1975 ജനുവരി 2: മിശ്ര വധം; ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢത

 
Mishra
കേസ് വീണ്ടും സിബിഐ അന്വേഷിക്കണമെന്ന് കുടുംബം
 

 47 വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇതേ ദിവസമായിരുന്നു റെയില്‍വേ മന്ത്രിയായിരുന്ന ലളിത് നാരായണ്‍ മിശ്ര കൊലപ്പെടുന്നത്. ബീഹാറിലെ സമസ്തിപൂര്‍-മുസാഫര്‍പൂര്‍ ബ്രോഡ്ഗേജ് റെയില്‍വേ ലൈന്‍ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ മിശ്രയെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനമുണ്ടായി. വേദിയില്‍ നടന്ന സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ മിശ്രയെ ദാനാപൂരിലെ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു. കേസും വിചാരണയ്ക്കുമൊടുവില്‍, 40 വര്‍ഷങ്ങള്‍ക്കുശേഷം 2014 ഡിസംബറില്‍ ആനന്ദ് മാര്‍ഗ് വിഭാഗത്തില്‍പ്പെട്ട നാലുപേരെ ശിക്ഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ കാരണവും പിടിക്കപ്പെട്ടവര്‍ യഥാര്‍ത്ഥ പ്രതികളാണോയെന്നും വ്യക്തതയോടെ വിശദീകരിക്കാന്‍ ഇന്ത്യന്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല. അതോടെ, 2015ല്‍ നാലു പ്രതികള്‍ക്കും ജാമ്യം അനുവദിക്കപ്പെട്ടു. മിശ്രയുടെ മരണത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. അതിനാല്‍, കേസ് വീണ്ടും സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല.

സിബിഐ അന്വേഷണം
സിബിഐ അന്വേഷണത്തിനൊടുവില്‍, സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെന്ന് ആരോപിക്കപ്പെട്ട ആനന്ദ് മാര്‍ഗ് വിഭാഗത്തില്‍പ്പെട്ട രഞ്ജന്‍ ദ്വിവേദി, സന്തോഷാനന്ദ, സുദേവാനന്ദ്, ഗോപാല്‍ജി എന്നിവര്‍ക്കാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. നാലു പേര്‍ക്കും ഡല്‍ഹി ജില്ലാ കോടതി ജീവപര്യന്തം തടവ് വിധിച്ചു. കൊലപാതകം, ആയുധമോ സ്‌ഫോടകവസ്തുക്കളോ ഉപയോഗിച്ചുള്ള ആക്രമണം, മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. സന്തോഷാനന്ദും സുദേവാനന്ദും 25,000 രൂപ വീതവും ദ്വിവേദിയും ഗോപാല്‍ജിയും 20,000 രൂപ വീതവും പിഴയൊടുക്കണമെന്നും വിധിച്ചു. മിശ്രയുടെ കുടുംബത്തിനും മരിച്ച മറ്റു രണ്ടുപേരുടെ കുടുംബാംഗങ്ങള്‍ക്കും അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ബീഹാര്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. കൂടാതെ, സാരമായി പരിക്കേറ്റ ഏഴുപേരുടെ കുടുംബങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വീതവും പരിക്കേറ്റ 20 പേര്‍ക്ക് അര ലക്ഷം വീതവും നല്‍കണമെന്നും കോടതി വിധിച്ചു. 

Also Read: 1989 ജനുവരി 2: സഫ്ദര്‍ ഹാഷ്മി കൊല്ലപ്പെട്ടു

മിശ്രയെ വധിക്കാനുള്ള ഗൂഢാലോചന 1973ല്‍ തന്നെ നടന്നതാണെന്നായിരുന്നു വിചാരണയ്ക്കുശേഷം കോടതിയുടെ വിലയിരുത്തല്‍. ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ ഏറ്റവും സ്വാധീനമുള്ള മന്ത്രിയായിരുന്നു മിശ്ര. ജയിലില്‍ കിടന്നിരുന്ന ആനന്ദ് മാര്‍ഗ് സംഘത്തലവനെ മോചിപ്പിക്കാന്‍ ഇന്ദിരാഗാന്ധി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകമെന്നും കോടതി വിലയിരുത്തി. എന്നാല്‍, 2015ല്‍ ഡല്‍ഹി ഹൈക്കോടതി വിചാരണ കോടതി വിധി റദ്ദാക്കുകയും നാല് പ്രതികളെയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. കൃത്യമായ വസ്തുതകളുടെയും തെളിവുകളുടെയും അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.

വിവിധ കമ്മീഷനുകള്‍, വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ 
മിശ്രയുടെ കൊലപാതകത്തിനു പിന്നിലെ സത്യാവസ്ഥ കണ്ടെത്താന്‍ 1975ല്‍ തന്നെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.കെ മാത്യുവിന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു. എന്നാല്‍, കൊലപാതകം സംബന്ധിച്ച് 'യാഥാര്‍ത്ഥ്യമോ വിശ്വാസയോഗ്യമായതോ, സത്യസന്ധവുമായതോ ആയ വിവരങ്ങളുടെ അഭാവമുണ്ടെന്ന' സിബിഐ കണ്ടെത്തലുകള്‍ ആവര്‍ത്തിക്കുന്നതായിരുന്നു മാത്യു കമ്മീഷന്‍ റിപ്പോര്‍ട്ട്. 1977ല്‍ ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും മിശ്ര വധത്തിലെ നിഗൂഢതകള്‍ പുറത്തുകൊണ്ടുവരാന്‍ കമ്മീഷനെ നിയമിച്ചു. ജസ്റ്റിസ് വി.എം തര്‍കുണ്ഡെ ആയിരുന്നു കമ്മീഷന്‍. മിശ്രയുടെ കൊലപാതകത്തിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായിട്ടായിരുന്നു തര്‍കുണ്ഡെ കമ്മീഷന്‍ റിപ്പോര്‍ട്ട്. 

Also Read: യുക്രെയ്‌നില്‍ ഉലയുന്ന യുഎസ്-റഷ്യ ബന്ധം

ഇന്ത്യന്‍ കുറ്റാന്വേഷണ ഏജന്‍സികളുടെയും നീതിന്യായ വ്യവസ്ഥയുടെയും കാര്യക്ഷമതയില്ലായ്മയുടെയും അലസതയുടെയും ഏറ്റവും വലിയ ഉദാഹരണമായി മിശ്ര വധക്കേസ് തുടരുന്നു. 2014ല്‍ വിചാരണക്കോടതി ശിക്ഷ വിധിച്ച നാല് പ്രതികളും യഥാര്‍ത്ഥ പ്രതികളല്ലെന്ന് മിശ്രയുടെ ചെറുമകനും അഭിഭാഷകനുമായ വൈഭവ് മിശ്ര അഭിപ്രായപ്പെട്ടിരുന്നു. തന്റെ മുത്തച്ഛന്റെ കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചനക്കാര്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കേസ് വീണ്ടും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അപേക്ഷ നല്‍കുകയും ചെയ്തു. 2020ല്‍ ആഗസ്റ്റില്‍, അപേക്ഷ പരിഗണിക്കണമെന്നും ആറ് ആഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും ഡല്‍ഹി ഹൈക്കോടതി സിബിഐയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അനുകൂലമായ നടപടിയൊന്നും ഉണ്ടായില്ല. കേസ് പുനരന്വേഷിക്കാന്‍ സിബിഐയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2020 നവംബറിലും വൈഭവ് മിശ്ര ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും അപ്പീല്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ഇതോടെ, മിശ്രയുടെ മരണം ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയായി തുടരുകയാണ്.