മല്ലിപ്പൂക്കളുടെ നാട്ടില്‍: ബിഹാറിന്റെ ഹൃദയത്തിലൂടെ- ഭാഗം 2

 
മല്ലിപ്പൂക്കളുടെ നാട്ടില്‍: ബിഹാറിന്റെ ഹൃദയത്തിലൂടെ- ഭാഗം 2

ആദ്യഭാഗം ഇവിടെ വായിക്കാം: ചില തിരിച്ചുപൊക്കുകള്‍; ബിഹാറിന്റെ ഹൃദയത്തിലൂടെ- ഭാഗം 1

ഭാഗം- 2
രാജാവാണെന്ന് ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിക്കണമെങ്കില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് രാജാസാഹേബ് ചിരിച്ചത്. ഇനി അഥവാ സ്വന്തമായി നിര്‍മ്മിച്ചില്ലെങ്കിലും പൂര്‍വികര്‍ നിര്‍മ്മിച്ചതിനെയൊക്കെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഭംഗിയായി സംരക്ഷിക്കുകയെങ്കിലും വേണമെന്ന് പിന്നെയും ചിരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. എന്തായാലും എത്ര പരിശ്രമിച്ചാലും രാജാവിന്‍റെ മകന്‍റെ മകനാകുന്നത്ര ഗമയും അധികാരവും രാജാവിന്‍റെ മകളുടെ മകന് അവകാശപ്പെടാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ കണ്ടു മനസ്സിലാക്കി. ദരിദ്രരും വിദ്യാവിഹീനരും ആശ്രിതരും ഒക്കെത്തന്നെയാണെങ്കിലും ഈ രാജാസാഹേബ് തങ്ങളുടെ രാജാവിന്‍റെ മകളുടെ മകന്‍ മാത്രമാണല്ലോ എന്ന ഖേദം ഗ്രാമീണര്‍ക്കുണ്ടായിരുന്നു.

സ്തൂപികാകൃതിയില്‍ വലിയ ഗോപുരങ്ങളുള്ള നരോത്തം ക്ഷേത്രത്തിന്‍റെ മുന്നില്‍ നില്‍ക്കുകയായിരുന്നു ഞങ്ങള്‍. ക്ഷേത്രത്തിനു പുറകില്‍ ഷേര്‍ഷാ സൂരിയുടെ ഇടിഞ്ഞു പൊളിഞ്ഞ കോട്ട ഷഹ് നായിയില്‍ നിന്നുതിരുന്നൊരു വിഷാദഗാനത്തെ ഓര്‍മ്മിപ്പിച്ചു. വിശാലമായ ക്ഷേത്രമുറ്റം തീറ്റപ്പുല്‍ക്കൃഷിയുടെ കടുത്ത പച്ചപ്പും പലതരം ചെമ്പരത്തികളും വെളുത്ത നിറമുള്ള അനവധി കാട്ടുപൂക്കളും പച്ചച്ചു തുടുത്തു വെളുത്ത പുഞ്ചിരികള്‍ മാറിമാറി സമ്മാനിച്ചുകൊണ്ടിരുന്നു. വയലറ്റു നിറമുള്ള ഒരു പൂപ്പാടമുണ്ടായിരുന്നു ക്ഷേത്രത്തിന്‍റെ വലതുഭാഗത്ത്. അവിടെ ശിവലിംഗ പ്രതിഷ്ഠയുമുണ്ടായിരുന്നു. ആ പൂപ്പാടമുണ്ടാക്കിയ കൌതുകം ചെറുതായിരുന്നില്ല. നന്നെ പരിചിതമായ ഒരു സുഗന്ധം അവിടെ പരന്നിരുന്നു. കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അതെന്തെന്ന ഉത്തരം എന്നില്‍ നിന്നു തന്നെ അടര്‍ന്നു വീണു. അത് മല്ലിയുടെ സുഗന്ധമായിരുന്നു. സാമ്പാറില്‍ വറുത്തരയ്ക്കുന്ന നമ്മുടെ മല്ലി... ഒരു മല്ലിപ്പാടമായിരുന്നു അത്. ഉരുണ്ട മല്ലി മണികള്‍ വിളയുന്ന മല്ലിച്ചെടിയും കറികളില്‍ വിതറുന്ന പച്ചമല്ലിയിലയും രണ്ടു തരം ചെടികളില്‍ നിന്നാണ് ഉണ്ടാവുന്നതെന്ന് അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. എന്‍റെ അജ്ഞത തിരിച്ചറിഞ്ഞ, നീലകണ്ഠ് എന്ന് പേരുള്ള അകത്തേക്ക് വളഞ്ഞൊട്ടിയ വയസ്സനായ ആ കര്‍ഷകന്‍ ക്ഷമാപൂര്‍വം വ്യത്യാസം വിശദീകരിച്ചു തന്നു. മനോഹരമായ വയലറ്റ് നിറത്തിലെ മല്ലിപ്പൂ വാസനിക്കാനുള്ള ആഗ്രഹം ഞാന്‍ മനസ്സില്‍ ഒതുക്കി. ആ പാടത്തേക്കിറങ്ങാന്‍ എന്നിലെ നാലുനേരം കുളിക്കുന്ന വൃത്തിക്കാരി മലയാളിക്ക് കഴിഞ്ഞില്ല. കാരണം പാടവരമ്പുകളാകെ ഗ്രാമീണരുടെ അമേധ്യത്തില്‍ മുങ്ങിനിവര്‍ന്നിരുന്നു.

