'ആരും പട്ടിണി കിടന്ന് മരിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് ക്ഷേമരാഷ്ട്രത്തിന്റെ കടമ; ഭരണഘടനയോ നിയമമോ അരുത് എന്ന് പറയില്ല' 

 
Supreme Court

മൂന്നാഴ്ചയ്ക്കകം സാമുഹിക അടുക്കള സംബന്ധിച്ച നയം രൂപീകരിക്കണം

ആരും പട്ടിണി കിടന്ന് മരിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് ഒരു ക്ഷേമരാഷ്ട്രത്തിന്റെ ഭരണഘടനാപരമായ കടമയാണെന്ന് സുപ്രീംകോടതി. മൂന്നാഴ്ചയ്ക്കുള്ളില്‍ സാമുഹിക അടുക്കള (കമ്മ്യൂണിറ്റി കിച്ചണ്‍) സംബന്ധിച്ച് അഖിലേന്ത്യ നയം രൂപീകരിക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പട്ടിണിയും പോഷകാഹാരക്കുറവും തടയുന്നതിനായി, അഖിലേന്ത്യ തലത്തില്‍ സാമുഹിക അടുക്കളകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ഒരു നയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ച് കഴിഞ്ഞമാസം 27ന് കോടതി ഉത്തരവിറക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തശേഷം പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, കേന്ദ്രം നല്‍കിയ മറുപടിയില്‍ അതൃപ്തി അറിയിച്ചാണ് കോടതി നയ രൂപീകരണത്തിന് അവസാന അവസരം നല്‍കിയിരിക്കുന്നത്. സാമുഹിക അടുക്കള സംബന്ധിച്ച വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ വീക്ഷണം ഉള്‍ക്കൊണ്ടുകൊണ്ടാണ് കോടതിയുടെ നടപടി.  

വിഷയത്തില്‍, കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുഭരണ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതെന്ന് ബെഞ്ച് നിരീക്ഷിച്ചു. സത്യവാങ്മൂലത്തിന്റെ ഉള്ളടക്കത്തിലും കോടതി അതൃപ്തി അറിയിച്ചു. കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതികള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ ഇതിനകം നല്‍കിയ വിവരങ്ങള്‍ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഹിമ കോഹ്‌ലി എന്നിവരും ഉള്‍പ്പെടുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. 

അതേസമയം, ഒക്ടോബര്‍ 27ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി വെര്‍ച്വല്‍ യോഗം നടത്തിയിരുന്നതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മാധവി ദിവാന്‍ കോടതിയെ അറിയിച്ചു. സാമുഹിക അടുക്കള സംബന്ധിച്ച സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് തിരക്കായതിനാലാണ് താന്‍ ഹാജരാകുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. 

എന്നാല്‍, സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നയത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ഒരു പദ്ധതി രൂപീകരണം പരിഗണനയിലുണ്ടെന്ന് സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നില്ല. എവിടെയും അത് കാണുന്നില്ല. നിങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചുവെച്ചിരിക്കുകയാണ്. ഏത് ഫണ്ടാണ് നിങ്ങള്‍ ശേഖരിക്കുന്നത്, എന്താണ് നിങ്ങള്‍ ചെയ്യുന്നത് എന്നിങഅങനെ കാര്യങ്ങളാണുള്ളത്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഒരു ഏകീകൃത മാതൃകയാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. സാമുഹിക അടുക്കള സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്, അതുസംബന്ധിച്ച ഒരു പ്രൊപ്പോസല്‍ വേണം, നിങ്ങളുടെ നിര്‍ദേശങ്ങള്‍ അറിയിക്കണം എന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടണം. അല്ലാതെ, പൊലീസിനെ പോലുള്ളവരോട് നിങ്ങള്‍ എന്താണ് ചെയ്യുന്നത്, എത്രയാണ് ശേഖരിക്കുന്നത് എന്നിങ്ങനെയുള്ള വിവരങ്ങളല്ല ശേഖരിക്കേണ്ടത്. ഇതിനോടകം ലഭ്യമായ വിവരങ്ങളില്‍ നിങ്ങള്‍ വിവരം തേടേണ്ടതില്ല. സംസ്ഥാനങ്ങള്‍ അക്കാര്യം അവരുടെ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുഭരണ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചതിലും ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തി. ഇത് കേന്ദ്ര സര്‍ക്കാരിനുള്ള അവസാന മുന്നറിയിപ്പാണ്. അണ്ടര്‍ സെക്രട്ടറിയാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. നിങ്ങളുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് ഒരു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിയില്ലേ? ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്? ഉത്തരവാദപ്പെട്ട സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി എത്ര തവണ പറഞ്ഞിട്ടുണ്ട്? നിങ്ങള്‍ കോടതികളെ ബഹുമാനിക്കണം. ഞങ്ങളൊന്ന് പറയുന്നു, നിങ്ങള്‍ എന്തെങ്കിലും എഴുതിവെക്കുന്നു. അത് തുടരാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

