പൊതുജനങ്ങള്‍ക്കായി 2650 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, വേഗമേറിയ സൈക്ലിങ്ങ് ട്രാക്ക് ഒരുക്കാന്‍ ഖത്തര്‍

 
പൊതുജനങ്ങള്‍ക്കായി 2650 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, വേഗമേറിയ സൈക്ലിങ്ങ് ട്രാക്ക് ഒരുക്കാന്‍ ഖത്തര്‍

പൊതുജനങ്ങള്‍ക്കായി രാജ്യത്ത് ദൈര്‍ഘ്യമുള്ള വേഗമേറിയ സൈക്ലിങ്ങ് ട്രാക്ക് ഒരുക്കാനുള്ള പദ്ധതിയുമായി ഖത്തര്‍. 2650 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലിങ്ങ് പാത ഒരുക്കാനാണ് ഖത്തര്‍ ഒരുങ്ങുന്നത്. 2022 ഓടെ പൂര്‍ത്തിയാവുന്ന പാതയുടെ നിലവില്‍ പണിതീര്‍ന്ന 33 കി.മീ സൈക്ലിങ്ങ് ട്രാക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. ഈ പാതയിലൂടെയുള്ള പരമാവധി വേഗ പരിധി 50 കി.മീ ആണ്.

പബ്ലിക്ക് വര്‍ക്ക്‌സ് അതോറിറ്റിയുടെ (അശ്ഗല്‍) കീഴിലുള്ള ബ്യൂട്ടിഫിക്കേഷന്‍ ഓഫ് റോഡ്‌സ് ആന്‍ഡ് പബ്ലിക്ക് പ്ലേസസ് ഇന്‍ ഖത്തറിന്റെ സൂപ്പര്‍വൈസറി കമ്മറ്റിയും ഖത്തര്‍ സൈക്ലിസ്റ്റ് സെന്റര്‍ ഓഫ് ദ മിനിസ്ട്രി ഓഫ് കള്‍ച്ചര്‍ ആന്‍ഡ് സ്‌പോര്‍ട്‌സും ഇതിനായുള്ള കരാറില്‍ ഒപ്പുവച്ചു. സൈക്ലിങ് ഫാസ്റ്റ് ട്രാക്ക് ഉപയോക്താക്കള്‍ക്കാവശ്യമായ എല്ലാ സേവനങ്ങളഉം അശ്ഗലും ഖത്തര്‍ സൈക്ലിസ്റ്റ് സെന്ററും നല്‍കുമെന്നാണ് കരാറില്‍ പറഞ്ഞിരിക്കുന്നത്.
രാജ്യത്തിലെ എല്ലാ പ്രായത്തിലുള്‍പ്പെടുന്നവര്‍ക്കും അനുയോജ്യമായ കായിക സംവിധാനം ഒരുക്കുന്നതില്‍ ഭരണകൂടം പ്രതിജ്ഞാബദ്ധരാണെന്നും രാജ്യത്ത് ഗതാഗത രംഗം സുരക്ഷിതമാക്കാനും ആരോഗ്യകരമായ സൈക്ലിങിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി സൈക്ലിങ് സംസ്‌കാരം പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ഖത്തര്‍ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.