December 09, 2024 |

ഇനി ‘രാജ’വഴ്ച്ചക്കാലം; 13 വയസില്‍ കോടിപതിയായി വൈഭവ് സൂര്യവംശി

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സുര്യവംശി

ഏഷ്യ കപ്പിന് മുന്നോടിയായുള്ള അണ്ടര്‍ 19 ടീമിന്റെ മീറ്റിംഗ് നടക്കുന്നതിനിടയിലാണ് കോച്ചിംഗ് സ്റ്റാഫിലെ ഒരാള്‍ ആ വാര്‍ത്ത അറിയിക്കുന്നത്; ഐപിഎല്‍ ലേലത്തില്‍ വൈഭവ് സൂര്യവംശിയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയിരിക്കുന്നു.

ആരാണ് വൈഭവ് സൂര്യവംശി! 13 വയസും 243 ദിവസവും പ്രായമുള്ള വൈഭവ് ആണ് ഐപിഎല്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി വീറുട്ട പോരാട്ടം നടത്തിയാണ് 1.10 കോടിക്ക് വൈഭവിനെ റോയല്‍സ് സ്വന്തമാക്കിയത്. തങ്ങളുടെ ഒരു ദീര്‍ഘകാല പദ്ധതിയായിട്ട് തന്നെയാണ് റോയല്‍സ് വൈഭവിനെ കണ്ടിരിക്കുന്നത്.

‘എനിക്ക് ഒന്നും പറയാനാകുന്നില്ല, എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ഇത് മഹത്തരമായൊരു നേട്ടമാണ്, അവനെ ആരെങ്കിലും എടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു, പക്ഷേ എന്റെ വന്യമായ സ്വപ്നങ്ങളില്‍ ഒരിക്കലും അവന് വേണ്ടി ലേലത്തില്‍ ഒരു പോരാട്ടം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല” എന്നാണ് വൈഭവിന്റെ പിതാവ് സഞ്ജീവ് കുമാര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചത്.

ഓസ്‌ട്രേലിയ അണ്ടര്‍ 19-ടീമിനെതിരേ ഇന്ത്യന്‍ അണ്ടര്‍ 19 നു വേണ്ടി നേടിയ സെഞ്ച്വറി(62 പന്തില്‍ 104)യാണ് വൈഭവിനെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാക്കിയത്. 13 വയസും 288 ദിവസവും മാത്രം പ്രായമുള്ളപ്പോള്‍ നേടിയ ആ സെഞ്ച്വറി വൈഭവിന് റെക്കോര്‍ഡ് ബുക്കിലാണ് ഇടം നല്‍കിയത്. 58 പന്തുകളിലാണ് ആ കളിയില്‍ വൈഭവ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. യൂത്ത് ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ യുവതാരം നേടുന്ന വേഗമേറിയ സെഞ്ച്വറിയും, അന്താരാഷ്ട്ര തലത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയുമായിരുന്നു ഈ ഇടങ്കയ്യന്‍ ബാറ്റര്‍ അടിച്ചെടുത്തത്.

Vaibhav Suryavanshi

പഴയകാര്യങ്ങളൊക്കെ ഇപ്പോള്‍ ഓര്‍ത്തു പോവുകയാണ്, എന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ വലിയ ദുരന്തത്തിലാണ് കലാശിച്ചത്. കുടുംബം നോക്കാനായി 19മത്തെ വയസില്‍ ബോംബേയിലേക്ക് പോരുന്നത് എന്റെ സ്വ്പനങ്ങളെയാണ് ഇല്ലാതാക്കി കൊണ്ടാണ്. പല ജോലികളും ചെയ്തു, ഒരു നൈറ്റ് ക്ലബ്ബില്‍ ബൗണ്‍സറായി, സുലഭ ശൗചാലയത്തില്‍ ജോലിക്കാരനായി, അങ്ങനെ പലതും’ മകന്റെ നേട്ടത്തില്‍ വികാരഭരിതനായി സഞ്ജീവ് പറയുന്നു.

കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ മംബൈയിലുണ്ട്. എന്റെ ജീവിതത്തില്‍ എന്ന് ഭാഗ്യം വരുമെന്ന് ഞാനോലിച്ചുമായിരുന്നു. ഇന്നിപ്പോള്‍ എന്റെ മകന്‍ അത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. നാളെ എങ്ങനെയാകുമെന്ന് എനിക്കറിയില്ല. പക്ഷേ ഒന്നുറപ്പുണ്ട്, ഇനി അവന്റെ ക്രിക്കറ്റ് കളിക്കു വേണ്ടി എനിക്കിനിയും ആരോടും കടം വാങ്ങേണ്ടി വരില്ല’ സഞ്ജീവ് പറയുന്നു.

സഞ്ജീവിനെ ആഹ്ലാദിപ്പിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ;’എന്റെ പ്രിയപ്പെട്ട താരമായ രാഹുല്‍ ദ്രാവിഡിന്റെ ചിറകിന്‍ കീഴിലേക്കാണ് എന്റെ മകന്‍ പോകുന്നത്’.

