നഴ്സിങ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. നഴ്‌സുമാരുടെ ജീവിത സാഹചര്യം മാറേണ്ടതുണ്ടെന്നും, ലൈംഗികവത്കരിക്കപ്പെടുന്ന വിഭാഗമാണ് നഴ്‌സുമാരുടേത് എന്നും കങ്കണ റണൗട്ട് പറയുന്നു. കങ്കണ റണൗട്ട് നായികയാകുന്ന പുതിയ ചിത്രമാണ് ഭാരത് ഭാഗ്യ വിധാത. ചിത്രത്തില്‍ നഴ്‌സിന്റെ വേഷത്തിലാണ് കങ്കണ എത്തുന്നത്.
അവരുടെ ജീവിതത്തേക്കാള്‍ ആളുകള്‍ അവരെ എങ്ങനെ കാണുന്നുവെന്നതിലാണ് മാറ്റം വരേണ്ടത്. ഏറ്റവും കൂടുതല്‍ ലൈംഗികവത്കരിക്കപ്പെട്ട ജോലിയാണ് ഇത്. ഹാലോവീനില്‍ നഴ്‌സിന്റെ വേഷത്തിലാണ് ആളുകള്‍ വരുന്നത്. അവരെക്കുറിച്ച് തമാശ പറയും. മതിയായ വേതനമില്ല. ജോലിഭാരം കൂടുതലാണ്. ലൈംഗികവത്കരിക്കപ്പെടുന്നു.
നഴ്‌സുമാരുടെ ഡ്രസ് കോഡ് ബ്രിട്ടീഷ് കാലത്തു നിന്നുള്ളതാണ്. ഡോക്ടര്‍മാര്‍ക്ക് എന്തും ധരിക്കാം. മുകളിലൊരു കോട്ട് ഇട്ടാല്‍ മതി. എന്നാല്‍ നഴ്‌സുമാര്‍ക്ക് യൂണിഫോമുണ്ട്. ചൂടാണെങ്കിലും തണുപ്പാണെങ്കിലും അവരത് ധരിക്കണം. അത് വിദേശ ലുക്കാണ്. സിനിമയിലെ യൂണിഫോമിന്റെ കാര്യത്തില്‍ ഞങ്ങള്‍ പരമാവധി ആത്മാര്‍ത്ഥമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അത് നിങ്ങളുടെ യൂണിഫോമാണ്, നിങ്ങളുടെ ഉത്തരവാദിത്തമാണ്. വ്യക്തിപരമായി എനിക്ക് തോന്നുന്നത് അത് ബ്രിട്ടീഷ് ലുക്കാണെന്നാണ്. പിന്നും തൊപ്പിയും ബെല്‍റ്റുമെല്ലാം ഒന്നാം ലോകയുദ്ധ കാലത്തേയും രണ്ടാം ലോക യുദ്ധ കാലത്തേയും യുഎസ് നേവിയില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ടവയാണ്. കങ്കണ പറയുന്നു.
മുംബൈ കാമ ആശുപത്രിയിലെ നഴ്‌സായിട്ടാണ് ചിത്രത്തിൽ കങ്കണ അഭിനയിക്കുന്നത്. 26/11 മുംബൈ ഭീകരാക്രമണത്തില്‍ ആക്രമണം നേരിടേണ്ടി വന്ന ആശുപത്രിയാണിത്. ആക്രമണത്തിനിടയിലും ആശുപത്രിയിലെ രോഗികളെ പരിചരിച്ചിരുന്ന നഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. പെൻ സ്റ്റുഡിയോസും കങ്കണയുടെ മണികർണിക ഫിലിംസും സഹനിർമ്മാതാക്കളായ ചിത്രത്തിൽ ഗിരിജ ഓക്ക്, സ്മിത ടാംബെ തുടങ്ങിയവരും അഭിനയിക്കുന്നു. മനോജ് താപഡിയായാണ് സംവിധാനം ചിത്രം ജൂൺ 12-ന് തിയേറ്ററുകളിലെത്തും.