February 14, 2025 |
Share on

കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിന് എന്തു സംഭവിച്ചു?

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി #RIPCartoonNetwork

സ്‌കൂബി-ഡോ, ടോം ആന്‍ഡ് ജെറി, ജോണി ബ്രാവോ; തലമുറകളുടെ കാര്‍ട്ടൂണ്‍ ആസ്വാദനത്തെ നിയന്ത്രിച്ചിരുന്ന കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ഇനി ഇല്ലേ? വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറിയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ കേബിള്‍ ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണോ? #RIPCartoonNetwork എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘ എക്‌സില്‍’ വൈറലായതോടെയാണ് ഇത്തരമൊരു ചോദ്യം ലോകത്താകമാനവും ഉയരുന്നത്.

‘കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് മരിച്ചോ? എന്ന ചോദ്യവുമായി അനിമേഷന്‍ വര്‍ക്കേഴ്‌സ് ഇഗ്‌നൈറ്റഡ് എന്ന എക്‌സ് ഹാന്‍ഡില്‍ ഒരു മോണ്ടാഷ് വീഡിയോ പങ്കുവച്ചതാണ് തുടക്കം. പിരിച്ചു വിടല്‍ ഉള്‍പ്പെടെ ചാനല്‍ വ്യവസായം നേരിടുന്ന പ്രതിസന്ധിയാണ് കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിന്റെ അവസാനത്തിലേക്ക് നയിച്ചതെന്ന സൂചനയും വീഡിയോയ്‌ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.

രണ്ട് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നൊരു കാര്‍ട്ടൂണിലൂടെയാണ്, കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന സൂചന അവര്‍ പങ്കുവയ്ക്കുന്നത്. കാര്‍ട്ടൂണ്‍ വ്യവസായം വലിയ പ്രതിസന്ധിയിലാണെന്നും പല ആനിമേഷന്‍ സ്റ്റുഡിയോകളും ഇനി അധികകാലം ഉണ്ടാകില്ലെന്നും ഈ വീഡിയോയിലെ കഥാപാത്രങ്ങള്‍ പറയുന്നുണ്ട്. നിരവധിയാളുകള്‍ക്കാണ് ഇതുമൂലം ജോലി നഷ്ടമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഈ വ്യവസായവുമായി ബന്ധപ്പെട്ട് തൊഴില്‍രഹിതരായി തീര്‍ന്നവര്‍ നിരവധിയാണ്. കോവിഡ് മഹാമാരിക്കാലത്ത് പോലും ഈ വ്യവസായത്തെ താങ്ങി നിര്‍ത്തിയവരാണ് ഇപ്പോള്‍ പെരുവഴിയിലായത്. കോവിഡ് കാലത്ത് തടസമില്ലാതെ തുടരാന്‍ കഴിഞ്ഞ ഒരേയൊരു വിനോദ വ്യവസായം കാര്‍ട്ടൂണ്‍ മാത്രമായിരുന്നു. കാരണം, അവ വിദൂര സ്ഥലങ്ങളില്‍ ഇരുന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അതിനുശേഷം പ്രൊജക്ടകള്‍ റദ്ദാക്കുക, സ്റ്റുഡിയോ ജോലികള്‍ ഔട്ട് സോഴ്‌സ് ചെയ്യുക, കലാകാരന്മാരെ കൂട്ടത്തോടെ പിരിച്ചുവിടുക തുടങ്ങിയ കാര്യങ്ങളാണ് സ്റ്റുഡിയോകള്‍ ചെയ്തത്. വന്‍കിട സ്റ്റുഡിയോകള്‍ കാണിക്കുന്ന അത്യാഗ്രഹമാണിത്. ജോലികള്‍ പുറം കരാര്‍ കൊടുത്തും, ജീവനക്കാരെ കൂട്ടത്തോടെ വെട്ടിക്കുറച്ചും സ്റ്റുഡിയോകള്‍ വന്‍ ലാഭം കൊയ്യുന്നു. സിഇഒമാരും എക്‌സിക്യൂട്ടീവുകളും അവരുടെതായി സാമ്പത്തിക നേട്ടങ്ങള്‍ കൊയ്യുന്നു’ കാര്‍ട്ടൂണിലെ കഥാപാത്രങ്ങള്‍ ഈ വ്യവസായം നേരിടുന്ന പ്രതിസന്ധിയും ഇവിടെ നടക്കുന്ന ചൂഷണങ്ങളും ലോകത്തോട് പറയുകയാണ്. ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട്, ആനിമേഷന്‍ ഗില്‍ഡിനെ ടാഗ് ചെയ്തുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ ഷോകള്‍ #RIPCartoonNetwork, #StayTuned എന്നീ ഹാഷ് ടാഗുകള്‍ സഹിതം പോസ്റ്റ് ചെയ്യാനും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ആനിമേഷന്‍ വ്യവസായം അപകടത്തിലാണെന്നും നിങ്ങള്‍ ഏത് ഭാഗത്ത് നില്‍ക്കുമെന്ന ചോദ്യവും ഈ കാര്‍ട്ടൂണ്‍ വീഡിയോയിലുണ്ട്.


വീഡിയോ പുറത്തു വന്ന് നാല് മണിക്കൂര്‍ കൊണ്ട് 30 ലക്ഷത്തില്‍ കുറയാത്തവരാണ് ഇത് കണ്ടത്. കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് നിര്‍ത്തുന്നുവെന്ന വാര്‍ത്ത പരന്നതോടെ, ആ ചാനലുമായി ബന്ധപ്പെട്ട നൊസ്റ്റാള്‍ജിയകളാണ് എക്‌സില്‍ മുഴുവന്‍. ഓരോ യൂസറും തങ്ങളുടെ അനുഭവങ്ങളും ഓര്‍മകളും പങ്കുവയ്ക്കുകയാണ്. ഓരോരുത്തരും അവരവരുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ പരിപാടികള്‍  #RIPCartoonNetwork എന്ന ഹാഷ് ടാഗിനൊപ്പം പോസ്റ്റ് ചെയ്യുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വൈറലായെങ്കിലും ചാനല്‍ നിര്‍ത്തുന്നുവെന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്, കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് മരിച്ചിട്ടില്ല എന്നാണ്. ചാനല്‍ അതിന്റെ പ്രവര്‍ത്തനം തുടരുമെന്നും ബാക്കി വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അറിയിച്ചിട്ടുണ്ട്. ആനിമേറ്റര്‍ യൂണിയനുമായി സഹകരിക്കുന്നവരാണ് ആനിമേഷന്‍ വര്‍ക്കേഴ്‌സ് ഇഗ്‌നെറ്റഡ്. ഈ വ്യവസായത്തിലുള്ളവര്‍ നേരിടുന്ന വെല്ലുവിളികള്‍ ലോകത്തെ അറിയിക്കാനാണ് അവര്‍ ഇത്തരമൊരു വീഡിയോ പുറത്തു വിട്ടതെന്നാണ് റിപ്പോര്‍ട്ട്.  is cartoon network shutting down ?trending in social media,what is the reality

Content Summary; is cartoon network shutting down ?trending in social media,what is the reality

×