ചില തിരിച്ചുപോക്കുകള്‍; ബിഹാറിന്റെ ഹൃദയത്തിലൂടെ- ഭാഗം 1

 
ചില തിരിച്ചുപോക്കുകള്‍; ബിഹാറിന്റെ ഹൃദയത്തിലൂടെ- ഭാഗം 1

ഡല്‍ഹിയിലെ ജന്‍പഥില്‍, പഞ്ചനക്ഷത്രഹോട്ടലായ ലേ മെറിഡിയനു മുന്നില്‍ വെച്ചായിരുന്നു ഞങ്ങള്‍ കയറിയിരുന്ന ഓട്ടോറിക്ഷയില്‍ കപ്പലു പോലെയുള്ള ഒരു കാര്‍ പാഞ്ഞു വന്നിടിച്ചത്. ഭാഗ്യം കൊണ്ട് ചോരയൊഴുകുന്ന പരിക്കൊന്നും ഉണ്ടായില്ല. എന്നാലും ഇടിയുടെ ആഘാതത്തില്‍ ആകെ ഉലഞ്ഞു പോയ എന്‍റെ ശരീരം എവിടെയൊക്കെയോ അമര്‍ന്നു ചതഞ്ഞു... വേദനിച്ചു. രണ്ട് മാസത്തിനിപ്പുറം ഇപ്പോഴും വേദനിക്കുന്നു.

ഡല്‍ഹിയില്‍ നിന്ന് സിയാല്‍ദയിലേക്ക് പോകുന്ന രാജധാനി എക്സ്പ്രസ്സില്‍ കയറണമായിരുന്നു ഞങ്ങള്‍ക്ക്. ആദ്യമായാണ് ഞാന്‍ രാജധാനിയില്‍ കയറുന്നത്. പത്താം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ബാഗും ചുമന്ന് കിതച്ച് കിതച്ച് എത്തിയപ്പോഴേക്കും ശരീരമാകെ വേദനിക്കുന്നുണ്ടായിരുന്നു.

ബംഗാളികളുടെ ഒരു വലിയ മീന്‍ ചന്ത പോലെ തോന്നിച്ചു ആ രാജധാനി. കുറെ നേരത്തേക്ക് ഞാന്‍ മലയാളം പോലും ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടി.

ഡല്‍ഹി വിട്ടാല്‍ ഉടനെ കുറെ ഇഷ്ടികപ്പാടങ്ങള്‍ കാണുമെങ്കിലും പിന്നീട് കാര്‍ഷിക സമൃദ്ധി പച്ചപ്പായി നമ്മുടെ കണ്ണുകളെ വിരുന്നൂട്ടാതിരിക്കില്ല. അത് ആഹ്ലാദകരമായ ഒരു കാഴ്ച തന്നെയായിരുന്നു. ഗോതമ്പ് വയലുകളും അറ്റം കാണാത്ത പച്ചക്കറിപ്പാടങ്ങളും കടുകുചെടികള്‍ പൂത്തുലഞ്ഞുണ്ടായ മഞ്ഞക്കടലും നോക്കെത്താദൂരത്തോളം വ്യാപിച്ചു കിടന്നു. ഫെബ്രുവരി മാസമായതുകൊണ്ട് അഞ്ചുമണിയായപ്പോഴേക്കും മൂടല്‍മഞ്ഞ് തന്‍റെ തൂവെള്ള സാരിയുമായി താഴ്ന്നിറങ്ങി കാഴ്ചകളെ മറയ്ക്കാന്‍ തുടങ്ങി.

രാജധാനിയിലെ യാത്രയ്ക്ക് സങ്കല്‍പിച്ച അത്ര രസമൊന്നുമുണ്ടായിരുന്നില്ല. റീഡിംഗ് ലാംപ് കത്തുന്നുണ്ടായിരുന്നില്ല. ടോയ് ലറ്റും പരിതാപകരമായിരുന്നു. ഭക്ഷണം മാത്രം ആവശ്യത്തിലുമധികം കിട്ടിക്കൊണ്ടിരുന്നു. വല്ലാത്ത തണുപ്പും ബംഗാളി ഭാഷയുടെ ഷബോഷ ബഹളവും കൂടിയായപ്പോള്‍ വേഗം കിടന്നുറങ്ങാമെന്നാണ് എനിക്ക് തോന്നിയത്. രാവിലെ മൂന്നാലു മണിയാവുമ്പോഴേക്കും ഗയ എത്തുമെന്നാണറിവ്. ഫോണില്‍ ഒരു അലാം സെറ്റ് ചെയ്തു വെച്ച് പുതപ്പെടുത്ത് തല വഴി മൂടിക്കിടന്നു.

