3000 അടി ഉയരത്തിലുള്ള ഇടുക്കിയിലെ മനോഹരമായ ഈ പുല്‍മേട്ടില്‍, 'അഡ്വഞ്ചര്‍ സോണ്‍' നിര്‍മ്മിക്കുന്നു

 
3000 അടി ഉയരത്തിലുള്ള ഇടുക്കിയിലെ മനോഹരമായ ഈ പുല്‍മേട്ടില്‍, 'അഡ്വഞ്ചര്‍ സോണ്‍' നിര്‍മ്മിക്കുന്നു

ഇടുക്കി എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ ആദ്യമെത്തുക മൂന്നാറായിരിക്കും. തേക്കടിയും, പീരുമേടും തുടങ്ങിയ സ്ഥലങ്ങളും ഏവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ ഇതിനൊപ്പം, അല്ലെങ്കില്‍ ഇതിനേക്കാള്‍ ഭംഗിയേറിയ, ടൂറിസം സാധ്യതകളുള്ള പ്രദേശങ്ങള്‍ ഇടുക്കിയിലുണ്ട്. അത്തരം പ്രദേശങ്ങളുടെ സാധ്യത കണ്ടറിഞ്ഞ്, ടൂറിസം വികസനം നടപ്പാക്കുന്നതിന് ടൂറിസം വകുപ്പ് പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ടൂറിസ്റ്റുകളെ വലിയ തോതില്‍ ആകര്‍ഷിക്കാവുന്ന പ്രകൃതി സുന്ദരമായ സ്ഥലമാണ് പാഞ്ചാലിമേട്. പാഞ്ചാലിമേടിനെ കുറിച്ച് ആ വഴി കടന്നുപോകുന്ന പല ടൂറിസ്റ്റുകളും അജ്ഞരാണ്.

ഇതിന് ഒരു പരിഹാരമുണ്ടാക്കാന്‍ എന്ത് ചെയ്യണമെന്നും, ഏത് തരത്തിലുള്ള വികസന സാധ്യതയാണ് പാഞ്ചാലിമേട്ടിലുള്ളതെന്നും ആലോചിച്ച ടൂറിസം വകുപ്പ് അതിനുള്ള നടപടിയും കൈക്കൊണ്ടിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 3000 അടിയോളം ഉയരത്തില്‍ നിലകൊള്ളുന്ന മനോഹരമായ പുല്‍മേടിന് അനുയോജ്യമായ രീതിയില്‍, പ്രകൃതി സൗഹൃദകരമായാണ് 3.17 കോടി രൂപയുടെ ആദ്യഘട്ട ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

പഞ്ചാലിമേട് ടൂറിസം വികസനം രണ്ടാം ഘട്ട നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. 3 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയാണ് രണ്ടാംഘട്ടത്തില്‍ പാഞ്ചാലിമേട്ടില്‍ നടപ്പാക്കാന്‍ പോകുന്നത്. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന 3 കോടി രൂപ ഉപയോഗിച്ച് പാഞ്ചാലിക്കുളം നവീകരണം, ചെക്ക് ഡാം, ഹാന്‍ഗിംഗ് ബ്രിഡ്ജ്, അഡ്വഞ്ചര്‍ സോണ്‍ എന്നിവ നിര്‍മിക്കുന്നതാണ്.

അമിനിറ്റി സെന്റര്‍, റെയിന്‍ ഷെല്‍ട്ടറുകളും നടപ്പാതയും മഡ്ഹൗസുകളും സോളാര്‍വിളക്കുകളും ടോയ്‌ലറ്റുകളും ഇരുന്ന് വിശ്രമിക്കാനുള്ള ബഞ്ചുകളുമെല്ലാം ആദ്യ ഘട്ട വികസനത്തിലൂടെ ഒരുക്കിയതോടെ പാഞ്ചാലിമേടിന് പുതിയ മുഖം തന്നെ സൃഷ്ടിക്കാനായി. കൂടുതല്‍ സുന്ദരിയായി പാഞ്ചാലിമേട് സഞ്ചാരികളുടെ പറുദീസയായി മാറുന്നതിന് ആദ്യ ഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ സഹായിച്ചിരുന്നു.

ആദ്യ ഘട്ട വികസ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച വേളയില്‍ തന്നെ തുടര്‍വികസന പദ്ധതികള്‍ പാഞ്ചാലിമേട്ടില്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇപ്പോഴത്തെ ഈ കോവിഡ് കാലഘട്ടത്തെ അതിജീവിക്കുന്നതോടെ നമുക്ക് പാഞ്ചാലിമേട്ടിലേക്ക് ആയിരകണക്കിന് ടൂറിസ്റ്റുകള്‍ നിരന്തരമെത്തുന്നത് കാണാനാകുമെന്നും അതിന് പര്യാപ്തമായ വികസനപ്രവര്‍ത്തനങ്ങളും, ഇടപെടലുമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.