കീഴടങ്ങില്ല; വീണാലും തിരിച്ചുവരും. അവരാണ് പോരാളികള്‍. മുഹമ്മദ് സിറാജ് ഒരു പോരാളിയാണ്. അയാള്‍ക്ക് സംഭവിച്ച വീഴ്ച്ചകള്‍ മറികടക്കാന്‍ സിറാജിന് കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിലായാലും, ഐപിഎല്ലിലായാലും അയാള്‍ തിരിച്ചുവന്നിരിക്കുന്നു. ഉയര്‍ച്ചയും താഴ്ച്ചയും നിറഞ്ഞതായിരുന്നു സിറാജിന്റെ കരിയര്‍. ഒരു ക്രിക്കറ്ററുടെ ജീവിതം ഇത്തരം കയറ്റിറക്കങ്ങള്‍ നിറഞ്ഞതാണ്. സിറാജിന്റെ കാര്യത്തില്‍ അത് വ്യത്യസ്തമാകുന്നത്, തനിക്കു നേര്‍ ഉയര്‍ന്ന വെല്ലുവിളികളില്‍ നിന്ന് അയാള്‍ നേടിയ കരുത്തായിരുന്നു. ബുദ്ധിപരമായി കാര്യങ്ങള്‍ കാണാന്‍ അയാള്‍ പഠിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി സിറാജിന്റെ ഫോം നിരാശപ്പെടുത്തുന്നതായിരുന്നു. 2025 ലെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഈ ഒഴിവാക്കല്‍ സിറാജിനുണ്ടായ തിരിച്ചടിയായി കണ്ടവരുണ്ട്, എന്നാല്‍ തന്റെ കരിയറിയിലെ വഴിത്തിരിവായാണ് ഹൈദരാബാദുകാരന്‍ അതിനെ കണ്ടത്. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഒഴിവാക്കിയപ്പോള്‍. ബാംഗ്ലൂരിന് തന്നെ വേണ്ടെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ സിറാജ് സമയമെടുത്തു. ഈ സീസണിലെ തുടര്‍ച്ചയായ രണ്ടാമത്തെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരമാണ് ഞായറാഴ്ച്ച നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സിറാജ് നേടിയത്. ആ സന്തോഷത്തിനിടയിലും ബാംഗ്ലൂരില്‍ നിന്നും പോരേണ്ടി വന്നതിന്റെ വേദന അയാള്‍ പുറത്തു പറഞ്ഞിരുന്നു. ‘ സത്യം പറഞ്ഞാല്‍ എനിക്കത് ആദ്യമൊന്നും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല’ എന്നാണ് തനിക്ക് നേരിടേണ്ടി വന്ന തിരസ്‌കാരത്തെ കുറിച്ച് സിറാജ് പറയുന്നത്.
ഒഴിവാക്കപ്പെടുക എന്നത് അവസാനമായി കരുതുന്നവരുണ്ട്. സിറാജ് അങ്ങനെയായിരുന്നില്ല. തുടര്‍ച്ചയായ മത്സരങ്ങളില്‍ക്കിടയില്‍ ഒരു ഇടവേള അത്യാവശ്യമായിരുന്നു. സിറാജ് അതിനെ അങ്ങനെയാണ് കണ്ടത്. തന്റെ മനസും ശരീരവും പുനരുജ്ജീവിപ്പിക്കാനുള്ള സമയം. നിരാശമൂടിയ സമയമായിരുന്നുവെങ്കില്‍ പോലും തന്റെ കാര്യത്തില്‍ ഒരാത്മപരിശോധനയുടെ ആവശ്യമുണ്ടെന്നും അയാള്‍ തിരിച്ചറിഞ്ഞിരുന്നു. തനിക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളിലേക്ക് വീഴാതെ, പകരം തന്റെ ശരീരികക്ഷമതയും കഴിവും വര്‍ദ്ധിപ്പിക്കുന്നതിലേക്ക് അയാള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
‘എന്റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചിട്ടില്ലെന്ന് എനിക്ക് മനസിനെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. എനിക്ക് വലിയ പദ്ധതികളുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുകയെന്നത് എന്റെ വിധിയില്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും? ഫിറ്റ്‌നസിലും ബൗളിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുക, ട്രാക്കില്‍ നിന്ന് അല്‍പ്പം തെറ്റിപ്പോയ കളി തിരിച്ചു കൊണ്ടുവരിക” ഇതൊക്കെയായിരുന്നു സിറാജിനെ മുന്നോട്ടു നയിച്ച ചിന്തകളും തീരുമാനങ്ങളും.