ഗയയ്ക്കടുത്ത മഖ്സൂദ്പൂരിലെ രാജാസാഹേബും റാണി സാഹിബയുമായിരുന്നു ആതിഥേയര്‍. എല്ലാ നിലയ്ക്കും രാജകീയമായ സ്വീകരണവും താമസവും തന്നെയായിരുന്നു കാത്തിരുന്നത്. ഗയ സ്റ്റേഷനില്‍ എന്‍ഡവര്‍ കാത്ത് നിന്നിരുന്നു. ഗയ ടൌണിലെ കൊച്ചു കൊട്ടാരത്തിലേക്കായിരുന്നു ആദ്യം പോയത്. കൊട്ടാരത്തിനു മുന്നില്‍ വലിയൊരു കുന്നും അതിന്‍റെ ഉച്ചിയില്‍ പ്രകാശത്തില്‍ കുളിച്ചു നില്‍ക്കുന്നൊരു അമ്പലവുമുണ്ടായിരുന്നു. കൊച്ചുകൊട്ടാരത്തെ ആദ്യം കോള്‍ഡ് സ്റ്റോറേജാക്കി മാറ്റി, ഇപ്പോള്‍ അത് പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് കെട്ടിടത്തെ ഒരു സ്കൂള്‍ ആക്കി മാറ്റാനുള്ള പരിശ്രമത്തിലായിരുന്നു അവര്‍. സൂര്യനുദിക്കും മുന്‍പേ കെട്ടിടം മുഴുവന്‍ നടന്നു കണ്ടു. അനവധി കൂറ്റന്‍ മുറികള്‍ കൊട്ടാരത്തിലുണ്ടായിരുന്നു. കുറെ സഹായികളുമുണ്ടായിരുന്നു. പലരും ഇരുപത്തഞ്ചും മുപ്പതും കൊല്ലമായി രാജാസാഹേബിനൊപ്പം ജോലി ചെയ്യുന്നവരാണ്. അതിഥികളുടേയും കാലു തൊട്ട് വന്ദിക്കുക എന്നത് അവരുടെ നിത്യപ്പതിവാണെന്ന് തോന്നി. വളരെക്കൂടുതല്‍ വിനയവും മര്യാദയും പെരുമാറ്റത്തില്‍ പ്രകടിപ്പിക്കുന്നവരായിരുന്നു അവരെല്ലാവരും തന്നെ.

ചില തിരിച്ചുപോക്കുകള്‍; ബിഹാറിന്റെ ഹൃദയത്തിലൂടെ- ഭാഗം 1

ഗയ ഒരു വലിയ പട്ടണമല്ല, എന്നാല്‍ വലുപ്പമാര്‍ജ്ജിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടക്കുന്നുണ്ട്. വളരെ വീതി കുറഞ്ഞ വഴികളും വഴികള്‍ക്കരികില്‍ ആണ്‍-പെണ്‍ സമത്വത്തോടെ പ്രാഥമിക ദിനകൃത്യങ്ങള്‍ നിര്‍വഹിക്കുന്ന സാധാരണക്കാരും നിറഞ്ഞ ഒരു പട്ടണമായിട്ടാണ് ആ പ്രഭാതത്തില്‍ ഗയ പ്രത്യക്ഷപ്പെട്ടത്. ഫല്‍ഗു നദിയ്ക്ക് മേലെയുള്ള വലിയ പാലവും വീതി കൂടാന്‍ പരിശ്രമിക്കുന്ന വഴികളും വലിയ കുഴികളുമെല്ലാമായി എന്‍ഡവര്‍ ഓളത്തില്‍ ചാഞ്ചാടുന്ന തോണിയെപ്പോലെ മഖ്സൂദ്പൂര്‍ ലക്ഷ്യമാക്കി നീങ്ങി.