ബിഹാറിലെ സംസ്തിപൂര്‍ സ്വദേശിയാണ് വൈഭവ്. ഈ കൊച്ചു പട്ടണത്തില്‍ നിന്നാണ് അവന്റെ ക്രിക്കറ്റ് യാത്ര ആരംഭിക്കുന്നത്. ഈ വര്‍ഷമാദ്യം നടത്തിയ രഞ്ജി ട്രോഫി അരങ്ങേറ്റത്തിലൂടെയായിരുന്നു വൈഭവ് സൂര്യവംശി ആദ്യം വാര്‍ത്തകളുടെ തലക്കെട്ടാകുന്നത്. മുംബൈക്കെതിരായ മത്സരത്തില്‍ ബിഹാറിനു വേണ്ടി പാഡ് കെട്ടുമ്പോള്‍ വൈഭവിന്റെ പ്രായം 12 വയസ്! ഇന്ത്യയിലെ പ്രീമിയം ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റില്‍ കളിക്കുന്ന ഏറ്റവും പ്രായ കുറഞ്ഞ കളിക്കാരിലൊരാള്‍. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും സാക്ഷാല്‍ യുവരാജ് സിംഗും തങ്ങളുടെ 15മത്തെ വയസില്‍ രഞ്ജി അരേങ്ങറ്റം നടത്തിയതിന്റെ ദീര്‍ഘകാല റെക്കോര്‍ഡും വൈഭവ് തകര്‍ത്തു.1986 ന് ശേഷമുള്ള കണക്കില്‍ രഞ്ജി ട്രോഫി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡുമായാണ് മുംബൈയ്‌ക്കെതിരായി വൈഭവ് ഫീല്‍ഡില്‍ ഇറങ്ങിയത്. ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന കാലം വൈകില്ലെന്നാണ് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രാകേഷ് തിവാരി മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പ്രത്യാശ പ്രകടിപ്പിച്ചത്.

Vaibhav Suryavanshi

സീനിയര്‍ ക്രിക്കറ്റിലെ തകര്‍പ്പന്‍ നേട്ടങ്ങള്‍ക്ക് പുറമേ, ജൂനിയര്‍ ടൂര്‍ണമെന്റുകളിലും സൂര്യവംശിയുടെ പ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നു. യൂത്ത് ക്രിക്കറ്റിലെ തന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ അവന്‍ തരംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. അരങ്ങേറി അധികം വൈകാതെ തന്നെ ജൂനിയര്‍ ടീമുകളിലെ സ്ഥിരം സാന്നിധ്യമാകാന്‍ വൈഭവിന് സാധിച്ചിരുന്നു. ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ അണ്ടര്‍ 19 ചലഞ്ചര്‍ ട്രോഫിയിലും അണ്ടര്‍ 19 ചതുര്‍ദിന പരമ്പരയിലും ഇടം നേടി. ഈ ടൂര്‍ണമെന്റുകളിലെ പ്രകടനം സീനിയര്‍ ടീമിലേക്കുള്ള വൈഭവിന്റെ പ്രവേശനം വൈകിപ്പിക്കില്ലെന്ന് ഉറപ്പാക്കിയിരുന്നു.

ഐപിഎല്‍ കരാര്‍, കരിയര്‍ റെക്കോര്‍ഡുകള്‍, ശ്രദ്ധേയമായ പ്രകടനങ്ങള്‍; വൈഭവ് സൂര്യവംശിയുടെ ഭാവി അവിശ്വസനീയമാംവിധം ശോഭനമാണ്. പ്രതിഭയും, അച്ചടക്കവും സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനുള്ള കഴിവും കൂടിച്ചേര്‍ന്ന്, വരും വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക് അഭിമാനകുന്ന ഒരു യുവ ക്രിക്കറ്ററായി വൈഭവ് മാറും. ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അവനിപ്പോള്‍ ഉയര്‍ച്ചയുടെ പടവുകളിലാണ്. സൂര്യവംശി ഇന്ത്യന്‍ ക്രിക്കറ്റിലെ അവഗണിക്കാനാകാത്ത ശക്തിയാകുമെന്ന് ഉറപ്പിക്കാം.

കേവലം പതിമൂന്നാം വയസ്സില്‍, ഇന്ത്യയിലെ നിരവധിയായ ക്രിക്കറ്റ് കളിക്കാര്‍ക്ക് അവരുടെ കരിയറില്‍ സ്വപ്‌നം മാത്രം കാണാന്‍ കഴിയുന്ന നേട്ടമാണ് വൈഭവ് സൂര്യവംശി സ്വന്തമാക്കിയിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെയും ജൂനിയര്‍ ക്രിക്കറ്റിലെയും ശ്രദ്ധേയമായ നേട്ടങ്ങള്‍ വൈഭവിനെ ലോക ക്രിക്കറ്റിലെ ഏറ്റവും തിളക്കമാര്‍ന്ന പ്രതീക്ഷകളില്‍ ഒരാളാക്കി മാറ്റിക്കഴിഞ്ഞു. എന്തായാലും അവന്റെ കഥ ആരംഭിച്ചിരിക്കുന്നു. ഈ യുവ പ്രതിഭ ചരിത്രം സൃഷ്ടിക്കുന്നത് തുടരുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.  IPL 13 year old Vaibhav Suryavanshi signed with Rajasthan Royals for 1.10 crore 

Content Summary; IPL 13 year old Vaibhav Suryavanshi signed with Rajasthan Royals for 1.10 crore

×