Assembly Poll 2022: ബിജെപിക്കായി മോദി, അമിത്ഷാ ഒപ്പം സര്‍ക്കാരും; കോണ്‍ഗ്രസില്‍ രാഹുലിനൊപ്പം ആരുണ്ട്?

 
modi shah rahul

അട്ടിമറി സാധ്യതകളെ മറികടന്ന് അധികാരം വീണ്ടെടുക്കുകയാണ് ബിജെപി ലക്ഷ്യം

അടുത്തവര്‍ഷം ഏഴ് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ പാദത്തില്‍, യുപി, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലും ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും പിന്നീടും തെരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കാണ് ബിജെപിയുടെ യാത്ര. ഭരണവിരുദ്ധ വികാരത്തെയും സംസ്ഥാന നേതൃത്വത്തിനെതിരായ എതിര്‍പ്പുകളെയും മറികടക്കാനുള്ള തന്ത്രങ്ങള്‍ നടപ്പാക്കിക്കൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കുമുമ്പേ, മുഖ്യമന്ത്രിമാരെ മാറ്റിക്കൊണ്ട് പുതിയ നേതൃത്വത്തെ വോട്ടര്‍മാര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ഭരണവിരുദ്ധ വികാരത്തെ പടിക്കുപുറത്തു നിര്‍ത്തി, അട്ടിമറികളെ മറികടന്ന് അധികാരം വീണ്ടെടുക്കാനാണ് ഇത്തരം ശ്രമങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സര്‍ക്കാരുമെല്ലാം ബിജെപിക്കായി അണി നിരക്കും. എന്നാല്‍, മറുപക്ഷത്ത് പോരാളികള്‍ കുറവാണ്. കോണ്‍ഗ്രസിന്റെ ജനാധിപത്യ പോരാട്ടത്തില്‍, രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കയുടെ പേര് പറയാമെന്നു മാത്രം.

മോദി, അമിത്ഷാ, ബിജെപി
ഗുജറാത്തില്‍ പയറ്റി വിജയിച്ച അടവുകളുമായി ദേശീയ രാഷ്ട്രീയത്തെ നിയന്ത്രണത്തിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തന്നെയാകും തന്ത്രങ്ങള്‍ മെനയുക. അത് കൃത്യമായി നടപ്പാക്കുകയെന്ന ചുമതലയായിരിക്കും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്കും സംഘത്തിനും ഉണ്ടാവുക. ഭരണ നേട്ടം, ലോകരാജ്യങ്ങള്‍പോലും അംഗീകരിക്കുന്ന പ്രധാനമന്ത്രി മോദിയുടെ വ്യക്തിപ്രഭാവം എന്നിങ്ങനെ അവകാശവാദങ്ങളും രാജ്യസുരക്ഷ, ദേശസ്‌നേഹം, വികസനം, ഇതുവരെ രാജ്യവും സംസ്ഥാനവും ഭരിച്ച് നാശമാക്കിയ പ്രതിപക്ഷ പാര്‍ട്ടികളെക്കുറിച്ചുള്ള അധിക്ഷേപങ്ങളും കൂട്ടത്തില്‍ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള വാചകകസര്‍ത്തുകളും വര്‍ഗീയ കുത്തിത്തിരിപ്പുമൊക്കെ അവര്‍ക്ക് പ്രചാരണത്തിനുള്ള വിഷയങ്ങളാകും. അതിലെ ജനാധിപത്യ വിരുദ്ധതയോ, നൈതികത ഇല്ലായ്മയോ ഒന്നും അവരില്‍ കുറ്റബോധം സൃഷ്ടിക്കുന്ന തരത്തില്‍ അലോസരപ്പെടുത്തുകയില്ല. തങ്ങളുടെ അവകാശവാദങ്ങളും നയങ്ങളുമൊക്കെ ആളുകളിലേക്ക് എത്തിക്കാന്‍ പാകത്തിന് ഭരണസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന ഉറപ്പും അവര്‍ക്കുണ്ട്. 

