അധ്യാപക ദിനത്തിന് മുമ്പ് എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിന്‍; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം 

 
vaccine


സെപ്റ്റംബര്‍ 5 ന് അധ്യാപക ദിനത്തിന് മുമ്പ് എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം. ഈ മാസം രണ്ട് കോടിയിലധികം അധിക കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും അധ്യാപകര്‍ക്ക് വാക്‌സിനേഷനില്‍  മുന്‍ഗണന നല്‍കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

'ഈ മാസം എല്ലാ സംസ്ഥാനങ്ങളിലും വാക്‌സിന്‍ നല്‍കുന്ന പദ്ധതിക്ക് പുറമേ, 2 കോടിയിലധികം അധിക വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. അധ്യാപക ദിനത്തിന് മുമ്പ് എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും മുന്‍ഗണന നല്‍കി കുത്തിവയ്പ്പ് നടത്താന്‍ ഞങ്ങള്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ മന്ത്രി ട്വീറ്റ് ചെയ്തു. 

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗണിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ അടച്ചിരുന്നു. അതത് പ്രദേശത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍  സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ ഭാഗികമായി വീണ്ടും തുറക്കാന്‍ തുടങ്ങിയപ്പോള്‍, ഏപ്രിലില്‍ കോവിഡ് രണ്ടാം തരംഗം എത്തിയതോടെ സ്‌കൂളുകള്‍ വീണ്ടും പൂര്‍ണ്ണമായി അടച്ചിടുകയായിരുന്നു.  അധ്യാപകര്‍ക്കു വാക്സിന്‍ നല്‍കി സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആലോചനകള്‍ നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെയാണ് അധ്യാപകരുടെ വാക്സിനേഷന്‍ വേഗത്തിലാക്കാനുള്ള കേന്ദ്ര നിര്‍ദേശം.