July 13, 2025 |

‘ഇവിടെ പൊതുശുചിമുറികളുണ്ടോ? പെട്രോള്‍ പമ്പ് ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നു’

പെട്രോള്‍ പമ്പിലേത് പൊതുശൗചാലയമല്ലെന്ന വിധി തൃപ്തികരമെന്ന് പമ്പ് ജീവനക്കാര്‍

യാത്രയ്ക്കിടയിലോ അത്യാവശ്യ ഘട്ടങ്ങളിലോ ശുചിമുറി ഉപയോ​ഗിക്കേണ്ടതായി വന്നാൽ ആദ്യം മനസിൽ തോന്നുന്ന ഉപായം പെട്രോൾ പമ്പുകളാണ്. വാഹനത്തിൽ ഇന്ധനം നിറയ്ക്കാതെ പണം നൽകാതെ വൃത്തിയുള്ള ശുചിമുറി ഉപയോ​ഗിക്കാം എന്നത് തന്നെയാണ് ജനങ്ങൾ പെട്രോൾ പമ്പുകളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണവും.

പെട്രോൾ പമ്പുകളിലെ ശുചിമുറികളെ സംബന്ധിച്ച് നിർണായക ഉത്തരവാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോ​ഗിക്കാൻ കഴിയില്ലായെന്നും ഉപഭോക്താക്കൾക്ക് മാത്രം ഉപയോ​ഗിക്കാനുള്ളതാണെന്നുമാണ് കോടതിയുടെ നിരീക്ഷണം.

കോടതിയുടെ ഉത്തരവിൽ പെട്രോൾ പമ്പ് ഉടമകളും ജീവനക്കാരും സംതൃപ്തരാണെങ്കിലും പൊതുജനങ്ങൾക്ക് ഈ ഉത്തരവ് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. എറണാകുളം പോലൊരു സ്ഥലത്ത് പലപ്പോഴും പൊതുശുചിമുറികൾ തേടി അലഞ്ഞിട്ടുണ്ടെന്നും അപ്പോഴെല്ലാം ആകെയുണ്ടായിരുന്ന ആശ്വാസം പെട്രോൾ പമ്പുകളാണെന്നും കുസാറ്റിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ അതുൽ അഴിമുഖത്തോട് പറഞ്ഞു. ‘ഞങ്ങൾ വിദ്യാർത്ഥികളെ സംബന്ധിച്ച് പെട്രോൾ പമ്പുകളിലെ ശുചിമുറികൾ വലിയൊരു ആശ്വാസമായിരുന്നു. ഞങ്ങൾ മറ്റ് ജില്ലകളിൽ നിന്നും ഇവിടെ വന്ന് പഠിക്കുന്നവരാണ്. ‍‍ഞങ്ങളുടെ കൈയ്യിൽ വാഹനങ്ങളില്ല. പ്രോജക്ട് ആവശ്യത്തിനും മറ്റുമായി പലപ്പോഴും യാത്ര ചെയ്യേണ്ടി വരാറുണ്ട്. ഇവിടെ പൊതുശുചിമുറികൾ ഇപ്പോഴും ഇല്ല എന്നുള്ളത് യാഥാർത്ഥ്യമാണ്. പൊതുശുചിമുറികൾ കാണാതെ ബുദ്ധിമുട്ടിയ അവസ്ഥകളും ഉണ്ടായിട്ടുണ്ട്. പെട്രോൾ പമ്പുകളും മെട്രോയുമാണ് അപ്പോഴെല്ലാം സഹായമായിരുന്നത്. മറ്റൊരു മാർ​ഗവും കാണാതെ വരുമ്പോൾ മാത്രമാണ് ഹോട്ടലുകളിൽ പോയിട്ടുള്ളത്. പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഉപയോ​ഗിക്കാൻ കഴിയില്ല എന്നത് പൊതുജനങ്ങളെ സംബന്ധിച്ച് പ്രശ്നം തന്നെയാണ്. അല്ലെങ്കിൽ ഇതിനൊരു മാർ​ഗം സർക്കാർ മുന്നോട്ട് വെക്കണം’, അതുൽ അഴിമുഖത്തോട് പറഞ്ഞു.

തൃപ്പൂണിത്തറ സ്വദേശിയായ ഒരു വീട്ടമ്മയ്ക്കും പറയാനുള്ളത് പൊതുശുചിമുറികളുടെ അഭാവം മൂലമുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ചാണ്. ‘ഞാനൊരു സ്ത്രീയല്ലേ, എന്നെ വഴിയരികിൽ നിന്ന് മൂത്രശങ്ക മാറ്റാൻ കഴിയില്ലല്ലോ. ഈ പരിസരത്ത് എവിടെയാണ് പൊതുശൗചാലയങ്ങൾ ഉള്ളത്. ഉണ്ടെങ്കിൽ തന്നെ അതെല്ലാം അടച്ചുപൂട്ടിയ നിലയിലായിരിക്കും. അത്യാവശ്യ അവസരങ്ങളിൽ പോലും ഞങ്ങളെപോലുള്ളവർക്ക് പൊതുശുചിമുറികൾ സഹായകമായിട്ടില്ല. പെട്രോൾ പമ്പുകളിലാണ് ഞങ്ങൾ കയറിയിരുന്നത്. പൊതുജനങ്ങൾ ചെയ്യുന്നത് നിയമത്തിനെതിരായിരിക്കാം. എന്നാൽ ഞങ്ങൾക്ക് വേറെ മാർ​ഗമില്ല,’ തൃപ്പൂണിത്തറ സ്വദേശിയായ വീട്ടമ്മ അഴിമുഖത്തോട് പറഞ്ഞു.

കോടതിയുടെ ഉത്തരവിൽ സന്തോഷമുണ്ടെന്നും പെട്രോൾ പമ്പിലെ ശുചിമുറികൾ എല്ലാവരും ഉപയോ​ഗിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്നും കരിങ്ങാച്ചിറ, ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെ മാനേജർ സാബു അഴിമുഖത്തോട് പ്രതികരിച്ചു. ‘കരിങ്ങാച്ചിറ പാസ്പോർട്ട് ഓഫീസിലെത്തുന്ന ജനങ്ങളിൽ ഭൂരിഭാ​ഗം പേരും ഉപയോ​ഗിക്കുന്നത് പെട്രോൾ പമ്പിലെ ശുചിമുറിയാണ്. പൊതുജനങ്ങൾക്ക് സഹായകമാകട്ടെ എന്ന് കരുതി ഞങ്ങൾ അനുവദിക്കാറുമുണ്ട്. എന്നാൽ ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പലപ്പോഴും ഇവിടെയെത്തുന്ന ഉപഭോക്താക്കൾക്ക് ഇവിടത്തെ ശുചിമുറി ഉപയോ​ഗിക്കാൻ കഴിയാതെ വരുന്നു. ഇത്രയും പേർ ഉപയോ​ഗിക്കുന്നത് കൊണ്ട് തന്നെ വൃത്തികേടാകാനും സാധ്യതയുണ്ട്. മൂന്ന് പൈപ്പുകളാണ് കുറച്ച് ദിവസം മുൻപ് ബ്ലോക്കായത്. അപ്പോൾ അത് മാറ്റിവെക്കേണ്ടതായും വരുന്നു’, സാബു അഴിമുഖത്തോട് പറഞ്ഞു.

പെട്രോൾ പമ്പിലെ ശുചിമുറി പൊതുസംവിധാനമല്ലെന്നും സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെങ്കിൽ അത് നിലനിൽക്കില്ലെന്നും അഭിഭാഷകൻ ലിറ്റോ പാലത്തിങ്കൽ അഴിമുഖത്തോട് പറഞ്ഞു.

‘പത്തനംതിട്ട ഏഴംകുളം സ്വദേശിനിയായ അധ്യാപികയുടെ കേസിൽ വ്യത്യാസമുണ്ട്. അവർ പെട്രോൾ അടിക്കാൻ കയറിയപ്പോഴാണ് ശുചിമുറി ഉപയോ​ഗിക്കാൻ ആവശ്യപ്പെട്ടത്. അത് നിഷേധിക്കപ്പെട്ടാൽ അവകാശലംഘനമാകും. അതേസമയം, ഒരു പെട്രോൾ പമ്പിലെ ശുചിമുറി പൊതുസംവിധാനമാണെന്ന തരത്തിൽ ഉപയോ​ഗിക്കരുതെന്നാണ് കോടതി വിധിയിൽ പറയുന്നത്. അത് തികച്ചും നിയമവിരുദ്ധമായ കാര്യമാണ്. ഭരണഘടനയിലെ ആർട്ടിക്കിൾ 300 എ എന്ന് പറയുന്നത് പ്രൈവറ്റ് പ്രോപ്പർറ്റി റൈറ്റ്സ് ആണ്. പെട്രോൾ പമ്പിലെ ശുചിമുറി പ്രൈവറ്റ് പ്രോപ്പർറ്റി ആണ്. അതെങ്ങനെയാണ് പൊതുജനങ്ങൾക്ക് ഉപയോ​ഗിക്കാൻ കഴിയുന്നതാകുക? സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയതായി റിപ്പോർട്ടുകളുണ്ട്. ഞാൻ അത് വായിച്ചിട്ടില്ല. അഥവാ അങ്ങനെയൊരു വിജ്ഞാപനം വന്നാൽ തന്നെ കോടതി അത് തള്ളും.,’ ലിറ്റോ പാലത്തിങ്കൽ അഴിമുഖത്തോട് പറഞ്ഞു.

പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ശുചിമുറി വിഷയത്തില്‍ തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പറേഷന്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു സംഘടന കോടതിയെ സമീപിച്ചത്.

Content Summary: Kerala high count order about petrol pump toilets; People allege that the lack of public toilets is an issue

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×