കോണ്‍ഗ്രസിന്റെ സ്വന്തം രാഹുലും പ്രിയങ്കയും
അത്രത്തോളം ശുഭകരമല്ല കോണ്‍ഗ്രസിനുള്ളിലെ കാര്യങ്ങള്‍. രാജ്യത്തെ പ്രധാന പ്രതിപക്ഷമെന്ന പേരുണ്ടെങ്കിലും, ശക്തമായ നേതൃത്വത്തിന്റെ അഭാവം ദേശീയതലത്തിലും സംസ്ഥാന തലത്തിലും വലിയ തിരിച്ചടികള്‍ക്കു തന്നെ കാരണമാകുന്നുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്നു നയിക്കാന്‍ ആരുണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘത്തിനുമെതിരായ പോരാട്ടത്തിന്റെ മുഖമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത് രാഹുല്‍ ഗാന്ധിയെയാണ്. വര്‍ഗീയ രാഷ്ട്രീയത്തിനും ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ഐക്യവും പൊതുമുന്നേറ്റവുമൊക്കെയാണ് രാഹുലിന്റെ ആശയങ്ങള്‍. എന്നാല്‍, പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമൊക്കെ കളത്തിലിറങ്ങുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ രാഹുല്‍ പലപ്പോഴും നിസഹായകനാകുന്നതാണ് പതിവ്. ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കുന്നതിനപ്പുറം രാഷ്ട്രീയമായോ, സംഘടനാപരമായോ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രാഹുലിന് കഴിയുന്നില്ലെന്നതാണ് പ്രധാനം ആക്ഷേപം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ 40.5 ശതമാനം ആളുകളും രാഹുലിന്റെ പ്രവര്‍ത്തന ശൈലിയില്‍ ഒട്ടും തൃപ്തരല്ലെന്ന എബിപി-സി വോട്ടര്‍-ഐഎഎന്‍സ് സര്‍വേ ഫലവും ഇതിനൊപ്പം ചേര്‍ത്തുവായിക്കാം. 18.5 ശതമാനം മാത്രമാണ് രാഹുല്‍ ശൈലിയില്‍ സംതൃപ്തി രേഖപ്പെടുത്തിയത്. ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലുമാണ് രാഹുല്‍ ശൈലിയില്‍ സംതൃപ്തരല്ലാത്തവരുടെ എണ്ണം കൂടുതലെന്നും സര്‍വേ പറയുന്നു. പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങളാകട്ടെ ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുകയാണ്. 

ദുര്‍ബലമാകുന്ന കോണ്‍ഗ്രസ്
ബിജെപി-കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടമെന്ന പരാമ്പരാഗത തെരഞ്ഞെടുപ്പ് കാഴ്ചകള്‍ ദേശീയതലത്തില്‍ തന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ സാഹചര്യങ്ങളെ തങ്ങള്‍ക്കനുകൂലമാക്കി, തങ്ങളുടെ നയം നടപ്പാക്കി വളര്‍ന്നുവന്ന ബിജെപി ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ശക്തമായ പ്രതിപക്ഷമെന്ന് അവകാശപ്പെടാനുള്ള സാധ്യത പോലുമില്ലാത്തവിധമായിരുന്നു കോണ്‍ഗ്രസിന്റെ വീഴ്ച. സംസ്ഥാനങ്ങളിലും അതിന്റെ പ്രതിഫലനം ദൃശ്യമായി. പലയിടത്തും ഭരണം നഷ്ടമായി. തങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്ന സംസ്ഥാനങ്ങളില്‍ പോലും ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. പണവും അധികാരവുമൊക്കെ ഉപയോഗിച്ച് ജനാധിപത്യ സംവിധാനങ്ങളെപ്പോലും അവര്‍ കീഴടക്കുകയാണ്. കോണ്‍ഗ്രസില്‍ ശബ്ദം നഷ്ടമായതോടെ യുവതലമുറയില്‍നിന്നും, അധികാരമോഹം തലയ്ക്കുപിടിച്ച മുതിര്‍ന്ന നേതാക്കളില്‍ നിന്നുമുള്ള പലരും എതിര്‍പാളയത്തിലെത്തി. കാലങ്ങളായി കലഹിച്ചിട്ടും നയങ്ങളും നിലപാടുകളും മാറുന്നില്ലെന്ന് കണ്ടതോടെ ചിലരെല്ലാം സ്വയം മാറിനില്‍ക്കുന്ന സാഹചര്യവുമുണ്ടായി. ചവിട്ടിനിന്ന മണ്ണ് ഒലിച്ചിറങ്ങുമ്പോഴും, കനയ്യ കുമാര്‍, ജിഗ്നേഷ് മേവാനി, ഹര്‍ദിക് പട്ടേല്‍ എന്നിങ്ങനെ യുവപ്രതിഭകളുടെ വരവില്‍ പുതിയ സ്വപ്‌നങ്ങള്‍ കാണുകയാണ് കോണ്‍ഗ്രസ്. അപ്പോഴും പാര്‍ട്ടിയെന്നാല്‍ ഗാന്ധി കുടുംബത്തിന്റെ ആഭ്യന്തര കാര്യമെന്ന നിലയിലാണ് സ്ഥിതിഗതികള്‍. സ്വന്തം മുഖ്യമന്ത്രിമാരെയോ, സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷന്മാരെയോ, സംസ്ഥാന രാഷ്ട്രീയത്തെയോ വിലയിരുത്താനുള്ള ശേഷിപോലും ഇല്ലാത്തവിധം അശക്തമാണ് പാര്‍ട്ടി ഹൈക്കമാന്‍ഡ്. 

