ഫ്രാന്‍സ്,അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായൊരു ബാല ലൈംഗിക പീഡകനെ വിചാരണ ചെയ്യാനൊരുങ്ങുകയാണ്. നിര്‍ഭാഗ്യവശാല്‍, അയാള്‍ ഒരു സര്‍ജന്‍ ആണ്. വമ്പിച്ച ജനരോഷം നിലനില്‍ക്കെയാണ് ബ്രിട്ടാനിയില്‍, രാജ്യം കണ്ട ഏറ്റവും വലിയ ബാലപീഡന വിചാരണ ആരംഭിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഇതേ പ്രതി വിചാരണ ചെയ്യപ്പെടുന്നത്. 2020 ല്‍ ഇയാള്‍ വിചാരണ നേരിട്ട് 15 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.
പതിറ്റാണ്ടുകളായി നൂറു കണക്കിന് കുട്ടികളെയാണ് ജോയല്‍ ലെ സ്‌കോര്‍നെക് എന്ന ശസ്ത്രക്രിയ വിദഗ്ധന്‍ ലൈംഗികമായി ഉപദ്രവിച്ചത്. അനസ്‌ത്യേഷ നല്‍കി മയങ്ങി കിടക്കുമ്പോഴാണ് ചില കുട്ടികളെ അയാള്‍ പീഡിപ്പിച്ചത്. ചിലരെ ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമത്തിനിടയിലും, ആശുപത്രി കിടക്കയില്‍ വച്ചും സ്‌കോര്‍നെക് തന്റെ വൈകൃതം കുട്ടികളില്‍ തീര്‍ത്തിരുന്നു. ഡൈജസ്റ്റീവ് സര്‍ജന്‍ ആയ സ്‌കോര്‍നെക് പീഡിപ്പിച്ച കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ഇത്രയധികം കുട്ടികളെ ഈ 73 കാരന്‍ ഉപദ്രവിച്ചു എന്ന കണക്ക്, രാജ്യത്തെ കുട്ടികളുടെ സംരക്ഷണത്തെ പ്രതി നിരവധി ചോദ്യങ്ങളും ഉയര്‍ത്തിയിട്ടുണ്ട്.
ബ്രിട്ടാനിയിലും, അതുപോലെ ഫ്രാന്‍സിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒരുപോലെ ജോലി നോക്കിയിട്ടുണ്ട് സ്‌കോര്‍നെക്. ഇയാള്‍ കൂടുതലായും അപ്പെന്‍ഡിക്‌സ് രോഗികളായ കുട്ടികളുടെ ശസ്ത്രക്രിയകളായിരുന്നു ചെയ്തിരുന്നത്. സ്‌കോര്‍നെക്കിന് ഒരുതരത്തില്‍ അധികാരികളുടെ സഹായവും കിട്ടിയെന്നു പറയാം. കാരണം, ഡാര്‍ക്ക് വെബില്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2004-ല്‍ എഫ് ബി ഐ ഫ്രഞ്ച് അധികാരികള്‍ക്ക് ഇയാളെക്കുറിച്ച് വിവരം കൊടുത്തിരുന്നതാണ്. തുടര്‍ന്ന് കുറ്റക്കാരനാണെന്ന് കണ്ടെത്തി 2005-ല്‍ ഇയാളെ നാല് വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു. കൂടാതെ വൈദ്യസേവനത്തില്‍ നിന്നു താത്കാലികമായി മാറ്റി നിര്‍ത്തുകയും ചെയ്തു. എന്നാല്‍ അതിനുശേഷവും കുട്ടികളുമായി ഇടപഴകുന്നതില്‍ നിന്നും അയാളെ ആരും തടഞ്ഞില്ല. രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ ജോലി ചെയ്യാനും അയാള്‍ക്ക് തടസം ഉണ്ടായിരുന്നില്ല.
