December 13, 2024 |
Avatar
അമർനാഥ്‌
Share on

ചരിത്രം വെട്ടിത്തിരുത്തിയ ഒരാള്‍

സെപ്തംബര്‍ 20; കെ സി എസ് മണിയുടെ ചരമവാര്‍ഷികം

ഇന്ത്യ സ്വതന്ത്രമാകുന്നതിനു തൊട്ടു മുന്‍പ് തിരുവിതാംകൂര്‍ എന്ന നാട്ടുരാജ്യത്തിലെ ദിവാനായ സര്‍. സി. പി. രാമസ്വാമി അയ്യരെ വെട്ടി കൊല്ലാന്‍ ശ്രമിച്ച സംഭവം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വീരഗാഥകളിലൊന്നാണ്. ഐക്യകേരളമെന്ന സങ്കല്‍പത്തെ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കിയത് കെ. സി .എസ് മണിയെന്ന ധീരന്‍ അന്ന് ദിവാനെ വെട്ടിയ ആ വെട്ടായിരുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വിപ്ലവകാരികളായ ഭഗത് സിംഗും ചന്ദ്രശേഖര്‍ ആസാദും ചെയ്ത സാഹസികതക്കു തുല്യമായിട്ടും ചരിത്രത്തില്‍ കെ.സി.എസ് മണിയെന്ന സാഹസികന്‍ അജ്ഞാതനായി അവശേഷിച്ചു. ഔദ്യോഗിക ചരിത്രത്തില്‍ ചരിത്രകാരന്‍മാര്‍ അജ്ഞാതനായ അക്രമിയായി വിശേഷിപ്പിച്ച, ഇനിയും അവര്‍ അംഗീകരിക്കാത്തതുമായ ആ സംഭവത്തിലെ നായകനായ അമ്പലപ്പുഴ കോനാട്ടു മഠം ചിദംബര സുബ്രഹ്‌മണ്യ അയ്യര്‍ എന്ന കെ.സി.എസ്. മണിയുടെ ചരമ വാര്‍ഷികമാണ് സെപ്തംബര്‍ 20.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ.സി.എസ് മണിയെ കാണാന്‍ എത്തിയ തകഴി ശിവശങ്കരപ്പിള്ള ആ പോരാളിയുടെ വീട്ട് മുറ്റത്ത് വെച്ച് ചോദിച്ചു;

‘മണി, നീ സി.പിയെ കൊല്ലാന്‍ തന്നെയാണോ വെട്ടിയത്?’

‘കൊല്ലാന്‍ തന്നെയാണു ചേട്ടാ വെട്ടിയത്. മരിക്കാത്തതില്‍ അന്നെനിക്ക് സങ്കടമുണ്ടായിരുന്നു’.

അന്ന് എന്നതിന് ഊന്നു നല്‍കിയാണ് മണി സ്വാമി മറുപടി പറഞ്ഞത്. ആരു മരിക്കാഞ്ഞത് എന്ന ധ്വനി കൂടി അതിലുണ്ടോ?

സി.പിയെ വെട്ടുന്നത് നേരിട്ട് കണ്ട മണി സ്വാമിയുടെ സഹായികളായ റബര്‍ ഫാക്ടറി തൊഴിലാളികളായ വേലായുധന്‍ നായരും ചെല്ലപ്പന്‍ പിള്ളയും വധശ്രമത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ;

‘ലൈറ്റണഞ്ഞില്ലെങ്കില്‍ രണ്ട് സ്വാമികളും പോക്കായിരുന്നു.’

ksc mani

കെ.സി.എസ് മണി

തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പ്രതിമകള്‍ക്ക് വലിയൊരു സ്ഥാനമുണ്ട്. ദിവാനായ സര്‍ സി പി രാമസ്വാമി അയ്യര്‍ തന്റെ ഭരണകാലത്ത് അപ്രമാദിത്വത്തിന്റെ പ്രതീകമായി പല സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും തന്റെ ‘പ്രതിമ’ സ്വയം മുന്‍കൈയെടുത്ത് സ്ഥാപിച്ചിരുന്നു. ജനങ്ങളെ അടിച്ചും, വെടിവെച്ചും ജയിലിലടച്ചും സ്വാതന്ത്ര്യം നിഷധിച്ച ദിവാന്റെ ‘പ്രതിമകള്‍ തിരുവിതാംകൂറിലെ ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ വെല്ലുവിളിച്ച് പല സ്ഥലത്തും തലയുയര്‍ത്തി നിന്നിരുന്നു. ‘എഴുത്ത് കൊണ്ടു വരാന്‍ ആളില്ലാത്ത കാരണം അത് ഞാന്‍ തന്നെ കൊണ്ടുവരുന്നു എന്ന പോലെയാണ് സി.പി. രാമസ്വാമി അയ്യരുടെ പ്രതിമാ സ്‌നേഹം എന്നാണ് തിരുവിതാം കൂറിലെ കോണ്‍ഗ്രസ് മുന്നണിപ്പടയാളിയും പ്രമുഖ നേതാവുമായ കുമ്പളത്തു ശങ്കുപിള്ള ഇതിനെ പരിഹസിച്ചത്.

1946 ലെ പുന്നപ്ര വയലാര്‍ സമരത്തില്‍ ആയിരങ്ങളെ ചുട്ടരിച്ച സര്‍.സി.പി യുടെ കാട്ടാള ഭരണത്തില്‍ കേരളത്തിലെ സ്വാതന്ത്ര്യ പ്രക്ഷോഭകാരികളുടെ എതിര്‍പ്പ് അതിന്റെ പാരമ്യത്തില്‍ എത്തിക്കഴിഞ്ഞിരുന്നു.

‘സ്വന്തം സ്മാരകം മറ്റാരും സ്ഥാപിക്കാത്തതുകൊണ്ട് അത് താന്‍ തന്നെ മുന്‍ കൈയ്യെടുത്ത് സ്ഥാപിച്ച് കളയാം എന്ന് തീരുമാനിച്ച സ്വസ്മാരക സ്ഥാപകനാണ് സര്‍.സി.പി രാമസ്വാമി അയ്യരെന്നും കുമ്പളത്തു ശങ്കുപിള്ള പരിഹസിച്ചു.

