UPDATES

ഓപ്പറേഷന്‍ ആഗ്; രോഗി ചത്തിട്ടു ചികിത്സ തുടങ്ങുന്ന പൊലീസ് വൈദ്യം

ജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ട്

                       

ക്രമസമാധാന നില തകരാറിലാവുന്നുവെന്ന പരാതി ശക്തമായതിനെ തുടര്‍ന്ന് പോലീസ് ആരംഭിച്ച ഒപ്പേറഷന്‍ ആഗ് (Operation AAG- action against goons) സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഗൂണ്ടകളെ പൊലീസ് റെയ്ഡ് ചെയ്തു പിടികൂടുന്നുണ്ട്. ക്രിമിനല്‍ കേസുകളിലെ പ്രതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മാസം ആദ്യം മുതല്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ഗുണ്ട ആക്രമണം വ്യപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം ഗുണ്ടകള്‍ക്കെതിരേ ഓപ്പറേഷന്‍ ആഗുമായി കേരള പോലീസ് എത്തിയത്. മേയ് 15 രാവിലെ 6 മണിക്ക് ആരംഭിച്ച റെയ്ഡിനെ തുടര്‍ന്ന് 243 ക്രിമിനല്‍ കേസിലെ പ്രതികളാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. kerala police operation aag

സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നായി പ്രശ്‌നങ്ങള്‍ ഉടലെടുക്കും മുമ്പേ പോലീസ് കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നെങ്കില്‍ അവസാനനിമിഷം ഓടി തളരേണ്ടായിരുന്നുവെന്ന വാദം പല കോണില്‍ നിന്നായി ഉയരുന്നുണ്ട്. ഒന്നര വര്‍ഷത്തിനിടെ അഞ്ഞൂറിലധികം ഗുണ്ടകളുടെ വര്‍ധനവുണ്ടായതായി കേരള പൊലീസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ശരാശരി 30 ഓളം കേസുകള്‍ മാസത്തില്‍ വര്‍ധിക്കുന്നുണ്ട്. തിരുവനന്തപുരത്ത് യുവാവിനെ ഗുണ്ടാസംഘം ക്രൂരമായി കൊലപ്പെടുത്തിയ സംഭവവും അതിന് പിന്നാലെ പാസ്റ്ററിനെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തിനും ശേഷം പ്രതിഷേധം വ്യാപകമായിരുന്നു. പോലീസും ഗുണ്ടാ സംഘങ്ങളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന വിമര്‍ശനം വീണ്ടും ശക്തമായി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് ആഗ് ഓപ്പറേഷന്‍ വീണ്ടും നടത്തുന്നത്.

ജീവിക്കുന്ന രക്തസാക്ഷികളാവുന്ന ബാങ്ക് ഉദ്യോഗസ്ഥകള്‍

സംസ്ഥാനത്ത് ഗുണ്ടാരാജ് ശക്തമായതോടെ, ആളുകളെ വീട്ടില്‍ കയറി ആക്രമിക്കുന്നതും, പൊതുനിരത്തിലിട്ട് കൊലപ്പെടുത്തുന്നതും, പിടിച്ചുപറിയും തട്ടിക്കൊണ്ടുപോകലുമൊക്കെ നിത്യസംഭവമായി. പൊതുസമൂഹം പേടിയോടെ ജീവിക്കേണ്ട അവസ്ഥയിലായി. കാര്യങ്ങളെല്ലാം ഇത്തരത്തില്‍ കുഴഞ്ഞുമറിഞ്ഞു കഴിഞ്ഞാണ് കേരള പൊലീസ് ഓപ്പറേഷന്‍ ആഗുമായി മുന്നോട്ട് വന്നതെന്നത് സേനയുടെ ദൗര്‍ബല്യമാണ് വെളിവാക്കുന്നതെന്നു പറയുന്നത്, പൊലീസില്‍ നിന്നും വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ്.

‘കഴിഞ്ഞവര്‍ഷവും ഇത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഗുണ്ടകളെയും അഴിക്കുള്ളില്‍ ആക്കാമെന്ന വാഗ്ദനത്തില്‍ ഈ ഓപ്പറേഷന്‍ പോലീസ് നടത്തിയിരുന്നു. നിരവധി പ്രതികളെ അറസ്റ്റ് ചെയ്തു. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജാമ്യം നേടി പുറത്തെത്തി, പൊതുസമൂഹത്തിനു മുന്നില്‍ കൂടി യാതൊരു കൂസലുമില്ലാതെ വിലസി. ഈ വര്‍ഷം മുന്‍പത്തെക്കാള്‍ തീവ്രമായ രീതിയിലാണ് സമൂഹത്തില്‍ അക്രമ സംഭവങ്ങള്‍ പെരുകിയത്. ഇതിന്റെ വെളിച്ചത്തിലാണ് ഓപ്പറേഷന്‍ പൊടിതട്ടി എടുത്തിരിക്കുന്നത്. അന്ന് ഉറപ്പു നല്‍കിയ തുടര്‍ പ്രവര്‍ത്തനങ്ങളുടെ അഭാവമാണ് വീണ്ടും ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകാന്‍ ഇടയാക്കിയത്’- അഴിമുഖവുമായി സംസാരിച്ച മുന്‍ എസ് പി സുഭാഷ് ബാബു ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളാണിത്.

