June 18, 2025 |
Share on

ലോകത്തിലെ രണ്ടാമത്തെ ധനവാന്‍ ട്രംപ് ഭരണകൂടത്തോട് അടിയറവ് പറഞ്ഞ വിധം

ട്രംപ് വീണ്ടും ഭരണത്തിലെത്തുമെന്ന് ബോധ്യപ്പെട്ടതോടെ വിമര്‍ശനങ്ങളെല്ലാം അവസാനിപ്പിച്ച് ബസോസ് അടിയറവ് പറഞ്ഞതെങ്ങനെ?

* ആമസോണ്‍ ഉടമ ജെഫ് ബസോസ് ട്രംപുമായി രമ്യതയിലെത്തി
* പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് പത്ത് ലക്ഷം ഡോളര്‍ സംഭാവന
* ട്രംപിന്റെ ഭാര്യയുടെ ഡോക്യുമെന്ററിക്ക് നാല് കോടി ഡോളര്‍
* ട്രംപിന്റെ പഴയ റിയാലിറ്റി ഷോയുടെ പുനസംപ്രേക്ഷണ അവകാശം വാങ്ങി
* വാഷിംഗ്ടണ്‍ പോസ്റ്റ് കമലാ ഹാരിസിന് നല്‍കാനിരുന്ന പിന്തുണ മുടക്കി
* പോസ്റ്റിന്റെ എഡിറ്റോറിയല്‍ പേജ് ട്രംപ് ഭരണകൂടത്തിന് വേണ്ടിയാക്കി
* വിവരങ്ങള്‍ പുറത്ത് വിട്ടത് ഫിനാന്‍ഷ്യല്‍ ടൈംസ്

മുന്‍കാലങ്ങളില്‍ പൊതുവേ രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയും അമേരിക്കന്‍ പ്രസിഡന്റിനെതിരെ ആരോപണം ഉന്നയിച്ച് പെന്റഗണിനെതിരെ കേസ് നല്‍കാന്‍ ധൈര്യപ്പെടുകയും ചെയ്ത, ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ധനവാന്‍, ജെഫ് ബസോസ് വീണ്ടും ഭരണത്തിലെത്തിയ ഡോണാള്‍ഡ് ട്രംപുമായി രമ്യതയിലെത്താന്‍ കോടാനുകോടികള്‍ മുടക്കിയതായും തന്റെ ആദര്‍ശങ്ങള്‍ പണയം വച്ചതായും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട പത്രങ്ങളിലൊന്നായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഉടമ കൂടിയാണ് ജെഫ് ബസോസ്. ട്രംപിന്റെ വിമര്‍ശകരാണ് വാഷിംഗ്ടണ്‍ പോസ്റ്റ് എന്നതിനാല്‍ ജെഫ് ബസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണിന് 1000 കോടി ഡോളറിന്റെ ക്ലൗഡ് കംപ്യൂട്ടിങ് കരാര്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് (പെന്റഗണ്‍) നിഷേധിച്ചുവെന്ന് ആരോപിച്ചായിരുന്നു 2019 ഒക്ടോബറില്‍ കേസുമായി അവര്‍ മുന്നോട്ട് പോയത്. ബസോസിനെ ‘ജെഫ് ബോസോ’ എന്ന് വിളിച്ച് ട്രംപ് പരിഹരിക്കുകയും ട്രംപ് ‘ജനാധിപത്യത്തിന് ഭീഷണിയാണ്’ എന്ന് ജെഫ് ബസോസ് വിമര്‍ശിക്കുകയും ചെയ്തു.

Jeff Bezos with Trump

ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഭരണത്തിലെത്തുമെന്ന് ബോധ്യപ്പെട്ടതോടെ ആ വിമര്‍ശനങ്ങളെല്ലാം അവസാനിപ്പിച്ച് ട്രംപിനോട് ബസോസ് അടിയറവ് പറഞ്ഞതെങ്ങനെ എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇ കമേഴ്സ്യല്‍ പ്ലാറ്റ്ഫോമും ക്ലൗഡ് കംപ്യൂട്ടിങ് പ്രൊവൈഡറുമായ ആമസോണ്‍, റോക്കറ്റ് നിര്‍മ്മാണ കമ്പിനിയായ ബ്ലൂ ഒര്‍ജിന്‍, അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള പത്രമായ ‘ദ വാഷിംഗ്ടണ്‍ പോസ്റ്റ്’ എന്നിവയടങ്ങിയതാണ് ലോകത്തെ രണ്ടാമത്തെ വലിയ ധനവാനായ ജെഫ് ബസോസിന്റെ ബിസിനസ് സാമ്രാജ്യം. പക്ഷേ ബിസിനസ് എതിരാളിയും ലോകത്തെ ഏറ്റവും വലിയ ധനികനുമായ ഇലോണ്‍ മസ്‌കും അമേരിക്കന്‍ പ്രസിഡന്റും ഒന്നിച്ച് ആക്രമിക്കുമ്പോള്‍ കീഴടങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ബസോസിന് മുന്നിലില്ലായിരുന്നുവെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു.

