കല്ലെന്‍ പൊക്കുടന്‍ എന്ന മനുഷ്യന്‍റെ മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ നട്ടുച്ച വെയിലത്ത് പഴയങ്ങാടി പുഴയുടെ അരികിലുള്ള റോഡിലൂടെ ചടങ്ങിനു വേണ്ട എന്തോ ഒരു സാധനം വാങ്ങിക്കാന്‍ ഡോക്യുമെന്റ റി സംവിധായകന്‍ കൂടിയായ ബാബു കാമ്പ്രത്തിന്റെ കൂടെ ബൈക്കില്‍ പോകുമ്പോഴാണ് ഇങ്ങനെ പറഞ്ഞത്. “വല്ലാത്ത ഒരു ശൂന്യത അവശേഷിപ്പിച്ചിട്ടാണ് വല്യച്ചന്‍ പോയത്. ഇനി എന്താണ് ബാക്കിയുണ്ടാവുക?”. ബാബു കാമ്പ്രത്ത് ദൂരെ പുഴയിലേക്ക് ചൂണ്ടിക്കാണിച്ചിട്ട് ഇങ്ങനെ പറഞ്ഞു: “ദാ… നീ കണ്ടോ, ആ കണ്ടല്‍ ചെടി കണ്ടോ… ആ കണ്ടല്‍ ചെടിക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന പക്ഷികളെ കണ്ടോ. ആ പക്ഷികളാണ് ബാക്കിയുണ്ടാവുക.”
ഒരു പതിനഞ്ച് വര്‍ഷം മുമ്പ് സൂചകം എന്ന മാസികക്ക് വേണ്ടി കല്ലെന്‍ പൊക്കുടന്‍ എന്ന വലിയ മനുഷ്യനെക്കുറിച്ച് ഒരു കുറിപ്പ് ഉണ്ടാക്കാനാണ് മുട്ടുകണ്ടിയിലെ പഴയങ്ങാടി പുഴയ്ക്ക് കരയിലുള്ള ആ വീട്ടിലേക്ക് പോകുന്നത്. അതിനും മുമ്പ് തന്നെ അദ്ദേഹത്തിന്റെ മകന്‍ ശ്രീജിത്ത് പൈതലനെ പരിചയമുണ്ടായിരുന്നു. അന്നാണ് ഒരു പക്ഷെ ആദ്യമായി ഒരു വീട്ടില്‍ അംബേദ്ക്കറുടെ ഫോട്ടോ തൂക്കിയിട്ടിരിക്കുന്നത് കാണുന്നത്. അദ്ദേഹം കണ്ടല്‍ക്കാടുകളെക്കുറിച്ചും അതിന്റെ പാരിസ്ഥിതിക രാഷ്ട്രീയത്തെക്കുറിച്ചും ഒക്കെ വാതോരാതെ സംസാരിച്ചു. പൊക്കുടന്‍ വല്യച്ച്ചനെ കുറിച്ചുള്ള ഒരു ലൈറ്റ് ഫീച്ചര്‍ സ്റ്റോറി ആയിരുന്നില്ല ആഗ്രഹിച്ചത്. കണ്ടല്‍ക്കാടുകള്‍ മുന്നോട്ടു വെക്കുന്ന ദളിത് രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാനാണ് ആഗ്രഹിച്ചത്. മനുഷ്യനും മണ്ണും ചതുപ്പും മത്സ്യവും തവളയും മറ്റു ജീവജാലങ്ങളും ഒരുമിച്ചു കൂടി പരസ്പരം ഒരു ഒരു ചങ്ങല പോലെ താളത്തില്‍ ജീവിക്കുന്ന ഒരു ഭൂമിയെക്ക് വേണ്ടി തന്നെ ആണ് അദ്ദേഹം കണ്ടാല്‍ക്കാടുകള്‍ വെച്ചുപിടിപ്പിച്ചത്. കാടിനെ സ്നേഹിക്കുക, മലകളെ സ്നേഹിക്കുക, മരങ്ങളെ കേട്ടിപ്പിടിക്കുക എന്ന റൊമാന്റിക് ആശയങ്ങള്‍ക്ക് അപ്പുറം മനുഷ്യനും പുല്‍ച്ചാടിയും മത്സ്യങ്ങളും കണ്ടലും ഒക്കെ പരസ്പരനൈരന്തര്യത്തിലൂടെ പരസ്പരം ഭക്ഷണമായും താങ്ങായും ഒക്കെ ജീവിക്കുന്ന ഒരു രീതി. പൊക്കുടന്‍ കണ്ടല്‍ക്കാടുകളെ വെച്ചു പിടിപ്പിച്ചു. കണ്ടല്‍ക്കാടുകളുടെ ഇലകളും കായ്കളും ഭക്ഷണമായി, മരുന്നായി. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ പ്രജനനം നടത്തിയ മീനുകള്‍ മനുഷ്യര്‍ക്ക് ഭക്ഷണമായി. കൊടുങ്കാറ്റില്‍ നിന്നും സുനാമിയില്‍ നിന്നും സംരക്ഷകരായി. തിരിച്ചു മനുഷ്യന്‍ മരിച്ചു കുഴിച്ചിട്ടാല്‍ അത് പുഴുക്കള്‍ക്ക് ഭക്ഷണമായി. അങ്ങനെ ജീവിതം എന്ന ചക്രത്തില്‍ ജീവജാലങ്ങള്‍ പരസ്പരം ഒരു റിഥത്തിലൂടെ, ഋതുക്കളിലൂടെ സഞ്ചരിക്കുന്ന ഒരു ജീവിതം മാത്രമാണ് കണ്ടല്‍ പൊക്കുടന്‍ കണ്ടത്.