അത്തരത്തിലൊരു സ്മാരകമാണ് തിരുവിതാംകൂറിലെ അഭിമാനികളായ ജനങ്ങളെ വെല്ലു വെല്ലുവിളിച്ചു കൊണ്ട് തമ്പാനൂരിലെ സി പി സത്രത്തിന് മുന്നിലുള്ള സര്‍. സി. പി. യുടെ പ്രതിമ. ഈ അര്‍ദ്ധകായ പ്രതിമ പൗരുഷത്തോടുള്ള ഒരു വെല്ലുവിളിയായാണ് കുമ്പളത്തു ശങ്കുപിള്ള കണ്ടത്. ആ മാര്‍ബിള്‍ പ്രതിമയുടെ മുമ്പില്‍ കൂടി തലകുമ്പിട്ട് നടന്നു പോയ അവസരങ്ങളിലൊക്കെ തനിക്കജ്ഞാതമായ ഒരു അപകര്‍ഷതാ ബോധം ആലസ്യം പോലെ അദ്ദേഹത്തെ പിന്‍തുടര്‍ന്നിരുന്നു.

‘എടോ ആ പട്ടരുടെ പ്രതിമ ഇങ്ങനെ തുറിച്ച് നോക്കി നില്‍ക്കുന്നത് എനിക്ക് സഹിക്കാന്‍ വയ്യ’ കുമ്പളം ഇടക്കിടെ പറയും.

kumbalath sanku pillai

കുമ്പളത്തു ശങ്കുപിള്ള

എന്ത് വില കൊടുത്തു അത് തകര്‍ക്കണം. കുമ്പളം തിരുവിതാംകൂറിലെ അനിഷേധ്യ നേതാവായ എന്‍. ശ്രീകണ്ഠന്‍ നായര്‍, റബ്ബര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ. സദാനന്ദ ശാസ്ത്രികള്‍ എന്നിവരായിരുന്നു ഈ അപകടകരമായ ദൗത്യത്തിന്റെ പദ്ധതി ആവിഷ്‌കരിച്ചത്. 24 കാരനായ ഒരു യുവാവ് ഇത് ചെയ്യാന്‍ സ്വയം മുന്നോട് വന്നു.’സി.പിയെ തട്ടാന്‍ തന്നെയായിരുന്നു അയാളുടെ തീരുമാനം; ‘ ഞാനതു ചെയ്താലോ ചേട്ടാ’ അയാള്‍ അവരോട് ചോദിച്ചു. ശ്രീകണ്ഠന്‍ നായരുടെ ശിഷ്യനും, സന്തസഹചാരിയുമായിരുന്ന കെ.സി.എസ്. മണിയായിരുന്നു ആ ചെറുപ്പക്കാരന്‍. കോനാട്ടു മഠം ചിദംബര സുബ്രഹ്‌മണ്യ അയ്യര്‍ എന്ന കെ.സി.എസ്. മണി. അമ്പലപ്പുഴയിലെ ചിദംബരയ്യരുടെ മകന്‍. മണിയുടെ അച്ഛന്‍ ചിദംബര അയ്യര്‍ അക്കാലത്ത് അമ്പലപ്പുഴ ഭാഗത്ത് തണ്ടും തടിക്കും, കൈയ്യൂക്കിനും പ്രസിദ്ധനായിരുന്നു. ഇടയ്ക്കിടെ അദ്ദേഹത്തിന് സമനില തെറ്റി ഭ്രാന്തിളകും. പിന്നെ ആമത്തിലിട്ട് പുട്ടിയിടുന്നത് വരെ അമ്പലപ്പുഴ പരിസരം ശ്മശാന മൂകതയിലായിരിക്കും. ‘ചിദംബരത്തുക്ക് പിന്നേയും ഇളകിയിരിക്ക്’ എന്ന വാര്‍ത്ത പരന്നാല്‍ അമ്പപ്പുഴയിലെ കടകളെല്ലാം സന്ധ്യക്ക് മുന്‍പേ അടച്ചിരിക്കും. ഒരിക്കല്‍ ഇത്തരമൊരു ഉന്മാദാവസ്ഥയില്‍ ചിദംബരയ്യര്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ കുളത്തിലേക്ക് എഴുവയസുകാരനായ മണി സ്വാമിയെ കാലില്‍ കുട്ടിപ്പിടിച്ച് വലിച്ചെറിഞ്ഞ അച്ഛനാണ്. പറഞ്ഞാല്‍ തീരാത്ത കഥകള്‍ അക്കാലത്ത് ചിദംബരത്തെപ്പറ്റി പ്രചരിച്ചിരുന്നു.

കൊല്ലത്തെ ക്ലോക്ക് ടവറിന്റെ മുന്‍പിലുള്ള ഇരു നില കെട്ടിടത്തില്‍ കുമ്പളത്ത് ശങ്കുപിള്ളക്ക് ഒരു മുറിയുണ്ടായിരുന്നു. കൂടിയാലോചനകളില്‍ അവിടെ ചേരുന്ന എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരുന്നു, ഇനി താമസിക്കരുത്. ഇപ്പോള്‍ തന്നെ രാജ്യം കുട്ടിച്ചോറാക്കി കഴിഞ്ഞു. സി.പി യെ തട്ടണം. അത് മാത്രമെ പരിഹാരമുള്ളൂ. ഇതെല്ലാം കേട്ട കുമ്പളം ഒരു ചെറുചിരിയോടെ പറഞ്ഞു.

‘പറച്ചിലൊക്കെ കേമം തന്നെ. ആ സത്രത്തിലിരിക്കുന്ന അവന്റെ ‘പ്രതിമയില്‍ ഒരു പാട്ട ചാണകം വാരിയെറിയാന്‍ കഴിയാത്തവന്‍മാരാണ് കൊല്ലാന്‍ നടക്കുന്നത്’.

കുമ്പളത്തിന്റെ ഈ വാക്കുകള്‍ അവിടെയുണ്ടായിരുന്ന മണി സ്വാമിയുടെ ഉള്ളില്‍ തട്ടി.

‘ഞാന്‍ തിരുവനന്തപുരത്തേക്ക് പോകുകുകയാണ്’ ഉറച്ച ശബ്ദത്തില്‍ മണി സ്വാമി പറഞ്ഞു.