അതിനിടെ, അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വെര്‍ച്വല്‍ നടപടിക്രമങ്ങളില്‍ പങ്കുചേര്‍ന്നു. അദ്ദേഹത്തോടും ചീഫ് ജസ്റ്റിസ് ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു. സാമുഹിക അടുക്കള സംബന്ധിച്ച ഒരു നിര്‍ണായക പദ്ധതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് എജി പറഞ്ഞു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യും. പദ്ധതിക്ക് ഒരു നിയമപരമായ ചട്ടക്കൂട് ആവശ്യമാണെന്നും അങ്ങനെ വന്നാല്‍, നയം മാറിയാലും അത് നിര്‍ത്തലാക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസും കൂട്ടിച്ചേര്‍ത്തു. 

ചോദ്യം ലളിതമാണ്. സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നതുവരെ കേന്ദ്ര സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കഴിഞ്ഞ തവണ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍, യോഗം വിളിക്കാനും നയവും ചട്ടക്കൂടും തീരുമാനിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചു. പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍, പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് എത്രയും വേഗം പദ്ധതി രൂപീകരിക്കേണ്ടത് ആവശ്യമാണ്. അങ്ങനെയായാല്‍ ഏകീകൃതമായി അത് നടപ്പാക്കാന്‍ കഴിയും. പട്ടിണി ഇല്ലാതാക്കാനുള്ള നടപടികളോട് ഭരണഘടനയോ നിയമമോ അരുത് എന്ന് പറയില്ല. ഇക്കാര്യത്തില്‍ വീണ്ടും കാലതാമസം അനുവദിക്കാനാകില്ല. അതിനാല്‍ ഇനിയും മാറ്റിവെക്കാനാവില്ല. അവസാന അവസരമായി രണ്ടാഴ്ച സമയം നല്‍കാം. ദയവുചെയ്ത് യോഗം നടത്തുക. പട്ടിണി മൂലം മരിക്കാതിരിക്കാന്‍ ആളുകള്‍ക്ക് ഭക്ഷണം ഉറപ്പാക്കുക എന്നതാണ് ഒരു ക്ഷേമരാഷ്ട്രത്തിന്റെ പ്രഥമ ഉത്തരവാദിത്തമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, പദ്ധതി രൂപീകരണത്തിന് മൂന്നാഴ്ചത്തെ സമയം തരണമെന്ന് എജി ആവശ്യപ്പെട്ടു. കോടതി അത് അനുവദിക്കുകയും ചെയ്തു. പട്ടിണിയും കുട്ടികളിലെ പോഷകാഹാരക്കുറവും തടയുന്നതിനായി സാമുഹിക അടുക്കള സ്ഥാപിക്കാന്‍ ദേശീയതലത്തില്‍ നയം വേണമെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകരായ അരുണ്‍ ധവാന്‍, ഇഷാന്‍ ധവാന്‍, കുഞ്ജന സിംഗ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.