June 09, 2026 |
Share on

‘ആര്‍എസ്എസ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യണം’; കര്‍ണാടകയില്‍ പുതിയ രാഷ്ട്രീയ വിവാദം

സംസ്ഥാന ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ ആവശ്യത്തിനെതിരേ ബിജെപി രംഗത്ത് വന്നിരിക്കുകയാണ്

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്) ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള രേഖകള്‍ തയ്യാറാക്കി വെക്കണമെന്ന കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവന സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി ആര്‍.എസ്.എസ് പോലുള്ള സംഘടനകള്‍ രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് വിധേയമായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ ഈ നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബി.ജെ.പി രംഗത്ത് വന്നിട്ടുണ്ട്.

തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രിയങ്ക് ഖാര്‍ഗെ ഈ വിഷയം ഉയര്‍ത്തിയത്. കോണ്‍ഗ്രസ് നേതാക്കളെയും തന്നെയും അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഉപയോഗിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. ആര്‍.എസ്.എസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സര്‍ക്കാര്‍ ഇതര സംഘടന(എന്‍ജിഒ) ആണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നത്. ലക്ഷക്കണക്കിന് അംഗങ്ങളുള്ള, യൂണിഫോം ധരിച്ച് ലാത്തികളുമായി തെരുവുകളില്‍ പരസ്യമായി മാര്‍ച്ച് നടത്തുന്ന ഇത്രയും വലിയൊരു സംഘടനയ്ക്ക് പൊതുജനങ്ങളോട് കൃത്യമായ ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും അതിനായി അവര്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്ന് പ്രിയങ്ക് ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

രേഖകളിലില്ലാത്ത ആര്‍.എസ്.എസ്: ആരോടും ബാധ്യതയില്ലാത്ത ഒരു സംഘടനയുടെ രഹസ്യ ഘടനയുടെ രൂപരേഖ

ഇതുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസും അതിന്റെ അനുബന്ധ സംഘടനകളും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു എന്ന് ഉറപ്പാക്കാനുള്ള നിയമപരമായ സാധ്യതകളെക്കുറിച്ച് കര്‍ണാടക ആഭ്യന്തര വകുപ്പ് നിയമവിദഗ്ദ്ധരുമായി കൂടിയാലോചനകള്‍ നടത്തിവരികയാണ്. ആര്‍.എസ്.എസ് എന്നത് ഒരു രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത ‘വ്യക്തികളുടെ കൂട്ടായ്മ’ മാത്രമാണെന്ന വാദത്തെ മുന്‍നിര്‍ത്തിയാണ് സംഘടന ഇതുവരെ മുന്നോട്ട് പോയത്. എന്നാല്‍ ഈ ലൂപ്‌ഹോള്‍ ഇല്ലാതാക്കിക്കൊണ്ട് എല്ലാ സംഘടനകളെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് കര്‍ണാടക സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇതുസംബന്ധിച്ച നിയമനിര്‍മ്മാണമോ ചട്ടങ്ങളോ രൂപീകരിക്കുമെന്നാണ് സൂചനകള്‍. സംഘടനയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ‘ഗുരുദക്ഷിണ’യായി ലഭിക്കുന്ന തുകയുടെ കണക്കുകളെക്കുറിച്ചും സുതാര്യത വേണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

രേഖകളില്ലാത്ത ആര്‍.എസ്.എസിന്റെ സുരക്ഷയ്ക്ക് ഒരു പതിറ്റാണ്ടില്‍ രാജ്യത്തിന് ചെലവ് നൂറ്റമ്പത് കോടി; കോടതികള്‍ക്ക് മൗനം

അതേസമയം, പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവനയ്ക്കെതിരെ കര്‍ണാടകയിലെ ബി.ജെ.പി നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ആര്‍.എസ്.എസ് നിലവിലുള്ള എല്ലാ നിയമങ്ങളും പൂര്‍ണ്ണമായി അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പുതിയൊരു രജിസ്‌ട്രേഷന്റെ ആവശ്യമില്ലെന്നും ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ആര്‍. അശോക പ്രതികരിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും, അടിസ്ഥാനപ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു. സുതാര്യതയുടെ പേര് പറഞ്ഞ് ആര്‍.എസ്.എസിനെ ലക്ഷ്യം വെക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് ബി.ജെ.പി നിലപാട്.

Content Summary; Karnataka Minister Priyank Kharge sparks political row by asking RSS to keep documents ready for official registration. BJP slams the Congress government over political vendetta

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×