മണി ഇറങ്ങാന്‍ നേരത്ത് കുമ്പളം തിരികെ വിളിച്ചു. ഒരു പൊതി നീട്ടിയിട്ട് പറഞ്ഞു. ‘മറ്റൊന്നും വിചാരിക്കേണ്ട. വിഷമം കൊണ്ടു പറഞ്ഞതാണ്. ഇത് മുന്നൂറ് രൂപയുണ്ട് ആവശ്യത്തിന് ചിലവാക്കിക്കൊള്ളൂ. ‘

ഒരു പരീക്ഷണ നടപടിയായി ആദ്യം സി.പി പ്രതിമ തകര്‍ക്കുക എന്നതായിരുന്നു തീരുമാനം. ഒറ്റ തവണ മാത്രമാണ് മണി സ്വാമി തിരുവനന്തപുരത്ത് പോയിട്ടുള്ളത്. അതിനാല്‍ സ്ഥല പരിചയം തീരെ കുറവാണ്.

സി പിയുടെ പ്രതിമ തച്ചുടയ്ക്കണം. അസഹിഷ്ണതയും അജ്ഞ്ഞതയും സാഹസികതയും രാജ്യസ്‌നേഹവും എല്ലാം കൂടി കലര്‍ന്ന ഒരു വികാരമായിരുന്ന മണി സ്വാമിയെ ആ ധീരകൃത്യത്തിന് പ്രേരിപ്പിച്ചത്.

ഒരു ദിവസം മണി സ്വാമി ഉച്ചയ്ക്ക് മുന്‍പ് തമ്പാനൂരില്‍ ബസ് ഇറങ്ങി നേരെ പ്രതിമയുടെ അടുത്തെത്തി നോക്കി നിന്നു. മാര്‍ബിളില്‍ തീര്‍ത്ത പ്രതിമ. എല്ലാം നോക്കിക്കണ്ടു. കുമ്പളത്തു ശങ്കുപിള്ളക്ക് ചതുര്‍ത്ഥിയായ വെറുക്കപ്പെട്ട സിപിയുടെ പ്രതിമ ഉടക്കണം. മണി സ്വാമിക്ക് അത് ഒരാവേശമായി മാറിക്കഴിഞ്ഞിരുന്നു. അസഹിഷ്ണുതയും അജ്ഞതയും സാഹസികതയും രാജ്യ സ്‌നേഹവും എല്ലാം കൂടി കലര്‍ന്ന അടക്കാനാവാത്ത ഒരു വികാരമായി മണി സ്വാമിയില്‍ ആവേശിച്ചു.

തന്നെ സഹായിക്കാമെന്ന് പറഞ്ഞ് വെച്ചിരുന്ന റബ്ബര്‍ ഫാക്ടറിയിലെ രണ്ട് തൊഴിലാളികളെ കണ്ടു. വാച്ചര്‍മാരും പോലീസുമുള്ള എപ്പോഴും ജനസമ്പര്‍ക്കമുള്ള ഒരു പ്രദേശമാണത്. അതിനാല്‍ പിടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

രണ്ട് സഹായമാണ് മണിക്ക് വേണ്ടത്, ഒന്ന് അടിക്കാനുള്ള ചുറ്റിക, രണ്ട്, കാര്യം കഴിഞ്ഞാല്‍ ഒളിച്ചിരിക്കാനൊരിടം. രണ്ടും സഹായികള്‍ ഏറ്റു. ചുറ്റിക കടയില്‍ നിന്ന് വാങ്ങിക്കൂടാ, പോലീസ് അന്വേഷിച്ച് കണ്ടെത്തും. റബ്ബര്‍ ഫാക്ടറിയില്‍ നിന്ന് ഒരു ചുറ്റിക അവര്‍ കടത്തിക്കൊണ്ടു വന്നു.

മണി സ്വാമി അത് പരിശോധിച്ചു. ഭാരം കുറവ്. രണ്ട് പൗണ്ട് ഭാരമുള്ളത് വേണം. അവരിലൊരാള്‍ റബ്ബര്‍ ഫാക്ടറിയില്‍ പോയി പുതിയൊരു ചുറ്റിക കൊണ്ടുവന്നു. മണി സ്വാമി അത് ചുഴറ്റി നോക്കി തൃപ്തനായി. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞപ്പോള്‍ സഹായികളോടൊത്ത് മണി സ്വാമി സത്രത്തിനടുത്തെത്തി. അവരോട് മാറിപ്പൊയ്ക്കാളാന്‍ പറഞ്ഞിട്ട് പ്രതിമയുടെ അടുത്തെത്തി.

പരിപൂര്‍ണ നിശബ്ദത, വൈദ്യുത വെളിച്ചത്തിന്റെ കീഴെ സി പി യുടെ മാര്‍ബിളില്‍ തീര്‍ത്ത പ്രതിമ മിന്നുന്നു. അപ്പോള്‍ നേരിയ ചാറ്റല്‍ മഴ തുടങ്ങി. മണി സ്വാമി ഒരു വലിയ ഒരു കരിങ്കല്‍ കഷ്ണം എടുത്ത് പ്രതിമയുടെ തലയുടെ പിന്‍ഭാഗത്തേക്ക് വലിച്ചെറിഞ്ഞു. കരിങ്കല്‍ ഭിത്തിയില്‍ കൊണ്ട പോലെ ആ കല്ല് തലയില്‍ തട്ടി തെറിച്ച് പോയി. അതോടെ മനസിന്റെ നിയന്ത്രണം വിട്ട മണി സ്വാമി കൂടവുമായി മണ്ഡപത്തില്‍ ചാടിക്കേറി പ്രതിമയില്‍ കൂടം കൊണ്ട് ആഞ്ഞടിച്ചു. ആദ്യത്തെ അടി ബുമാറാങ് പോലെ മുഖത്തേക്ക് തന്നെ കൂടം തിരികെ വന്നു. പിന്നെ കലികയറിയ മട്ടില്‍ മണി സ്വാമി ശക്തിയായി തുടരെ ആഞ്ഞടിച്ചു. ആ നിശബ്ദതയില്‍ ഓരോ അടിയും ഇടി മുഴക്കം പോലെ ചെവിയില്‍ മുഴങ്ങി. പ്രതിമയിലെ തലപ്പാവ് പൊടിഞ്ഞു തുടങ്ങി എന്ന് മണിക്ക് മനസിലായി. ഈ ഇടിവെട്ടും പോലെയുള്ള ശബ്ദം കേട്ട് തൊട്ട് നിന്ന് ആളുകള്‍ ഓടി വരുന്നതിന്റെ അനക്കം കേട്ട മാത്രയില്‍ കൂടം ഉപേക്ഷിച്ച് സത്രത്തിന്റെ പിന്‍ഭാഗത്തെ മതില്‍ ചാടി മണി സ്വാമി രക്ഷപ്പെട്ടു.