രാംശില കുന്നും ഫല്‍ഗു നദിയും പശുവുമായി ബന്ധപ്പെട്ട ഒരു രാമായണകഥ പറഞ്ഞു തരികയായിരുന്നു റാണി സാഹിബാ. ദശരഥന്‍റെ ശ്രാദ്ധത്തിനു ഫല്‍ഗു നദിയുടെ കരയില്‍ സീത എല്ലാ തയാറെടുപ്പും ചെയ്ത് ശ്രീരാമനേയും ലക്ഷ്മണനേയും കാത്തിരുന്നുവെങ്കിലും അവര്‍ നേരത്തിനു എത്താതിരുന്നതുകൊണ്ട് സീത തന്നെ എല്ലാ കര്‍മ്മങ്ങങ്ങളും ചെയ്തു, സ്ത്രീയായതുകൊണ്ട് ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ വിലക്കുള്ള സീത കര്‍മ്മങ്ങള്‍ ചെയ്തുവെന്ന് ആരും വിശ്വസിച്ചില്ലെങ്കിലോ എന്ന് കരുതി രാംശിലയേയും ഫല്‍ഗു നദിയേയും നദിക്കരയില്‍ മേഞ്ഞിരുന്ന ഒരു പശുവിനേയും സാക്ഷിയായി വിളിച്ചു. സാക്ഷി പറഞ്ഞുകൊള്ളാമെന്ന് ഏറ്റ മൂന്നു പേരും ശ്രീരാമനേയും ലക്ഷ്മണനേയും കണ്ടപ്പോള്‍ കാലുമാറി. 'ആ സീത ചെയ്തിട്ടുണ്ടാവും ഞങ്ങളെങ്ങും കണ്ടില്ല.. ആ അറിഞ്ഞു കൂടാ' എന്നായി... സീത അന്ന് ശപിച്ചതാണത്രേ, ആ ശാപഫലമായി ഇന്നും രാംശിലാ കുന്നില്‍ ഒരു പുല്ലു പോലുമില്ല. ഫല്‍ഗു നദിയില്‍ വെള്ളവുമില്ല, പശു സ്പര്‍ശിച്ചാല്‍ പിന്നെ ആ ഭക്ഷണമോ പൂവോ പൂജയ്ക്കെടുക്കുകയുമില്ല. സീതയോട് ചെയ്ത വിശ്വാസവഞ്ചനയ്ക്കുള്ള ശിക്ഷയാണത്!

ഗയയിലെ റോഡുകളില്‍ എന്‍ഡവര്‍ ചാഞ്ചാടുകയായിരുന്നെങ്കില്‍ മഖ്സൂദ് പൂരിലെക്കുള്ള വഴി തിരിഞ്ഞപ്പോള്‍ അതിനു ഭ്രാന്തു പിടിച്ച പോലെയായി. അത് വലിയ കിണറുകളില്‍ ചെന്നു വീഴും പിന്നെ ചീറിക്കൊണ്ട് എണീക്കും. കുറച്ചു മിനിറ്റുകള്‍ ഒന്നു സമാധാനിക്കാന്‍ ശ്രമിക്കും. വീണ്ടും കിണറില്‍ വീഴും. വല്ലാത്ത നാട്ടുവഴികളായിരുന്നു അത്, വഴിക്കിരുവശവും സിര്‍ക്കൊണ്ട പുല്ലുകള്‍ ഒരു വനം പോലെ വളര്‍ന്നു നിന്നിരുന്നു. ഉത്തരേന്ത്യയിലെ പ്രധാന നാടന്‍ ഇരിപ്പിടങ്ങളായ മോഡകളും മോഡക്കസേരകളും നിര്‍മ്മിക്കുന്നതും പാവങ്ങള്‍ പുര മേയുന്നതും ഈ സിര്‍ക്കൊണ്ട പുല്ലുകള്‍ ഉപയോഗിച്ചാണ്.

കൊട്ടാരത്തിലേക്ക് തിരിയുന്ന വഴിക്കരികില്‍ ഡാക്ബാബയുടെ ഒരു പ്രതിഷ്ഠ ഉണ്ട്. യാത്രകള്‍ ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴും അവിടേക്ക് നാണയങ്ങള്‍ വലിച്ചെറിയുന്നത് ഒരു ആചാരമായി കാണപ്പെട്ടു. അതുപോലെ യാത്ര തുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍ത്ത തൈര് കഴിക്കുന്നതും ഒരു കലശം വെള്ളത്തില്‍ നാണയങ്ങളിടുന്നതും കൃത്യമായി പാലിക്കപ്പെട്ട മറ്റൊരു ആചാരമായിരുന്നു.

