മോദി-മാര്‍പാപ്പ കൂടിക്കാഴ്ചയില്‍ ക്രൈസ്തവ സമൂഹത്തിന് സന്തോഷിക്കാന്‍ എന്താണുള്ളത്?

 
Modi Pope

രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ വര്‍ധന

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയെ ചരിത്രപരമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, ഐ.കെ ഗുജ്‌റാള്‍, അടല്‍ ബിഹാരി വാജ്‌പേയ് എന്നിവര്‍ക്കുശേഷം മാര്‍പാപ്പയെ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ മോദി ക്ഷണിച്ചിട്ടുമുണ്ട്. വാജ്‌പേയ് ക്ഷണിച്ചതനുസരിച്ച്, 1999ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇന്ത്യയില്‍ എത്തിയിരുന്നു. എന്നാല്‍, ക്രിസ്ത്യന്‍ മിഷണറിമാര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണവുമായി സംഘപരിവാര്‍ രാജ്യമെങ്ങും അന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിളിച്ചുവരുത്തി അപമാനിച്ച സംഭവം ക്രൈസ്തവ സമൂഹത്തില്‍നിന്നുള്ള കടുത്ത വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. അതിനുശേഷം ആദ്യമായാണ് മറ്റൊരു മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശനത്തിനുള്ള ക്ഷണം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, 1999ലെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ജോണ്‍ പോള്‍ രണ്ടാമനു നേരിടേണ്ടിവന്ന സാഹചര്യങ്ങള്‍ മാറിയിട്ടില്ലെന്നു മാത്രമല്ല, അതിനേക്കാള്‍ ഭീകരമാണ് ഇന്ത്യയിലെ അവസ്ഥ. ഈ സാഹചര്യത്തില്‍, മോദി-മാര്‍പാപ്പ കൂടിക്കാഴ്ചയ്ക്ക്, ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കപ്പുറം എന്ത് പ്രസക്തിയാണുള്ളത്? 

ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ വര്‍ധന
മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായ സംഘപരിവാറിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ആക്രമണങ്ങള്‍ക്കെല്ലാം ഒത്താശ ചെയ്യുന്നത് ബിജെപി സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളുമാണ്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മുതല്‍ രണ്ടാം തവണയും അധികാരത്തില്‍ തുടരുന്ന ഇത്രയും കാലത്തിനിടെ മുസ്ലീം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘപരിവാര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏതാനും വര്‍ഷത്തെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍, 2018ല്‍ ക്രിസ്ത്യാനികള്‍ക്കെതിരെ 325 അക്രമസംഭവങ്ങളുണ്ടായെന്നാണ് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. 38 അറസ്റ്റുകളുണ്ടായി. 81 ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി. മൂന്ന് പള്ളികള്‍ക്ക് തീയിട്ടു. 32 പേരെ അകാരണമായി അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ കൊല്ലപ്പെട്ടു. ശാരീരിക പീഡനം ഏല്‍ക്കേണ്ടിവന്ന 53 സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഏറ്റവും കുടുതല്‍ ആക്രമണങ്ങള്‍ നടന്നത് യുപിയിലാണ്. 132 സംഭവങ്ങളാണ് അവിടെ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട് 40, തെലുങ്കാന 24 എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 2019ല്‍, അതിക്രമങ്ങളുടെ എണ്ണം 366 ആയി വര്‍ധിച്ചു. ഭീഷണിയും അവഹേളനവും ഏല്‍ക്കേണ്ടിവന്ന സംഭവങ്ങള്‍ 73. ശാരീരിക പീഡനം 67. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ട സംഭവഭങ്ങള്‍ 62. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചോ അല്ലാതെയോ 41 പേരെ അറസ്റ്റ് ചെയ്തു. നാല് കൊലപാതകങ്ങളും നടന്നു. 86 അതിക്രമങ്ങളുമായി യുപിയായിരുന്നു മുന്നില്‍. തമിഴ്‌നാട് 60, ഛത്തീസ്ഗഢ് 32 എന്നിവര്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍. 