c p ramaswamy iyer

സര്‍ സി പി രാമസ്വാമി അയ്യര്‍

പിറ്റെന്നാള്‍ തിരുവനന്തപുരം ഞെട്ടലോടെ ആ വാര്‍ത്തയറിഞ്ഞു. തന്റെ വാസസ്ഥലമായ ഭക്തി വിലാസത്തിലിരുന്ന് വാര്‍ത്തയറിഞ്ഞ് സി.പി. ദേഷ്യം കൊണ്ട് ഉറഞ്ഞ് തുള്ളി. പോലീസ് വാന്‍ അങ്ങുമിങ്ങും ചീറിപ്പാഞ്ഞു. സംശയമുള്ളവരെ പിടിച്ച് കൊണ്ടുപോയി മര്‍ദ്ദിച്ചു. പലരും പേടിച്ച് കോണ്‍ഗ്രസ് പതാകകളെല്ലാം അഴിച്ച് മാറ്റി. വാര്‍ത്ത കേട്ടവര്‍ സത്യമാണോ എന്നറിയാന്‍ അവിടെ ഓടിയെത്തി. മൂക്ക് തകര്‍ന്ന ദിവാന്റെ ഉടഞ്ഞ പ്രതിമ കണ്ട് കൃതാര്‍ത്ഥരായി. പോലീസ് സേന കിണഞ്ഞ് ശ്രമിച്ചിട്ടും ആ കൃത്യം നടത്തിയ ആളെ കുറിച്ച് ഒരു തുമ്പും കിട്ടിയില്ല. കമ്യൂണിസ്റ്റ്കാരാണ് ഇതിന് പിന്നിലെന്ന് അവര്‍ നിഗമനത്തിലെത്തി. ജനങ്ങളും അങ്ങനെ വിശ്വസിച്ചു.

തിരുവിതാംകൂര്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെ പ്രതിമ തച്ചുടച്ച വാര്‍ത്ത കൊല്ലത്തു നിന്നു പുറത്ത് വന്ന ‘യുവകേരളം’ പത്രത്തില്‍ മാത്രമാണ് അച്ചടിച്ച് വന്നത്. അതോടെ ആ പത്രത്തിന്റെ ലൈസന്‍സ് റദ്ദാക്കപ്പെട്ടു.

ഒടുവില്‍ ഉടഞ്ഞ പ്രതിമ ചാക്കില്‍ കെട്ടി സത്രത്തിലെ സ്റ്റോര്‍ മുറിയിലേക്കു മാറ്റി. സേച്ഛാധിപതികളുടെ അന്ത്യം ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എന്ന ചൊല്ല് ശരി വെച്ച് എത്രയോ കാലം സ്റ്റോര്‍ മുറിയില്‍ സിപിയുടെ ഉടഞ്ഞ പ്രതിമ ചാക്കില്‍ വല കെട്ടി കിടന്നു.

പ്രതിമയുടക്കല്‍ വിജയിച്ചതോടെ ആത്മവിശ്വാസം വര്‍ദ്ധിച്ച കുമ്പളവും സംഘവും യഥാര്‍ത്ഥ ലക്ഷ്യം ‘പട്ടരെ തട്ടുക’ എന്നത് തീരുമാനിച്ചുറപ്പിച്ചു. കുമ്പളത്തു ശങ്കുപിള്ളയുടെ ആത്മകഥയായ ‘എന്റെ കഴിഞ്ഞ കാലസ്മരണകളില്‍’ സി.പി യെ വെട്ടിയ മണി സ്വാമി തന്നെ കുമ്പളത്തിന്റെ ആവശ്യപ്രകാരം ആ കാര്യങ്ങള്‍ എഴുതി.

‘പിന്നീടുള്ള എന്റെ ജീവിതം മുഴുവനും ഒരേ ലക്ഷ്യത്തെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. രാമസ്വാമി അയ്യരെ തട്ടുക, അത് ചെയ്തിട്ട് മരിക്കുക. ഇത് ഇപ്പോള്‍ പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ അഹങ്കാരമായി വ്യാഖ്യാനിച്ചേക്കാം. പക്ഷേ, ഞാന്‍ നേരത്തെ തന്നെ പറഞ്ഞുവല്ലോ. മരണത്തെ ഭയപ്പെടുത്തക്ക വണ്ണം ജീവിതമത്ര കാമ്യമല്ല എന്നു ഞാന്‍ കരുതിയിരുന്നു. മറ്റൊരു പ്രത്യേക രീതിയിലുള്ള വാദഗതി എന്റെ മനസിലുദിച്ചു. എത് സാധനവും വില കൊടുത്താല്‍ കിട്ടും. പക്ഷേ, ചോദിക്കുന്ന വില കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാകണമെന്ന് മാത്രം. രാമസ്വാമി അയ്യരുടെ ജീവനും വിലയ്ക്ക് വാങ്ങാം. അതിനുള്ള വില കൊടുത്താല്‍. ഒരു ജീവന്റെ വില മറ്റൊരു ജീവനാണ്. ആ വില കൊടുത്താല്‍ അതു കിട്ടും. ഇതായിരുന്നു എന്റെ വാദഗതി.

ഇതിനിടയില്‍ എന്‍. ശ്രീകണ്ഠന്‍ നായര്‍ സി.പി യെ തട്ടാന്‍ മറ്റൊരു ധൈര്യ ശാലിയായ ഒരാളുണ്ടെന്നും അയാള്‍ മതിയെന്നും ഒരു വാദം കൊണ്ടുവന്നു. വ്യക്തിപരമായി മണി സ്വാമിയെ ഇതില്‍ രക്തസാക്ഷിയാക്കുന്നത് ശ്രീകണ്ഠന്‍ നായര്‍ ഇഷ്ടപ്പെട്ടില്ല. താന്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന പയ്യനാണ് മണി. ഇത് തുറന്ന് പറഞ്ഞാല്‍ ദൗര്‍ബല്യമായി വ്യാഖ്യാനിക്കുമോ എന്ന് തെറ്റിദ്ധരിക്കപ്പെടാം. അതിനാലാണ് ഇങ്ങനെ ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെ ശ്രീകണ്ഠന്‍ നായര്‍ കൊണ്ടു വന്നത്. കമ്മറ്റിയിലെ ജി. ജനാര്‍ദനക്കുറുപ്പ് ഒഴികെ എല്ലാവരും ശ്രീകണ്ഠന്‍ നായരോട് യോജിച്ചു.

