പാതിവെന്ത വിഷപ്പാമ്പിനെ കഴിച്ച യുവാക്കൾ ആശുപത്രിയിൽ; ഒരാളുടെ നില ഗുരുതരം

 
Liquor

ഛത്തീസ്ഗഢിൽ മദ്യത്തിനൊപ്പം തീയിൽ പാതിവെന്ത വിഷപ്പാമ്പിനെ കഴിച്ച രണ്ടു യുവാക്കൾ ആശുപത്രിയിൽ. ഇവരിൽ ഒരാളുടെ നില ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. വെള്ളിക്കെട്ടൻ വിഭാഗത്തിൽപ്പെട്ട പാമ്പിനെയാണ് യുവാക്കൾ കഴിച്ചത്.

കോർബ ജില്ലയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഗുഡ്ഡു ആനന്ദ്, രാജു ജാങ്ഡെ എന്നിവരാണ് വിഷപ്പാമ്പിന്റെ തലഭാഗവും വാലും കഴിച്ചത്. എന്നാൽ ഇരുവരുടെയും ആരോഗ്യസ്ഥിതി മോശമായി. ഇതോടെ ഇരുവരെയും ബന്ധുക്കൾ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാജു പാമ്പിന്റെ തലഭാഗവും ഗുഡ്ഡു വാൽഭാഗവുമാണ് ഭക്ഷിച്ചത്. ഇതിൽ രാജുവിന്റെ ആരോഗ്യ നിലയാണ് ഗുരുതരമായി തുടരുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.

ഇന്ദിര നഗർ പ്രദേശത്തെ ദേവാംഗൻ പരയിലെ ഒരു വീട്ടിലാണ് വിഷപ്പാമ്പിനെ കണ്ടത്. കുടുംബാംഗങ്ങളിലാരാൾ പാമ്പിനെ പിടികൂടി തീയിൽ എറിഞ്ഞു. പാതി കത്തിയ പാമ്പിനെ പിന്നീട് റോഡിൽ എറിഞ്ഞു. പിന്നാലെ അതുവഴി വന്ന ഗുഡ്ഡു ആനന്ദും രാജു ജാങ്ഡെയും പാമ്പിനെ ഭക്ഷിക്കുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നു.