April 20, 2025 |

സല്യൂട്ട് കേരള എക്‌സൈസ്‌; ലഹരിയെ പ്രതിരോധിച്ച് ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്‌

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിലെ എക്‌സൈസ് വകുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌

ലഹരിക്കെതിരേ കേരള എക്‌സൈസ് വകുപ്പ് നടത്തി വരുന്ന പ്രതിരോധ യുദ്ധമാണ് ഒപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്. ഘട്ടംഘട്ടമായി ദീര്‍ഘിപ്പിച്ച പ്രത്യേക ദൗത്യം ഒരാഴ്ച്ച കൂടി നീട്ടിയിരിക്കുകയാണ്. കേരളത്തെ ലഹരിയുടെ പിടിയില്‍ നിന്നും പൂര്‍ണമായി മോചിപ്പിക്കാന്‍ സമയം വേണ്ടി വരുമെങ്കിലും, സംസ്ഥാനത്തെ ഏക്‌സൈസ് വകുപ്പ് ഇപ്പോള്‍ തുടരുന്ന പോരാട്ടം ഏറെ ശ്ലാഘനീയമാണ്.

മാര്‍ച്ച് അഞ്ചു മുതല്‍ 12 വരെ എക്‌സൈസ് നടത്തിയത് 3568 റെയ്ഡുകളാണ്. ഇതില്‍ പൊലീസ്- വനം-മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുമായി ചേര്‍ന്ന് 50 സംയുക്ത പരിശോധനകള്‍ നടത്തി. ഈ കാലയളവില്‍ 33709 വാഹനങ്ങള്‍ പരിശോധിച്ചു. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി 554 മയക്കുമരുന്ന് കേസുകളാണ് പിടിച്ചത്. ഈ കേസുകളില്‍ 570 പേരെ പ്രതിചേര്‍ക്കുകയും ഇതില്‍ 555 പേരെ പിടികൂടുകയും ചെയ്തുവെന്നാണ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. പ്രതികളില്‍ നിന്ന് 1.9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉല്‍പ്പന്നങ്ങളാണ് എക്‌സൈസ് കണ്ടെടുത്തത്. സ്‌കൂള്‍ പരിസരത്ത് 998, ബസ് സ്റ്റാന്‍ഡ് പരിസരത്ത് 282, ലേബര്‍ ക്യാമ്പുകളില്‍ 104, റെയില്‍വേ സ്റ്റേഷനുകളില്‍ 89 തുടങ്ങിയ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന 26 പ്രതികളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ 450 അബ്കാരി കേസുകളും, 2028 പുകയില കേസുകളും കൂടി എക്‌സൈസ് പിടിച്ചിട്ടുണ്ട്.

ധീരമായൊരു സാമൂഹികോത്തരവാദിത്തമാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നാണ് ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്‌
നേതൃത്വം നല്‍കുന്ന എക്‌സൈസ് ഉന്നതോദ്യോഗസ്ഥരിലൊരാള്‍ അഴിമുഖത്തോട് പറഞ്ഞത്. വെഞ്ഞാറമ്മൂട് കൂട്ടക്കൊല, താമരശേരിയിലെ പത്താം ക്ലാസുകാരന്റെ കൊലപാതകം എന്നീ സംഭവങ്ങള്‍ക്ക് പിന്നാലെ ലഹരി പിടിയില്‍ കേരളം അമരുന്നുവെന്ന പരാതികളും ആശങ്കളും വ്യാപകമായതാണ് സംസ്ഥന എക്‌സൈസ് വകുപ്പിനെ ഒരു പ്രത്യേക ദൗത്യത്തിനായി ഒരുക്കിയത്. മന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശം.