2020ല്‍ റിപ്പോര്‍ട്ട് ചെയ്തത് 327 അതിക്രമങ്ങള്‍. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചോ അല്ലാതെയോ ആളുകളെ അറസ്റ്റ് ചെയ്യുന്ന 66 സംഭവങ്ങളുണ്ടായി. ശാരീരികമായി മര്‍ദിക്കുന്ന 81 സംഭവങ്ങള്‍. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. യുപി 95, ചത്തീസ്ഗഢ് 55, ഝാര്‍ഖണ്ഡ് 28 എന്നിങ്ങനെയാണ് പട്ടിക. 2021ലെ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകളില്‍, 145 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊലപാതകം മൂന്ന്,  ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചോ അല്ലാതെയോ അറസ്റ്റ് 43, ഭീഷണി 24, ആരാധനായലയങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയ സംഭവം 14, പള്ളികള്‍ തകര്‍ത്ത സംഭവം 3 എന്നിങ്ങനെയാണ് ആദ്യ ആറു മാസത്തെ കണക്ക്. മധ്യപ്രദേശിലാണ് ഏറ്റവും കുടുതല്‍ അതിക്രമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 30. യുപി 22, കര്‍ണാടക 14, ഛത്തീസ്ഗഢ് 13 എന്നിങ്ങനെയാണ് പട്ടിക. 

അതേസമയം, ഒമ്പത് മാസത്തിനിടെ, ക്രൈസ്തവര്‍ക്കെതിരെ 305 ആക്രമണങ്ങള്‍ നടന്നതായാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്, പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്സ് എന്നിവയുടെ സംയുക്ത പഠന റിപ്പോര്‍ട്ട്. യുപി, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 169 ആക്രമണങ്ങളുണ്ടായി. 300 ലധികം ആള്‍ക്കൂട്ടാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 28 സ്ഥലങ്ങളില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു.

ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള സംഘപരിവാര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ഥിതി ഭീകരമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് അക്രമങ്ങള്‍ വര്‍ധിക്കുന്നത്. മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്നതെന്ന പേരിലാണ് മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്നത്. യുപി, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ അത്തരം മാതൃകയാണ് പിന്‍പറ്റുന്നത്. വിദേശ മിഷണിമാരോ അവരുടെ സഹായത്തോടെയോ പ്രവര്‍ത്തിക്കുന്നവര്‍ ദളിത്, ആദിവാസി സമൂഹത്തെയും ഗ്രാമീണരെയും പല വാഗ്ദാനങ്ങള്‍ നല്‍കിയും പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചുമൊക്കെ മതപരിവര്‍ത്തനം നടത്തുന്നുവെന്നാണ് ആരോപണം. സംഘപരിവാറിന്റെ അത്തരം ആരോപണങ്ങള്‍ക്കും അതനുസരിച്ചുള്ള അതിക്രമങ്ങള്‍ക്കും സഹായകമാകുന്ന വിധമാണ് ബിജെപി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇഷ്ടപ്പെട്ട മതവും വിശ്വാസവുമൊക്കെ പിന്‍പറ്റുന്ന ഹൈന്ദവരെ തിരികെ എത്തിക്കാനുള്ള ഘര്‍ വാപസി നയങ്ങള്‍, ബലംപ്രയോഗിച്ചും നടത്താന്‍ അവര്‍ക്ക് ബലം പകരുന്നതും ഇത്തരം പിന്തുണയാണ്. 

ലക്ഷ്യം ന്യൂനപക്ഷ വോട്ടുകള്‍ 
ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ തടയാനോ നിയന്ത്രിക്കാനോ, ശരിയായ രീതിയില്‍ ഒന്ന് അപലപിക്കാനോ തയ്യാറാകാത്ത പ്രധാനമന്ത്രിയാണ് വത്തിക്കാനിലെത്തി മാര്‍പാപ്പയെ കെട്ടിപ്പിടിക്കുന്നത്. അത്തരമൊരു ആശ്ലേഷത്തിലും ദീര്‍ഘ സംഭാഷണങ്ങളിലും എന്ത് ചരിത്രമാണ് പുതുതായി എഴുതപ്പെടുന്നത്? ഇപ്പോഴും തങ്ങള്‍ക്ക് സാധ്യമാകാത്ത, ക്രിസ്ത്യന്‍ സമുദായത്തിന്റെ പിന്തുണ എങ്ങനെയെങ്കിലും നേടിയെടുക്കുക എന്നതിനപ്പുറം അതില്‍ എന്തെങ്കിലും പുതുമയുള്ളതായി തോന്നുന്നില്ല. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലും മണിപ്പൂരിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഒരു വിഭാഗം ക്രിസ്ത്യാനികളുടെ പിന്തുണ ഉറപ്പാക്കാനുള്ള രാഷ്ട്രീയ അടവാണത്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലീങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ബിജെപി മൈനോരിറ്റി മോര്‍ച്ച കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 70 ശതമാനത്തിലധികം മുസ്ലീം വോട്ടര്‍മാരുള്ള ബൂത്തുകളുടെ പട്ടിക തയ്യാറാക്കിയും പ്രത്യേക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള അത്തരം പ്രവര്‍ത്തനങ്ങളുടെ മറ്റൊരു വശമാണ് മോദി-മാര്‍പാപ്പ കൂടിക്കാഴ്ചയ്ക്ക് ബിജെപി നല്‍കുന്ന 'ചരിത്രപരമായ പ്രാധാന്യ'വും അതിന്റെ പ്രചാരണവും. 