ട്രംപ് പുതിയ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ദിവസത്തെ പരിപാടികളില്‍ ജെഫ് ബസോസ് മറ്റ് ടെക്നോളജി രംഗത്തെ മറ്റ് ശതകോടീശ്വരര്‍ക്കൊപ്പം ട്രംപിന് പുറകില്‍ വിനയത്തോടെ അണിനിരക്കുക മാത്രമല്ല, ചടങ്ങിന് വേണ്ടി പത്ത് ലക്ഷം ഡോളര്‍ സംഭാവന നല്‍കുകയും ചെയ്തു. ചടങ്ങ് പൂര്‍ണമായും ജെഫ് ബസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണിലൂടെ ലൈവ് സ്ട്രീമിങ് ചെയ്തു. മാത്രമല്ല, ട്രംപിന്റെ ഭാര്യ മെലാനിയ ചെയ്ത ഡോക്യുമെന്ററി ആമസോണ്‍ നാല് കോടി ഡോളറിനാണ് വാങ്ങിയത്. ഇതാകട്ടെ ആമസോണിന്റെ എതിരാളികളായ ഡിസ്നി വാഗ്ദാനം ചെയ്ത തുകയുടെ ഏതാണ്ട് മൂന്നിരട്ടിയാണ്. ഈ നാല് കോടി ഡോളറില്‍ 2.8 കോടി ഡോളറും മെലാനിയ ട്രംപിനുള്ളതാണ്.

ഇതിന് പുറമേ ട്രംപിന് കൂടുതല്‍ സന്തോഷവും പണവും നല്‍കുന്നതിനായി, 2004-2017 കാലയളവിലുള്ള ട്രംപിന്റെ റിയാലിറ്റി ഷോയായ ‘ദ അപ്രെന്റീസ്’-ന്റെ പഴയ എപ്പിസോഡുകള്‍ വീണ്ടും കാണിക്കാനുള്ള അവകാശവും ദശലക്ഷക്കണക്കിന് ഡോളറുകള്‍ മുടക്കി ആമസോണ്‍ വാങ്ങി. തന്റെ മറ്റൊരു സ്ഥാപനമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ നേരത്തേ തന്നെ കമല ഹാരിസിനുള്ള പിന്തുണ മുടക്കി ട്രംപുമായുള്ള കീഴടങ്ങല്‍ ബസോസ് പ്രഖ്യാപിച്ചിരുന്നു. അതിനുമപ്പുറം ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്ക് അനുസൃതമായി ‘വ്യക്തി സ്വാതന്ത്ര്യം, തുറന്ന വിപണി’ എന്നിവയില്‍ അടിസ്ഥാനമാക്കിയാകണം എന്നും ബസോസ് ആവശ്യപ്പെട്ടു. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ചരിത്രത്തില്‍ ഒപീനിയന്‍/എഡിറ്റോയില്‍ പേജില്‍ എന്ത് നല്‍കണം, നല്‍കരുത് എന്നൊരു നിബന്ധന ഉടമസ്ഥര്‍ വച്ചിട്ടില്ലായിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനമായാണ് എഡിറ്റോറിയല്‍ പേജുകളുടെ സ്വതന്ത്ര്യ നിലപാടുകളെ കണ്ടിരുന്നത്.

ലോകത്തെ ഏറ്റവും വലിയ ധനവാന്മാരിലേയ്ക്ക് ഉയര്‍ന്ന തന്ത്രശാലിയായ ബിസിനസുകാരനാണെങ്കിലും ബസോസിന് ട്രംപിനോടുള്ള ഭയമാണ് ഈ നിലപാട് മാറ്റത്തിന്റെ കാരണമെന്നാണ് അദ്ദേഹത്തിനോട് അടുപ്പമുള്ളവര്‍ പറയുന്നത്. ജോ ബൈഡന്‍ കാലഘട്ടത്തില്‍ ഡെമോക്രാറ്റുകളുമായി പുലര്‍ത്തിയരുന്ന അടുപ്പം ഇപ്പോള്‍ ദോഷകരമാകുമെന്ന് ജെഫ് ബസോസ് കണക്ക് കൂട്ടുന്നു. കഴിഞ്ഞ ട്രംപ് ഭരണകാലത്ത് ജെഡി അഥവാ ജോയിന്റ് എന്റര്‍പ്രൈസ് ഡിഫെന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടിന്റെ ആമസോണുമായുള്ള ആയിരം കോടി ഡോളറിന്റെ ഒരു കരാര്‍ നഷ്ടമായതാണ് ഏറ്റവും നിര്‍ണായകമായ മുഹൂര്‍ത്തമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നതായി ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘ജെഫ് ബസോസിന് വാഷിംഗ്ടണ്‍ പോസ്റ്റ് വാങ്ങിയത് മൂലം ചെലവായത് 25 കോടി ഡോളറല്ല, 1000 കോടി ഡോളറാണ് എന്ന് പലരും അക്കാലത്ത് തമാശക്ക് പറയുമായിരുന്നു’- വാഷിംഗ്ടണ്‍ പോസ്റ്റിന്റെ മുന്‍ എഡിറ്റര്‍ മാര്‍ട്ടി ബാരോണ്‍ ഫിനാഷ്യല്‍ ടൈംസിനോട് പറഞ്ഞു. പെന്റഗണ്‍ കരാര്‍ നഷ്ടപ്പെട്ടത് ബസോസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പറയുന്നു.