ആദ്യ പാദത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍
അടുത്ത വര്‍ഷമാദ്യം അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി തന്നെ ഭരണത്തില്‍ തുടര്‍ന്നേക്കുമെന്നാണ് പുറത്തുവന്ന സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിനാകട്ടെ, പഞ്ചാബിലെ ഭരണം നഷ്ടമായേക്കുമെന്നും സര്‍വേ പറയുന്നു. കോണ്‍ഗ്രസിന്റെ നഷ്ടം ആം ആദ്മി പാര്‍ട്ടിയുടെ നേട്ടമാകുമെന്നതാണ് മറ്റൊരു വശം. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ ബിഎസ്പിയുമൊക്കെ തങ്ങളുടെ ഇടങ്ങളില്‍ നേട്ടമുണ്ടാക്കിയേക്കും. അപ്പോഴും എടുത്തപറയത്തക്ക നഷ്ടം ഉണ്ടാകുക കോണ്‍ഗ്രസിന് തന്നെയായേക്കും. ലഖിംപുര്‍ ഖേരി ഉള്‍പ്പെടെ കര്‍ഷക സമരങ്ങളിലുള്ള ഇടപെടലും ദളിത്, ഒബിസി സമൂഹത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളും കൊണ്ടുമാത്രം ബിജെപിക്കെതിരെ പടപൊരുതാന്‍ കോണ്‍ഗ്രസിനാകുമോ എന്നതാണ് ചോദ്യം. 

പഞ്ചാബ്
കോണ്‍ഗ്രസ് ഭരിക്കുന്നതും ഏറെ പ്രതീക്ഷയുള്ളതുമായ സംസ്ഥാനമാണ് പഞ്ചാബ്. പക്ഷേ, സമീപകാല സംഭവങ്ങള്‍ കോണ്‍ഗ്രസിന് ഒട്ടും ശുഭകരമല്ല. ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിംഗ് സിദ്ദുവും പഞ്ചാബില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും തമ്മിലുള്ള പടലപ്പിണക്കമാണ് സംസ്ഥാനത്ത് പാര്‍ട്ടിയെ വട്ടംകറക്കിയത്. അമരീന്ദറിന് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നു. പകരം ദളിത് വിഭാഗത്തില്‍ നിന്നുള്ള ചരണ്‍ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയായി. 30 ശതമാനത്തിലധികം വരുന്ന ദളിത് വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിലയിരുത്തല്‍ കൂടിയുണ്ട്, ചന്നിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നതിനു പിന്നില്‍. അതിനിടെ, ഇതിനെല്ലാം കാരണക്കാരനായ സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവെക്കുകയും ചെയ്തതോടെ കോണ്‍ഗ്രസിന്റെ സന്തോഷം നിമിഷനേരം കൊണ്ട് അസ്തമിച്ചു. 

പാര്‍ട്ടിയോട് ഇടഞ്ഞ അമരീന്ദറാകട്ടെ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. വരുന്ന തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ സിദ്ദുവിനെതിരെ പോരാടുമെന്നും വ്യക്തമാക്കി. ബിജെപിയിലേക്ക് ഇല്ലെന്ന് പറഞ്ഞ അമരീന്ദര്‍, പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മറ്റു മുന്നണികളുടെ പിന്തുണ നേടിയേക്കാം. വിവാദ കാര്‍ഷിക നിയമങ്ങളില്‍ കലഹിച്ച് ശിരോമണി അകാലിദള്‍ ബിജെപിയോടുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിനെല്ലാമിടയില്‍ വളര്‍ച്ച നേടിയത് ആം ആദ്മി പാര്‍ട്ടിയാണ്. മുഖ്യപ്രതിപക്ഷമായി മാറാന്‍ കഴിഞ്ഞ ആം ആദ്മി പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുത്താല്‍ അതിശയപ്പെടേണ്ടതില്ല. എബിപി-സി വോട്ടര്‍ സര്‍വേ ഇക്കാര്യം പ്രവചിക്കുന്നുണ്ട്. കോണ്‍ഗ്രസിന് ഭരണം നഷ്ടമാകും. ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നതോടെ തൂക്കുസഭയ്ക്കാണ് സാധ്യത. 117 അംഗ സഭയില്‍ ആം ആദ്മി 49-55 സീറ്റുകള്‍ വരെ നേടിയേക്കും. കോണ്‍ഗ്രസ് 30-47, അകാലി ദള്‍ 17-25, ബിജെപി 1, മറ്റുള്ളവര്‍ 1 എന്നിങ്ങനെ സീറ്റുകള്‍ നേടിയേക്കുമെന്നാണ് പ്രവചനം.