മല്ലിപ്പൂക്കളുടെ നാട്ടില്‍: ബിഹാറിന്റെ ഹൃദയത്തിലൂടെ- ഭാഗം 2

നരോത്തം ക്ഷേത്രം അത്ര കേമപ്പെട്ട സ്ഥിതിയിലൊന്നുമായിരുന്നില്ല. കുറച്ചു ജീര്‍ണോദ്ധാരണമൊക്കെ ഇടയ്ക്കും മുറയ്ക്കും ചെയ്തിട്ടുണ്ടെങ്കിലും. വലിയ കൊത്തു പണികളൊന്നും ചുവരുകളേയോ മേല്‍ക്കൂരയേയോ അലങ്കരിക്കുന്നുണ്ടായിരുന്നില്ല. ചുവരുകളിലെ വിള്ളലുകളില്‍ ആലും മറ്റു പലതരം വൃക്ഷങ്ങളും നാമ്പിട്ടു നിന്നു. തറ മാത്രം ചിലയിടത്ത് പഴയ മട്ടിലുള്ള മിനുപ്പില്‍ മിന്നുന്നുണ്ടായിരുന്നു. എന്നാല്‍ ക്ഷേത്രഗോപുരങ്ങള്‍ അലങ്കാരങ്ങളാല്‍ സമൃദ്ധമായിരുന്നു. ആടുന്ന ഒരു ഗോവണിയിലൂടെ കുറച്ചു ബുദ്ധിമുട്ടിയാണ് മേല്‍ക്കൂരയിലേക്ക് കയറിയതെങ്കിലും. ആ ശില്‍പചാതുരി എന്നെ അതിശയിപ്പിച്ചു. ഏകദേശം രാമായണകഥയാകെ ആ ഗോപുരങ്ങളില്‍ വെളിവാക്കപ്പെട്ടിരുന്നു. അംഗസൌഷ്ഠവം തികഞ്ഞ അപൂര്‍വമായ കൊത്തുപണികളായിരുന്നു എല്ലാം തന്നെ. എന്‍റെ കാല്‍പ്പെരുമാറ്റം ഉണ്ടാക്കിയ അലോസരത്തിലാവണം ആ മനോഹര ശില്‍പങ്ങളുടെ നിഴലില്‍ നിന്ന് അനേകം തത്തകള്‍ ചിറകടിച്ച് പറന്നുയരുന്നുണ്ടായിരുന്നു.