താന്‍ ഉപദ്രവിച്ച കുട്ടികളുടെ പേരുകളുടെ ഇനീഷ്യലുകള്‍ സ്‌കോര്‍നെക് ഒരു നോട്ട് ബുക്കില്‍ കുറിച്ചു വച്ചിരുന്നു. ഇനീഷ്യലുകള്‍ക്ക് നേരെ അവരോട് ചെയ്ത കുറ്റങ്ങളും അയാള്‍ ചേര്‍ത്തിരുന്നു. വിചാരണയില്‍ ഇത് പ്രധാന തെളിവാകും. പൊലീസ് ഈ പേരുകള്‍ ആശുപത്രി രേഖകളുമായി ഒത്തു നോക്കിയിരുന്നു. പല കുട്ടികളും അനസ്‌തേഷ്യ സ്വീകരിച്ച് അബോധാവസ്ഥയില്‍ ആയിരിക്കെയാണ് സ്‌കോര്‍നെക് അവരില്‍ തന്റെ ലൈംഗികദാഹം തീര്‍ത്തത്.
1989 മുതല്‍ 2014 വരെ സ്‌കോര്‍നെകിന്റെ ക്രൂരത നീണ്ടുനിന്നുവെന്നാണ് പൊലീസ് പറയുന്നത്.ഇക്കാലത്തിനിടയില്‍ 158 ആണ്‍കുട്ടികളും 141 പെണ്‍കുട്ടികളും ഉള്‍പ്പെടെ രോഗികളായെത്തിയ 299 കുട്ടികളെ ഇയാള്‍ ബലാത്സംഗം ചെയ്യുകയോ ലൈംഗികാതിക്രമം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നാണ് സ്‌കോര്‍നെക്കിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇയാളുടെ ഇരകളായി തീര്‍ന്നവരില്‍ 256 പേര്‍ 15 വയസ്സിന് താഴെയുള്ളവരാണ്. ഇവരുടെ ശരാശരി പ്രായം 11 വയസ് ആയിരുന്നു.
കുട്ടികളില്‍ പലരും ശസ്ത്രക്രിയക്ക് മുന്‍പായി നല്‍കുന്ന അനസ്‌തേഷ്യ മൂലമുള്ള മയക്കത്തിലോ, അതല്ലെങ്കില്‍ ശസ്ത്രക്രിയ കഴിഞ്ഞശേഷമുള്ള മയക്കത്തിലോ ആയിരിക്കുമ്പോഴാണ് സ്‌കോര്‍നെക് അവരെ ഉപദ്രവിച്ചിരുന്നത്. അതുകൊണ്ട് തന്നെ കുട്ടികള്‍ തങ്ങള്‍ നേരിടുന്ന ലൈംഗികോപദ്രവത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല.
തനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ ചിലത് അംഗീകരിക്കുന്നുണ്ടെങ്കിലും പൂര്‍ണമായി അയാള്‍ കുറ്റങ്ങള്‍ സമ്മതിക്കുന്നില്ല. പക്ഷേ, സ്‌കോര്‍നെകിനെതിരേ നടക്കുന്ന വിചാരണ ചരിത്രമാണെന്നാണ്, പരാതിക്കാരുടെ ഭാഗത്തുള്ള ഒരു അഭിഭാഷക പറയുന്നത്. ഒരു ലൈഗിക പീഡന വിചാരണയില്‍ പ്രതിക്കെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മൊഴി നല്‍കുന്നത് ഇതാദ്യമായിട്ടായിരിക്കാമെന്നാണ് അവര്‍ പറയുന്നത്. പരാതിക്കാരില്‍ പലരും ഇപ്പോള്‍ തങ്ങളുടെ 30 കളിലും 40 കളിലും എത്തിയിട്ടുണ്ട്.