സ്വന്തം രാഷ്ട്രീയവീക്ഷണങ്ങളില്‍ അവ്യക്തതയുണ്ടായിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് അംബേദ്ക്കറിസത്തിലേക്ക് വഴി കാണിച്ചതും ഒരു ദിശാമാറ്റം ഉണ്ടാക്കിത്തന്നതും ഈ വലിയ മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസകാലത്ത് കോണകത്തില്‍ പോലും ജാതി ഉണ്ടായിരുന്നു എന്ന്‍ “എന്റെ കഥ” എന്ന ആത്മകഥയില്‍ പറയുന്നുണ്ട്. ഉന്നതജാതിയിലുള്ളവര്‍ക്ക് ഒരു നിറത്തിലുള്ള കോണകം, മറ്റുള്ളവര്‍ക്ക് മറ്റൊരു നിറത്തിലുള്ള കോണകം. അങ്ങനെ ജാതിയോടു മല്ലിട്ട് പോരാളിയായ ഒരു കര്‍ഷക തൊഴിലാളിയും കര്‍ഷകനുമായാണ് കല്ലെന്‍ പൊക്കുടന്‍ ജീവിച്ചത്. കല്ലെന്‍ പൊക്കുടന്‍ എന്ന മനുഷ്യനെ കണ്ടല്‍ക്കാടുകള്‍ വെച്ചു പിടിപ്പിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന് മാത്രം രേഖപ്പെടുത്തുന്നതില്‍ വലിയ അപാകത തന്നെ ഉണ്ട്. അദ്ദേഹം ജീവിച്ച ചതുപ്പ് നിലങ്ങളുടെ ഭൂമിശാസ്ത്രങ്ങളുടെ രാഷ്ട്രീയം, അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ മുന്നോട്ടു കൊണ്ടുപോയ കാര്‍ഷിക ജീവിതം ഒക്കെത്തന്നെ പരിസ്ഥിതി രാഷ്ട്രീയ ജീവിതവും, പരിസ്ഥിതി രാഷ്ട്രീയത്തിലെ ജാതി സവര്‍ണതയെ ചോദ്യം ചെയ്യുന്നതുമായിരുന്നു. പരിസ്ഥിതി രാഷ്ട്രീയത്തിലെ ബ്രാഹ്മണ്യത്തിനെ ചോദ്യം ചെയ്തതുകൊണ്ട് തന്നെ ആയിരിക്കാം അല്ലെങ്കില്‍ ആണ് കല്ലെന്‍ പൊക്കുടന്‍ എന്ന മനുഷ്യനെ ഇന്ത്യയിലെ സവര്‍ണ്ണ രാഷ്ട്രീയ സമൂഹം അംഗീകാരങ്ങളുടെ പട്ടികയിലേക്ക് കൂട്ടിക്കൊണ്ട് പോകാത്തതും. അതുകൊണ്ട് തന്നെയാണ് കണ്ടല്‍ക്കാടുകള്‍ വെച്ചു പിടിപ്പിച്ച കല്ലെന്‍ പോക്കുടനെ ആദ്യം ഭ്രാന്തനായും പിന്നീട് വികസന വിരോധിയായും ഒക്കെ ചിത്രീകരിച്ചു കണ്ടത്; തന്റെ നാട്ടിലുള്ളവരുടെ തന്നെ ക്രൂരമായ അക്രമത്തിനു വിധേയനായി വരേണ്ടി വന്നത്. ഒരു പക്ഷെ വ്യക്തി സാമൂഹിക ജീവിതത്തില്‍ ഇത്രയും സംഘര്‍ഷം അനുഭവിച്ച പോരാളിയായ ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കേരളത്തില്‍ വേറെ ഉണ്ടായിട്ടുണ്ടാകില്ല. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയം സമൂഹം ഏറ്റെടുത്തില്ലെങ്കിലും ഭരണകൂടങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും കൊച്ചു കുട്ടികളാണ് പിന്നെ അദ്ദേഹത്തെ കൊണ്ടാടിയത്.