ഉത്തര്‍പ്രദേശ്
2017ല്‍ 403ല്‍ 312 സീറ്റും നേടിയാണ് യുപിയില്‍ ബിജെപി ഭരണം പിടിച്ചത്. ബിജെപി നിരയില്‍ ശക്തനായ നേതാവായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാറുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. ഏത് പ്രതിഷേധത്തെയും അടിച്ചമര്‍ത്തിയും ഭരണനേട്ടമെന്ന അവകാശവാദങ്ങള്‍ ഉറക്കെ പ്രഖ്യാപിച്ചും യോഗി സര്‍ക്കാര്‍ നിലയുറപ്പിച്ചു. അക്രമവും മനുഷ്യാവകാശ പ്രശ്‌നങ്ങളും കര്‍ഷകരുടെ നിലവിളിയുമൊക്കെ അതിനപ്പുറം ഉയര്‍ന്നുവരാതിരിക്കാനുള്ള 'ഭരണപാടവ'വും യോഗിക്കുണ്ടായിരുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍, പ്രതിരോധവും നിയന്ത്രണവും ഉള്‍പ്പെടെ പാളിയപ്പോഴാണ് ബിജെപി പ്രവര്‍ത്തകരില്‍ നിന്നുള്ള മുറുമുറുപ്പുകള്‍ ഉയര്‍ന്നത്. സുപ്രീംകോടതി ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തകള്‍ നല്‍കുകയും ചെയ്‌തെങ്കിലും യോഗി സര്‍ക്കാരിന് കുലുക്കമൊന്നും സംഭവിച്ചില്ല. ദേശീയ നേതാക്കള്‍ ആരും തന്നെ പ്രതികരിക്കുക പോലുമുണ്ടായില്ല. അതിനാല്‍, തെരഞ്ഞെടുപ്പിനു മുമ്പുള്ള നേതൃമാറ്റവും യുപിയില്‍ സംഭവിച്ചില്ല. പകരം, ഏഴ് പുതിയ മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി, 'എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട്' മന്ത്രിസഭ വികസിപ്പിച്ചു. ഏറ്റവുമൊടുവില്‍, ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാഹനം ഉള്‍പ്പെടെ മൂന്ന് എസ്‌യുവികള്‍ ബിജെപി പ്രവര്‍ത്തകര്‍ ഇടിച്ചുകയറ്റി നാല് കര്‍ഷകരുടെ ജീവനെടുത്തപ്പോളും മന്ത്രിപുത്രന്‍ അറസ്റ്റിലായപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നേതാക്കള്‍ മൗനം തുടരുകയാണ്.

തെരഞ്ഞെടുപ്പില്‍, ഭരണവിരുദ്ധ വികാരം ഉയരാനുള്ള സാധ്യതകള്‍ കണക്കിലെടുത്തുള്ള മുന്നൊരുക്കങ്ങള്‍ പാര്‍ട്ടി തുടങ്ങിയിട്ടുണ്ട്. പ്രകടനം മോശമായതും പ്രവര്‍ത്തകര്‍ക്ക് മതിപ്പില്ലാത്തതുമായ നൂറോളം എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റ് നല്‍കിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഖിംപുര്‍ ഖേരി അക്രമവും കര്‍ഷകരോഷവും എങ്ങനെ ബാധിക്കുമെന്നു മാത്രമേ അറിയാനുള്ളൂ. അത് മുതലെടുക്കാന്‍ രാഹുലിനും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ എത്രത്തോളം സാധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസിന്റെ നേട്ടം. പ്രിയങ്കയുടെ അറസ്റ്റും, കര്‍ഷക പ്രശ്‌നത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ചന്നിയെയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെയുമൊക്കെ ഉള്‍പ്പെടുത്തിയും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. എന്നാല്‍ താഴേത്തട്ടില്‍, അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പിയേക്കാള്‍ പിന്നിലാണ് കോണ്‍ഗ്രസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എബിപി-സി വോട്ടര്‍ സര്‍വേയും അതിനെ ശരിവെക്കുന്നു. ലഖിംപുര്‍ ഖേരി അക്രമത്തിനുമുമ്പുള്ള സര്‍വേ പ്രകാരം, ബിജെപിക്ക് 241-249 സീറ്റുകള്‍ ലഭിക്കും. എസ്പി 130-138, ബിഎസ്പി 15-19, കോണ്‍ഗ്രസ് 3-7 എന്നിങ്ങനെയാണ് സീറ്റ് നില പ്രവചിക്കുന്നത്.

