ലോക ഉത്തരവാദിത്ത ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച് അയ്മനം ഗ്രാമ പഞ്ചായത്ത്

 
ലോക ഉത്തരവാദിത്ത ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച് അയ്മനം ഗ്രാമ പഞ്ചായത്ത്

അയ്മനം ഗ്രാമ പഞ്ചായത്ത് ഇനി മാത്യക ഉത്തരവാദിത്ത ടൂറിസം ഗ്രാമം. കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ അയ്മനത്തെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചു. 2020 സെപ്റ്റംബര്‍ 17 വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാന തല ഉത്ഘാടനം നിര്‍വ്വഹിച്ച വേദിയിലാണ് ഈ പ്രഖ്യാപനം നടന്നത്.

ഇതോടെ കുമരകത്തിന് പിന്നാലെ അയ്മനവും ലോക ഉത്തരവാദിത്ത ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കുകയാണ്. ഓണ്‍ലൈനായി നടന്ന ' പ്രഖ്യാപന ചടങ്ങിനൊപ്പം അയ്മനം ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഭാഗമായ 14 യൂണിറ്റുകളുടെ ഉദ്ഘാടനവും, അയ്മനത്തെ കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ് പാക്കേജുകളുടെ പ്രഖ്യാപനവും, രണ്ടാം ഘട്ട പരിശീലന പരിപാടിയുടെ ഉത്ഘാടനവും നടന്നു.
ചടങ്ങില്‍ ടൂറിസം - ദേവസ്വം - സഹകരണ വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. അയ്മനത്തെ, മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അയ്മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമത്തിന്റെ മാതൃകയില്‍ തന്നെ കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചു.കെ സുരേഷ് കുറുപ്പ് എം എല്‍ എ മുഖ്യ അതിയിയായി ഓണ്‍ലൈനില്‍ പങ്കെടുത്തു
ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് ഐഎഎസ് ഡയക്ടര്‍ ശ്രീ ബാലകിരണ്‍ ഐ എ എസ്, അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ കെ ആലിച്ചന്‍, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോര്‍ഡിനേറ്റര്‍ ശ്രീ കെ രൂപേഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു
അയ്മനം ഗ്രാമപഞ്ചായത്ത് ടൂറിസം മേഖലയില്‍ നടത്തിയ ജനകീയ കൂട്ടായ്മയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം കൂടിയാണിത്. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെ സമ്പൂര്‍ണ്ണമായി ഗ്രാമപഞ്ചായത്തിന്റെ പദ്ധതികളായി സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് മാതൃക ഉത്തരവാദിത്ത ഗ്രാമം എന്ന പദ്ധതിയിലൂടെ അയ്മനം പ്രാവര്‍ത്തിക മാക്കിയത്. സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കിയ 13 പഞ്ചായത്തുകളില്‍ നിശ്ചയിച്ച എല്ലാ കാര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കി വിജയിപ്പിച്ച ആദ്യ പഞ്ചായത്താണ്. അയ്മനം. അയ്മനത്തെ അന്തരാഷ്ട്ര ടൂറിസം കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള നടപടി ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേത്യത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.
മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയിലൂടെ അയ്മനം നടത്തേണ്ടതും നടത്തിയതുമായ പ്രവര്‍ത്തനങ്ങളുടെ ചുരുങ്ങിയ വിവരണം താഴെ ചേര്‍ക്കുന്നു
1: സ്‌പെഷ്യല്‍ ടൂറിസം ഗ്രാമസഭ :- ഈ ഗ്രാമസഭനടന്നത് - 2018 ജനുവരി 18 ന് നടന്ന സ്‌പെഷ്യല്‍ ടൂറിസം ഗ്രാമ സഭയിലൂടെയാണ് അയ്മനം പഞ്ചായത്തിന്റെ പ്രധാന ടൂറിസം പദ്ധതികള്‍ രൂപം കൊണ്ടത്. ചീപ്പുങ്കല്‍ ഹൗസ്‌ബോട്ട് ജെട്ടി നിര്‍മ്മാണ പദ്ധതിയും, വലിയമടക്കുഴി പദ്ധതിയും ഇതില്‍ ഉള്‍പ്പെടും. ഇവയ്ക് രണ്ടിനും സര്‍ക്കാര്‍ ഭരണാനുമതി നല്‍കിക്കഴിഞ്ഞു.