കേരളത്തില്‍ ഉള്‍പ്പെടെ ബിജെപി നേരത്തെയും ക്രിസ്ത്യന്‍ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയിട്ടും ക്രിസ്ത്യന്‍ സമൂഹത്തില്‍നിന്ന് കാര്യമായ ഗുണം ബിജെപിക്ക് ഉണ്ടായില്ല. കഴിഞ്ഞവര്‍ഷം, പി.എസ് ശ്രീധരന്‍ പിള്ള വഴി വിവിധ സഭകളില്‍പ്പെട്ട ബിഷപ്പുമാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഒരു ബിഷപ്പിനെ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും ഫലപ്രദമായില്ല. ക്രിസ്ത്യന്‍ സഭകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനോട് തന്നെയായിരുന്നു താല്‍പര്യം. എന്നാല്‍, ദേശീയ, സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ക്ഷീണം, പല ക്രൈസ്തവ വിഭാഗങ്ങളെയും അകറ്റിനിര്‍ത്തുന്നുണ്ട്. യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിക്കുന്നതും മുസ്ലീം ലീഗിന്റെ സ്വാധീനം വര്‍ധിക്കുന്നതും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓര്‍ത്തഡോക്‌സ് സഭകളാകട്ടെ, സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തോടും അകല്‍ച്ചയിലാണ്. ഇത്തരം സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാലാ ബിഷപ്പിന്റെ ലൗ ജിഹാദ് പ്രസ്താവനയ്ക്ക് ഉള്‍പ്പെടെ പിന്തുണയുമായെത്തിയ ബിജെപി നേതൃത്വത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല. 

അനുകൂലിച്ചും എതിര്‍ത്തും സഭകള്‍
അതേസമയം, സര്‍ക്കാരും സമൂഹവും തമ്മിലുള്ള സംവാദത്തിനുള്ള പുതിയ അവസരമായാണ് മോദി-മാര്‍പാപ്പ കൂടിക്കാഴ്ചയെ സിബിസിഐ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് കര്‍ദ്ദിനാല്‍ ക്ലീമിസ് വിലയിരുത്തിയത്. കൂടിക്കാഴ്ചയെ രണ്ട് രാജ്യത്തലവന്മാര്‍ തമ്മിലുള്ള ഒന്നായി മാത്രം കാണരുതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെയും പുരാതന സംസ്‌കാരത്തിന്റെയും തലവന്‍ ലോകത്തിലെ ഏറ്റവും വലിയ മതസമൂഹത്തിന്റെ തലവനെ കണ്ടുമുട്ടുന്നു. അത് മനുഷ്യ സാഹോദര്യം വര്‍ധിപ്പിക്കുന്നതിനും ദരിദ്രരെ പരിപാലിക്കുന്നതിനുമുള്ള പ്രത്യാശ നല്‍കുന്നു. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തിനും സഹകരണത്തിനുമായി ഇത് ഇന്ത്യയില്‍ നല്ല ശ്രമങ്ങള്‍ കൊണ്ടുവരും. ചര്‍ച്ചകളുടെ ആവശ്യകതയ്ക്കും ഇത് സംഭാവന നല്‍കും. മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള വഴികള്‍ പ്രധാനമന്ത്രി തുറന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നുമായിരുന്നു 2014ല്‍ മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ മോദിയോട് അഭ്യര്‍ഥിച്ച കര്‍ദിനാല്‍ ക്ലീമിസിന്റെ പ്രതികരണം. 

