യു.കെയുടെ നിര്‍ബന്ധം; വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇന്ത്യ ജനനതീയതി ഉള്‍പ്പെടുത്തും

 
covishield

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ സാങ്കേതികത്വം സംബന്ധിച്ച് ഇന്ത്യയും യുകെയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകുന്നു. വിദേശയാത്ര ചെയ്യേണ്ടവര്‍ക്ക് ജനനതീയതി ഉള്‍പ്പെടെ വിവരങ്ങള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് അടുത്തയാഴ്ച മുതല്‍ ഇത് ലഭ്യമായിത്തുടങ്ങും. അന്താരാഷ്ട്ര യാത്രികര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം വാക്സിന്‍ സ്വീകരിച്ചയാളുടെ ജനനതീയതി വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന യു.കെ അറിയിച്ചതിനെത്തുടര്‍ന്നാണ് പുതിയ മാറ്റമെന്ന് കോവിന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പേര്, പ്രായം, ലിംഗം, റഫറന്‍സ് ഐഡി, വാക്സിന്റെ പേര്, ഒന്നും രണ്ടും ഡോസ് സ്വീകരിച്ച തീയതി, വാക്സിന്‍ നല്‍കിയ ആളുടെ പേര്, വാക്സിനേഷന്‍ കേന്ദ്രത്തിന്റെ പേര്, നഗരം/സംസ്ഥാനം എന്നിങ്ങനെ വിവരങ്ങളാണ് നിലവില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലുള്ളത്. എന്നാല്‍, വാക്‌സിന്‍ സ്വീകരിച്ചയാളുടെ ജനന തീയതി വേണമെന്നാണ് യു.കെ അറിയിച്ചിരിക്കുന്നത്. തുടര്‍ന്നാണ്, ദിവസം-മാസം-വര്‍ഷം എന്ന ക്രമത്തില്‍ ജനനതീയതി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളനുസരിച്ചാണ് ഇന്ത്യ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വക്താവ് ആവര്‍ത്തിച്ചു. വിദേശ യാത്ര നടത്തേണ്ടവര്‍ക്കായാണ് ജനനതീയതി കൂടി ഉള്‍പ്പെടുത്തുന്നത്. വിദേശ യാത്ര നടത്തേണ്ടവര്‍ക്ക് കോവിന്‍ പോര്‍ട്ടലില്‍ ജനന തീയതി കൂടി ചേര്‍ത്ത ശേഷം പുതിയ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും വക്താവ് പറഞ്ഞു.

നേരത്തെ, കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകൃത പട്ടികയില്‍ ഇല്ലാത്തതിനാല്‍ ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പാലിക്കണമെന്ന് യു.കെ യാത്രാച്ചട്ടം പുറത്തിറക്കിയിരുന്നു. നടപടിയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ചട്ടം മാറ്റിയില്ലെങ്കില്‍ സമാനനയം ഇവിടെയും സ്വീകരിക്കുമെന്നായിരുന്നു ഇന്ത്യയുടെ മറുപടി. അതിനുപിന്നാലെ, കോവിഷീല്‍ഡിനെ അംഗീകൃത വാക്‌സിന്റെ പട്ടികയില്‍ യുകെ ഉള്‍പ്പെടുത്തിയെങ്കിലും ക്വാറന്റൈന്‍ നടപടി ഒഴിവാക്കിയില്ല. പ്രശ്‌നം വാക്‌സിന്‍ അല്ലെന്നും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലാണെന്നും അറിയിക്കുകയും ചെയ്തു. ഇന്ത്യ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കുകയുള്ളൂ എന്നും യുകെ നിലപാടെടുക്കുകയായിരുന്നു.