രാജ്യദ്രോഹക്കുറ്റ നിയമത്തിന്റെ സാധുത? വിശാല ബെഞ്ചിനു വിടണോ, നിലപാട് തേടി സുപ്രീംകോടതി 

 
Supreme Court


ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് അനുസരിച്ചുള്ള രാജ്യദ്രോഹക്കുറ്റ നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ പ്രതികരണം അറിയിക്കാന്‍ കേന്ദ്രത്തിന് കൂടുതല്‍ സമയം അനുവദിച്ച്  സുപ്രീംകോടതി.  വിഷയം വിശാല ബെഞ്ചിന് വിടണമോയെന്ന് ആദ്യം തീരുമാനിക്കുമെന്ന് പറഞ്ഞ സുപ്രീം കോടതി. മെയ് 10 ന് വാദം കേള്‍ക്കുമെന്നും അറിയിച്ചു. 

ചീഫ് ജസ്റ്റിസ് എന്‍ വി രമണയും ജസ്റ്റിസുമാരായ സൂര്യ കാന്തും ഹിമ കോഹ്ലിയും അടങ്ങുന്ന പ്രത്യേക ബെഞ്ച് രാജ്യദ്രോഹ നിയമത്തിനെതിരായ ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ ആരംഭിച്ചതിന്  കുറച്ച് സമയത്തിന് ശേഷമാണ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. വിഷയത്തില്‍ മെയ് 7-നകം രേഖാമൂലമുള്ള വാദങ്ങള്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരോടും കേന്ദ്രത്തോടും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. സെക്ഷന്‍ 124 എക്കെതിരായ നിലപാട് വിശദീകരിച്ച് മെയ് 9 നകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും കേന്ദ്രത്തിന് അനുമതി നല്‍കി.

രാവിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. മറുപടി തയാറാണെന്നും ബന്ധപ്പെട്ട അധികാരിയുടെ അനുമതി തേടേണ്ടതുകൊണ്ടാണ് വൈകുന്നതെന്നും മേത്ത അറിയിച്ചു. പത്തു മാസം മുമ്പ് നോട്ടീസ് നല്‍കിയതാണെന്നു കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ വാദിക്കുന്നത് ഉചിതമാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ചില പുതിയ കാര്യങ്ങള്‍ അടുത്തിടെ നല്‍കിയിട്ടുണ്ട്, ആ അപേക്ഷകളിലെ ഉള്ളടക്കത്തിനും പ്രതികരണം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. 

തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കേസ് പരിഗണിക്കും, സോളിസിറ്റര്‍ ജനറല്‍ തിങ്കളാഴ്ചയ്ക്കകം എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യണം,  കൂടുതല്‍ മാറ്റിവെക്കലുകളൊന്നും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസില്‍ അന്തിമ വാദം മെയ് 5 ന് ആരംഭിക്കുമെന്നും മാറ്റിവയ്ക്കാനുള്ള അപേക്ഷ പരിഗണിക്കില്ലെന്നും ഏപ്രില്‍ 27 ന് ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് മറുപടി നല്‍കിയിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തിയ ശിക്ഷാനിയമം വന്‍തോതില്‍ ദുരുപയോഗം ചെയ്തതില്‍ ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി, സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ മഹാത്മാഗാന്ധിയെപ്പോലുള്ളവരെ നിശബ്ദരാക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച വ്യവസ്ഥ എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കേന്ദ്രത്തോട് ചോദിച്ചിരുന്നു.