ജനാര്‍ദനക്കുറുപ്പ് ഒറ്റ വാചകത്തില്‍ തന്റെ അഭിപ്രായം പറഞ്ഞു. ‘നാം സി.പിയെ വധിക്കണമെന്ന് തീരുമാനിക്കുകയാണെങ്കില്‍ ആ കൃത്യം നിര്‍വ്വഹിക്കാന്‍ നമ്മുടെ ഇടയില്‍ ഒരാള്‍ക്കേ കഴിയു; കെ.സി.എസ്. മണിക്ക്.’

മണി പറഞ്ഞു; ‘ഞാന്‍ നിങ്ങളുടെ കമ്മറ്റിയില്‍ നിന്ന് രാജി വെച്ചിരിക്കുന്നു. ഈ കാര്യത്തില്‍ നിങ്ങളോട് ഉള്ളതിനേക്കാള്‍ കൂടുതല്‍ ഉത്തരവാദിതം. എനിക്ക് ശങ്കുപ്പിള്ളച്ചേട്ടനോടും ചേട്ടനോടുമുണ്ട്. മാത്രമല്ല ഇത് എന്റെ ആത്മാഭിമാനത്തിന്റെ സ്പര്‍ശിക്കുന്ന കാര്യം കൂടിയാണ്. നിങ്ങളുടെ സഹായം ഇല്ലാതെ തന്നെ ഞാനിതു ചെയ്തു കൊള്ളാം’. മണി പിന്‍തിരിയില്ലെന്ന് കണ്ടപ്പോള്‍ ശ്രീകണ്ഠന്‍ നായര്‍ വഴങ്ങി. നേരത്തെ പ്രതികൂലിച്ചവരുടെ എതിര്‍പ്പും അതോടെ അസ്തമിച്ചു.

വെടി വെച്ചു കൊല്ലാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. പക്ഷേ, തെറ്റാതെ വെടിവെയ്ക്കാനുള്ള പരിശീലനം ആവശ്യമാണ്. അതിനാല്‍ അത് ഉപേക്ഷിച്ച് കത്തിയുപയോഗിച്ച് വെട്ടിക്കൊല്ലാം എന്ന് തീരുമാനിച്ചു.
രണ്ട് കാര്യങ്ങളാണ് മണി സ്വാമി ആവശ്യപ്പെട്ടത്. മൂര്‍ച്ചയുള്ള കത്തി, രക്ഷപ്പെടാന്‍ ഒരു സൈക്കിള്‍. വെട്ടാന്‍ തീരുമാനിച്ചു. രണ്ട് യോഗങ്ങളില്‍ സി.പി. വരാഞ്ഞതിനാല്‍ ഓപ്പറേഷന്‍ നടന്നില്ല.

1947 ജൂലൈ 25. ഇന്ത്യ സ്വതന്ത്രമാകുന്നതിന് 21 ദിവസം മുന്‍പ്. തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ശതാബ്ദിയാഘാഷങ്ങള്‍. മഹാരാജാവും ദിവാന്‍ സര്‍. സി. പിയും പരിപാടിക്ക് വരും. പക്ഷേ പ്രവേശനം പാസ്സുകള്‍ മൂലം നിയന്ത്രിച്ചിരുന്നു. കുമ്പളത്തു ശങ്കുപിളളയുടെ ഒരു സുഹൃത്തായ കൈതവന രാഘവന്‍ പിള്ളയാണ് നല്ല മൂര്‍ച്ചയുള്ള ഒരു വെട്ടുകത്തി മണിക്ക് നല്‍കിയത്. ഒരു കായ സഞ്ചിയില്‍ പേപ്പറില്‍ പൊതിഞ്ഞ കത്താള്‍, ഒരു കാക്കി നിക്കര്‍, ഒരു ജോഡി ഖദര്‍ മുണ്ടും ഷര്‍ട്ടും. ഇത്രയും ഒരുക്കി രാഘവന്‍ പിള്ളയുടെ വീട്ടില്‍ നിന്ന് മണി തിരുവനന്തപുരത്തേക്ക് യാത്രയായി. തമ്പാനൂരെ ഓവര്‍ബ്രിഡ്ജിന്റെ സമീപത്തുള്ള ഒരു ലോഡ്ജില്‍ കള്ളപ്പേരില്‍ മുറിയെടുത്തു.

സദാശിവന്‍ നായര്‍ എന്നൊരാളില്‍ നിന്ന് അക്കാദമിക്ക് അകത്ത് കയറാനുള്ള പാസ്സ് കരസ്ഥമാക്കി. ഇത് ജീവന്‍ കളഞ്ഞു കൊണ്ടുള്ള കളിയല്ലേ? സദാശിവന്‍ നായര്‍ ഭയത്തോടെ ചോദിച്ചു. അതേ, അറിഞ്ഞ് കൊണ്ടുള്ള കളിയാണ് എന്ന് മാത്രമാണ് മണി സ്വാമി മറുപടി പറഞ്ഞത്. മുന്നര മണിയോടെ മണി റെഡിയായി. കാക്കി നിക്കറില്‍ കത്തി കൊളുത്തിയിട്ടു. ഒരു സിഗരറ്റ് കവറിന്റെ അകത്ത് കെ.സി.എസ് മണി, ട്രാവന്‍കൂര്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന് എഴുതി ജുബയുടെ പോക്കറ്റിലിട്ടു. എന്തെങ്കിലും പറ്റിയാല്‍ ശരീരം തിരിച്ചറിയണമല്ലാ.