Kerala Excise operation clean slate

പരിശോധന
രണ്ട് തരത്തിലാണ് പരിശോധന. ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം നടക്കുന്ന പരിശോധനകളും, പൊതുവായ പരിശോധനകളും(ജനറല്‍ കോമ്പിംഗ്). വിവരങ്ങള്‍ കിട്ടുന്നതനുസരിച്ച് യാതൊരു വിട്ടൂവീഴ്ച്ചയുമില്ലാതെ പരിശോധനകള്‍ നടത്തുന്നുണ്ട്. മുന്‍പ്രതികളെയും ശക്തമായ നിരീക്ഷണത്തിലാക്കി. ഇതിനു പുറമെ കണ്‍ട്രോള്‍ റൂമില്‍ വരുന്ന വിവരങ്ങളും ദൗത്യത്തിന് സഹായകമാകുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാത്തവര്‍ കൂടുതലായി ലഹരിക്ക്, പ്രത്യേകിച്ച് രാസലഹരികള്‍ക്ക് അടിമകളാകുന്നുവെന്നതാണ് കേരളം നേരിടുന്ന പ്രധാന പ്രശ്‌നം. സ്‌കൂള്‍/ കോളേജുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗവും വില്‍പ്പനയും വര്‍ദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ക്ലീന്‍ സ്ലേറ്റ്‌ ഓപ്പറേഷന്റെ കണ്ണ് പ്രധാനമായും ക്യാമ്പസുകളിലും സ്‌കൂളുകളിലും പതിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ പരിശോധനകളും നിരീക്ഷണവും ശക്തമാണ്. വിദ്യാലയങ്ങള്‍ക്കകം പരിശോധിക്കാനും അന്വേഷണം നടത്താനും അധ്യാപകരുടെ ഉള്‍പ്പെടെ സഹായം തേടുന്നുണ്ട്.

രാസലഹരി മാത്രമല്ല ലക്ഷ്യം
ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ലക്ഷ്യം സിന്തറ്റിക് ഡ്രഗ്‌സ് അഥവ രാസലഹരി മാത്രമല്ലെന്നാണ് ഓപ്പറേഷന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത്. എല്ലാത്തരം ലഹരികളും പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ എല്ലാ ലഹരികള്‍ക്കുമെതിരെയുള്ള പോരാട്ടമാണ് ഞങ്ങള്‍ നടത്തുന്നത്, എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

‘ഇപ്പോഴുള്ള ഡ്രഗുകളാണ് പ്രശ്‌നമെന്നും കഞ്ചാവൊന്നും അത്രവലിയ കുഴപ്പമില്ല എന്നൊരു പ്രചാരണമുണ്ട്. കഞ്ചാവും അപകടകാരിയാണ്. ചില സംസ്ഥാനങ്ങള്‍ കഞ്ചാവ് നിയമവിധേയമാക്കുന്നൂ എന്നൊക്കെയാണ് വാദത്തിന് പറയുന്നത്. മരുന്നുകളില്‍ ഉപയോഗിക്കാന്‍ മാത്രമാണത്, അല്ലാതെ ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയല്ല. പഴയതും പ്രശ്‌നമാണ് പുതിയതും പ്രശ്‌നമാണ്. ലഹരിവസ്തുക്കള്‍ എപ്പോഴും പ്രശ്‌നം തന്നെയാണ്. അതു കുഴപ്പമില്ല, ഇതാണ് അപകടം എന്ന് പറയുന്നതില്‍ അര്‍ത്ഥവുമില്ല, അതൊരു തെറ്റായ സന്ദേശവുമാണ്’ അഴിമുഖത്തോട് സംസാരിച്ച ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു. സിഗററ്റ്, പിന്നീട് ശംഭു, ഹാന്‍സ് പോലുള്ളവ, അവിടെ നിന്ന് കഞ്ചാവ്, പിന്നെ ഇപ്പോള്‍ കിട്ടുന്ന രാസലഹരികള്‍; ഇങ്ങനെയാണ് പലപ്പോഴും പോകുന്നത്. അതുകൊണ്ട് ഇതില്‍ ഏതു ലഹരിയും അപകടകാരിയാണ്, ഉദ്യോഗസ്ഥന്‍ ഓര്‍മപ്പെടുത്തുന്നു.

