ഇറാനോട് നിരുപാധികം കീഴടങ്ങാന്‍ ആവശ്യപ്പെടുക, ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി വധിക്കുമെന്ന സൂചന നല്‍കുക തുടങ്ങിയ പ്രസ്താവനയിലൂടെ മിഡില്‍ ഈസ്റ്റ് ഭയനാകമായൊരു യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്നത്. ട്രംപിന്റെ പ്രസ്താവനകളില്‍ വ്യക്തമായിരിക്കുന്ന സൂചന ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടലില്‍ അമേരിക്കയും കക്ഷി ചേരാന്‍ പോവുകയാണെന്നതാണ്. ഇത് ലോകം ആഗ്രഹിക്കാത്ത കാര്യമാണ്.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുമ്പോഴാണ് ട്രംപ് ഭരണകൂടം അവരുടെ നിലപാടുകള്‍ തിരുത്തി സാഹചര്യം കൂടുതല്‍ ആശങ്കാജനകമായിക്കിയിരിക്കുന്നത്.
എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, സംഘര്‍ഷത്തില്‍ അമേരിക്കയുടെ ഇടപെടല്‍ ‘സാധ്യമാണ്’ എന്നാണ് ട്രംപ് പറഞ്ഞത്. ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ ‘ ഞങ്ങള്‍’ എന്ന വാക്ക് ഉപയോഗിച്ചാണ് ട്രംപ് അഭിസംബോധന ചെയ്തത്. ഇറാനെതിരായ ഏറ്റുമുട്ടലില്‍ അമേരിക്ക ഇടപെടുമെന്ന സൂചനയായാണ് അത് വ്യാഖ്യാനിക്കപ്പെടുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനെക്കുറിച്ചുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ മുന്‍ നിലപാടില്‍ നിന്നുള്ള മാറ്റമാണ് ഇപ്പോള്‍ ട്രംപില്‍ നിന്നുണ്ടാകുന്നത്.
കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസ് സിറ്റുവേഷന്‍ റൂമില്‍ തന്റെ ദേശീയ സുരക്ഷാ സംഘത്തെ അടിയന്തര യോഗത്തിനായി വിളിച്ചുചേര്‍ത്തിരുന്നു. മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഇറാനെതിരെ സൈനിക നടപടിയെടുക്കാനുള്ള സാധ്യത ഉള്‍പ്പെടെ യുഎസിന്റെ സാധ്യമായ പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം. പിറ്റേ ദിവസം രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ട്രംപ് പറഞ്ഞത്, യുഎസിന്റെ സൈനിക ഇടപെടല്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഇറാന്റെ ആണവ പദ്ധതി തുടച്ചു നീക്കപ്പെടും എന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു.
അതിന് ശേഷം ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച പോസ്റ്റാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. ഇറാനു മുകളിലുള്ള ആകാശത്തിന്റെ പൂര്‍ണമായ നിയന്ത്രണം അമേരിക്കയ്ക്കാണെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നുമായിരുന്നു ട്രംപ് പോസ്റ്റ് ചെയ്തത്. ഖമേനി ഒരു ‘എളുപ്പമുള്ള ലക്ഷ്യമാണ്’ എന്നാല്‍ ‘ഇപ്പോള്‍’ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വരുന്നൊരു വിവരം, ഖമേനിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി പ്രസിഡന്റ് ട്രംപ് വീറ്റോ ചെയ്‌തെന്നാണ്. ഇസ്രയേലിന്റെ കൈവശം അതുമായി ബന്ധപ്പെട്ട് സമഗ്രമായൊരു പദ്ധതിയുണ്ടെന്നാണ് അമേരിക്ക പറയുന്നത്.
‘സുപ്രീം ലീഡര്‍’ എന്ന് വിളിക്കപ്പെടുന്നയാള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പ ലക്ഷ്യമാണ്, പക്ഷേ അവിടെ സുരക്ഷിതനാണ്. ഞങ്ങള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ പോകുന്നില്ല (കൊല്ലുക!), കുറഞ്ഞത് ഇപ്പോഴെങ്കിലും,’ ട്രംപ് പറയുകയാണ്.
