മുസ്ലിം സ്ത്രീകളെ ലേലം ചെയ്ത 'ബുള്ളി ബായി'യുടെ പിന്നില്‍ വിദ്യാര്‍ത്ഥികള്‍?

 
d

ന്യൂനപക്ഷത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി, സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയ 'ബുള്ളി ബായ്' ആപ്പ് വിവാദത്തില്‍ കൂടുതല്‍ പേര്‍ പിടിക്കപ്പെട്ടിരിക്കുകയാണ്. ഗിറ്റ്ഹബ്ബ് പ്ലാറ്റ്ഫോമില്‍ ഹോസ്റ്റ് ചെയ്ത 'ബുള്ളി ബായ്' ആപ്പില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ മുസ്ലീം സ്ത്രീകളെ ഉള്‍പ്പെടെ നൂറിലധികം  സ്ത്രീകളെ 'ഓണ്‍ലൈന്‍ ലേല'ത്തിനായി അവതരിപ്പിച്ചത് ജനുവരി ഒന്നിനാണ് വിവാദമായത്. അസമിലെ ജോര്‍ഹട്ടില്‍ നിന്നുള്ള രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റിലായതോടെ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നാല് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. നാല് പേരും ഇരുപത് വയസിനടുത്ത് പ്രായമുള്ള വിദ്യാര്‍ത്ഥികളാണ്. 

വ്യാഴാഴ്ച അറസ്റ്റിലായ നീരജ് ബിഷ്ണോയിയാണ് കേസിലെ മുഖ്യ സൂത്രധാരന്‍. ഭോപ്പാലില്‍ പഠിക്കുന്ന ജോര്‍ഹട്ടിലെ താമസക്കാരനായ ബിഷ്നോയ്, ഗിറ്റ്ഹബ്ബ് പ്ലാറ്റ്ഫോമിലെ 'ബുള്ളി ബായ്' ആപ്പിന്റെ സ്രഷ്ടാവും 'ബുള്ളി ബായ്' യുടെ പ്രധാന ട്വിറ്റര്‍ അക്കൗണ്ട് ഉടമയുമാണ്. മധ്യപ്രദേശ് തലസ്ഥാനമായ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രണ്ടാം വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിയാണ് ബിഷ്ണോയ്.

മുംബൈ പോലീസ് നേരത്തെ അറസ്റ്റു ചെയ്തു. ഉത്തരാഖണ്ഡില്‍ നിന്ന് അറസ്റ്റിലായ ശ്വേത സിംഗ് എന്ന 19 കാരിയാണ് കേസിലെ മറ്റൊരു മുഖ്യ സൂത്രധാരന്‍. 12-ാം ക്ലാസിന് ശേഷം ഇവര്‍ ഒരു എഞ്ചിനീയറിംഗ് കോഴ്‌സ് പഠിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈയിടെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് പിതാവിനെ നഷ്ടപ്പെട്ടിരുന്നു. 

ബെംഗളൂരുവില്‍ നിന്ന് അറസ്റ്റിലായ 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി വിശാല്‍ കുമാര്‍  നേരത്തെ അറസ്റ്റിലായിരുന്നു. തന്റെ കക്ഷിയെ കേസില്‍ തെറ്റായി ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് വിശാല്‍ കുമാറിന്റെ അഭിഭാഷകന്‍ പറയുന്നത്. 

കേസില്‍ ഉള്‍പ്പെട്ടെന്നു കരുതുന്ന 21 കാരനായ മായങ്ക് റാവല്‍  ഉത്തരാഖണ്ഡില്‍ നിന്നാണ് അറസ്റ്റിലായത്. സക്കിര്‍ ഹുസൈന്‍ കോളേജില്‍ നിന്ന് കെമിസ്ട്രി പഠിക്കുന്ന ഇയാള്‍ ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ്. ആര്‍മി സുബേദാര്‍ പ്രദീപ് റാവത്തിന്റെ മകനാണ്. ഡിസംബര്‍ 31 ന് ട്വിറ്ററില്‍ ഒരു ലിങ്ക് ലഭിച്ചതായും അതില്‍ ചേരാന്‍ നിര്‍ദ്ദേശം ലഭിക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

'ബുള്ളി ബായി'യുടെ നേപ്പാള്‍ ബന്ധം എന്താണ്?

പ്രതികള്‍ നല്‍കിയ പ്രാഥമിക വിവരങ്ങളില്‍ നിന്ന് ഗിയു എന്ന നേപ്പാള്‍ സ്വദേശിയാണ് ആപ്പില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. നേപ്പാള്‍ ആസ്ഥാനമായുള്ള ട്വിറ്റര്‍ ഉപയോക്താവായ 'ഗിയു'വിന്റെ നിര്‍ദ്ദേശപ്രകാരമാണ് ശ്വേത സിംഗ് പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറയുന്നത്. അതേസമയം 'നിങ്ങള്‍ തെറ്റായ ആളെ അറസ്റ്റ് ചെയ്തു, മുംബൈ പൊലീസ്. ഞാന്‍ ബുള്ളി ബായ് ആപ്പിന്റെ സ്രഷ്ടാവാണ്. നിങ്ങള്‍ അറസ്റ്റ് ചെയ്ത രണ്ട് നിരപരാധികളുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല, അവരെ എത്രയും വേഗം വിട്ടയക്കുക, എന്ന സന്ദേശവും @giyu44 എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്ന് വന്നിട്ടുണ്ട്. 

ബുള്ളി ബായിയുടെ സിഖ് ബന്ധം 

@bullibai_, @sage0x11, @jatkhalsa7, @wannabesigmaf, @jatkhalsa, @Sikh_khalsa11 തുടങ്ങിയ ഹാന്‍ഡിലുകള്‍ ഉപയോഗിച്ച് പ്രതികള്‍ ബുള്ളി ബായ് ആപ്പില്‍ നിന്നുള്ള ഫോട്ടോകള്‍ ട്വിറ്ററില്‍ പങ്കിട്ടു. തങ്ങളുടെ വ്യക്തിത്വത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സിഖ് പേരുകള്‍ ഉപയോഗിച്ചതായാണ് പൊലീസ് പറയുന്നത്. ഹാന്‍ഡിലിന്റെ നില അനുസരിച്ച്, ഖല്‍സ സിഖ് ഫോഴ്സിന്റെ കമ്മ്യൂണിറ്റി-ഡ്രൈവണ്‍ ഓപ്പണ്‍ സോഴ്സ് ആപ്പാണ് ബുള്ളി ബായ് എന്ന് പറയുന്നു. എന്തുകൊണ്ടാണ് ഇത് (അപരനാമം) ഉള്ളത്, ഇവയെല്ലാം അന്വേഷിക്കുന്നുണ്ടെന്നും മുംബൈ പോലീസ് കമ്മീഷണര്‍ ഹേമന്ത് നഗ്രാലെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് പറയുന്നു. 

Also Read; കെ റെയില്‍: മുഖ്യമന്ത്രി സംസാരിക്കുന്നത് ആര്‍ക്കുവേണ്ടി? 

ആപ്പ് ഉപയോഗിച്ച് മുസ്ലീം സ്ത്രീകളെ വര്‍ഗീയവും ലൈംഗികവുമായി അധിക്ഷേപിക്കുന്ന സംഭവം രാജ്യത്ത് ആദ്യമല്ല. മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച്, വില്‍പനയ്ക്കെന്ന് പരസ്യം ചെയ്ത 'സുള്ളി ഡീല്‍സ്' എന്ന ആപ്പും വെബ്സൈറ്റും വന്ന് ആറുമാസങ്ങള്‍ക്കുശേഷമാണ് 'ബുള്ളി ബായ്' പ്രത്യക്ഷപ്പെട്ടത്. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ ഡെവലപ്പിങ് കമ്പനിയായ ഗിറ്റ്ഹബ്ബാണ് രണ്ട് ആപ്പുകളും വേദിയായത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ആപ്പുകള്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയത്. ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്താണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ അറസ്റ്റിലായ വിശാലിന് സുള്ളി ഡീല്‍സ് സംഭവത്തില്‍ പങ്കുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

Also Read; മറ്റൊരു സുവര്‍ണാവസരം കൂടി മുതലെടുക്കുന്ന വത്സന്‍ തില്ലങ്കേരി