പശ്ചിമബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കോവിഡ്; പ്രചാരണ സമയം വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 
പശ്ചിമബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കോവിഡ്; പ്രചാരണ സമയം വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പശ്ചിമബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആറു ജില്ലകളിലെ നാല്‍പ്പത്തിയഞ്ച് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഡാര്‍ജിലിംഗ്, കലിംപോങ്, ജയ്പായിഗുഡി, നദിയ, കിഴക്കന്‍ ബര്‍ദ്ദമാന്‍, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നീ ആറു ജില്ലകളിലെ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. അതിനിടെ ബംഗാളില്‍ മൂന്നു തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും ആര്‍.എസ്.പി, ബി.ജെ.പി സ്ഥാനാര്‍ഥികളിലെ ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥരീകരിച്ചത്.

മാറ്റിഗര- നക്‌സല്‍ബാരി സീറ്റിലേക്കുള്ള ബി.ജെപിയുടെ സ്ഥാനാര്‍ത്ഥി ആനന്ദമയ് ബാര്‍മാന്‍, തൃണമൂല്‍ന്റെ ഗോള്‍പോഖര്‍ സ്ഥാനാര്‍ഥി മുഹമ്മദ് ഗുലാം റബ്ബാനി, തപന്‍ സ്ഥാനാര്‍ത്ഥി കല്‍പ്പന കിസ്‌കു, ജല്‍പായ്ഗുരി സ്ഥാനാര്‍ത്ഥി ഡോ. പ്രദീപ് കുമാര്‍ ബാര്‍മ എന്നിവര്‍ക്കാണ് പോസിറ്റീവായത്. ആര്‍.എസ്.പിയുടെ ജംഗിപൂര്‍ സ്ഥാനാര്‍ത്ഥി 73കാരനായ പ്രദീപ് കുമാര്‍ നന്ദി വെള്ളയാഴ്ചയും മുര്‍ഷിദാബാദ് ജില്ലയിലെ സാംസര്‍ഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വ്യാഴാഴ്ചയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പാര്‍ട്ടികളുടെ പ്രചാരണ സമയം രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴുവരെയാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ചിട്ടുണ്ട്. കോവിഡ് അതീവ ഗുരുതരമാകുന്ന സാഹചര്യത്തില്‍ ബംഗാളില്‍ ശേഷിക്കുന്ന വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മമതയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടില്ല. അതേസമയം പ്രധാനമന്ത്രിയും അമിത് ഷായും ഇന്ന് സംസ്ഥാനത്ത് പ്രചാരണത്തിന് എത്തും. നാലാം ഘട്ടത്തില്‍ കേന്ദ്രസേനയുടെ വെടിവയ്പില്‍ നാലുപേര്‍ മരിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.