കേന്ദ്രസേനക്കെതിരായ പരാമര്‍ശം; മമത ബാനര്‍ജിക്ക് വീണ്ടും നോട്ടീസ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

 
കേന്ദ്രസേനക്കെതിരായ പരാമര്‍ശം; മമത ബാനര്‍ജിക്ക് വീണ്ടും നോട്ടീസ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും നോട്ടീസ് നല്‍കി. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്കാണ് മമതയ്ക്കെതിരെ വീണ്ടും കമ്മീഷന്‍ നോട്ടീസ് അയച്ചത്. മമതയുടെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. മാര്‍ച്ച് 28, ഏപ്രില്‍ 7 തീയതികളില്‍ കേന്ദ്രസേനയ്ക്കെതിരായ പ്രസ്താവനകള്‍ സംബന്ധിച്ച് ഏപ്രില്‍ 10 നകം മമത നിലപാട് വിശദീകരിക്കണമെന്നാണ് നിര്‍ദ്ദേശം.

കേന്ദ്ര സേന വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നും സ്ത്രീ വോട്ടര്‍മാരെ തിരിച്ചയച്ചെന്നുമാണ് മമത ആരോപിച്ചത്. വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കാതെ കേന്ദ്ര പോലീസ് സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നു, ആരാണ് അവര്‍ക്ക് ഇത്രയധികം അധികാരം നല്‍കിയത് 2019 ലും ഞാന്‍ ഇത് കണ്ടു, 2016 ലും ഞാന്‍ ഇത് കണ്ടു, മാര്‍ച്ച് 28 ന് ബാനര്‍ജി ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'ആരുടെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ അടിച്ചതെന്നും എങ്ങനെയാണ് അവര്‍ തല്ലിയതെന്നും എനിക്കറിയാം. ജനങ്ങളുടെ കുടുംബത്തെ രക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്. ഞങ്ങളുടെ അമ്മമാരും സഹോദരിമാരും ഏതെങ്കിലും ദുരനുഭവം അനുഭവിക്കുകയാണെങ്കില്‍, ഞാന്‍ നിങ്ങളോട് പറയുന്നു. ഇത് സ്ത്രീകളുടെ അവകാശമാണ്. ഞങ്ങളുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വോട്ടിംഗ് കമ്പാര്‍ട്ടുമെന്റില്‍ പ്രവേശനം നിഷേധിച്ചാല്‍ നിങ്ങള്‍ എല്ലാവരും പുറത്തുവന്ന് കലാപം നടത്തും. ഏപ്രില്‍ 7 ന് കൂച്ച്‌ബെഹറില്‍ നടന്ന ഒരു റാലിയില്‍ മമത പറഞ്ഞു.

ഹിന്ദു-മുസ്ലിം വോട്ടര്‍മാര്‍ ബി.ജെ.പിയ്ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന മമതയുടെ പ്രസ്താവനയ്ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 3 ന് നടത്തിയ പ്രസ്താവനയുടെ പേരിലാണ് കമ്മീഷന്‍ നോട്ടീസ് അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് പിന്നാലെ പ്രതികരണവുമായ മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു.ഒന്നല്ല പത്ത് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചാലും തന്റെ മറുപടി ഒന്നുതന്നെയായിരിക്കുമെന്നാണ് മമത പ്രതികരിച്ചത്. എട്ട് ഘട്ടങ്ങളായുള്ള പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങള്‍ അവസാനിച്ചു. നാലാം ഘട്ട തെരഞ്ഞെടുപ്പ് ശനിയാഴ്ചയാണ് നടക്കുന്നത്.