ലോകത്തിലെ ഏറ്റവും വലിയ അസ്ഥിര ശക്തി, ആഗോള ഭീകരതയുടെ 'പ്രഭവകേന്ദ്രം'; പാകിസ്ഥാനെക്കുറിച്ച് ഇന്ത്യ 

 
India Pak Relations

ഭീകരര്‍ക്ക് ആതിഥ്യം നല്‍കുന്ന രാജ്യത്തില്‍നിന്ന് സൃഷ്ടിപരമായ സംഭാവനയൊന്നും പ്രതീക്ഷിക്കാനില്ല

ഐക്യരാഷ്ട്ര സഭയില്‍ കാശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ. ഭീകരര്‍ക്ക് ആതിഥ്യം നല്‍കുന്ന ഒരു രാജ്യത്തില്‍നിന്ന് സൃഷ്ടിപരമായ സംഭാവനയൊന്നും ലോകത്തിന് പ്രതീക്ഷിക്കാനില്ലെന്ന് ഇന്ത്യ പറഞ്ഞു. ആഗോള ഭീകരതയുടെ 'പ്രഭവകേന്ദ്ര'മാണ് പാകിസ്ഥാന്‍. ലോകത്തിലെ ഏറ്റവും വലിയ അസ്ഥിര ശക്തി. ആണവ വസ്തുക്കളുടെയും സാങ്കേതികവിദ്യയുടെയും അനധികൃത കയറ്റുമതിയുടെ ട്രാക്ക് റെക്കോഡുള്ള ഒരു രാജ്യത്തിന്റെ ഉപദേശം ഇന്ത്യക്ക് ആവശ്യമില്ലെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിന്റെ കൗണ്‍സിലര്‍ എ അമര്‍നാഥ് പറഞ്ഞു. നിരായുധീകരണവും അന്താരാഷ്ട്ര സുരക്ഷാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്ന യുഎന്‍ പൊതുസഭയുടെ ആദ്യ സമിതി യോഗത്തില്‍ പാക് പ്രതിനിധി മുനീര്‍ അക്രം നടത്തിയ പരാമര്‍ശങ്ങള്‍ക്കായിരുന്നു അമര്‍നാഥിന്റെ മറുപടി. 

ജമ്മു കാശ്മീര്‍ വിഷയമാണ് മുനീര്‍ അക്രം സമിതിയില്‍ ഉന്നയിച്ചത്. മറുപടി പറയാനുള്ള അവകാശം വിനിയോഗിച്ചായിരുന്നു ഇന്ത്യ അതിന് മറുപടി നല്‍കിയത്. ജമ്മു കാശ്മീരിന്റെ മുഴുവന്‍ കേന്ദ്രഭരണ പ്രദേശവും ഇന്നലെയും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യവും ഒഴിച്ചുകൂടാനാവാത്തതുമായ ഭാഗമാണെന്ന നിലപാട് അമര്‍നാഥ് ആവര്‍ത്തിച്ചു. പാകിസ്ഥാന്റെ അനധികൃത അധിനിവേശത്തിനു കീഴിലുള്ള പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നിയമവിരുദ്ധമായി അധീനതയില്‍വെച്ചിരിക്കുന്ന എല്ലാ പ്രദേശങ്ങളില്‍നിന്നും ഉടന്‍ ഒഴിയണമെന്നും പാകിസ്ഥാനോട് ആവശ്യപ്പെടുന്നു.

ബഹുരാഷ്ട്ര വേദികളുടെ പവിത്രതയെ അവഹേളിച്ചുകൊണ്ട് അസത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാകിസ്ഥാന്‍ നടത്തുന്ന ആശയറ്റ ശ്രമങ്ങളെ കൂട്ടായി അപലപിക്കേണ്ടതുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീര്‍, ലഡാക്ക് ഉള്‍പ്പെടെ ഇന്ത്യക്കെതിരെ നിരര്‍ത്ഥകവും അടിസ്ഥാനരഹിതവുമായി നിരവധി ആരോപണങ്ങള്‍ പാകിസ്ഥാന്‍ ഉന്നയിച്ചിട്ടുണ്ട്. അവയെല്ലാം ഇന്ത്യയുടെ ആഭ്യന്തര കാര്യമായതിനാല്‍ അതിനൊന്നും പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും അമര്‍നാഥ് പറഞ്ഞു. 