2017 ല്‍, സ്‌കോര്‍നെക്കിന്റെ അയല്‍വാസികള്‍ അയാള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കി. അയല്‍വാസിയുടെ ആറു വയസുള്ള കുട്ടിയെ ഉപദ്രവിച്ചു എന്ന പരാതിയിലായിരുന്നു അന്ന് സ്‌കോര്‍നെക്കിനെതിരേ കേസ് എടുത്തത്. പൊലീസിന്റെ അന്വേഷണത്തില്‍ മറ്റ് മുന്നു കുട്ടികളെ കൂടി ഇയാള്‍ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. 1889 നും 1999നും ഇടയിലായിരുന്നു രണ്ട് കുട്ടികളെ ഉപദ്രവിച്ചത്. അത് രണ്ടും ഡോക്ടറുടെ ബന്ധുക്കളായ കുട്ടികള്‍ തന്നെയായിരുന്നു. 1993 ല്‍ തന്റെ രോഗിയായി ആശുപത്രിയിലെത്തിയ നാല് വയസുള്ള ഒരു കുട്ടിയെയും ഇയാള്‍ പീഡിപ്പിച്ചതായി കണ്ടെത്തി. അങ്ങനെയാണ് സ്‌കോര്‍നെക് ആദ്യ വിചാരണയ്ക്ക് വിധേയനാകുന്നത്.
ഡോക്ടറുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കുട്ടികളെ ദുര്യുപയോഗം ചെയ്യുന്ന ചിത്രങ്ങളും നോട്ട്ബുക്കുകളും ഫ്‌ളോര്‍ബോര്‍ഡിനടിയില്‍ ഒളിപ്പിച്ച പാവകളുടെ ശേഖരവും കണ്ടെത്തുകയായിരുന്നു. 1986 മുതല്‍ ഫ്രാന്‍സിന്റെ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്തു തുടങ്ങിയ കാലത്ത്, പ്രായപൂര്‍ത്തിയായവരും കുട്ടികളും ഉള്‍പ്പെടെ താന്‍ പീഡിപ്പിച്ചവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്ന ബുക്കും പൊലീസ് കണ്ടെത്തി.
2020 ല്‍ നടന്ന ആദ്യ വിചാരണയില്‍ നാല് കുട്ടികളെ ലൈംഗികമായി ദുര്യുപയോഗം ചെയ്‌തെന്ന കേസില്‍ സ്‌കോര്‍നെകിനെ 15 വര്‍ഷത്തെ തടവിന് വിധിച്ചു. അയാള്‍ ഇപ്പോള്‍ ആ ശിക്ഷയനുഭവിച്ചു വരികയാണ്.
സ്‌കോര്‍നെക് ഒരു രാക്ഷസനാണെന്നാണ് പരാതിക്കാരുടെ അഭിഭാഷക പറയുന്നത്. സ്വന്തം ജോലി സ്ഥലം അയാള്‍ തന്റെ വേട്ടസ്ഥലമാക്കി. അയാള്‍ക്ക് ആരോടും ഇപ്പോഴും സഹാനഭൂതിയോ, പശ്ചാത്താപമോ ഇല്ല, അഭിഭാഷക കുറ്റപ്പെടുത്തുന്നു. കുട്ടികളുടെ സംരക്ഷണത്തിനും, കുട്ടികളെ ദുര്യുപയോഗം ചെയ്യുന്നവര്‍ എങ്ങനെ ശിക്ഷിക്കപ്പെടുമെന്നും എല്ലാവര്‍ക്കും ബോധ്യപ്പെടാന്‍ ഈ വിചാരണ കാരണമാകണമെന്നും അഭിഭാഷകര്‍ പറയുന്നുണ്ട്.
ഫെബ്രുവരി 24 നാണ് സ്‌കോര്‍നെക്കിനെതിരായ വിചാരണ ആരംഭിക്കുന്നത്. ജൂണ്‍ വരെ നീണ്ടു നില്‍ക്കും. ഇയാളുടെ മരുമക്കളായ രണ്ട് കുട്ടികളുടെ ഉള്‍പ്പെടെ മുപ്പതിനായിരത്തിലധികം കുട്ടികളുടെ ദുര്യപയോഗ ചിത്രങ്ങളാണ് അന്ന് പൊലീസ് കണ്ടെത്തിയത്. Joel le Scouarnec, child abuse trail ,France
Content Summary; Joel le Scouarnec, child abuse trail ,France