ഐപിഎല്ലിലെ ഇതുവരെയുള്ള കളികള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും, സിറാജ് തന്റെ തിരിച്ചുവരവിനായി കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. നിലവില്‍ അയാള്‍ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരുടെ മുന്‍നിരയിലുണ്ട്. കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്താല്‍, ഈ സീസണില്‍ പവര്‍ പ്ലേയില്‍ വിക്കറ്റ് വീഴ്ത്തുന്നത് കൂടിയിട്ടുണ്ട്. വിക്കറ്റ് വീഴ്ത്തുക എന്നതുമാത്രമല്ല ട്വന്റി-20യില്‍ ആവശ്യം. ഒരു കളി ജയിക്കാന്‍ ബൗളര്‍ പുലര്‍ത്തേണ്ട സ്ഥിരത, ബുദ്ധിശക്തി എന്നിവയും സിറാജില്‍ കാണാം. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തന്ത്രങ്ങള്‍ മെനയാന്‍ കഴിയണം. ഹൈദരാബാദിനെതിരായ മത്സരത്തില്‍, വേഗതയും ബൗണ്‍സും കുറഞ്ഞ പിച്ചായിരുന്നു. അവിടെ തന്റെ തന്ത്രങ്ങളാണ് നാല് വിക്കറ്റുകള്‍ നേടാനും അമിത റണ്‍ വഴങ്ങാതെ സ്‌പെല്‍ അവസാനിപ്പിക്കാനും സിറാജിനെ സഹായിച്ചത്.
പവര്‍ പ്ലേയില്‍ എറിഞ്ഞ ആദ്യ മൂന്ന് ഓവറുകളിലും വേഗതയിലല്ല, കൃത്യതയിലായിരുന്നു സിറാജ് ശ്രദ്ധിച്ചത്. കൃത്യമായ ലെംഗ്തില്‍ അയാള്‍ എറിഞ്ഞ പന്തുകളാണ് ഹൈദരാബാദിന്റെ നിലതെറ്റിച്ചത്. വിക്കറ്റുകള്‍ ലക്ഷ്യം വച്ചല്ല സിറാജ് ബോള്‍ ചെയ്യുന്നത്, അത് തന്നെയാണ് അയാളുടെ മികവും. അതിവിനാശകാരികളായ ട്രാവിസ് ഹെഡിനും അഭിഷേക് ശര്‍മയ്ക്കുമെതിരേ 11 ഡോട്ട് ബോളുകളാണ് സിറാജ് എറിഞ്ഞത്.
പഴകിയ പന്തുകളാണ് സിറാജ് തന്റെ മൂര്‍ച്ചയേറിയ ആയുധമാക്കി മാറ്റുന്നത്. പഴകിയ പന്തില്‍ ഉമിനീര്‍ തുടച്ച്(ഈ സീസണില്‍ ഉമനീര്‍ പന്തില്‍ പുരട്ടാന്‍ അനുവാദം നല്‍കിയിട്ടുണ്ട്) അയാള്‍ എറിയുന്ന റിവേഴ്‌സ് സിംഗുകള്‍ ഡെത്ത് ഓവറുകളില്‍ വിക്കറ്റ് നേട്ടത്തിന് സഹായിക്കുന്നുണ്ട്. സാഹചര്യങ്ങള്‍ മനസ്സിലാക്കാനും ബൗളിംഗില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ വരുത്താനുമുള്ള കഴിവാണ് എതിര്‍ ടീമുകള്‍ക്ക് മുന്നില്‍ അയാളെ കൂടുതല്‍ അപകടകാരിയാക്കുന്നത്.
ഈ തിരിച്ചുവരവ് ഐപിഎല്ലില്‍ മാത്രം ആഘോഷിക്കപ്പെടേണ്ടതല്ല. ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാണ് സിറാജ്. ജസ്പ്രിത് ബുംറയും മുഹമ്മദ് ഷമിയും ഇപ്പോഴും പരിക്കിനെ തുടര്‍ന്നുള്ള ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്‍ വലയുമ്പോള്‍, സിറാജ് ഫോം വീണ്ടെടുക്കുന്നത് ടീം ഇന്ത്യയ്ക്ക് ഏറെ ആശ്വാസ്യകരമാണ്. 2023 മുതല്‍ കണക്കെടുത്താല്‍, രവീന്ദ്ര ജഡേജ മാത്രമാണ് സിറാജിനെക്കാള്‍ കൂടുതല്‍ ബോള്‍ എറിഞ്ഞിട്ടുള്ള ഒരു ഇന്ത്യന്‍ ബൗളര്‍. ഇതില്‍ നിന്നു തന്നെ മുഹമ്മദ് സിറാജിന്റെ പ്രാധാന്യം മനസിലാക്കാം. എന്നാല്‍ ഇതിന് അപകടകരമായൊരു മറുവശമുണ്ട്. വിശ്രമമില്ലാതെ തുടര്‍ച്ചയായുള്ള മത്സരങ്ങള്‍ ഒരു ഫാസ്റ്റ് ബൗളറുടെ ശാരീരിക ക്ഷമതയെ സാരമായി ബാധിക്കും.