ലഹരി കടന്നു വരുന്ന വഴികള്‍
അന്തര്‍ സംസ്ഥാന ലഹരി കടത്തിന് കടിഞ്ഞാണ്‍ ഇടുകയെന്നതും ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ലക്ഷ്യമാണ്. പുറമെ നിന്നുള്ള മയക്കുമരുന്ന് വരവ് തടയാന്‍ രണ്ട് രീതിയിലാണ് പരിശോധനകള്‍. സംസ്ഥാന അതിര്‍ത്തികള്‍, ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങള്‍, ദേശീയ പാത, മറ്റ് റോഡുകള്‍; ഇവിടങ്ങളിലെല്ലാം പരിശോധനയുണ്ട്. എക്‌സൈസിന് കീഴിലുള്ള കേരള എക്‌സൈസ് മൈാബൈല്‍ ഇന്റെര്‍വെന്‍ഷന്‍ യൂണിറ്റ്(കെമു) അതിര്‍ത്തികള്‍, ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നു. ദേശീയ പാതകളിലെ രാത്രികാല പരിശോധനകള്‍, സാധ്യതയുള്ള മറ്റ് റോഡുകളിലെ വാഹന പരിശോധനകള്‍ എന്നിവയും പുതിയ ദൗത്യത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്.

operation clean slate

ഏതെങ്കിലും പ്രത്യേക സംസ്ഥാനത്ത് നിന്നു കൂടുതലായി കേരളത്തിലേക്ക് ലഹരി എത്തുന്നുവെന്ന് പറയാനാകില്ലെന്നാണ് എക്‌സൈസ് വകുപ്പ് പറയുന്നത്. ബാംഗ്ലൂര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ ചെന്ന് കേരള പൊലീസ് ലഹരി സംഘത്തെ പിടികൂടിയിട്ടുണ്ട്. പുറത്ത് പലയിടങ്ങളില്‍ നിന്നായി കേരളത്തില്‍ എത്തുന്നുണ്ട്. ബാംഗ്ലൂര്‍ ഒരു പ്രധാന കേന്ദ്രമാണ്. വിദേശീയരായ വിദ്യാര്‍ത്ഥികള്‍ കൂടുതലായി ബാംഗ്ലൂരിലുണ്ട്. ഇവരിലൂടെ ഉപഭോഗവും വില്‍പ്പനയും കൂടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒറീസ, തെലങ്കാന പോലെ മാവോയിസ്റ്റ് മേഖലകളില്‍ നിന്നാണ് കൂടുതലായി കഞ്ചാവ് കേരളത്തില്‍ എത്തുന്നതെന്നാണ് വിവരം.

ഞങ്ങള്‍ എപ്പോഴും ജാഗ്രതയിലാണ്
പ്രത്യേകമായി എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമാണ് എക്‌സൈസ് വകുപ്പ് കര്‍മനിരതരാകുന്നതെന്ന ആക്ഷേപം ശരിയല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ‘ ഞങ്ങള്‍ എപ്പോഴും കര്‍മനിരതര്‍ തന്നെയാണ്. പക്ഷേ, പൊതുജനങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നതൊന്നും അറിയാറില്ല. ഇതുപോലെ പ്രശ്‌നങ്ങള്‍ വരുമ്പോഴാണ് മാധ്യമശ്രദ്ധ ഉണ്ടാകുന്നത്. ലഹരി വേട്ട സ്ഥിരമായി നടന്നുവരുന്നതാണ്. ഞങ്ങളായിട്ട് പബ്ലിസിറ്റി നല്‍കാറുമില്ല, മാധ്യമങ്ങള്‍ പറയാറുമില്ല’.

ഇപ്പോള്‍ പൊലീസിന്റെയും എക്‌സൈസിന്റെയും പ്രധാന ദൗത്യം ലഹരി വേട്ടയാണ്. ക്രമസമാധാനപാലനം അടക്കം നിരവധി ഉത്തരവാദിത്തങ്ങള്‍ ഉള്ളപ്പോഴും ഓരോ പൊലീസ് സ്റ്റേഷനിലെയും പ്രധാന ജോലി ലഹരി വേട്ടയാണ്. ഓരോ എക്‌സൈസുകാരനും ഇപ്പോള്‍ ഇതിനു പിന്നാലെയാണ്. ലൈസന്‍സിംഗ്, പരിശോധന തുടങ്ങി മറ്റ് ഉത്തരവാദിത്തങ്ങള്‍ ഒഴിവാക്കിയാണ് എക്‌സൈസ് ഇപ്പോള്‍ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന് പിന്നാലെ ഇറങ്ങിയിരിക്കുന്നത്.