മാവുകളും കരിമ്പനകളും പച്ചക്കുട പിടിച്ച നാട്ടുവഴികളിലൂടെ നടക്കുമ്പോള്‍ കുറുക്കന്‍ കായച്ചെടിയെന്ന് ചെറുപ്പത്തില്‍ കേട്ടു പരിചയിച്ച കുറ്റിച്ചെടിയെ കണ്ടുമുട്ടി. രോമാവൃതമായി, ചുവന്ന നിറത്തില്‍ ഒരു കൂട്ടം ചെറു കായ്കളും പച്ചച്ച വലിയ ഇലകളുമാണ് ആ ചെടിക്കുണ്ടായിരുന്നത്. അതിനെ സിന്ദൂരച്ചെടി എന്നാണ് ബീഹാറുകാര്‍ വിളിക്കുന്നത്.എല്ലാ വീട്ടിലും അത് വെച്ചു പിടിപ്പിക്കുകയും ചെയ്യും. സ്ത്രീകള്‍ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്താന്‍ ഈ കായുടെ ചുവന്ന കറ ഉപയോഗിക്കുന്നു. കടകളില്‍ സാധാരണമായി കിട്ടുന്ന ഒരു കുങ്കുമച്ചെപ്പിനു വലിയ വിലയാണെന്നും ആ പണമുണ്ടാക്കുന്നതിലും എത്രയോ എളുപ്പം സിന്ദൂരച്ചെടിയുടെ കറയുപയോഗിക്കുന്നതാണെന്നും വയലുകളില്‍ ജോലി ചെയ്തിരുന്ന മെലിഞ്ഞുണങ്ങിയ സ്ത്രീകള്‍ സാക്ഷ്യം പറഞ്ഞു. വലിയ കണ്ണാടികള്‍ പതിച്ച വന്‍കിട കോസ്മെറ്റിക്സ് ഷോപ്പുകളെ ആ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കാതിരുന്നില്ല. ഗയയിലും പരിസരങ്ങളിലും അത്തരം വലിയ കടകള്‍ എന്‍റെ യാത്രയില്‍ കാണാനായതുമില്ല.

മല്ലിപ്പൂക്കളുടെ നാട്ടില്‍: ബിഹാറിന്റെ ഹൃദയത്തിലൂടെ- ഭാഗം 2

രാജകുടുംബത്തിലെ സ്ത്രീകളെ ആകെ മൂടിമറയ്ക്കുന്നൊരു സമ്പ്രദായത്തെപ്പറ്റി റാണി സാഹിബാ പറഞ്ഞു തന്നതും അപ്പോഴാണ്. ഖട്ടാതോപ് എന്നാണ് ആ രീതിയുടെ പേര്. റാണിസാഹിബായും ആദ്യകാലത്ത് ആ രീതിയില്‍ സഞ്ചരിച്ചിരുന്നുവെത്രേ. അതൊരു ചലിക്കുന്ന മുറിയാണ്. നാലുപാടും കര്‍ട്ടണുകള്‍ ഇട്ട് പല്ലക്ക് ചുമക്കുന്നതു പോലെ നാലാളുകള്‍ റാണിയ്ക്കൊപ്പം നടക്കും. ക്ഷേത്രത്തിലും മറ്റും പോകുമ്പോള്‍ ഇത് നിര്‍ബന്ധമായിരുന്നു. ഖട്ടാതോപിന്‍റെ കര്‍ട്ടണ്‍ പിടിപ്പിക്കുന്ന കനത്ത കാലുകള്‍ കൊട്ടാരമുറ്റത്ത് വിശ്രമിക്കുകയാണ് ഇപ്പോഴെന്നും ഒരു ചെറുചിരിയോടെ അവര്‍ പറഞ്ഞു കേള്‍പ്പിച്ചു .