ksc mani

കെ സി എസ് മണി

ആ നിര്‍ണായക ദിവസം അക്കാദമിയുടെ അകത്തേക്ക് കേറിയ മണി കണ്ടത് വന്‍ സൈനിക വ്യൂഹമാണ്. പുന്നപ്ര-വയലാര്‍, പേട്ട വെടിവെപ്പ് എന്നിവക്ക് ശേഷം തന്റെ തലക്ക് നോട്ടമുള്ള അനേകങ്ങള്‍ തിരുവിതാംകൂറിലുണ്ടെന്ന് ബുദ്ധിമാനായ സി.പിക്ക് അറിയാമായിരുന്നു. അതിന്റെ തിരിച്ചറിവായിരുന്നു ഈ സുരക്ഷാ സന്നാഹം. അത് കണ്ടതോടെ രക്ഷപ്പെടാന്‍ കഴിയുമെന്ന ആശ മണിക്ക് ഇല്ലാതായി. സംസ്ഥാനത്തെ ഉയര്‍ന്ന പോലീസ് മേധാവികളുടെ പട തന്നെ അവിടെയുണ്ട്.

കേറുന്ന വടക്ക് ഭാഗത്ത് മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. കേറി വന്നപ്പോള്‍ പന്തലില്‍ നില്‍ക്കുന്ന നാട്ടുകാരായ അമ്പലപ്പുഴ സഹോദരങ്ങളുടെ മുന്നിലാണ് ചെന്നത്. അവരുടെ നാദസ്വര കച്ചേരി അന്ന് അവിടെയുണ്ട്. അവര്‍ കാണും മുന്‍പ് മണി ഒഴിഞ്ഞ് മാറി.

പന്തലില്‍ ഇരുപ്പുറച്ചപ്പോള്‍ തന്റെ മനോവിചാരം മാറിയതായി മണിക്ക് തോന്നി. ഞാന്‍ ചെയ്യാന്‍ പോകുന്നത് വെറും മൗഡ്യമാണോ എന്നൊരു ചോദ്യം മനസ്സില്‍ വന്നു. സി.പിയോട് വ്യക്തിഗതമായ ഒരു പകയും തനിക്കില്ല. ഇത് വരെ ഞാന്‍ ലോക്കപ്പില്‍ പോയിട്ടില്ല. സി.പിയുടെ പോലീസ് തന്നെ മര്‍ദിച്ചിട്ടില്ല, പിന്നെ എന്തിന്? പക്ഷേ, പുന്നപ്ര വയലാറിലെ അനേകായിരങ്ങള്‍ വെടിയേറ്റ രംഗം മനസിലേക്ക് കേറി വന്നതോടെ ഉടന്‍ തന്നെ ആ വിചാരങ്ങള്‍ മണി അടിച്ചമര്‍ത്തി.

ആരവങ്ങള്‍ക്കിടയില്‍ മഹാരാജാവും കുടുംബാംഗങ്ങളും എഴുന്നെള്ളി. തൊട്ട് പിന്നാലെ ദിവാന്‍ സര്‍. സി. പി. രാമസ്വാമി അയ്യരും. തിരുവിതാം കുറിനെ ഉരുക്കു മുഷ്ടിയില്‍ ഒതുക്കിയ, തിരുവിതാംകൂര്‍ എന്ന നാട്ടു രാജ്യത്തിലെ ഏറ്റവും വെറുക്കപ്പെട്ട ആ വ്യക്തിയെ ആദ്യമായി മണി സ്വാമി നേരിട്ട് കണ്ടു. പലരും പറഞ്ഞു കേട്ട പോലെത്തന്നെ ആ കണ്ണുകളിലെ ആഴം അഗാധമാണ് എന്ന് മണിക്ക് ഒറ്റനോട്ടത്തില്‍ തോന്നി. ഉല്‍ഘാടന ചടങ്ങില്‍ സി.പി. പ്രസംഗിച്ചു. തന്റെ ആശയം – സ്വതന്ത്ര തിരുവിതാം കൂറിനെ പറ്റി ഒരിക്കല്‍ കൂടി പറയാന്‍ സി.പി അപ്പോഴും മറന്നില്ല.

സ്വരം കൊണ്ട് വിസ്മയം തീര്‍ക്കുന്ന ചെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കച്ചേരി ആരംഭിച്ചു. ഒരു മണിക്കൂറിന് ശേഷം കച്ചേരി കഴിയാന്‍ തുടങ്ങവേ സി.പി. എഴുന്നേറ്റു, മടക്കയാത്രയാണ്. സദസ്യര്‍ ഒന്നടങ്കം ഭയഭക്തിയോടെ എഴുന്നേറ്റ് നിന്നു. കൈകൂപ്പി പ്രണാമങ്ങള്‍ എറ്റ് വാങ്ങി സി.പി. പോലീസ് അകമ്പടിയോടെ പുറത്തേക്ക് നടക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥന്മാര്‍ വഴിയൊരുക്കുന്നു.

മണി എഴുനേറ്റു നിന്നു. തന്റെ മുന്നിലൂടെയാണ് ദിവാന്‍ കടന്ന് പോകേണ്ടത്. കത്തിയില്‍ പിടിമുറിക്കി നിന്നു. തൊട്ടടുത്ത് എത്തിയപ്പോള്‍ താന്‍ ഉടുത്തിരുന്ന മുണ്ട് ചലനസ്വാതന്ത്രത്തിന് വേണി ഊരിയെറിഞ്ഞ് മുന്നോട്ട് നീങ്ങി ദിവാന്റെ കഴുത്തിലേക്ക് കത്താള്‍ കൊണ്ട് ആഞ്ഞു വെട്ടി. ജുഗുലര്‍ ഞെരമ്പ് അറ്റു പോകുന്ന വെട്ട്. പക്ഷേ, കഴുത്തില്‍ ചുറ്റിയ കാശ്മീര്‍ പട്ടു ഷാള്‍ ദിവാനെ രക്ഷിച്ചു. അതില്‍ തട്ടി കത്തി പാളിപ്പോയി. എങ്കിലും അടുത്ത വെട്ടില്‍ ഇടത്തെ കവിളിന്റെ കീഴ്ഭാഗം പിളര്‍ന്നു തൂങ്ങി. നിര്‍ണ്ണായകമായ ആ നിമിഷത്തില്‍ ലൈറ്റുകളെലാം അണഞ്ഞു പന്തല്‍ ഇരുളിലാണ്ടു. അപ്പോഴും മണി തുരുതുരാ വെട്ടുകയായിരുന്നു. വെളിച്ചം പോകുന്നതിന് മാത്രകള്‍ മുന്‍പ് മണി ആ കാഴ്ച കണ്ടു. തലപ്പാവ് തെറിച്ച് പോയ ദിവാന്റെ മുഖം ചുവന്ന ഗോളം പോലെ തുടത്തു ‘അപ്പാ’ എന്ന ദീനസ്വരം മുഴക്കിക്കൊണ്ട് അദ്ദേഹം ആരുടേയോ കയ്യില്‍ പതിച്ചു.

