'കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കൂടുതല്‍ ഗൗരവം കാണിക്കുന്നില്ല; പ്രധാനമന്ത്രി മോദി കൂടുതല്‍ ശക്തനാകുന്നു'

 
mamta

ദേശീയതലത്തില്‍ പ്രധാന പ്രതിപക്ഷമായ പാര്‍ട്ടി കൃത്യമായ തീരുമാനങ്ങള്‍ എടുക്കുന്നില്ല

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശൈലിയെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗൗരവം കാണിക്കാത്തതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ ശക്തനാകുകയാണെന്ന് മമത പറഞ്ഞു. ദേശീയ തലത്തില്‍ പ്രധാന പ്രതിപക്ഷമായ പാര്‍ട്ടി കൃത്യമായ തീരുമാനങ്ങള്‍ എടുക്കുന്നില്ല. അതുമൂലം രാജ്യമാകെ കഷ്ടപ്പെടുകയാണെന്നും മമത ആരോപിച്ചു. ഗോവയില്‍ പാര്‍ട്ടി പരിപാടിയിലായിരുന്നു മമതയുടെ വിമര്‍ശനങ്ങള്‍. പ്രധാനമന്ത്രി മോദിയുടെ ശക്തി ക്ഷയിക്കുമെന്ന് കരുതി കാത്തിരിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രധാന പ്രശ്‌നമെന്ന് രാഷ്ട്രീയ തതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് മമതയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശൈലിയെ കടന്നാക്രമിച്ചത്.   

കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഗൗരവമായി കാണാത്തതിനാല്‍, എല്ലാ കാര്യങ്ങളും തനിക്ക് ഇപ്പോള്‍ പറയാനാകില്ല. കോണ്‍ഗ്രസ് കാരണം മോദി കൂടുതല്‍ ശക്തനാകാന്‍ പോകുകയാണ്. ഒരാള്‍ക്ക് കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍, രാജ്യം മുഴുവന്‍ അതിന്റെ പേരില്‍ എന്തിന് ബുദ്ധിമുട്ട് അനുഭവിക്കണം? കോണ്‍ഗ്രസിന് മുന്‍കാലങ്ങളില്‍ അവസരം ലഭിച്ചു. എന്നാല്‍ ബിജെപിക്കെതിരെ പോരാടുന്നതിനു പകരം അവര്‍ തനിക്കെതിരെ മത്സരിച്ചു -മമതയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അടുത്തവര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മമതയുടെ ഗോവ സന്ദര്‍ശനം. പ്രാദേശിക പാര്‍ട്ടികള്‍ കൂടുതല്‍ ശക്തി പ്രാപിക്കണമെന്നാണ് ആഗ്രഹമെന്ന് മമത പറഞ്ഞു. ഇന്ത്യയുടെ ഫെഡറല്‍ ഘടന ശക്തമാകണം. സംസ്ഥാനങ്ങള്‍ കൂടുതല്‍ ശക്തമാകണം. അങ്ങനെയാണെങ്കില്‍ മാത്രമേ കേന്ദ്രവും കൂടുതല്‍ ശക്തമാകൂയെന്നും മമത കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കരുതുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്‌നമെന്നായിരുന്നു കഴിഞ്ഞദിവസം പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആദ്യ 40 വര്‍ഷങ്ങളിലെ കോണ്‍ഗ്രസിനെപ്പോലെ, ജയിച്ചാലും തോറ്റാലും വര്‍ഷങ്ങളോളം ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരിക്കും. മോദിക്കെതിരെയുള്ള ജനവികാരമെന്ന കെണിയില്‍ ഒരിക്കലും വീഴരുത്. ഒരുപക്ഷേ ജനങ്ങള്‍ മോദിയെ പരാജയപ്പെടുത്തിയേക്കാം, പക്ഷേ ബിജെപി എങ്ങും പോകുന്നില്ല. അവര്‍ ഇവിടെ തന്നെ ഉണ്ടാവും. ദശാബ്ദങ്ങളോളം അവര്‍ ഇവിടെ പോരാടും. 

ബിജെപിയുടെയും മോദിയുടെയും ശക്തി മനസിലാക്കുന്നില്ലെങ്കില്‍, അവരെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇത് തിരിച്ചറിയാത്തതാണ് പ്രശ്‌നം. ജനങ്ങള്‍ ബിജെപിയെ താഴെയിറക്കുമെന്നാണ് രാഹുല്‍ഗാന്ധി കരുതുന്നത്. മോദിയുടെ ശക്തി മനസിലാക്കുന്നതിനും അദ്ദേഹത്തെ ജനപ്രിയനാക്കുന്നത് എന്താണെന്ന് മനസിലാക്കുന്നതിനും നിങ്ങള്‍ വേണ്ടത്ര സമയം ചെലവഴിക്കുന്നില്ലെന്നുമായിരുന്നു പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശൈലിയെക്കുറിച്ച് പറഞ്ഞത്. ഗോവയില്‍ പൊതുപരിപാടിയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.