ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; മത്സര രംഗത്ത് ജഗ്ദീപ് ധൻകറും മാർഗരറ്റ് ആൽവയും

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. എൻഡിഎയിലെ ജഗ്ദീപ് ധൻകറും പ്രതിപക്ഷ മുന്നണിയിലെ മാർഗരറ്റ് ആൽവയുമാണു ഉപരാഷ്ട്രപതി സ്ഥാനാർഥികൾ.ലോക്സഭയിലെയും രാജ്യസഭയിലെയും എം പിമാരാണ് വോട്ട് ചെയ്യുന്നത്. പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ഇതിനുശേഷം വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഈ മാസം 10നു സ്ഥാനമൊഴിയും. പുതിയ ഉപരാഷ്ട്രപതി 11ന് സ്ഥാനമേൽക്കും.

ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളായ 788 പേരാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുക. നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. ഉപരാഷ്ട്രപതിയാണു രാജ്യസഭയുടെ ചെയർപേഴ്സൺ. ഇരുസഭകളിലെയും എം പിമാരുടെ അംഗബലം കണക്കിലെടുക്കുമ്പോൾ ഭരണപക്ഷമായ എൻഡിഎക്ക് ജയമുറപ്പാണ്. ജനതാദൾ (യുണൈറ്റഡ്), വൈഎസ്ആർസിപി, ബിഎസ്പി, എഐഎഡിഎംകെ, ശിവസേന തുടങ്ങിയ ചില പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ എൻഡിഎ സ്ഥാനാർത്ഥിക്ക് 515 വോട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ട്.
ലോക്സഭയിലും രാജ്യസഭയിലുമായി 36 എംപിമാരുള്ള തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുന്നത് മാർഗരറ്റ് ആൽവയ്ക്കു തിരിച്ചടിയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചത്. തങ്ങളോട് ആലോചിക്കാതെയാണ് കോൺഗ്രസ് നേതാവായ ആൽവയെ പ്രഖ്യാപിച്ചതെന്നാണ് തൃണമൂലിന്റെ പരാതി. ആം ആദ്മി പാർട്ടിയും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയതിന് പിന്നാലെ പ്രാദേശിക പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) പിന്തുണയും ആൽവയ്ക്ക് ലഭിച്ചിരുന്നു. എഐഎംഐഎമ്മും ആൽവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതുവരെ പ്രഖ്യാപിച്ച പിന്തുണ അനുസരിച്ച് 200ലധികം വോട്ടുകൾ ആൽവയ്ക്ക് ലഭിക്കാനാണ് സാധ്യത. ആൽവയെ പിന്തുണയ്ക്കുന്ന എല്ലാ പ്രതിപക്ഷ എംപിമാർക്കും നന്ദി അറിയിക്കാൻ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച രാത്രി അത്താഴവിരുന്ന് സംഘടിപ്പിച്ചിരുന്നു.
ധൻഖർ വെള്ളിയാഴ്ച തന്റെ വസതിയിൽ നിരവധി ബിജെപി എംപിമാരുമായി കൂടിക്കാഴ്ച നടത്തി. ഇതിൽ സുശീൽ കുമാർ മോദി, ഗൗതം ഗംഭീർ, രാജ്യവർദ്ധൻ റാത്തോഡ്, രാജേന്ദ്ര അഗർവാൾ, പ്രദീപ് ചൗധരി, കാർത്തികേയ ശർമ എന്നിവരും ഉൾപ്പെടുന്നു.