കുട്ടിക്കളി കാര്യമായി; ചുവന്ന മുണ്ട് വീശി തീവണ്ടി നിര്‍ത്തിച്ച അഞ്ചു കുട്ടികള്‍ പിടിയില്‍

 
Train

കുട്ടികള്‍ കാണിച്ച കുസൃതി കാര്യമായി, തിരൂരില്‍ തീവണ്ടി നിര്‍ത്തിയിട്ടു. കുളത്തില്‍ കുളിക്കാന്‍പോയ കുട്ടികളില്‍ ഒരാള്‍ ഉടുത്ത ചുവന്ന മുണ്ടു വീശിയതോടെയാണ് ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് തീവണ്ടി നിര്‍ത്തിയത്. തിരൂര്‍ റെയില്‍വേസ്റ്റേഷന് സമീപമാണ് സംഭവം. കുട്ടികള്‍ അഞ്ചുപേരെയും പൊലീസ് പിടികൂടി. 

നിറമരുതൂര്‍ മങ്ങാട് ഭാഗത്തുനിന്ന് തിരൂര്‍ റെയില്‍സ്റ്റേഷന് സമീപം തുമരക്കാവ് ക്ഷേത്രത്തിനടുത്ത് കുളത്തില്‍ കുളിക്കാന്‍പോയ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികള്‍ക്കാണ് കുസൃതി വിനയായത്. തുമരക്കാവ് വെച്ച് കുട്ടികളിലൊരാള്‍ കോയമ്പത്തൂര്‍-മംഗലാപുരം എക്‌സ്പ്രസ് കടന്നു പോകുമ്പോള്‍, ഉടുത്ത ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തുനിന്ന് വീശുകയായിരുന്നു. അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് വണ്ടിനിര്‍ത്തി. ഉടനെ കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. അഞ്ചുമിനിറ്റോളം തീവണ്ടി നിര്‍ത്തിയിട്ടു. വിവരം സ്റ്റേഷന്‍മാസ്റ്ററെയും റെയില്‍വേ സുരക്ഷാസേനയെയും അറിയിക്കുകയും ചെയ്തു. 

റെയില്‍വേ സുരക്ഷാസേന എസ്‌ഐ എം.പി ഷിനോജ്, എഎസ്‌ഐ. വി.എസ് പ്രമോദ് എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ നിറമരുതൂര്‍ പഞ്ചായത്തിലുള്ളവരാണെന്ന് മനസിലായി. കുട്ടികളെ പിടികൂടി, താക്കീതു ചെയ്തശേഷം മലപ്പുറം ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടു. ചൈല്‍ഡ് ലൈന്‍ കുട്ടികള്‍ക്ക് കൗണ്‍സലിങ് നടത്തി. ദുരുദ്ദേശ്യത്തോടെയാണ് മുണ്ടു വീശിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായാല്‍ കുട്ടികള്‍ക്കെതിരെ കേസെടുക്കും.