എക്‌സൈസ് കേസുകള്‍ പരിശോധിച്ചാല്‍, ഇപ്പോള്‍ എടുക്കുന്ന കേസുകളുടെ 80 ശതമാനത്തോളം മുമ്പും ഉണ്ടായിരുന്നതായി കാണാം. അതൊന്നും ജനങ്ങള്‍ അറിയാത്തതുകൊണ്ടാണ്, ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതെന്നാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

‘ജനത്തിന്റെ വിമര്‍ശനം, ഇപ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ട് എക്‌സൈസ് ജോലി ചെയ്യുന്നുവെന്നാണ്. ഞങ്ങള്‍ മുമ്പും ഇതേ ജോലികള്‍ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ ഇവിടെ തന്നെയുണ്ടായിരുന്നു, നിങ്ങള്‍ ശ്രദ്ധിക്കാത്തതുകൊണ്ടാണ്’

കേരളം അത്ര മോശമായിട്ടില്ല
കേരളം ലഹരിയുടെ പിടിയിലാണെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കേരളം അത്ര മോശമായിട്ടൊന്നുമില്ല എന്നാണ് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചു പറയുന്നത്. ‘മലയാളി വളരെ സെന്‍സിറ്റീവാണ്. ചെറിയ പ്രശ്‌നങ്ങളില്‍ പോലും വലിയ രീതിയില്‍ പ്രതികരിക്കും. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ അത്ര പ്രശ്‌നമൊന്നുമില്ല’ എന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

കേരളത്തെക്കാള്‍ ലഹരി വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങളുമുണ്ട്. അയല്‍ക്കാരായ തമിഴ്‌നാട്ടിലെ കണക്കുകള്‍ കേരളത്തെ അപേക്ഷിച്ച് കുറവാണെന്നു പറയുന്നു. എന്നാല്‍ മറ്റ് ഭൂരിപക്ഷം സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇവിടുത്തെ സാഹചര്യം അത്ര ഭീകരമല്ല. ഗുജറാത്ത്, കര്‍ണാടക, ആന്ധ്ര, തെലങ്കാന പോലുള്ള സംസ്ഥാനങ്ങളില്‍ എത്രയോ മോശമാണ് കാര്യങ്ങള്‍. എന്നാല്‍, അവിടങ്ങളില്‍ ഇതൊരു വലിയ പ്രശ്‌നമായി എടുക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ ‘നഷാ മുക്ത് ഭാരത് അഭിയാന്‍’ പോലുള്ള പദ്ധതികള്‍ തന്നെ രാജ്യത്ത് പിടിമുറുക്കിയിരിക്കുന്ന ലഹരിയ്‌ക്കെതിരേയുള്ള പോരാട്ടത്തിനാണ്. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ട് തുടങ്ങി ഉത്തരേന്ത്യന്‍ തുറുമുഖങ്ങളില്‍ നിന്നും കടല്‍ അതിര്‍ത്തികളില്‍ നിന്നും നിരന്തരം ലഹരിക്കടത്ത് പിടികൂടുന്നുണ്ട്. കൊച്ചിയില്‍ ഉള്‍ക്കടലില്‍ നിന്നും നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് ലഹരി പിടികൂടിയ ഒരു കേസ് മാത്രമാണ് കേരളത്തില്‍ നിന്നും പറയാനുള്ളത്. കേരളത്തില്‍ ലഹരി എത്തുന്നില്ലെന്നും ഉപയോഗിക്കുന്നില്ലെന്നുമല്ല, പക്ഷേ അതിന്റെ തീവ്രത മറ്റ് പല ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ചും ചെറുതാണ്. ഇവിടെ സംഭവിക്കുന്നത്, ഒരു കേസ് വരുമ്പോള്‍ തന്നെ സമൂഹം അതിനെതിരേ പ്രതികരിക്കുന്നതാണ്. അത്തരം പ്രതികരണങ്ങള്‍ നല്ലതാണ്. കൂടുതല്‍ ജാഗ്രതയോടെ നില്‍ക്കാന്‍ ആകും എന്നാണ് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം.

