കോവാക്‌സിന് ഈ ആഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം  ലഭിച്ചേക്കും

 
vaccine

ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിന് ഈ ആഴ്ച ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയേക്കും. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയുടെ തദ്ദേശീയ വാക്സിനാണു കോവാക്സിന്‍. ജനുവരിയില്‍ കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചതു മുതല്‍ കോവാക്സിനു ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ ദേശീയ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവില്‍ പ്രധാനമായും ഉപയോഗിക്കുന്ന കോവിഷീല്‍ഡിന് മാസങ്ങള്‍ക്ക് മുമ്പ് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര ഉപയോഗനുമതി ലഭിച്ചിരുന്നു. 

കോവാക്‌സിന് എമര്‍ജെന്‍സി യൂസ് ലിസ്റ്റിങ് ലഭിക്കാന്‍ ആവശ്യമായ മുഴുവന്‍ രേഖകളും ജൂലൈ ഒന്‍പതിനു തന്നെ സമര്‍പ്പിച്ചതായി ഭാരത് ബയോടെക്കിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല ട്വിറ്ററില്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷ(സി.ഡി.എസ്.സി.ഒ.)ന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഡേറ്റ പ്രകാരം 77.8 ശതമാനമാണു കോവാക്‌സിന്റെ ഫലപ്രാപ്തി. 

ലോകാരോഗ്യ സംഘടനയുടെ പാനല്‍ അടിയന്തര ഉപയോഗാനുമതി പട്ടികയില്‍ കോവാക്‌സിനെ ഉടനെ ഉള്‍പ്പെടുത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നല്‍കിയാല്‍ കോവാക്‌സിന്‍ എടുത്തവര്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനാകും. കോവാക്‌സിന്റെ രോഗപ്രതിരോധശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നീ ഡേറ്റകള്‍ വിലയിരുത്തിയാകും ലോകാരോഗ്യ സംഘടന അനുമതി നല്‍കുക.   

ഭാരത് ബയോടെക് തങ്ങളുടെ അവസാനഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നിന്ന് പുറത്തുവിട്ട ഡാറ്റ അനുസരിച്ച്, ഐസിഎംആറുമായി സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍, രോഗലക്ഷണമുളള അണുബാധയ്ക്കെതിരെ ഏകദേശം 78% ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ വിദഗ്ധര്‍ പറയുന്നത് പുതിയ വകഭേദങ്ങള്‍ക്കെതിരെ അതിന്റെ യഥാര്‍ത്ഥ ഫലപ്രാപ്തി ഇനിയും വിലയിരുത്തേണ്ടതുണ്ടെന്നാണ്.