2: രണ്ട് ഘട്ടമായി 1000 പേര്‍ക്ക് തൊഴില്‍ പരിശീലനം - ആദ്യ ഘട്ടം :- 2020 മാര്‍ച്ച് 31 ന് മുമ്പ് 600 പേര്‍ക്ക് മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കുമ്പോള്‍ പൂര്‍ത്തിയാക്കണം എന്നതായിരുന്നു ലക്ഷ്യം. ഇപ്പോള്‍ വരെ 617 പേര്‍ക്ക് പരിശീലനം നല്‍കി. രണ്ടാം ഘട്ട പരിശീലനത്തിന്റെ ഉത്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ച് കഴിഞ്ഞു.
3: പ്രദേശവാസികളുടെ ടൂറിസം സംരഭങ്ങള്‍ ആരംഭിക്കണം. - ഉത്തരവാദിത്ത ടൂറിസം മിഷനുമായി ബന്ധപ്പെട്ട് വിവിധങ്ങളായ 118 സംരഭങ്ങള്‍ പ്രവര്‍ത്തന സജ്ജമായി. 10 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു. 14 യൂണിറ്റുകള്‍ പ്രവര്‍തനോത്ഘാടനം ഇന്ന് നടന്നു .
4: പ്രാദേശിക ടൂറിസം പ്രവര്‍ത്തനങ്ങളും ഇവന്റുകളും ആരംഭിക്കണം - ആമ്പല്‍ ഫെസ്റ്റ് 2019 ഡിസംബര്‍ 17 ന് ടൂറിസം മന്ത്രി ഉത്ഘാടനം ചെയ്തു.
5: പരിസ്ഥിതി സൗഹൃദ ടൂര്‍ പാക്കേജുകള്‍ ആരംഭിക്കണം :- വില്ലേജ് വാക്ക്, പാഡി ഫീല്‍ഡ് വാക്ക് പദ്ധതികള്‍, സൈക്കിള്‍ ടൂര്‍ പാക്കേജുകള്‍ എന്നിവ നടന്ന് വരുന്നു.
6: കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ് പാക്കേജ് തുടങ്ങണം :- സംസ്ഥാനാടിസ്ഥാനത്തിലുള്ളപാക്കേജില്‍ അയ്മനത്തെ ഉള്‍പ്പെടുത്തി പാക്കേജ് തയ്യാറായി. ദേശീയ, വിദേശ ടൂറിസം മേഖലകളില്‍ അയ്മനത്തിന്റെ പരമ്പരാഗത കലാകാരന്‍മ്മാരെയും കള്‍ച്ചറല്‍ പരിപാടികളും അതോടൊപ്പം ഗ്രാമഭംഗിയും ഒപ്പിയെടുത്ത് പ്രദര്‍ശിപ്പിക്കുകയുണ്ടായി.
7: തദ്ദേശ ടൂര്‍ സഹായികള്‍ / ഗൈഡുമാര്‍ ഉണ്ടാകണം :- ഒരു സ്റ്റേറ്റ് ലവല്‍ ഗൈഡും 24 കമ്യൂണിറ്റി ടൂര്‍ ലീഡര്‍മാരും ഉണ്ട്. വനിതാ കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍മാരെ ക്കുറിച്ച് വലിയ മാധ്യമ വാര്‍ത്തകള്‍ തന്നെ വന്നിട്ടുണ്ട്.
8: ഗ്രാമീണ ടൂറിസം പാക്കേജുകള്‍ തുടങ്ങണം :- നിരവധി പാക്കേജുകള്‍ മാഞ്ചിറ ഉള്‍പ്പെടെയുള്ള ഭാഗത്ത് നടന്ന് വരുന്നു.
9: വാട്ടര്‍ ഔട്ട് ലറ്റുകള്‍ സ്ഥാപിക്കണം :- 4 വീടുകളില്‍ ഓപ്പണ്‍. ഐസ് പ്രോജക്ടുമായി ചേര്‍ന്ന് വാട്ടര്‍ ഔട്ട് ലറ്റുകള്‍ സ്ഥാപിച്ചു.
10: മാലിന്യ സംസ്‌കരണത്തിന് പ്രത്യേക ഊന്നല്‍ വേണം :- വീടുകളില്‍ നിന്ന് മാലിന്യസംസ്‌കരണത്തിന് ഗ്രൂപ്പുകളുണ്ട്. വേമ്പനാട് കായല്‍ ക്ലീനിങ്ങ് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ച് നടപ്പാക്കി.
11: ടൂറിസം മേഖല പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ പദ്ധതി വേണം :- ഹൗസ് ബോട്ടുകള്‍, ശിക്കാരകള്‍, മോട്ടോര്‍ ബോട്ടുകള്‍ എന്നിവയും റിസോര്‍ട്ടും 2020 ജനുവരി 1 ന് പ്ലാസ്റ്റിക് വിമുക്തമായി. ഇതിനായി തുണിസഞ്ചികള്‍ RT മിഷന്‍ നല്‍കി. വീടുകളിലേക്ക് പഞ്ചായത്തും നല്‍കി.
12: ഡെസ്റ്റിനേഷന്‍ കോഡ് ഓഫ് കോണ്ടക്ട് നടപ്പിലാക്കണം :- ടൂറിസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരഭങ്ങള്‍ക്കുമുള്ള കരട് തയ്യാറാക്കി.
13: പ്രാദേശിക ടൂറിസം റിസോര്‍സ് മാപ്പിങ്ങ് നടത്തി. കരട് ഡയറക്ടറി പഞ്ചായത്തിന് കൈമാറി.
ഈ പ്രവര്‍ത്തനങ്ങളിലൂടെയാണ് മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം എന്ന വന്‍ നേട്ടത്തിലേക്ക് അയ്മനം എത്തിയത്.