യു എസ് പൗരന്മാര്‍ക്കോ അമേരിക്കന്‍ സൈനികര്‍ക്കോ നേരെ മിസൈലുകള്‍ വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നു എന്നു കൂടി പറഞ്ഞു കൊണ്ട് ട്രംപ് ഇറാന് നല്‍കുന്നത് വ്യക്തമായ മുന്നറിയിപ്പാണ്. അമേരിക്ക സൈനിക നടപടി തുടങ്ങിയാല്‍, അവര്‍ക്ക് ഖമേനിയെ പുറത്തു കൊണ്ടുവരികയെന്നത് വളരെ എളുപ്പമാണെന്നാണ് ട്രംപിന്റെ പരോക്ഷ ഭീഷണി. അതിനു മുമ്പായി നിരുപാധിക കീഴടങ്ങലിലൂടെ അമേരിക്കന്‍ ഇടപെടല്‍ തടയാന്‍ ശ്രമിക്കുകയെന്നാണ് അദ്ദേഹം ഇറാനെ ഉപദേശിക്കുന്നത്.
ട്രംപിന്റെ വാക്കാലുള്ള മുന്നറിയിപ്പുകള്‍ക്ക് പുറമെയാണ്, ഇറാനെതിരായ സൈനിക നടപടികളെ പിന്തുണയ്ക്കുന്നതിനായി അമേരിക്ക, ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറയ്ക്കാന്‍ കഴിയുന്ന ഏകദേശം മൂന്ന് ഡസന്‍ വിമാനങ്ങള്‍ യൂറോപ്പിലേക്ക് വിന്യസിച്ചിരിക്കുന്നത്. ട്രംപിന്റെ വാക്കാലുള്ള ഭീഷണികള്‍ക്കൊപ്പം ഈ നീക്കവും ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കയുടെ പങ്കാളിത്തം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ട്രംപിന്റെ വക ഭീഷണി മുറുകുന്നതിനിടയില്‍ തന്നെ ഇസ്രയേല്‍ ടെഹ്‌റാനില്‍ ആക്രമണം കൂട്ടുകയാണ്. ആദ്യം അവര്‍ ടെഹ്‌റാനിലെ വ്യാവസായിക മേഖലയിലുള്ള ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കി. പിന്നാലെ ഇറാന്‍ തലസ്ഥാനത്ത് പലയിടത്തായി വ്യോമാക്രമണങ്ങള്‍ നടത്തുകയും ചെയ്തു.
ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രത്തില്‍, മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ (എംഒപി) പോലുള്ള വലിയ ബങ്കറുകള്‍ തകര്‍ക്കുന്ന ബോംബുകള്‍ അമേരിക്ക പ്രയോഗിക്കണമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെടുന്നത് (മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ (എംഒപി) എന്നത് അമേരിക്കന്‍ വ്യോമസേന ഉപയോഗിക്കുന്ന വളരെ കൃത്യതയുള്ള, 30,000 പൗണ്ട് ഭാരമുള്ള ‘ബങ്കര്‍ ബസ്റ്റര്‍’ ബോംബാണ്. ഭൂഗര്‍ഭ ബങ്കറുകള്‍ അല്ലെങ്കില്‍ ആണവ സൗകര്യങ്ങള്‍ പോലെ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ സ്ഥാപിച്ചിരിക്കുന്ന ലക്ഷ്യങ്ങളെ നശിപ്പിക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്). കോം നഗരത്തിനടുത്തുള്ള ഒരു പര്‍വതത്തിന് ഏകദേശം ഒരു കിലോമീറ്റര്‍ താഴെയാണ് ഈ ആണവ കേന്ദ്രം. ഇറാന്റെ ഏറ്റവും സുപ്രധാന ആണവ കേന്ദ്രങ്ങളിലൊന്നായാണ് ഫോര്‍ഡോ കണക്കാക്കപ്പെടുന്നത്. ഈ ലക്ഷ്യം തകര്‍ക്കാന്‍ തക്ക ശേഷിയുള്ള ബോംബുകളോ അവയെ വഹിക്കാനുള്ള വിമാനങ്ങളോ ഇസ്രയേല്‍ കൈവശം ഇല്ലാത്തതുകൊണ്ടാണ് അവര്‍ അമേരിക്കയുടെ സഹായം തേടുന്നത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പ്രസിഡന്റ് ട്രംപും നെതന്യാഹുവും ഫോണില്‍ സംസാരിച്ചുവെന്നാണ് ട്രംപ് ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരമായി ദി ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. എന്നാല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല. ഇറാന്റെ ആണവ ശേഷികള്‍ തകര്‍ക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളില്‍ യുഎസ് പങ്കാളിത്തത്തിനുള്ളസാധ്യതകള്‍ പ്രസിഡന്റ് പരിഗണിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ കോള്‍ നടന്നത് എന്നതാണ് അതിന്റെ പ്രത്യേകത. Israel-Iran conflict; Trump calls for Iran’s unconditional surrender
Content Summary; Israel-Iran conflict; Trump calls for Iran’s unconditional surrender
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.