July 15, 2025 |
Share on

കാഞ്ച ​ഗച്ചിബൗളിയിൽ കണ്ണുവെക്കുന്നത് 400 ഏക്കർ വനഭൂമി; തെലങ്കാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥികൾ

ഭൂമി സംരക്ഷിത വനഭൂമിയുടെ ഭാഗമായാണ് കണക്കാക്കേണ്ടതെന്നാണ് ഹർജിക്കാരുടെ വാദം

ഹൈദരാബാദ് സർവകലാശാലക്ക് സമീപമുള്ള കാഞ്ച ​ഗച്ചിബൗളിയിലുള്ള 400 ഏക്കർ ഭൂമിയിലെ മരംമുറിയും ഖനനവും നിർത്തിവെക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. ഭൂമി സ്വകാര്യമേഖലയ്ക്ക് ലേലത്തിന് നൽകാനുള്ള തെലങ്കാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ.

വെട്ടിമാറ്റൽ പ്രവർത്തനങ്ങൾ നിർത്താൻ ഇടക്കാല ഉത്തരവിലൂടെ ഹൈദരാബാദ് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് ഖനനം സുപ്രീം കോടതി സ്റ്റേ ചെയ്തത്. പരിസ്ഥിതി സംരക്ഷണം മുൻ​ഗണനയിലെടുത്ത കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഒരു മരം പോലും മുറിക്കരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്. സർവകലാശാല ഭൂമി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെലങ്കാന ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കാഞ്ച ഗച്ചിബൗളി വനമേഖയില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് ഷെഡ്യൂള്‍ വണ്ണില്‍ ഉള്‍പ്പെടുന്ന ജീവജാലങ്ങള്‍ ഉണ്ടെന്ന് അമിക്കസ് ക്യുറി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ബുള്‍ഡോസര്‍ നടപടി നിര്‍ത്തിവെയ്ക്കാൻ ഉത്തരവിട്ടത്.

കാഞ്ച ഗച്ചിബൗളിയിലെ ഭൂമി തെലങ്കാന ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ ലിമിറ്റഡിന് നൽകാൻ 2024 ജൂൺ 26ന് തെലങ്കാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിസ്ഥിതി സംഘടനകളും വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഈ ഭൂമി സംരക്ഷിത വനഭൂമിയുടെ ഭാഗമായാണ് കണക്കാക്കേണ്ടതെന്നാണ് ഹർജിക്കാരുടെ വാദം. പരിസ്ഥിതി പ്രവർത്തകരായ ഉദയ് കൃഷ്ണ പെഡ്ഡിറെഡ്ഡി, കലപാല ബാബു റാവു തുടങ്ങിയവരാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. കാഞ്ച ഗച്ചിബൗളി വിഷയം ബിആര്‍എസ് എംപി രവി ചന്ദ്ര വാദ്ദിരാജു പാര്‍ലമെന്റിൽ ഉന്നയിച്ചു. രാത്രിയുടെ മറവില്‍ മരങ്ങള്‍ കൂട്ടത്തോടെ മുറിച്ചുമാറ്റിയതായി രവി ചന്ദ്ര വാദ്ദിരാജു രാജ്യസഭയിൽ പറഞ്ഞു.

അഭിഭാഷകരായ എസ്. നിരഞ്ജൻ റെഡ്ഡിയും എൽ. രവിചന്ദ്രൻ എന്നിവരാണ് ഹ‍‍ർജിക്കാരെ പ്രതിനിധീകരിച്ച് വാദം നടത്തിയത്. പുള്ളിമാൻ, കാട്ടുപന്നികൾ, നക്ഷത്ര ആമകൾ, ഇന്ത്യൻ റോക്ക് പെരുമ്പാമ്പുകൾ തുടങ്ങിയ ജീവിവർഗങ്ങൾ വനമേഖലയിൽ വസിക്കുന്നതായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.

മഷ്റൂം റോക്ക് പോലെയുള്ള സവിശേഷമായ ഭൂവിസ്മയങ്ങൾ നിലനിൽക്കുന്ന പ്രദേശം സംരക്ഷിത മേഖലയായി അംഗീകരിക്കണമെന്ന ആവശ്യവുമുയർന്നു. സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ എ. സുദർശൻ റെഡ്ഡി, ഈ ഭൂമി വനഭൂമിയായി തരംതിരിച്ചിട്ടില്ലെന്നും 2003-ൽ ഇത് ഐ.എം.ജി. ഭാരതയ്ക്ക് അനുവദിച്ചിരുന്നുവെന്നും വാദിച്ചു. നിലവിൽ വ്യാവസായിക ആവശ്യങ്ങൾക്കായി ഇത് ഉപയോഗപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പരിസ്ഥിതി പ്രവർത്തകർ സർക്കാരിന്റെ നിലപാട് തള്ളിക്കളഞ്ഞു. 30 മുതൽ 40 വരെ ജെസിബി എക്‌സ്‌കവേറ്ററുകൾ ഉപയോഗിച്ച് വനനശീകരണം നടപ്പാക്കുന്നതിന് മുമ്പ് ഒരു വിദ​ഗ്ധസമിതി രൂപീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കാഞ്ച ഗച്ചിബൗളിയുടെ പാരിസ്ഥിതിക സവിശേഷതകൾ ഇല്ലാതാക്കുന്നത് ഹൈദരാബാദ് നഗരത്തെ തകർക്കുമെന്നും ഹർജിക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. സർക്കാരിനെതിരെ സമരം ചെയ്യുന്ന ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർത്ഥികൾ നിരാഹാര സമരം ആരംഭിച്ചിരിരുന്നു. ഏകദേശം 10 വിദ്യാർത്ഥികളാണ് നിരാഹാരം കിടക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

Content Summary: Kancha Gachibowli tree felling; Students intensify protest against Telangana government

Leave a Reply

Your email address will not be published. Required fields are marked *

×