തന്റെ കണ്ടല്‍ക്കാടുകളെക്കുറിച്ചുള്ള ലഘുലേഖകളുമായി കല്ലെന്‍ പൊക്കുടന്‍ കേരളത്തിലെ നൂറു കണക്കായ സ്കൂളുകളിലേക്ക് സഞ്ചരിച്ചു. കുട്ടികള്‍ കണ്ടല്‍ക്കാടുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. പിന്നീട് ഈ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ അതേറ്റെടുത്തു. ഹംഗറി എന്ന രാജ്യത്തെ ആറ്റില ബാങ്കോവിച്ച് എന്നാ പക്ഷിശാസ്ത്രജ്ഞന്‍ അദ്ദേഹത്തെ കാണാന്‍ കണ്ണൂര്‍ പഴയങ്ങാടിയിലെ മുട്ടുകണ്ടി എന്ന പ്രദേശത്തെത്തി. 1971-ല്‍ ഇറാനില്‍ നടന്ന രംഷാര്‍ ഉച്ചകോടിയിലെ പ്രമേയം ചതുപ്പ് ഇടങ്ങളിലെ ജൈവീകതയെ സംരക്ഷിക്കണം എന്നതായിരുന്നു. അവയുടെ ഘടന പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് അത്യാവശ്യമാണ് എന്നുമായിരുന്നു. അത് പക്ഷെ നടപ്പിലാക്കിയത് ഉത്തര മലബാറിലെ ഒരു മൂലയ്ക്ക് വെറും രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരു മനുഷ്യനായിരുന്നു. പക്ഷെ പതിയെ ഇന്ന് ആ അവസ്ഥ മാറി, പുതിയ തലമുറയും പൊതുസമൂഹവും ഉള്ളു കൊണ്ടെങ്കിലും ആ മനുഷ്യന്റെ പ്രവര്‍ത്തികളെ അംഗീകരിച്ചു. അതുകൊണ്ടാണ് അദ്ദേഹത്ത്തിന്റെ മരണാനന്തര ചടങ്ങില്‍ ആരൊക്കെ പങ്കെടുത്തില്ലെങ്കിലും കണ്ണൂരിലെ നാനാതുറകളിലുള്ള പൊതുസമൂഹവും പങ്കെടുത്തത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സംസ്കരിച്ചത്. ആ പൊതുജനത്തിന്റെ പിന്‍ബലം ഉള്ളത് കൊണ്ടായിരിക്കാം, ഒരിക്കല്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ സകലമാന രാഷ്ട്രീയ പാര്‍ട്ടികളുടെയും ജില്ല, സംസ്ഥാന നേതാക്കളടക്കം സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തത്.