‘ഞാനും രാമസ്വാമി അയ്യരും ആളുകളുടെ നടുക്കായിരുന്നു. വീണ്ടും ഞാന്‍ ഓങ്ങിയെങ്കിലും വെട്ടാന്‍ എനിക്ക് കഴിഞ്ഞില്ല. അതിനിടയില്‍ ലൈറ്റ് വന്നു. വീണ്ടും അണഞ്ഞു വെട്ടുകത്തി താഴെയിട്ട് ഞാന്‍ എന്നെ പിടിച്ച വരെ കുതറി മാറി ആ വലയത്തില്‍ നിന്ന് പുറത്തായി. രണ്ട് വശത്തും ഇട്ടിരുന്ന കസേരകളുടെ ഇടയിലേക്ക് പ്രാണ ഭീതിയോടെ ചാടി. അവിടെ ഇരുന്നവര്‍ രണ്ട് വശത്തേക്കും മാറിത്തന്നു. എന്റെ നാട്ടുകാരുടെ ഭീരുത്വത്തെ അന്നാദ്യമായിട്ട് ഞാന്‍ അഭിനന്ദിച്ചു. ആ നിമഷങ്ങളെ കുറിച്ച് പിന്നിട് മണി പറഞ്ഞു.

നേരെ പടിഞ്ഞാറ് വശത്തെ കയ്യാലയുടെ മതില്‍ ചാടി. മുട്ടിടിച്ചാണ് വിണത് ഇത്രയും ഉയരം പ്രതീക്ഷിച്ചില്ല അല്‍പ്പനേരം ബോധശൂന്യനായി അവിടെ കിടന്നു. സ്ഥലകാല ബോധം വന്നപ്പോള്‍ ഉടക്കില്‍ കീറിയ ജുബ ഊരി കളഞ്ഞു. കാക്കി നിക്കര്‍ മാത്രം ധരിച്ച് റോഡിലൂടെ നടന്നു. തിരുവിതാംകൂറിന്റെ ചരിത്രം തന്നെ വെട്ടിത്തിരുത്തിയ ഇരുപത്തഞ്ചുകാരന്‍ യുവാവാണ് ആ നടന്നു പോകുന്നതെന്ന് അന്ന് വിരലിലെണ്ണാവുന്നവര്‍ക്കേ അറിയുമായിരുന്നുള്ളൂ.

n sreekandan nair

എന്‍. ശ്രീകണ്ഠന്‍ നായര്‍

മണിയുടെ രക്ഷിതാവും, ഗുരുവും സി.പിയെ തട്ടാന്‍ രൂപീകരിച്ച സംഘത്തിന്റെ പ്രമുഖനമായ എന്‍. ശ്രീകണ്ഠന്‍ നായര്‍ അന്ന് മദ്രാസില്‍ മാമ്മന്‍ മാപ്പിളയുടെ വീട്ടിലായിരുന്നു. വൈകിട്ട് മദ്രാസിലെ പ്രമുഖനും പൗരമുഖ്യനുമായ ഡോ. സി.ആര്‍ കൃഷ്ണപിള്ളയും, തിരുവിതാംകൂറിലെ സമുന്നതനായ കോണ്‍ഗ്രസ് നേതാവായ ടി.എം വര്‍ഗീസുമായി അവിടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയായിരുന്നു. ‘അപ്പോള്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.’ ഈ സമയത്ത് രാമസ്വാമി അയ്യരുടെ തല ഉടലില്‍ നിന്ന് വേര്‍പ്പെട്ടു കാണും.’ എന്ത്? അവര്‍ രണ്ട് പേരും ഞെട്ടലോടെ ചോദിച്ചു.
ശ്രീകണ്ഠന്‍ നായര്‍ പദ്ധതിയെല്ലാം അവരോട് വെളിപ്പെടുത്തി. അവര്‍ തിരക്കിട്ട് എല്ലാ പത്രമാഫീസിലും റേഡിയോ സ്റ്റേഷനിലും ഫോണ്‍ ചെയ്ത് തിരക്കിയെങ്കിലും ഒന്നും ലഭിച്ചില്ല.

മണി സഹായിയായ ചെല്ലപ്പന്‍ പിള്ളയുടെ വീട്ടിലെത്തി കാലിലെ മുറിവുകള്‍ വെച്ചു കെട്ടി. അയാളുടെ ഷര്‍ട്ടും മുണ്ടും ധരിച്ച് നേരെ റെയില്‍വേ സ്റ്റേഷനിലേക്ക്- അവിടെ നിന്ന് ട്രെയിനില്‍ പാലക്കാട്ടേക്കും.

വെട്ടേറ്റ സി.പി. നേരെ പോയത് വാസസ്ഥലമായ ഭക്തി വിലാസത്തിലേക്കായിരുന്നു. സമനില തെറ്റിയ സി.പി. ആരെയും വിശ്വസിച്ചില്ല. ആശുപത്രി വിങ്ങ് തന്നെ ഭക്തി വിലാസത്തില്‍ സജ്ജമാക്കി. സിവില്‍ സര്‍ജ്ജന്‍ ഡോ. കേശവന്‍ നായരും സംഘവും നീണ്ട മണിക്കൂര്‍ അശാന്ത പരിശ്രമം നടത്തിയാണ് ദിവാനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ട് വന്നത്. ആശുപത്രിയില്‍ പോകാന്‍ പോലും വിശ്വാസം സി.പിക്ക് ഇല്ലായിരുന്നു