ഷേര്‍ഷാ സൂരി പണിത കോട്ടയുടെ താഴ്വാരത്തിലായിരുന്നു മഖ്സൂദ്പൂര്‍ കൊട്ടാരം. ഡല്‍ഹിയിലെ ല്യുട്ട്യന്‍സ് ബംഗ്ലാവുകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു നിര്‍മ്മിതിയായിരുന്നു അത്. ഡല്‍ഹിയില്‍ നിന്ന് കല്‍ക്കത്ത വരെ പോകുന്ന ഗ്രാന്‍റ് ട്രങ്ക് റോഡ് ഷേര്‍ഷായുടെ ഈ കോട്ടയ്ക്കരികിലൂടെയാണ്. ആ വഴി നിര്‍മ്മിച്ച് ചുങ്കം പിരിയ്ക്കാനും കച്ചവടം നിയന്ത്രിക്കാനും പൊതുവേ ഭരണം സുഗമമാക്കാനും ഉള്ള ഭരണപരമായ സംവിധാനമായിട്ടാണ് ഷേര്‍ഷാ ആ കോട്ട പണിതത്. കോട്ട ഇപ്പോള്‍ ഏകദേശം പൂര്‍ണമായും ഇടിഞ്ഞു പൊളിഞ്ഞു കഴിഞ്ഞു. വിഷപ്പാമ്പുകളുടെ വിഹാരകേന്ദ്രമാണ് അവിടം. അതുകൊണ്ട് കോട്ട കാണാനുള്ള ആഗ്രഹം തീര്‍ത്തും ഉപേക്ഷിക്കേണ്ടി വന്നു.

കൊട്ടാരമുറ്റത്തിനപ്പുറം വളരെ വലിയ ഒരു കുളമാണ്. ഏക്കറുകളോളം വലുപ്പമുള്ള കുളം. ധാരാളം ജലമുള്ള ആ കുളത്തിലാണത്രേ ഗ്രാമത്തിലെ ച്ഛട്ട് പൂജ കാലം കൂടുന്നത്. അന്ന് സ്ത്രീകളെക്കൊണ്ട് കുളം നിറയുമെന്ന് ആയിരം വര്‍ണങ്ങളില്‍ കുളം പകര്‍ന്നാടുമെന്ന് റാണി സാഹിബാ പറഞ്ഞു തന്നു. കുളപ്പടവുകള്‍ക്ക് അടുത്തുള്ള ച്ഛത്ത്രിക്ക് കീഴെ ഗുഹാമാര്‍ഗമുണ്ട്. അതിപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. കുറച്ചു ദൂരമൊക്കെ അകത്തേക്ക് പോകാമെങ്കിലും കൂടുതല്‍ യാത്ര ചെയ്യുന്നതിനോട് ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. അകത്തെന്തായിരിക്കും എന്നറിയില്ലാത്തതുകൊണ്ടുള്ള ഭയം എല്ലാവര്‍ക്കും ഉണ്ടായിരുന്നു.