എന്നാല്‍, സമുദായത്തിനെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും സഭാ നേതൃത്വം ബിജെപി-ആര്‍എസ്എസ് നേതൃത്വവുമായി 'നിക്ഷിപ്ത താല്‍പര്യങ്ങളാല്‍' വിട്ടുവീഴ്ച ചെയ്യുന്നുവെന്നാണ് സീറോ മലബാര്‍ സഭ പ്രസിദ്ധീകരണമായ സത്യദീപം ആരോപിക്കുന്നത്. രാജ്യത്ത് ക്രിസ്ത്യന്‍ സമുദായത്തിനും അതിന്റെ സ്ഥാപനങ്ങള്‍ക്കുമെതിരായ ആക്രമണങ്ങളുടെ പ്രശ്‌നം ഉന്നയിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്ന കടുത്ത വിമര്‍ശനവും സത്യദീപം മുന്നോട്ടുവെക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആര്‍എസ്എസ് അജണ്ടകള്‍ക്ക് വഴിപ്പെടുന്ന ബിജെപി നേതൃത്വത്തോട് നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് അടിപ്പെട്ട് സഭ സമരസപ്പെടുന്നു. ഇത് ജനാധിപത്യവിരുദ്ധ സന്ദേശമാണ് നല്‍കുന്നത്, അത് മറക്കരുത്. ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങള്‍ സഭ കണ്ടില്ലെന്ന് നടിക്കരുത്. യുപി, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. മോദി-മാര്‍പാപ്പ കൂടിക്കാഴ്ചയില്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണം ചര്‍ച്ചയാവുമോ എന്ന് അറിയേണ്ടതുണ്ട്. സ്റ്റാന്‍ സ്വാമിയുടേതടക്കമുള്ള നീതിക്കു വേണ്ടിയുള്ള നിലവിളികള്‍ നിര്‍ദ്ദയമാം വിധം നിശബ്ദമാക്കപ്പെട്ടത് എങ്ങനെയാണെന്ന് വിശദീകരിക്കപ്പെടുമോ എന്ന് അറിയാനുണ്ടെന്നും സത്യദീപം മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു. 

ആസ്‌ട്രേലിയന്‍ മിഷണറിയായ ഗ്രഹാം സ്റ്റെയ്ന്‍സിനെയും രണ്ട് മക്കളെയും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ജീവനോടെ ചുട്ടെരിച്ച വര്‍ഷമായിരുന്നു ജോണ്‍ പോള്‍ മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചത്. അതില്‍ നിന്നൊട്ടും വ്യത്യസ്തമല്ല സ്ഥിതി. ക്രിസ്ത്യാനികള്‍ക്കെതിരായ സംഘപരിവാര്‍ ആക്രമണങ്ങള്‍ കാലക്രമേണ വര്‍ധിച്ചു. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ നീതിക്കായുള്ള നിലവിളിപോലും നിര്‍ദയം ചവിട്ടിയരയ്ക്കപ്പെട്ട ഭരണകൂടത്തിന്റെ തലവനാണ് വത്തിക്കാനില്‍ മാര്‍പാപ്പയെ ആശ്ലേഷിക്കുന്നത്. ഈ കൂടിക്കാഴ്ചയുടെ പിന്നിലും ബിജെപിക്ക് വലിയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നിരിക്കെ, ക്രൈസ്തവ സമൂഹത്തിന് എങ്ങനെയാണ് ആത്മസന്തോഷം കണ്ടെത്താനാകുക? ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്ന സത്യം തമസ്‌കരിച്ചുകൊണ്ട് എത്രകാലം ക്രൈസ്തവ സഭാ നേതൃത്വത്തിന് ബിജെപിയോട് സമരസപ്പെടാന്‍ കഴിയും? 

അവലംബം

https://files.constantcontact.com/cf0c2406701/39572a15-e7f8-4755-bc75-f0e9ea09e787.pdf

https://files.constantcontact.com/cf0c2406701/4251a10a-afe3-4ca4-aa26-e8acd7d1788c.pdf

https://efionline.org/wp-content/uploads/2021/07/RLC-Half-Yearly-Report-2021.pdf

https://www.newindianexpress.com/states/kerala/2021/oct/31/xtian-community-elated-over-narendra-modi-pope-meet-2377854.html

http://sathyadeepam.org/editorial/deliberate-dont-forget/