‘ദിവാന്‍ജിക്ക് 7 മുറിവുകള്‍ പറ്റി. ഇടത്തേ ചെകിട്ടില്‍ ഗുരുതരമായ ഒരു പരിക്കേല്‍ക്കുകയാല്‍ മുറിവ് പറ്റിയ 3 ധമനികളില്‍ നിന്ന് രക്ത നഷ്ടമുണ്ടായി. ഇടതേ ചെവിക്ക് താഴെ ശിരോ ചര്‍മ്മത്തിനുണ്ടായ പരിക്ക് കൊണ്ട് അവിടത്തെ രക്തക്കുഴലുകള്‍ക്കെല്ലാം മുറിവ് സംഭവിച്ചു.’ സര്‍ജന്‍ ജനറല്‍ പുറത്ത് വിട്ട മെഡിക്കല്‍ ബുള്ളറ്റിനിലെ ദിവാന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ഭാഗമാണ്. ഇതില്‍ നിന്ന് വെട്ട് മോശമായിരുന്നില്ലെന്ന് വ്യക്തം. തലനാരിഴ വ്യത്യാസത്തിലാണ് സി.പി. രക്ഷപ്പെട്ടത്. സി.പി യെ കാണാന്‍ മകന്‍ പട്ടാഭിയും ഭാര്യയും തിരുവനന്തപുരത്ത് എത്തി. ഓഗസ്റ്റ് 19 ന് സര്‍ സി. പി എന്നന്നേയ്ക്കുമായി തിരുവിതാംകൂറില്‍ നിന്ന് നിഷ്‌ക്രമിച്ചു.

വധശ്രമക്കേസ് അന്വേഷിച്ചത് കോട്ടയം ഡി.എസ് പി. എന്‍. ചന്ദ്രശേഖരന്‍ നായരായിരുന്നു(പിന്നീട് ഐ.ജിയായി. തിരുവനന്തപുരത്തെ സ്റ്റേഡിയം ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്). അദ്ദേഹത്തിന്റെ ഓര്‍മ്മകുറിപ്പായ ‘ഐ. ജി. സ്മരണകള്‍'(1979)-ല്‍ രണ്ട് അദ്ധ്യായം തന്നെ സി.പി. വധശ്രമത്തിന് നീക്കി വെച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ സംഭവം നടന്നപ്പോള്‍ ലൈറ്റ് അണഞ്ഞത് യാദൃശ്ചികം മാത്രമാണ്. അത് ആരും കേടാക്കിയതല്ല.

1963 ല്‍ സി.പി. തിരുവനന്തപുരത്ത് വന്നപ്പോള്‍ പ്രതിയെ കുറിച്ച് തിരക്കി. ആരാണ് ഇത് ചെയ്തത് എന്ന് അറിയാന്‍ സി.പിക്ക് ആഗ്രഹമുണ്ടായിരുന്നു. കാര്യങ്ങളെല്ലാം ചന്ദ്രശേഖരന്‍ നായര്‍ സി.പി യുടെ സെകട്ടറിയോട് വിശദീകരിച്ചു. ഔദ്യോഗികമായി കേസ് നിന്നില്ല. തെളിവ് കൊടുക്കാന്‍ കോടതിയില്‍ ആരും വന്നില്ല. സെഷന്‍സ് ജഡ്ജി കോടതിയില്‍ ഈ കേസ് കേട്ട ശങ്കരനാരായണ അയ്യര്‍ അത് സ്ഥിരീകരിച്ചു.

പോലീസ് അന്ധാളിച്ച ഒരു കേസ് ആയിരുന്നു അത്. 44 പേരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഒരു തുമ്പും കിട്ടിയില്ല. അവരാരും ഇതില്‍ പങ്കാളികളായിരുന്നില്ലല്ലോ.

yadukula kumar-book

യദുകുലകുമാര്‍

കെ. സി. എസ് മണിയുടെ ധീരകൃത്യം വിസ്മൃതിയില്‍ മറയാന്‍ തുടങ്ങുമ്പോള്‍ പത്രപ്രവര്‍ത്തകനായ യദുകുലകുമാര്‍ 1986 ഓഗസ്റ്റില്‍ കെ. സി എസ്. മണിയുടെ മികച്ച ഒരു ജീവചരിത്രം എഴുതി പുറത്ത് കൊണ്ടു വന്നു. കേരള സ്വാതന്ത്യ സമര ചരിത്രത്തിലെ ഏറ്റവും സാഹസികമായ ഏടുകള്‍ ‘സര്‍ സിപിയെ വധിക്കാന്‍ ശ്രമിച്ച കെ. സി. എസ്. മണി’ എന്ന പുസ്തകത്തിലൂടെ മനോഹരമായി യദുകുലകുമാര്‍ അവതരിപ്പിച്ചു. പത്രപ്രവര്‍ത്തകന്‍ ചരിത്രം എങ്ങനെ എഴുതണം എന്നതിന്റെ മലയാളത്തിലെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് ആ പുസ്തകം.

തന്റെ വിസ്മരിക്കപ്പെട്ട ദിവാന്‍ സംഭവം ആദ്യമായി അംഗീകരിക്കപ്പെട്ട ഒരു രേഖയായി അവസാനം കാണാന്‍ സാധിച്ചതില്‍ കൃതാര്‍ത്ഥനായ മണി സ്വാമി ഒരു വര്‍ഷത്തിന് ശേഷം 1987 സെപ്റ്റംബര്‍ 20 ന് അന്തരിച്ചു. ലളിതയാണ്. ഭാര്യ അവര്‍ക്ക് മക്കളില്ലായിരുന്നു.

kcs mani smarakam

തൈക്കാട് സ്വാതി തിരുനാള്‍ സംഗീത കോളേജിന് മുന്നിലൂടെ യാത്ര ചെയ്താല്‍ കോളേജ് ഗേറ്റിന് എതിര്‍ വശത്ത് ഒരു സ്തൂപത്തിന് മുകളില്‍ വലിയൊരു കരിങ്കല്‍ കാണാം. സര്‍ സി.പി.രാമസ്വാമി അയ്യരെ വെട്ടിയ കെ.സി.എസ് മണി എന്ന വിപ്ലവകാരിയുടെ സ്മാരകമാണത്. കെ സി എസ് മണിയുടെ ഏക സ്മാരകം.  kcs mani, indian socialist activist who attempt of assassination on cp ramaswamy iyer death anniversary

Content Summary; KCS Mani, indian socialist activist who attempt of assassination on CP Ramaswamy Iyer death anniversary

×