The Washington Post

ബഹിരാകാശ ഗവേഷണം, റോക്കറ്റ് നിര്‍മ്മാണം എന്നിവയിലൂന്നിയ ബ്ലൂ ഒര്‍ജിന്‍ എന്ന ബസോസിന്റെ കമ്പനി മത്സരിക്കുന്നത് ഇലോണ്‍ മസ്‌കിന്റെ സ്പെയ്സ് എക്സിനോടാണ്. കാര്യം 2029 ആകുമ്പോഴേയ്ക്കും ചന്ദ്രനിലേയ്ക്ക് ആളെ വിടുന്നതിനുള്ള ഹെവി റോക്കറ്റ് അയ്ക്കുന്നതിനുള്ള കരാര്‍ ബ്ലൂ ഒര്‍ജിന് ഉണ്ടെങ്കിലും സ്പേയ്സ് എക്സിനേക്കാന്‍ തുലോം പുറകിലാണ് അവര്‍. സ്പെയ്സ് 450 ഓര്‍ബിറ്റല്‍ ലോഞ്ചുകള്‍ അവര്‍ ഇതിനോടകം തന്നെ കരസ്ഥമാക്കി കഴിഞ്ഞു. കഴിഞ്ഞ നവംബറില്‍, പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഈ മത്സരത്തെ ആളിക്കത്തിച്ചുകൊണ്ട് മസ്‌ക് എക്സില്‍ ഒരു പോസ്റ്റ് ഇട്ടു. ‘ബസോസ് എല്ലാവരോടും പറഞ്ഞിരുന്നത് ട്രംപ് തോല്‍ക്കുമെന്നും അപ്പോള്‍ ടെസ്ലയുടേയും സ്പെയ്സ് എക്സിന്റേയും ഓഹരികള്‍ ഞാന്‍ വില്‍ക്കുമെന്നുമാണ്’. ഇതോടു കൂടി ‘നൂറു ശതമാനം നുണ’ എന്ന് മറുപടി ഇടാന്‍ ബസോസ് നിര്‍ബന്ധിതനായി.

ബ്ലൂ ഒര്‍ജിന്‍ ബസോസിനെ സംബന്ധിച്ച് വളരെ പ്രധാനമാണ് എന്നാണ് ഉപദേശകര്‍ കരുതുന്നത്. അതിന്റെ വളര്‍ച്ച പൂര്‍ണമായും സര്‍ക്കാര്‍ കരാറുകളെ ആശ്രയിച്ചാണ്. സര്‍ക്കാരുമായി പിണങ്ങിക്കൊണ്ട് ബ്ലൂ ഒര്‍ജിന്‍ പോലെയുള്ള ബഹികാരാകാശ ബിസിനസ് നടത്തുക സാധ്യമല്ല. ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും ഏറ്റവും അധികാരമുള്ള രാഷ്ട്രീയക്കാനും ഒരുമിച്ച് എതിര്‍ത്താല്‍ ലോകത്തെ രണ്ടാമത്തെ പണക്കാരന്‍ തകര്‍ന്ന് പോകുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ബസോസിന്റെ ഈ അടിയറവ് പറയല്‍. ആമസോണ്‍ അഭൂതപൂര്‍വ്വമായി വളര്‍ന്ന് ലോകത്തെ ഏറ്റവും വലിയ കമ്പനിയായി മാറിയ ഈ രണ്ട് പതിറ്റാണ്ടിലൊരിക്കല്‍ പോലും രാഷ്ട്രീയമായി താത്പര്യങ്ങള്‍ പ്രകടിപ്പിക്കാതെ, അതില്‍ നിന്ന് അകന്ന് നിന്ന ജെഫ് ബസോസ് ഇപ്പോള്‍ പൂര്‍ണമായി മാറിയിരിക്കുന്നു.  Jeff Bezos surrendering to US President Donald Trump

Content Summary; Jeff Bezos surrendering to US President Donald Trump

Leave a Reply

Your email address will not be published. Required fields are marked *

×