എഴോം കൊലക്കേസില്‍ പ്രതിയായ കല്ലെന്‍ പൊക്കുടന്‍ ആ കേസിന്റെ വിചാരണക്കിടയില്‍ തലശ്ശേരിയില്‍ താമസിക്കേണ്ടി വന്ന സമയത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ജാതിക്കെതിരെ ശക്തമായി പ്രതിരോധിക്കുന്നത്. “കാഞ്ഞിരനും പോക്കുടനും പുറത്ത് കിടന്നോളൂ” എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഈ പാര്‍ട്ടിയിലും ജാതിവ്യവസ്ഥ അതിന്റെ പൂര്‍ണരൂപത്തില്‍ തന്നെ നിലനില്‍ക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് പ്രതികരിച്ചു. പാര്‍ട്ടിയില്‍ നിന്നും അകന്ന കല്ലെന്‍ പൊക്കുടന്‍ പിന്നെ ബഹുജന്‍ രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ അന്വേഷിക്കുകയും അദ്ദേഹം അംബേദ്ക്കറിലേക്കും ബുദ്ധനിലെക്കും എത്തുകയായിരുന്നു. കണ്ണൂരിലെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍പ്പെട്ട് ഉഴറുന്ന ഞങ്ങളെപ്പോലുള്ള ദിശാബോധമില്ലാത്ത പുതിയ യുവത്വത്തിന് അദ്ദേഹം അംബേദ്ക്കറെക്കുറിച്ച് പറഞ്ഞുതന്നു. ഇ.എം.എസ്സും കമ്മ്യൂണിസ്റ്റ് ചരിത്രവും പറഞ്ഞു വെക്കാത്ത നിരവധി സമര ചരിത്രങ്ങളെക്കുറിച്ച് സംസാരിച്ചു. കണ്ണൂരിലെ ചതുപ്പ് നിലങ്ങളും അവിടെ ജീവിക്കുന്ന ദളിത് ജീവിതങ്ങളുടെ അപര രാഷ്ട്രീയ സാധ്യതകളെക്കുറിച്ചും സംസാരിച്ചു. ലോകത്തെ പുതിയ പരിസ്ഥിതി രാഷ്ട്രീയം ഉയിര്‍ക്കേണ്ടത് ദളിതുകളില്‍ നിന്നാണ്, അവരുടെ കാര്‍ഷിക രാഷ്ട്രീയ ജീവിതത്തില്‍ നിന്നാണെന്നു പറഞ്ഞു വെച്ചു. കോളനികളുടെ ഭൂമിശാസ്ത്രവും രാഷ്ട്രീയത്തെക്കുരിച്ചും ക്ലാസ് എടുത്തു. അധികം ആര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍ അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ ദളിത് രാഷ്ട്രീയ ചരിത്രം എഴുതി കുറിച്ചു വെച്ചു. മായാവതിയുടെ ബഹുജന്‍ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതപങ്കാളി മീനാക്ഷി വല്യമ്മ ഉണ്ടാക്കി തന്ന ചോറും മീന്‍ കറിയും കഴിച്ച്, കല്ലെന്‍ പോക്കുടനെ ശ്രവിച്ച് ഞങ്ങള്‍ രാഷ്ട്രീയമായ തെളിച്ചം ഉണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
അങ്ങനെ ആയിടക്ക് ഒരു ഡോക്യുമെന്‍ററിക്കു വേണ്ടി അഭിമുഖം നടത്താന്‍ അദ്ദേഹത്തിന്റെ പക്കല്‍ ഞങ്ങളെത്തി. ഇ.എം.എസ് സര്‍ക്കാരിന്റെ ഭൂപരിഷ്കരണത്തിന്റെ പോള്ളത്തരത്തെക്കുറിച്ച് അദ്ദേഹം ആ ഡോക്യുമെന്‍ററിയില്‍ തുറന്നുപറഞ്ഞു. ദളിതരെ, കര്‍ഷകതൊഴിലാളികളെ ഭൂപരിഷ്കരണത്തിലൂടെ പറ്റിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു വെച്ചു. അണ്ടര്‍ വേള്‍ഡ് മെമ്മറീസ് ഓഫ് അണ്‍ടച്ചബിള്‍സ് എന്ന ആ ഡോക്യുമെന്ററിയില്‍ ഇനി ഒരിക്കലും ഞാന്‍ കാണാന്‍ ആഗ്രഹിക്കാത്ത ഷോട്ട് ആണ് ക്യാമറയില്‍ നിന്ന് പിന്തിരിഞ്ഞ് ദൂരേക്ക് നടന്നു പോകുന്ന കല്ലെന്‍ പൊക്കുടന്‍റെ ഷോട്ട്. ആ മനുഷ്യന്‍ ദൂരേക്ക് നടന്നുപോകുന്നത് ഇഷ്ടമല്ല അത്ര തന്നെ.