ഉത്തരാഖണ്ഡ്
2017ല്‍ 70 അംഗ നിയമസഭയില്‍ 57 സീറ്റുകള്‍ നേടിയാണ് ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തിയത്. അമിത് ഷായുടെ വിശ്വസ്താന്‍ ത്രിവേന്ദ്ര സിംഗ് റാവത്തായിരുന്നു മുഖ്യമന്ത്രി. മോശം പ്രകടനമെന്ന പേരില്‍ നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ റാവത്തിനെ മാറ്റി. പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ ഉയര്‍ന്നുകേട്ട എതിര്‍പ്പുകള്‍ ഇല്ലാതാക്കുന്നതിനും അടുത്ത തെരഞ്ഞെടുപ്പില്‍ പുതിയ നേതൃത്വത്തിനു കീഴില്‍ മത്സരിക്കുന്നതിനുമുള്ള നടപടിയായിരുന്നു അത്. പിന്നാലെ ലോക്‌സഭാ എംപി തിരാത് സിംഗ് റാവത്തിനെ മുഖ്യമന്ത്രിയാക്കി. എന്നാല്‍, മൂന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ മാറ്റി പുഷ്‌കര്‍സിംഗ് ധാമിയെ മുഖ്യമന്ത്രിയാക്കി. പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകളും പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 70 അംഗ സഭയില്‍ ബിജെപി 42-46 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനങ്ങള്‍. കോണ്‍ഗ്രസ് 21-25, ആം ആദ്മി 4, മറ്റുവര്‍ 2 സീറ്റുകളും നേടിയേക്കുമെന്നും സര്‍വേ പറയുന്നു.

ഗോവ
2017ല്‍, 40 സീറ്റുകളുള്ള ഗോവയില്‍ ബിജെപിയുടെ 13 സീറ്റിനെതിരെ 17 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭൂരിപക്ഷമില്ലായിരുന്നു. ബിജെപിയാകട്ടെ മൂന്ന്  എംഎല്‍എമാര്‍ വീതമുള്ള പ്രാദേശ കക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു. പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റു. പരീക്കറിന്റെ മരണശേഷം പ്രമോദ് സാവന്ത് മുഖ്യന്ത്രിയായി. എന്നാല്‍, ഇക്കുറി ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് പുറത്തുവന്ന സര്‍വേ പറയുന്നത്. 24-28 സീറ്റുകളുമായി അധികാരം നിലനിര്‍ത്തും. കോണ്‍ഗ്രസ് 1-5 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് പോകുമ്പോള്‍, ആം ആദ്മി 3-7 സീറ്റുമായി രണ്ടാമതെത്തും. മറ്റുള്ളവര്‍ 4-8 സീറ്റുകള്‍ നേടുമെന്നും സര്‍വേ പരയുന്നു. 

മണിപ്പൂര്‍
ഗോവയിലേതിനു തുല്യമായിരുന്നു മണിപ്പൂരിലും കോണ്‍ഗ്രസിന്റെ സ്ഥിതി. 60 അംഗ സഭയില്‍ 28 സീറ്റുമായി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാല്‍ 21 സീറ്റുകള്‍ ജയിച്ച ബിജെപി അധികാരത്തില്‍ വന്നു. നാഗ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ലോക് ജനശക്തി എന്നിവരുടെ പിന്തുണയാണ് ഉറപ്പാക്കിയാണ് ബിജെപി ഭരണം പിടിച്ചത്. ബിജെപി അധികാരത്തില്‍ തുടരാനുള്ള സാധ്യതയാണ് സര്‍വേ പറയുന്നത്. ബിജെപി 21 മുതല്‍ 25 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 18-22 സീറ്റുകള്‍ ലഭിക്കും. പ്രാദേശിക പാര്‍ട്ടിയായ നാഗ പീപ്പിള്‍സ് ഫ്രണ്ടിന് (എന്‍പിഎഫ്) 4-8 സീറ്റുകള്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് 1-5 സീറ്റുകളാണ് പ്രവചിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബിജെപി ചെറു കക്ഷികളെയും കൂടെ നിര്‍ത്തി ഭരണം നിലനിര്‍ത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.