ഒരു ഫാസ്റ്റ് ബൗളര്‍ക്ക് കൃത്യമായി ഇടവേളകള്‍ ആവശ്യമാണെന്നും, അവര്‍ക്ക് വിശ്രമം ലഭിക്കുന്നത് എത്രത്തോളം പ്രയോജനകരമാണെന്നതും സിറാജിന്റെ തിരിച്ചുവരവ് തെളിയിക്കുന്നു. സിറാജിന്റെ സമീപകാല പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ കഴിവുകള്‍ ഓര്‍മ്മിപ്പിക്കുന്നതാണ്. ദുഷ്‌കരമായ ഒരു കാലഘട്ടത്തില്‍ നിന്നാണ് അദ്ദേഹം തിരിച്ചുവന്നിരിക്കുന്നത്. ചിലപ്പോള്‍ ഒരു ഇടവേളയും അതുമൂലം ഉണ്ടാകേണ്ട കഠിനാധ്വാനവും ആത്മപരിശോധനയും ഒരു കളിക്കാരന് മുമ്പത്തേക്കാള്‍ മികച്ച രീതിയില്‍ തിരിച്ചുവരാന്‍ ഉപകരിക്കുമെന്നു കൂടിയാണ് അയാള്‍ കാണിച്ചുതന്നത്. സ്വയം പരിഷ്‌കരിച്ചാണ് സിറാജ് എത്തിയിരിക്കുന്നത്. ഐപിഎല്ലില്‍ മാത്രമല്ല, അന്താരാഷ്ട്ര മത്സരങ്ങളിലും അയാള്‍ ഇപ്പോള്‍ പുലര്‍ത്തുന്ന കൃത്യതയും സ്ഥിരതയും കാഴ്ച്ചവയ്ക്കാന്‍ സാധിക്കും.
സിറാജിന്റെ നിലവിലെ ഫോം പരമാവധി മുതലാക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സും ടീം ഇന്ത്യയും ശ്രമിക്കും. അപ്പോള്‍ ഓര്‍ക്കേണ്ട പ്രധാനകാര്യം; ഒരു ഫാസ്റ്റ് ബൗളര്‍ക്ക് അയാളുടെ ശരീരത്തിന്റെയും മനസിന്റെയും കരുത്താണ് ഏറ്റവും വിലപ്പെട്ടതെന്നാണ്. പവര്‍പ്ലേയിലായാലും ഡെത്ത് ഓവറിലായാലും, സാഹചര്യങ്ങള്‍ മനസിലാക്കി, അയാള്‍ ആവിഷ്‌കരിക്കുന്ന തന്ത്രങ്ങള്‍ തന്നെയാണ് സിറാജിനെ പ്രധാനിയാക്കുന്നത്.
ടീം ഇന്ത്യയും, അതുപോലെ സിറാജിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസിയും അദ്ദേഹത്തിന്റെ കരുത്തും വൈദഗ്ധ്യവും പ്രയോജനപ്പെടുത്താന്‍ ലഭിക്കുന്ന ഒരു അവസരവും നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. വ്യക്തമായ ശ്രദ്ധയും പുതുമയുള്ള ഒരു ശരീരവുമായി കളത്തില്‍ ഇറങ്ങിയിരിക്കുന്ന മുഹമ്മദ് സിറാജ്, വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയുന്ന ഒരു ബൗളര്‍ മാത്രമല്ല, വളരെ കുറച്ച് പേര്‍ക്ക് മാത്രമേ കഴിയുന്ന രീതിയില്‍ കളി നിയന്ത്രിക്കാന്‍ കഴിയുന്ന ഒരാള്‍ കൂടിയാണ്. Muhammad Siraj’s resurgence is marked by impressive performances
Content Summary; Muhammad Siraj’s resurgence is marked by impressive performances
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.