ഇന്ത്യയുടെ സുരക്ഷാ ആശങ്കകള്‍ ഒരു മേഖലയില്‍ മാത്രമായി ഒതുങ്ങുന്നില്ല. ആഗോള കാഴ്ചപ്പാടിലാണ് ഇന്ത്യ അത്തരം പ്രശ്‌നങ്ങളെ സമീപിക്കുന്നത്. നിരായുധീകരണ വിഷയങ്ങളില്‍ ഇന്ത്യ സ്വീകരിക്കുന്ന ക്രിയാത്മക സമീപനത്തിന് വിപരീതമായി, 'തച്ചുതകര്‍ക്കുന്ന' സമീപനമാണ് പാകിസ്ഥാന്‍ സ്വീകരിക്കുന്നത്. നിരായുധീകരണ സമ്മേളനത്തില്‍ പാകിസ്ഥാന്‍ സ്വീകരിച്ച തടസവാദ തന്ത്രങ്ങള്‍ക്കാണ് ലോകം കഴിഞ്ഞ 25 വര്‍ഷമായി വില നല്‍കിക്കൊണ്ടിരിക്കുന്നത്. ഫിസൈല്‍ മെറ്റീരിയല്‍ കട്ട്-ഓഫ് ട്രീറ്റിയും (എഫ്എംസിടി) സമവായ പ്രക്രിയകളുമൊക്കെ തടസപ്പെടുത്തിയ സംശയാസ്പദമായ സാഹചര്യങ്ങളും പാകിസ്ഥാനുണ്ട്. സമവായ പ്രക്രിയകളില്‍ പങ്കെടുത്തശേഷം യു-ടേണ്‍ തിരിഞ്ഞാണ് പാകിസ്ഥാന്‍ തങ്ങളുടെ തനി സ്വഭാവം വെളിപ്പെടുത്തിയത്. 

ആഗോള ഭീകരതയുടെ 'പ്രഭവകേന്ദ്രം' എന്ന നിലയില്‍ പാക്കിസ്ഥാന്‍ ലോകത്തിലെ ഏറ്റവും വലിയ അസ്ഥിര ശക്തിയാണ്. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തില്‍ അവര്‍ ആവര്‍ത്തിച്ച് ഉള്‍പ്പെട്ടിട്ടുണ്ട്. യുഎന്‍ തത്വങ്ങളൊന്നും അവര്‍ പരിഗണിക്കുന്നില്ല. പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി ഇവിടെ സമാധാനത്തെയും സുരക്ഷിതത്വത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പ്രധാനമന്ത്രി ഒസാമ ബിന്‍ ലാദനെ പോലുള്ള ആഗോള ഭീകരരെ 'രക്തസാക്ഷികള്‍' എന്ന് മഹത്വവത്കരിക്കുകയാണ്. ഈ രാജ്യത്തിന്റെ കുപ്രസിദ്ധമായ ഇരട്ടത്താപ്പിന് ഇതിനേക്കാള്‍ മികച്ച തെളിവ് വേറെന്തുവേണം? 

യുഎന്‍ പൊതുസഭയുടെ ആദ്യ സമിതി യോഗത്തില്‍ പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് അറിയാം. അതിനാല്‍, പാകിസ്ഥാന്റെ നീചവും ദുഷിച്ചതുമായ നിര്‍മിതികള്‍ തള്ളിക്കളയണം. ഇത്തരം ശ്രമങ്ങളെ കൂട്ടമായി അപലപിക്കണം. വിദ്വേഷത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് യുഎന്‍ വേദികള്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കാതിരിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകണമെന്നും അമര്‍നാഥ് കൂട്ടിച്ചേര്‍ത്തു.