ചില തിരിച്ചുപോക്കുകള്‍; ബിഹാറിന്റെ ഹൃദയത്തിലൂടെ- ഭാഗം 1

മഖ്സൂദ് പൂര്‍ രാജ്യം ശരിക്കും കാളീദേവിയുടെയാണ്. അവസാനത്തെ രാജാവ് ആണ്മക്കളില്ലാത്തതുകൊണ്ടാവണം രാജ്യം കാളിദേവിക്ക് സമര്‍പ്പിക്കുകയായിരുന്നു. അനവധി തര്‍ക്കങ്ങളും വഴക്കുകളും കോടതികേസുകളും ഒക്കെയായി ഒരു ട്രസ്റ്റും അതിന്‍റെ നടത്തിപ്പുകാരായി രാജാസാഹേബും റാണിസാഹിബായും പ്രവര്‍ത്തിക്കുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന രാജാസാഹേബും റാണി സാഹിബായും എന്‍റെ കൂട്ടുകാരനും എനിക്കും വ്യക്തിപരമായും ഒത്തിരി സഹായങ്ങള്‍ ചെയ്തു തന്നിട്ടുണ്ട്. അവര്‍ക്ക് ലാറിബേക്കര്‍ നിര്‍മ്മിതികളില്‍ വലിയ താല്‍പര്യമായിരുന്നു. ഡല്‍ഹിയിലും ഡെറാഡൂണിലും ബീഹാറിലും ഒക്കെ ശൌചാലയങ്ങളും സ്കൂളുകളും വീടുമെല്ലാം അവര്‍ പണിയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ നിര്‍മ്മിച്ച ശൌചാലയം ആ ഗ്രാമത്തിലുണ്ടായിരുന്നു. റാണി സാഹിബാ പ്രത്യേക താല്‍പര്യമെടുത്ത് കൊട്ടാരം നവീകരിക്കുമ്പോഴെല്ലാം ലാറിബേക്കര്‍ നിര്‍മ്മിതി തന്നെ തെരഞ്ഞെടുത്ത് പോന്നു. അങ്ങനെ ഞങ്ങളൂം സുഹൃത്തുക്കളും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നവീകരിച്ച സ്യൂട്ട് മുറിയില്‍ താമസിക്കുന്നത് സന്തോഷകരമായ ഒരനുഭവമായിരുന്നു. ലാറിബേക്കറുടെ സ്നേഹവാല്‍സല്യങ്ങള്‍ ദൂരെ ദൂരെ ബീഹാറിലും ഒരു തലോടലായി അനുഭവപ്പെടുകയായിരുന്നു.

പക്കിബാഗ് എന്ന് പേരുള്ള ഒരു മാവിന്‍ തോപ്പിലേക്കായിരുന്നു സ്യൂട്ട് മുറി തുറക്കുന്നത്. പലതരം മാവുകള്‍ നിരന്ന് നില്‍ക്കുന്ന ആ തോട്ടത്തില്‍ കുയിലുകള്‍ മല്‍സരിച്ച് പാടിക്കൊണ്ടിരുന്നു. രണ്ട് മൂന്ന് രാംപൂര്‍ ഹൌണ്ടുകള്‍ ഇടിവെട്ടുന്ന ശബ്ദത്തില്‍ കുരച്ച് പേടിപ്പിച്ചിരുന്നു. പേടി എനിക്ക് മാത്രമായിരുന്നു. കുയിലുകള്‍ക്ക് ഭയമൊട്ടുമില്ലായിരുന്നു. മാവിന്‍ തോപ്പിനപ്പുറത്ത് ബീഹാറിന്‍റെ കാര്‍ഷിക സമൃദ്ധി ഏക്കറുകളോളം പച്ചപ്പായി പരന്നു കിടന്നു, നെല്ലും പച്ചക്കറിയും വിളയുന്ന പാടങ്ങള്‍ ചക്രവാളം മുട്ടിയിരുന്നു. ശരിക്കും കണ്ണുകളേയും മനസ്സിനേയും കുളിര്‍പ്പിക്കുന്ന ഹരിത സമൃദ്ധി.

കൊട്ടാരത്തിലെ ഹോമിയോ ഡിസ്പെന്‍സറിയില്‍ സൌജന്യ ചികില്‍സയുണ്ട്. അവിടെ വരുന്ന മനുഷ്യരെ കണ്ടപ്പോള്‍ എന്‍റെ നെഞ്ചു പിടഞ്ഞു. അരക്കഴഞ്ച് മാംസം പോലും ശരീരത്തിലില്ലാത്തവര്‍. തടിച്ചുരുണ്ട ബീഹാറികളെ ഈ യാത്രയില്‍ എനിക്ക് കാണാനേ കഴിഞ്ഞില്ല. എല്ലും തോലുമായവര്‍, മൂക്കീരൊലിപ്പിക്കുന്ന ചന്തി തേമ്പിയ വയറുന്തിയ കുട്ടികള്‍, വയറും പുറവും ഒന്നായിത്തീര്‍ന്ന സ്ത്രീകള്‍... കര്‍ഷകര്‍ കൂടുതലും വ്യവസായികള്‍ കുറവുമായ ബീഹാറില്‍ പട്ടിണി മഴയായി പെയ്യുന്നുണ്ടെന്ന് കരുതാനേ എനിക്ക് കഴിഞ്ഞുള്ളൂ.

(തുടരും)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)