കാടില്ലാത്ത ആലപ്പുഴ ജില്ലയില്‍ മിയാവാക്കി വനം ഒരുക്കുന്നു

 
കാടില്ലാത്ത ആലപ്പുഴ ജില്ലയില്‍ മിയാവാക്കി വനം ഒരുക്കുന്നു

മലകളും കാടുകളും ഇല്ലാത്ത ജില്ലയാണ് ആലപ്പുഴ. എന്നാല്‍ ആലപ്പുഴയുടെ ആ സങ്കടത്തിന് ചെറിയൊരു ആശ്വാസമാകുന്നു. കാടില്ലാത്ത ആലപ്പുഴ ജില്ലയില്‍ മിയാവാക്കി വനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ആലപ്പുഴയില്‍ ആരംഭിക്കുന്ന തുറമുഖ മ്യൂസീയത്തിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് മിയാവാക്കി വനം വരുന്നത്. ഉപ്പൂട്ടി കനാലിനരികിലെ പോര്‍ട്ടിന്റെ 20 സെന്റ് സ്ഥലത്താണ് നിര്‍മ്മാണം നടക്കുന്നത്.

സ്ഥലം ഒരുക്കി മണ്ണിന്റെ ഘടന ശരിയാക്കുന്ന പ്രക്രിയ പൂര്‍ത്തിയായി. ഒക്ടോബര്‍ ആദ്യ വാരം തൈകള്‍ നടും. 10 സെന്റില്‍ 1600 തൈകള്‍ എന്ന കണക്കില്‍ 3200 വൃക്ഷത്തൈകളാണ് നടുന്നത്. ഇതില്‍ പൂവരശ്, പുന്ന, ആറ്റുവഞ്ചി, കുടംപുള്ളി, മാവ്, അശോകം, പ്ലാവ് എന്നിങ്ങനെ ഇതില്‍ നൂറോളം വ്യത്യസ്ത ഇനം മരങ്ങള്‍, വന്‍മരങ്ങള്‍, കുറ്റിച്ചെടികള്‍, ആയുര്‍വ്വേദ ചെടികള്‍, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
ഒരു സ്‌ക്വയര്‍ മീറ്ററില്‍ 60 സെ.മീ ഉയരത്തിലുള്ള 4 തൈകള്‍ വീതമാണ് നടുക. ഗ്രോബാഗില്‍ നട്ടുവളര്‍ത്തി എടുക്കുന്നതിനാല്‍ തൈകളുടെ വേരുകള്‍ അതിവേഗം വളരും. ഒരു മീറ്റര്‍ താഴ്ചയില്‍ മണ്ണ് നീക്കം ചെയ്ത് അതില്‍ വ്യത്യസ്ത അനുപാതത്തില്‍ ചാണകം, ചകിരിച്ചോര്‍, നെല്ലിന്റെ ഉമി എന്നിവ മണ്ണില്‍ മിശ്രിതം ചെയ്തത് മൂന്ന് തട്ടുകളായി വിരിക്കലാണ് പ്രാരംഭ ഘട്ടം.
കൂടാതെ വൈക്കോല്‍ ഉപയോഗിച്ച് തൈകളുടെ അടിഭാഗം മൂടുന്നതിനാല്‍ വെള്ളം അതിവേഗം മണ്ണില്‍ എത്താതെ ചെടിയുടെ ചുവട്ടില്‍ ഈര്‍പ്പം അധികം നേരം നിര്‍ത്താനും സാധിക്കും. ഇത്തരത്തില്‍ 5 വര്‍ഷം കൊണ്ട് മരങ്ങള്‍ക്ക് 30 വര്‍ഷത്തെ വളര്‍ച്ച കിട്ടും. മിയാവാക്കി രീതിയിലുള്ള വനം ഒരുക്കുമ്പോള്‍, ചെടികള്‍ രണ്ട് വര്‍ഷത്തെ പരിചരണം കൊണ്ട് തന്നെ കാടായി മാറാറുണ്ട്.
കേരള ഡവലപ്പ് മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ കീഴില്‍ പരിസ്ഥിതി സന്നദ്ധ സംഘടനയായ നേച്ചേഴ്‌സ് ഗ്രീന്‍ ഗാര്‍ഡിയന്‍ ഫൗണ്ടേഷന്‍, ഇന്‍വിസ് മള്‍ട്ടി മീഡിയ, കള്‍ച്ചറല്‍ ഷോപ്പിയും ചേര്‍ന്നാണ് മിയാവാക്കി വനം ഒരുക്കുന്നത്. വനത്തിന്റെ മേല്‍ നോട്ടം നടത്തുന്നത് കേരള യൂണിവേഴ്‌സിറ്റി സസ്യശാസ്ത്ര വിഭാഗം, പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദഗ്ദധരാണ്.
മിയാവാക്കി വനം?
ജപ്പാനിലെ യോകോഹാമ സര്‍വകലാശാലയിലെ പ്രൊഫസറും ലോക പ്രശസ്ത സസ്യ ശാസ്ത്രജ്ഞനുമായ ഡോ. അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത ഒരു കൃഷി രീതിയാണ് മിയാവാക്കി വനം. 1970-കളില്‍ ആണ് ലോകത്തിന് മുന്നില്‍ ആദ്ദേഹം ഈ ആശയം അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്. തൊണ്ണൂറ് വയസ്സ് പിന്നിട്ട മിയാവാക്കി ഇതിനായി 1700 ഇടങ്ങളിലായി നാല് കോടി സസ്യങ്ങള്‍ വച്ചുപിടിപ്പിച്ചെന്നാണ് കണക്ക്.
സ്വാഭാവിക വനങ്ങളോട് കിട പിടിയ്ക്കുന്ന കാടുകള്‍ വളരെ കുറഞ്ഞ കാലം കൊണ്ട് നഗര മേഖലയില്‍ സൃഷ്ടിക്കാന്‍ മിയാവാക്കി ശൈലി സഹായിക്കുന്നു. മിയാവാക്കി വനങ്ങള്‍ നഗരങ്ങള്‍ വനവല്‍ക്കരിക്കാനും അതുവഴി അവിടത്തെ താപ നില കുറയ്ക്കുന്നതിനും സഹായകരമാകും. പ്രാദേശിക ആവാസ വ്യവസ്ഥയില്‍ വളരുന്ന വലുതും ചെറുതുമായ മരങ്ങളുടെ വൈവിധ്യമേറിയ ശേഖരമാണ് ഇത്തരം കാടുകള്‍.
തനിയെ രൂപപ്പെടുന്ന കാടുകളെക്കാള്‍ വളരെ ഉയര്‍ന്ന വളര്‍ച്ച നിരക്കാണ് മിയാവാക്കി വനങ്ങളുടെ പ്രധാന സവിശേഷത. ശരാശരി 10 - 15 വര്‍ഷം കൊണ്ട് തന്നെ 150 വര്‍ഷം പ്രായമുള്ള സ്വാഭാവിക വനങ്ങള്‍ക്ക് തുല്ല്യമായ ഒരു കാട് രൂപപ്പെടുത്താന്‍ ഈ ശൈലി വഴി സാധിക്കുന്നു. ചെടികള്‍ നടുന്നതിലെ പ്രത്യേകതകളാണ് ഇതിന് കാരണം.