മാധ്യമങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമാകുമ്പോള്‍ മാത്രമാണ് ഓരോരോ ഓപ്പറേഷനുകളുമായി പൊലീസ് ഇറങ്ങുന്നതെന്നത് വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിക്കപ്പെട്ടുന്നുണ്ട്. ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ അകാല ചരമം അടയുന്നതാണ് പിന്നീടു കാണുന്നത്. മയക്കുമരുന്നുകള്‍ ഉപയോഗക്കുന്നവരെ കണ്ടെത്താനായി നടപ്പിലാക്കിയ ഡി ഹണ്ട് അതിനൊരു ഉദ്ദാഹരണമാണ്. ആ പദ്ധതി ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ദീര്‍ഘകാല പദ്ധതികളില്ല, ഉണ്ടെങ്കില്‍ തന്നെ അവ ആത്മാര്‍ത്ഥതയോടെ കൊണ്ടു പോകുന്നില്ല പൊലീസ് എന്നാണ് കുറ്റപ്പെടുത്തല്‍. ‘ഓരോ സാഹചര്യങ്ങളില്‍ മാത്രം പ്രവര്‍ത്തനസജ്ജമാവുകയാണ് നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആഗിന് വേണ്ടി ഗുണ്ടകളുടെ ലിസ്റ്റ് ഉണ്ടാക്കിയതായി പറയുന്നു. എന്നാല്‍ ഈ ലിസ്റ്റ് ഇത്തരമൊരു പശ്ചാത്തലത്തില്‍ അല്ല തയ്യാറാക്കേണ്ടത്. സ്ഥിരമായി ഒരു ലിസ്റ്റ് ഉണ്ടാക്കി അവരുടെ ദൈന്യം ദിന പ്രവര്‍ത്തികള്‍ പോലും പിന്തുടരുന്ന സംവിധനമാണ് ഉണ്ടാക്കേണ്ടത്. എന്നാല്‍ ഈ രീതികളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് ക്രമാസമാധന തകര്‍ച്ചയുടെ വക്കില്‍ നില്‍കുമ്പോള്‍ മാത്രമാണ് വിമര്‍ശനത്തെ നേരിടാനായി എന്തെങ്കിലുമൊക്കെ ചെയ്യാനിറങ്ങുന്നത്. നിലവിലെ വിമര്‍ശനങ്ങള്‍ കെട്ടടങ്ങുന്ന മുറക്ക് ഇവയും നിര്‍ജീവമായേക്കാം. സ്ഥിരം സംഭവത്തോടെ ഈ ഓപറേഷനുകള്‍ നടത്തികൊണ്ടുപോകാനുള്ള സാധ്യത വളരെ വിരളമാണ്’; സുഭാഷ് ബാബു പറയുന്നു.

പൊലീസും ഗുണ്ടാ സംഘങ്ങളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന തരത്തില്‍ വിമര്‍ശനങ്ങളില്‍ കാര്യമില്ലാതില്ലെന്നാണ് മുന്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നത്. ഇത്തരം വിമര്‍ശനങ്ങളിലേക്കു വഴി വയ്ക്കുന്നതു പൊലീസ് സ്വീകരിക്കുന്ന നിലപാടുകളാണെന്നവര്‍ പറയുന്നു. സമൂഹത്തിലെ അക്രമകാരികള്‍ക്ക് നേരെ സ്ഥിരമായി നടപടിയെടുക്കാതെ വരുന്ന സാഹചര്യങ്ങളിലാണ് ഇത്തരം ആരോപങ്ങളുടെ കുന്തമുനകള്‍ ഏല്‍ക്കേണ്ടി വരുന്നതെന്നാണ് റിട്ടയേര്‍ഡ് എസ് പി പറയുന്നത്. ‘കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചക്കിടയില്‍ ഗുണ്ടാ തലവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ സൗഹൃദപരമായാണ് ഇടപെട്ടിരുന്നതെന്ന് പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ അവരുടെ ആരോപണം ഉയര്‍ത്തുന്നത് സ്വാഭാവികമാണ്’; അദ്ദേഹം പറയുന്നു.

പൊലീസ് ആത്മാര്‍ത്ഥമായി ഇറങ്ങിയാല്‍ കേരളത്തിലെ ഗൂണ്ടാ വിളയാട്ടം അവസാനിപ്പിക്കാനോ, അല്ലെങ്കില്‍ സാഹചര്യങ്ങള്‍ നിയന്ത്രണത്തില്‍ നിര്‍ത്താനോ സാധിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് അഴിമുഖവുമായി സംസാരിച്ച മുന്‍ ഉദ്യോഗസ്ഥര്‍ ഒരേസ്വരത്തില്‍ പറയുന്നത്. പൊതുജനങ്ങളും ആവശ്യപ്പെടുന്നത് അതു തന്നെയാണ്. അവര്‍ക്ക് സമാധനത്തോടെ, പേടിയില്ലാതെ ജീവിക്കണം. അങ്ങനെയൊരു സാഹചര്യം അവര്‍ക്കുണ്ടാക്കിക്കൊടുക്കേണ്ടത് പൊലീസിന്റെ കടമയാണ്.

 

 

Content summary; Why did the police hesitate to continue Operation AAG to prevent similar incidents from happening again?

Share on

മറ്റുവാര്‍ത്തകള്‍