എന്നോട് സംസാരിക്കുമ്പോള്‍ റാണിസാഹിബാ ദില്ലിച്ചുവയുള്ള, പഞ്ചാബി വാക്കുകള്‍ ധാരാളമായി കടന്നു വരുന്ന ഹിന്ദി ഉപയോഗിച്ചു. എന്നാല്‍ അവരുടെ ജോലിക്കാരോടും മറ്റും നീട്ടലും കുറുക്കലുമായി നല്ല ബീഹാറിച്ചുവയുള്ള ഹിന്ദിയിലാണ് സംസാരിച്ചത്. ബീഹാറികളെ വൃത്തിയില്ലാത്തവര്‍, ദരിദ്രര്‍, മോഷ്ടാക്കള്‍ എന്നും മറ്റും പറഞ്ഞ് പരിഹസിക്കുന്നതില്‍ റാണി സാഹിബായ്ക്ക് എരിയുന്ന എതിര്‍പ്പാണ്. അതുകൊണ്ടുതന്നെ തന്‍റെ ബീഹാറിത്തം പറ്റുമ്പോഴെല്ലാം പ്രദര്‍ശിപ്പിക്കുന്നതില്‍ അവര്‍ പ്രത്യേകം താല്‍പര്യം കാണിച്ചു. അത് കേട്ടുകൊണ്ടിരിക്കുന്നതും കണ്ടുകൊണ്ടിരിക്കുന്നതും വളരെ രസകരമായി എനിക്കനുഭവപ്പെടാതിരുന്നില്ല.

അന്ന് പൌര്‍ണമിയായിരുന്നു. കൊട്ടാരത്തിലെ ക്ഷേത്രത്തില്‍ കാളിമാതാവിനെ വലിയ നഗാര കൊട്ടി ഉണര്‍ത്തി ദീര്‍ഘനേരം പൂജ ചെയ്യുന്നുണ്ടായിരുന്നു. പൂജാരി ഒരു ബ്രാഹ്മണനായിരുന്നുവെങ്കിലും സഹായി അഭ്യസ്തവിദ്യനായ ഒരു ദളിതനാണ്. തന്നെയുമല്ല അദ്ദേഹത്തിനു ഒരു അയിത്തവും കൊട്ടാരത്തില്‍ കല്‍പിച്ചിരുന്നില്ല. എല്ലായിടത്തും പ്രഭു എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പൂജ്യനായിരുന്നു. അതെന്നില്‍ അല്‍ഭുതത്തോടൊപ്പം സന്തോഷവുമുളവാക്കി.

സുഗന്ധമുള്ള പുക ഉയരുന്ന വിറക് കഷ്ണങ്ങളായിരുന്നു അത്താഴത്തിനു മുന്‍പുള്ള സായാഹ്ന സദസ്സില്‍ നെരിപ്പോടിലുപയോഗിച്ചിരുന്നത്. ചിരപരിചിതയായ ഒരു വിറകുവെട്ടുകാരിയെപ്പോലെ റാണി സാഹിബാ വിറകുകഷ്ണങ്ങള്‍ കൊത്തിച്ചെറുതാക്കി നെരിപ്പോടില്‍ നിറയ്ക്കുന്നത് ഞാന്‍ കൌതുകത്തോടെ ശ്രദ്ധിച്ചു. ധും ധും എന്ന നഗാര മുഴക്കിയുള്ള വിപുലമായ പ്രാര്‍ഥനയ്ക്കും ആരതിയ്ക്കും ശേഷം കാളിമാതാവിന്‍റെ പ്രസാദമായി പാല്‍പായസം എല്ലാവര്‍ക്കും വിതരണം ചെയ്യപ്പെട്ടു.

രാത്രി ഇരുളുന്തോറും പൌര്‍ണമി പിന്‍വാങ്ങുന്തോറും ആകാശത്തിലെ ആയിരം കാന്താരി പൂത്തിറങ്ങിയ നക്ഷത്ര സമൃദ്ധി വ്യക്തമായി കാണാറായി.നഗരങ്ങളിലെ വെളിച്ച മാലിന്യത്തില്‍ ഈ കാന്താരിക്കാഴ്ച എത്ര അസുലഭമാണെന്ന് കുറെക്കാലം കൂടിയാണ് എനിക്ക് മനസ്സിലായത്. പാതിരാത്രിയില്‍ എപ്പോഴോ ഉണര്‍ന്ന ഞാന്‍ ഇലകളില്‍ ഇറ്റി വീഴുന്ന മഞ്ഞുതുള്ളികളുടെ നേര്‍ത്ത ഗാനം കേള്‍ക്കാതിരുന്നില്ല. അപ്പോള്‍ ജനല്‍പ്പാളിയുടെ വിടവിലൂടെ മഞ്ഞിന്‍റെ തണുപ്പും പൌര്‍ണമിയുടെ കൈകളും നീണ്ടു വന്നിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)