Operation clean slate

ഇന്നത്തെ തലമുറയുടെ മാത്രം പ്രശ്‌നമല്ല
പുതിയ തലമുറയാണ് ലഹരി ഉപയോഗം കൂട്ടുന്നതെന്ന വിമര്‍ശനത്തില്‍ സാംഗത്യമില്ലെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എല്ലാ തലമുറയിലും ഈ പ്രശ്‌നമുണ്ട്. എന്നാല്‍, ഇന്നത്തെ തലമുറ കൂടുതല്‍ സമ്മര്‍ദ്ദത്തിലാണ്. സ്‌കൂളുകളില്‍ നിന്ന്, വീടുകളില്‍ നിന്നെല്ലാം അവരുമേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കുന്നു. പരീക്ഷ കഴിഞ്ഞാല്‍ അവര്‍ക്ക് അവധിയാഘോഷങ്ങളില്ല, അടുത്ത എന്‍ട്രസ് കോച്ചിംഗിന് പോണം. കുട്ടികളില്‍ ഉണ്ടാകുന്ന ഈ സമ്മര്‍ദ്ദമാണ് മുതലെടുക്കപ്പെടുന്നത്. ലഹരി വസ്തുക്കള്‍ ഇവിടെ ലഭ്യമാണ്, ഡിമാന്‍ഡ് കൂടുമ്പോള്‍ സപ്ലൈയും കൂടുന്നു. കുടുംബങ്ങള്‍ക്കും സമൂഹത്തിനുമൊക്കെ ചെയ്യാന്‍ വലിയ ഉത്തരവാദിത്തങ്ങളുണ്ട്; ഉദ്യോഗസ്ഥര്‍ പറയുന്നു.

ജീവന്‍ പണയപ്പെടുത്തുന്ന ഓപ്പറേഷന്‍
ലഹരി വിരുദ്ധ പോരാട്ടം ഓരോ എക്‌സൈസുകാരനെ സംബന്ധിച്ചും ഒരു ജീവന്‍മരണ പോരാട്ടമാണ്. വയനാട്ടില്‍ എക്‌സൈസ് സംഘത്തിനു നേരെ ലഹരി സംഘം ബൈക്ക് ഇടിച്ചു കയറ്റിയതില്‍ ഒരു യുവ ഉദ്യോഗസ്ഥന് സാരമായി പരിക്കേറ്റു. മുഖത്താണ് കൂടുതല്‍ അപകടം പറ്റിയത്. പ്ലാസ്റ്റിക് സര്‍ജറി വേണ്ടി വന്നു. ഇത്തരത്തില്‍ വലിയ അപകടങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ട് ഓരോ എക്‌സൈസുകാരനെയും തേടി.

രാത്രി സമയങ്ങളിലാണ് കൂടുതലായും ഓപ്പറേഷന്‍ നടക്കുന്നത്. കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒളിത്താവളങ്ങള്‍ തേടിയാകും പോകുന്നത്. ഉതൊക്കെ ഏറെ അപകടം പിടിച്ച ജോലിയാണ്. ലഹരി ഉപയോഗിക്കുന്നവരാണ്, അവരുടെ മാനസികാവസ്ഥ പറയാന്‍ പറ്റില്ല. അപകടകാരികളായിരിക്കും. എങ്ങനെയാണ് അവര്‍ പ്രതികരിക്കുന്നതെന്നു പറയാന്‍ സാധിക്കില്ല’ തങ്ങള്‍ നേരിടുന്ന അപകടങ്ങളെക്കുറിച്ച് എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറയുന്നതാണ്. ആയുധങ്ങള്‍ ഉണ്ടെങ്കില്‍ പോലും അക്രമങ്ങള്‍ നേരിടേണ്ടി വരും. വയനാട്ടില്‍ ഉണ്ടായതുപോലെ.

‘ യൂണിഫോം ഇടുമ്പോള്‍ ഞങ്ങള്‍ക്ക് ഒരാള്‍ക്ക് അഞ്ചുപേരുടെ ശക്തി തോന്നുമെന്ന് സാധാരണ പറയാറുണ്ട്. ഒരര്‍ത്ഥത്തില്‍ അതിലൊരു സത്യമുണ്ട്. ആ ഒരു ആത്മബലത്തിലാണ് ഞങ്ങള്‍ ഈ പോരാട്ടത്തിന് ഇറങ്ങുന്നതും’. Kerala Excise Department’s Operation Clean Slate 

Content Summary; Kerala Excise Department’s Operation Clean Slate

Leave a Reply

Your email address will not be published. Required fields are marked *

×