ക്കാരുകള്‍ക്ക് നിലനില്‍ക്കാന്‍ എംഎല്‍എമാരെയും എംപിമാരെയും വിലയ്‌ക്കെടുക്കാന്‍ ഈ ഫണ്ട് ഉപയോഗിക്കപ്പെടുന്നുണ്ടോയെന്ന സംശയവും പ്രബലമാണ്. പല പ്രമുഖരെയും അട്ടിമറിക്കാനും പണംകൊടുത്ത് സ്വാധീനിക്കാനും പണം ചെലവഴിക്കുന്നുണ്ടോയെന്ന സംശയം ഏറെക്കാലമായി നിലനില്‍ക്കുന്നു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി 
അഞ്ച് കോടിയാണ് എംപിമാര്‍ക്കുള്ള ഫണ്ട്. ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കായാണ് അഞ്ച് കോടി രൂപ അനുവദിക്കുന്നത്. ഒരു മണ്ഡലത്തിന് 50 ലക്ഷത്തില്‍ താഴെ മാത്രമാണ് എംപിക്ക് നല്‍കാനാകുന്നത്. 2.5 കോടിയുടെ രണ്ട് ഗഡുവായാണ് തുക അനുവദിക്കുക. ഫണ്ടില്‍ വന്ന പണം ചെലവഴിച്ച് തീരുന്നത് അനുസരിച്ചാണ് അടുത്ത ഗഡു റിലീസ് ചെയ്യുന്നത്. 2019-20ല്‍ 2.5 കോടി ലഭിച്ചു. അതനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കിയശേഷം ബാക്കി 2.5 കോടിയും ലഭിച്ചിരുന്നു. അതിനിടെയാണ് കോവിഡ് വന്നത്. അതോടെ, എംപി ഫണ്ട് മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് നിര്‍ദേശം ലഭിച്ചു. തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, 2020-21, 2021-22 വര്‍ഷത്തേക്കുള്ള ഫണ്ട് റിലീസ് ചെയ്യേണ്ടതില്ലെന്നും അത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാല്‍, 2021-22 വര്‍ഷത്തില്‍ ശേഷിക്കുന്ന മാസങ്ങളിലേക്ക് 2 കോടി നല്‍കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വീണ്ടും 5 കോടി രണ്ട് ഗഡുക്കളായി അനുവദിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എംപിമാര്‍ക്ക് അവശേഷിക്കുന്ന 2022-23, 2023-24 വര്‍ഷങ്ങളില്‍ മുഴുവന്‍ തുക ലഭിക്കും.