July 15, 2025 |
Share on

അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും ഇറാന്റെ ഭീഷണി

ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രയേല്‍

അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും മുന്നറിയിപ്പുമായി ഇറാന്‍. ഇസ്രയേലിനെതിരായ തങ്ങളുടെ പോരാട്ടത്തിന് തടസമായി നിന്നാല്‍ മിഡില്‍ ഈസ്റ്റിലുള്ള അവരുടെ സൈനിക താവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്നാണ് മൂന്നു രാജ്യങ്ങള്‍ക്കും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇക്കാര്യം ശനിയാഴ്ച്ച ഇറാന്റെ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തതായി റോയിട്ടേഴ്‌സ് പറയുന്നു.

ഇസ്രയേലിനൊപ്പമെന്ന് യുഎസും ഫ്രാന്‍സും
യുഎസും ഫ്രാന്‍സും ഇസ്രയേലിനൊപ്പം നില്‍ക്കുകയാണെന്ന് പരസ്യമാക്കിയിട്ടുണ്ട്. ഇറാന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. ഇസ്രയേലിനെ ലക്ഷ്യമാക്കിയ ഇറാനിയന്‍ ഡ്രോണുകളും മിസൈലുകളും വെടിവച്ചിടാന്‍ യു എസ് സൈന്യം സഹായം ചെയ്തിട്ടുണ്ടെന്ന വാര്‍ത്തകളും അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തു വന്നിട്ടുണ്ട്.

ഇറാന്റെ പ്രതികാര നടപടികളില്‍ നിന്ന് ഇസ്രയേലിനെ പ്രതിരോധിക്കാന്‍ തന്റെ രാജ്യം സഹായിക്കുമെന്നാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വെള്ളിയാഴ്ച പറഞ്ഞത്.

ഇടപെടില്ലെന്ന് ബ്രിട്ടന്‍
അതേസമയം, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തങ്ങള്‍ ഇടപെട്ടിട്ടില്ലെന്നാണ് യുകെ വ്യക്തമാക്കിയത്. ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തിന് ബ്രിട്ടന്‍ സൈനിക പിന്തുണ നല്‍കിയിട്ടില്ലെന്നും ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിടാന്‍ സഹായിച്ചിട്ടില്ലെന്നുമാണ് യുകെ സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നത്.

വെള്ളിയാഴ്ച്ച ബ്രട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ ഇസ്രയേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. സ്വയം പ്രതിരോധത്തിന് ഇസ്രയേലിന് അവകാശമുണ്ടെന്നായിരുന്നു സ്റ്റാര്‍മര്‍ പറഞ്ഞത്. എന്നാല്‍ സംഘര്‍ഷത്തിന് നയതന്ത്ര പരിഹാരമാണ് ആവശ്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി എടുത്തു പറഞ്ഞിരുന്നുവെന്നും അവരുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

യുഎസിന്റെ മുന്നറിയിപ്പ്
ഇസ്രയേലിനെതിരായ തങ്ങളുടെ വ്യോമാക്രമണം ലക്ഷ്യത്തിലെത്താതെ പോകുന്നതിന് പാശ്ചാത്യ ശക്തികള്‍ സഹായിക്കുന്നുണ്ടെന്നാണ് ഇറാന്റെ ആരോപണം. ഇതാണവരെ പ്രകോപിക്കുന്നതും. നിലവിലെ സാഹചര്യത്തില്‍ ഇറാന്റെ ഭീഷണി മേഖലയെ കൂടുതല്‍ ഭയപ്പെടുത്തുന്നതാണ്. വലിയൊരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണോ എന്നാണ് ഭയക്കുന്നത്. എന്നാല്‍ ഇത്തരമൊരു ഭീഷണി മുഴക്കി അമേരിക്ക പോലുള്ളവരുടെ കൂടി ആക്രമണം നേരിടേണ്ടി വന്നാല്‍ ഇറാനത് താങ്ങാനാകില്ല. ഇസ്രയേല്‍ ആക്രമണം തന്നെ അവര്‍ക്ക് സാരമായ ആഘാതം ഏല്‍പ്പിച്ചിട്ടുണ്ട്. തങ്ങളുടെ ഒരു സാധാരണ പൗരനെയെങ്കിലും ലക്ഷ്യമിടാന്‍ ഇറാന് തോന്നിയാല്‍, അതിന്റെ അനന്തരഫലങ്ങള്‍ ഭയാനകമായിരിക്കുമെന്നാണ് വെള്ളിയാഴ്ച്ച യു എന്‍ സുരക്ഷ കൗണ്‍സിലില്‍ സംസാരിച്ച യുഎസ് നയതന്ത്രജ്ഞന്‍ മക്കോയ് പിറ്റ് മുന്നറിയിപ്പ് നല്‍കിയത്.

‘ടെഹ്‌റാന്‍ കത്തിയെരിയും’
വെള്ളിയാഴ്ച്ച നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇസ്രയേല്‍. ഇസ്രയേലി ജനങ്ങള്‍ക്കു നേരെ ഇനിയും മിസൈലുകള്‍ വിട്ടാല്‍ ടെഹ്‌റാന്‍ കത്തും എന്നാണ് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കറ്റ്‌സ്, ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെ പരാമര്‍ശിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇസ്രയേലിലേക്ക് മിസൈലുകള്‍ വിടുന്നത് ഖൊമേനി തുടരുകയാണെങ്കില്‍ ടെഹ്‌റാന്‍ കത്തിയെരിയുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നത്. ഇസ്രയേല്‍ പൗരന്മാരോട് ചെയ്ത ഗുരുതരമായ ദ്രോഹത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്നു പറഞ്ഞ കറ്റ്‌സ്, ഇറാനിലെ ഏകാധിപതി സ്വന്തം പൗരന്മാരെ, പ്രത്യേകിച്ച് ടെഹ്‌റാന്‍ പൗരന്മാരെ ബന്ദികളാക്കിയിരിക്കുകയാണെന്നും ആരോപിച്ചു.

വലിയ നഷ്ടങ്ങള്‍ ഇതിനകം തന്നെ ഇറാന്‍ വരുത്തിയിട്ടുണ്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഇറാന്റെ പല മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയെന്നാണ് അവര്‍ പറയുന്നത്. ഒമ്പത് ശാസ്ത്രജ്ഞരെ കൊന്നെന്ന് ഇസ്രയേല്‍ പറയുമ്പോള്‍, മൂന്നുപേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ഒരു അര്‍ദ്ധ ഔദ്യോഗിക ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്യുന്നത്. അലി ബകായി കരിമി, മന്‍സൂര്‍ അസ്ഗരി, സയീദ് ബോര്‍ജി എന്നിവരാണ് കൊല്ലപ്പെട്ട ശാസ്ത്രജ്ഞരെന്നാണ് തസ്‌നിം പറയുന്നത്. ഇറാനിലെ എസ്ഫഹാന്‍, നതാന്‍സ് ആണവ കേന്ദ്രങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ഒരു ഇസ്രയേലി സൈനിക ഉദ്യോഗസ്ഥന്‍ ശനിയാഴ്ച പറഞ്ഞത്. Iran warns US, UK and France against helping Israel

Content Summary; Iran warns US, UK and France against helping Israel

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×