രണ്ടു വര്ഷം മുമ്പ് മീനാക്ഷി വല്യമ്മ മരിച്ചുപോയി. ബുദ്ധിസ്റ്റ് രീതിയില്‍ മുട്ടുകണ്ടി പുഴയുടെ വക്കില്‍ അവരുടെ സംസ്കാര ചടങ്ങുകള്‍ നടത്തി. അവര്‍ പോയതോടെ പൊക്കുടന്‍ വല്യച്ചന്‍ തകര്‍ന്നു പോയിരുന്നു എന്ന് തോന്നുന്നു. തന്നെയും അതിനടുത്ത് തന്നെ അടക്കം ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഈ രണ്ടു വര്‍ഷങ്ങളിലും എല്ലാ സംഘര്‍ഷക്കിടയിലും അദ്ദേഹം തന്റെ മാന്‍ഗ്രൂവ് സ്കൂളിനു വേണ്ടി ഉള്ള പരിശ്രമത്തിലായിരുന്നു. ഒരു ട്രസ്റ്റ് അദ്ദേഹം രജിസ്റ്റര്‍ ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി കോടികള്‍ ഭരണകൂടം ഒഴുക്കുമ്പോഴും അദ്ദേഹത്ത്തിന്റെ മകന്റെ പേ സര്‍ട്ടിഫിക്കറ്റ് വെച്ച് അയ്യായിരം രൂപ ലോണ്‍ എടുത്തുകൊണ്ട്ടാണ് അതിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയത്. അത് അദ്ദേഹത്ത്തിന്റെ ഗതികേട് അല്ല. ഇവിടത്തെ സവര്‍ണ്ണ ഭരണകൂടത്തിന്റെ മാത്രം ഗതികേടാണ്. പുതിയ തലമുറക്ക് കണ്ടല്‍ക്കാടുകളെക്കുറിച്ച് വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു അതിന്റെ പ്രധാന ഉദ്ദേശം. അതിന്റെ ഇടയില്‍ മകന്‍ ശ്രീജിത്ത് പൈതലെന്‍ തയ്യാറാക്കിയ “എന്റെ ജീവിതം” എന്ന ആത്മകഥ, ആത്മകഥകളുടെ രാഷ്ട്രീയചരിത്രത്തിലെ വലിയ ഏട് ആയി. ഒരു പക്ഷേ തര്‍ജിമ ചെയ്യപ്പെട്ട് അന്താരാഷ്‌ട്ര തലത്തില്‍ വായിക്കപ്പെടേണ്ട ശക്തമായ ഒരു ആത്മകഥയാണ് “എന്റെ ജീവിതം”.
സെപ്റ്റംബര്‍ 27-നു കണ്ണൂരിലെ വിനോദേട്ടനാണ് എന്നെ വിളിച്ചു പറഞ്ഞത് “രൂപേഷേ പുറപ്പെട്ടോ… പൊക്കുടേട്ടന്‍ മരിച്ചു പോയി” എന്ന്‍. ഉടനെതന്നെ ഫേസ്ബുക്കില്‍ ഈ വിവരം ലോകത്തെ അറിയിച്ച് കണ്ണൂരേക്ക് പുറപ്പെട്ടു. രാത്രി അദ്ദേഹത്തെ സംസ്കരിക്കാനുള്ള കുഴി എടുക്കാനുള്ള തിരക്കിലായി വളരെ കുറച്ചു പേര്‍. കുറച്ച് സമയം അധ്വാനിച്ചപ്പോഴേക്കും മതിയായി. ഈ മനുഷ്യന്‍ ഒരു ആയുസ്സ് മുഴുവന്‍ ശാരീരിക അധ്വാനം നടത്തിയാണ് ഒരുപാട് തലമുറകള്‍ക്ക് പലതും പറഞ്ഞു കൊടുത്തത്. വിനോദേട്ടനും ശ്രീജിത്തും ഒക്കെ അധ്വാനിക്കുമ്പോള്‍ മാറിനിന്ന് നോക്കിക്കാണാനുള്ള ഗതികേടു മാത്രമേ എനിക്കൊക്കെ ഉണ്ടായിരുന്നുള്ളൂ. രാവിലെ അഞ്ചു മണി ആകുമ്പോഴേക്കും വല്യച്ച്ചനെ കിടത്താനുള്ള ഇടം ശരിയായി. നേരത്തെ പറഞ്ഞ പോലെ മത്സ്യം ഭക്ഷിച്ചു ജീവിച്ച ഒരു ജീവിതം ഇനി പുഴുക്കള്‍ക്കും പുഴയിലേക്ക് ഒലിച്ചു പോയി അലിഞ്ഞു മത്സ്യങ്ങള്‍ക്ക് തന്നെ ഭക്ഷണമാകും. കറുത്തപുഴയുടെ കരക്കിരുന്ന് അദ്ദേഹത്തിന്റെ മൂത്ത മകന്‍ ആനന്ദേട്ടന്‍ എന്നോട് ഒരു കട്ടന്‍ ചായയുടെ പുറത്ത് ഒരു പാട് സംസാരിച്ചു. ഒരു സിഗരറ്റ് കിട്ടിയിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചു പോയി. ബ്ലഡ് മൂണിനെക്കാളും ശക്തമായി പുഴ കറുത്തു നിശ്ചലമായിരുന്നു. പിറ്റേന്ന് മൂന്നു മണിയോടെ ബുദ്ധിസ്റ്റ് മന്ത്രങ്ങളും ഒക്കെയായി പൂക്കള്‍ ഒക്കെ അര്‍പ്പിച്ച് അദ്ദേഹത്തിന്റെ ശരീരം കുഴിയിലേക്കെടുത്തു. അദ്ദേഹത്തിന്റെ ശരീരം എടുക്കുന്നതിനും മുമ്പേ തന്നെ ഒരു സിഗരറ്റും കത്തിച്ച് ആ മുട്ടുകണ്ടി പുഴയുടെ തീരത്തൂടെ നടന്നു. അദ്ദേഹം വിട്ടു പോകുന്നത് കാണാനുള്ള ശക്തി ഇല്ലാത്തതുകൊണ്ട് തന്നെയാണ് നടന്നു നീങ്ങിയത്. ദൂരേന്നു നോക്കുമ്പോള്‍ ഒരു ജനാരവം മുഴുവന്‍ ആ ചടങ്ങിനു സാക്ഷി ആകുന്ന കാഴ്ച കാണാമായിരുന്നു. കരയില്ല എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പക്ഷെ അദ്ദേഹം മണ്ണില്‍ അലിയുന്നത് കാണാന്‍ പറ്റുമായിരുന്നില്ല. പക്ഷെ ജീവിതം പുതിയ ഒരു തുടക്കം ആണെന്ന ആത്മവിശ്വാസത്തിലെക്കെത്തിയത്, പുഴക്കരയിലൂടെ കുറെ നടന്നു പോയപ്പോള്‍ പൊക്കുടന്‍ വല്യച്ചന്‍ വെച്ചുപിടിപ്പിച്ച കണ്ടലുകള്‍ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന കറുത്ത പക്ഷികളെ കണ്ടതോണ്ടാണ്.
കല്ലെന്‍ പൊക്കുടന്‍ മുന്നോട്ട് വെച്ച പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ബാക്കിപത്രം മറ്റൊന്നുമല്ല, ആ പക്ഷികളും ആ കണ്ടല്‍ക്കാടുകള്‍ക്കടിയില്‍ ജീവിക്കുന്ന മീനുകളും ആ തീരത്ത് ജീവിക്കുന്ന മനുഷ്യരും ആയിരിക്കും. പൊക്കുടന്‍ വല്യച്ചന്‍ പറയുന്നത് ഇങ്ങനെ ആയിരിക്കാം “മക്കളെ ആ പക്ഷികളെ പോലെ പറക്കെടാ… പറന്നു പൊങ്ങടാ… ദൂരേക്ക് ദൂരേക്ക് പറക്കെടാ…”. പക്ഷെ എനിക്ക് തോന്നിയത് ഇങ്ങനെയാണ്. പൊക്കുടന്‍ വല്യച്ചന്‍ പോയിട്ടില്ല. ആ കറുത്ത പക്ഷികളില്‍ ഒന്ന് വല്യച്ചന്‍ തന്നെയാണ്.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക