March 15, 2025 |

പിണറായിക്കാലത്തെ പൊലീസിന് ആരുടെ മുഖം?

സാധാരണക്കാരെ തല്ലിയും ചവിട്ടിയും കൊല്ലുന്ന പൊലീസ് നടപടിയെ ഇനിയെങ്കിലും ചെറുക്കേണ്ടതാണ്

മൃദുഭാവേ…ദൃഢ കൃത്യേ… എന്ന ആപ്തവാക്യത്തെ നോക്കുകുത്തിയാക്കുകയാണ് കേരള പൊലീസ്. സംസ്ഥാന പൊലീസ് മേധാവിയുടെ കര്‍ശന നിര്‍ദ്ദേശങ്ങളും സര്‍ക്കുലറുകളും കാറ്റില്‍ പറത്തിയാണ് പൊലീസ് അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നത്. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ ദമ്പതികളടക്കം ഒരു സംഘത്തെ പൊലീസ് മര്‍ദിച്ചത് വാര്‍ത്തയായതോടെയാണ് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പൊലീസിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്.kerala police’s atrocities continue; home minister’s mismanagement persists

ഇടുക്കി കൂട്ടാറില്‍ പുതുവത്സര ദിനത്തില്‍ പടക്കം പൊട്ടിക്കുന്നത് കാണാന്‍ നിന്ന ഓട്ടോ ഡ്രൈവറെ കമ്പംമെട്ട് സിഐ ഷമീര്‍ ഖാന്‍ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതും പൊലീസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പൊലീസിന്റെ മര്‍ദനത്തില്‍ മുരളീധരന്റെ പല്ല് പൊട്ടിയതായാണ് ആരോപണം. എന്നാല്‍ ജനുവരി 16 ന് മുരളീധരന്റെ കുടുംബം എസ്പി ഓഫീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.

പത്തനംതിട്ടയില്‍ വിവാഹസത്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സ്ത്രീ ഉള്‍പ്പെടെയുള്ള ഇരുപത് അംഗ സംഘത്തെ നടുറോഡില്‍ വച്ചാണ് പൊലീസ് തല്ലിച്ചതച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം വഴിയരികില്‍ വിശ്രമത്തിനായി നിര്‍ത്തിയപ്പോള്‍ പൊലീസ് സംഘം പാഞ്ഞെത്തി മര്‍ദിച്ചു എന്നാണ് പരാതി. സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിന് ആളുമാറി വീഴ്ചപറ്റിയതാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ബാറിന് മുന്നില്‍ പ്രശ്നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തിയതെന്നന്നും ആളുമാറി വിവാഹസംഘത്തെ ആക്രമിക്കുകയായിരുന്നുവെന്നും സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴിക്കോട് വടകരയില്‍ മകനെ കാണാനില്ലെന്ന പരാതിയുമായി ജനുവരി 30 ന് പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയ്ക്ക് നേരെ മോശം പെരുമാറ്റവും സഹോദരന് മര്‍ദനവുമാണ് ഏല്‍ക്കേണ്ടി വന്നത്. പരാതി അന്വേഷിക്കുന്നതിന് പകരം എവിടെയാണ് കുഴിച്ച് മൂടിയതെന്ന് അമ്മയോട് ആക്രോശിച്ച എസ്ഐ സഹോദരനെ കഴുത്തിന് പിടിച്ച് മുറിയിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു.

പൊലീസ് രാജ് കാലത്തെ അതിക്രമങ്ങളെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് പൊലീസിന്റെ സമീപകാല നടപടികള്‍. പൊലീസിനെതിരായ പരാതികള്‍ വര്‍ധിക്കുന്നതായി പൊലീസ് കംപ്ലയന്റ്സ് അതോറിറ്റിയും ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനുമൊക്കെ സര്‍ക്കാരിന് മുന്നില്‍ നിരന്തരമായി ചൂണ്ടിക്കാണിക്കാറുണ്ട്. അപ്പോഴെല്ലാം ലോക്കപ്പ് മര്‍ദ്ദനവും പീഡനവും സര്‍ക്കാരിന്റെ പൊലീസ് നയമല്ല എന്ന ന്യായീകരണത്തില്‍ ഒതുങ്ങുകയാണ് പതിവ്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് പൊലീസിന്റെ ചുമതല. എന്നാല്‍ ഇന്ന് സാധാരണക്കാരന് പൊലീസ് വാഹനം കണ്ടാല്‍ സുരക്ഷിതത്വമല്ല ഭയമാണ് തോന്നുക. പൊലീസില്‍ വലിയൊരു ഭാഗം ക്രിമിനലുകളാണെന്ന് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ള 70 പൊലീസുകാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനെല്ലാം പുറമെയാണ് പൊലീസുകാര്‍ എതിര്‍കക്ഷികളാകുന്ന പരാതികള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നതായ ആക്ഷേപവും ഉയരുന്നത്.

സാധാരണക്കാരെ തല്ലിയും ചവിട്ടിയും കൊല്ലുന്ന പൊലീസ് നടപടിയെ ഇനിയെങ്കിലും ചെറുക്കേണ്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം കേരള പൊലീസിനെ പുകഴ്ത്തുമ്പോഴും ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന ന്യായീകരണം സാധാരണക്കാരന് മേല്‍ എന്തും ചെയ്യാമെന്ന പൊലീസിന്റെ അഹങ്കാരത്തെയാണ് വളര്‍ത്തുന്നത്. ആത്മവീര്യമുള്ള പൊലീസിനെയല്ല, ജനാധിപത്യ മൂല്യമുള്ള പൊലീസിനെയാണ് കേരളം ആവശ്യപ്പെടുന്നത് എന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും തിരിച്ചറിയണം.

പൊലീസിനെതിരെ ഏറ്റവും കടുത്ത ആക്ഷേപമുണ്ടായത് അടിയന്തരാവസ്ഥയിലാണല്ലോ. സ്വാതന്ത്ര്യവും ജനാധിപത്യവും പൊലീസില്‍ ഗുണകരമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, വ്യക്തിയുടെ അന്തസ്സ് പാലിക്കുന്നതിന്റെ പ്രാധാന്യം ഭരണഘടനയുടെ ആമുഖത്തില്‍ത്തന്നെ പറയുന്നുണ്ടെങ്കിലും അതിന്റെ ചെറുതും വലുതുമായ ലംഘനങ്ങള്‍ മുതല്‍ കസ്റ്റഡി മര്‍ദ്ദനവും മരണവും വരെ ഇന്നും സംഭവിക്കുന്നു.

കുറ്റാന്വേഷണത്തില്‍ ഏത് അന്വേഷണ ഏജന്‍സിയോടും കിടപിടിക്കാന്‍ കേരള പൊലീസിന് കഴിയും. എന്നാല്‍, നിയമവിരുദ്ധ കസ്റ്റഡി, മൂന്നാംമുറ, രാഷ്ട്രീയം ഉള്‍പ്പെടെയുള്ള ബാഹ്യസമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയ ദുഷ്പ്രവണതകള്‍ പൊലീസിന്റെ വിശ്വാസ്യതയെയാണ് കളങ്കപ്പെടുത്തുന്നത്. കുറ്റക്കാരാകുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാന്‍ ഇനിയെങ്കിലും ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറാകണം. പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷാ നടപടികള്‍ ഉണ്ടായാലേ പൊലീസ് സേനയെ ശുദ്ധീകരിക്കാനാകൂ.kerala police’s atrocities continue; home minister’s mismanagement persists

Content Summary: kerala police’s atrocities continue; home minister’s mismanagement persists

രാജേശ്വരി പി ആര്‍

രാജേശ്വരി പി ആര്‍

അഴിമുഖം ചീഫ് സബ് എഡിറ്റര്‍

More Posts

×